NewsAd1
തരംതിരിക്കലിന്റെ ഹിംസകൾ
വിനയ് പി ദാസ്
17 April 2026, 7:11 am
main image of news

അക്കാദമിക് മികവിന്റെയും പുരോഗമന ബോധ്യങ്ങളുടെയും കപടാവരണങ്ങൾ അണിഞ്ഞ കേരളീയ പൊതുമണ്ഡലം നിതിൻ രാജ് എന്ന ദളിത് വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് മുന്നിൽ പതറി നിൽക്കുമ്പോൾ, ടി കെ സന്തോഷ്കുമാറിന്റെ 'ചെറുതോ ? കറുപ്പോ ?' എന്ന കവിത ഒരു രാഷ്ട്രീയ വിചാരണയായി മാറുന്നു. തരംതിരിക്കലുകളുടെയും വേർതിരിക്കലുകളുടെയും ലോകക്രമം എങ്ങനെയാണ് മനുഷ്യസത്തയെ റദ്ദ് ചെയ്യുന്നതെന്ന് കവിതയുടെ ദാർശനിക ഭൂമിക അന്വേഷിക്കുന്നു

അസ്തിത്വത്തിന്റെ സൂക്ഷ്മ രാഷ്ട്രീയങ്ങൾ
"ചെറുതുകൾ ചേർന്നാൽ വലുതാകും" എന്ന ലളിതമായ പ്രസ്താവനയിൽ നിന്നാണ് കവിത തുടങ്ങുന്നത്. ഇത് പ്രഥമദൃഷ്ട്യാ ലിളിതമെന്ന് കരുതാമെങ്കിലും ഈ ലാളിത്യത്തിനടിയിൽ ഒരു വലിയ സൂചനയുണ്ട് . “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” എന്ന ചോദ്യം പോലെ, “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ, പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ” എന്ന കാലത്തിന് നേർക്കുള്ള ചൂണ്ടുപലക പോലെ, വിവേചനത്തിന്റെ വേലിക്കെട്ടുകൾ തീർക്കുന്നവരോട് കവിക്ക് ഓർമ്മിപ്പിക്കുവാനുള്ളത് ചെറുതാക്കപ്പെടുന്ന , അരികുവത്കരിക്കപ്പെടുന്നവരുടെ ശബ്ദം ഒന്നിച്ചുചേർന്ന് ഒരു ഇടിമുഴക്കമായിത്തീരുമെന്നും അവരുടെ പ്രതിരോധം, ഭൂരിപക്ഷം അഥവാ പ്രബലപക്ഷം (Majority,dominant side) തീർക്കുന്ന വേർതിരിവിന്റെ മതിലുകൾ തകർക്കുമെന്നുമാണ്.

 image 2 of news

ഷെൽ ദെലൂസും ഫെലിക്സ് ഗ്വാത്താരിയും മുന്നോട്ടുവെച്ച ഈ സിദ്ധാന്തം 'ചെറുതിനെ' പ്രതിരോധത്തിന്റെ അടയാളമായി കാണുന്നു . മൈനർ ലിറ്ററേച്ചർ (Minor Literature) ന്റെ പരിധിയിൽ നിന്നുകൊണ്ട് ഒരു കേന്ദ്രവ്യവസ്ഥയെ അതിന്റെ ഉള്ളിൽ നിന്നുകൊണ്ടുതന്നെ അവയിൽ ഉൾച്ചേർന്നിരിക്കുന്ന അധികാരഘടനയേയും ഭാഷാസാഹചര്യത്തെയും സാമൂഹിക സങ്കൽപ്പനങ്ങളെയും അവയുടെ അലിഖിത നിയമങ്ങളെയും ക്രമങ്ങളെയും തച്ചുടയ്ക്കുവാൻ ശ്രമിക്കുന്ന ഈ കവിത , സമൂഹത്തിന്റെ സ്വഭാവികമെന്ന് കരുതുന്ന പല അസ്വഭാവികതകളോടും കലഹിക്കുവാൻ ഒരുമ്പെടുന്നു.

വൻമലകളെ ചരലും ചെളിയുമായി വിഭജിക്കാമെന്നിരിക്കെ, നടുവിരലിനെയും ചെറുവിരലിനെയും ഭിന്നമായി കാണുന്ന മനുഷ്യയുക്തിയെ മനസ്സിലാക്കാൻ കവിക്ക് സാധിക്കുന്നില്ല. നിതിൻ രാജിന്റെ ആത്മഹത്യയെ ഒരു വ്യക്തിപരമായ തകർച്ചയായി അഥവാ ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം ചുരുക്കിക്കാണുന്നവർക്ക് മുന്നിലേയ്ക്ക് ഈ കവിത “പല തുള്ളിയാണ് പെരുവെള്ളം” എന്ന് കൂടി ഓർമ്മപ്പെടുത്തുന്നുണ്ട്.
സാഹിത്യത്തിന്റെ ദൌത്യം തന്നെ ഓർമ്മപ്പെടുത്തലിന്റെ രാഷ്ട്രീയമാണ് എന്ന വസ്തുത മിഷേൽ ഫൂക്കോ (Michel Foucault) തന്റെ കൗണ്ടർ മെമ്മറി (Counter-Memory) അഥവാ പ്രതിസ്മരണകളുടെ സാഹിത്യസിദ്ധാന്തത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട് . "ആണിക്കല്ലെന്നപോലെ തരിമണലും" എന്ന് കവി പറയുമ്പോൾ, വലിയ നിർമ്മിതികൾക്ക് പിന്നിൽ വിസ്മരിക്കപ്പെട്ടുപോയ സാധാരണക്കാരുടെ/അരികുവത്കരികപ്പെട്ട ജനവിഭാഗത്തിന്റെ അധ്വാനത്തെ അദ്ദേഹം ഓർമ്മിപ്പിക്കുകയാണ്. ഇത് അധികാരവർഗ്ഗം എഴുതിയ ചരിത്രത്തിന് ബദലായുള്ള ഒരു 'കൗണ്ടർ മെമ്മറി'യാണ്. ഇതാണ് ആണിക്കല്ലിന് ടി കെ സന്തോഷ്കുമാർ കൊടുക്കുന്ന അക്കാദമിക് മാന്യത (Academic Merit). തരിമണലായി മുദ്രകുത്തപ്പെട്ട ദളിത് സ്വത്വങ്ങൾക്ക് നിഷേധിക്കപ്പെടുന്ന സ്വാഭാവിക ജീവിതത്തിന്റെ നേർയാഥാർത്ഥ്യമാണിവിടെ വെളിപ്പെടുന്നത്.
HomeAd1
 image 3 of news

കവിതയുടെ രണ്ടാം ഭാഗം ദ്വന്ദ്വകല്പനകളുടെ അഥവാ കറുപ്പ് – വെളുപ്പ് എന്നിവയിൽ തുടങ്ങുന്ന മനുഷ്യന്റെ വിവേചനചരിത്രത്തിന്റെ അസ്തിത്വപരമായ അന്വേഷണമാണ് . സമത്വത്തിന്റെ സാംസ്കാരികഭൂമിക കേരളീയ – ഇന്ത്യൻ പശ്ച്ചാത്തലത്തിന് ഒരു പരിധിവരെയെങ്കിലും പരിചിതമായിട്ട് ഏതാനും പതിറ്റാണ്ടുകൾ മാത്രമേ പിന്നിടുന്നുള്ളൂ . സമത്വം മനുഷ്യമനസ്സിന് ഇന്നും എത്തിപ്പിടിക്കാനാവാത്ത ദൂരത്ത് തന്നെയാണ് നിലകൊള്ളുന്നത് . ദറിദ തന്റെ അപനിർമ്മാണം (Deconstruction) എന്ന സിദ്ധാന്തത്തിന്റെ പിൻബലത്തോടെ ഇതിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട് . വെളുപ്പ്/കറുപ്പ്, ഉടമ/അടിമ, വലുത്/ചെറുത് എന്നിങ്ങനെ ലോകത്തെ എപ്പോഴും രണ്ടായി വിഭജിക്കാൻ ശ്രമിക്കുന്ന മനുഷ്യമനസ്സ് ഇതിൽ ഏതോ ഒന്ന് എപ്പോഴും മറ്റൊന്നിനേക്കാൾ 'ഉയർന്നതാണ്' എന്ന ബോധം സൂക്ഷിക്കുന്നു . ഇതിന് പിന്നിൽ മനുഷ്യമനസ്സിന്റെ ദ്വന്ദ്വനിർമ്മിതികൾ (Binary Oppositions) തന്നെയാണ് . "എന്നിട്ടും ചെറുതുവലുതുകളെ ചെറുതായും വലുതായും നമ്മൾ തിരിച്ചുകൊണ്ടിരിക്കുന്നു" എന്ന വരികൾ ഈ മനുഷ്യസഹജമായ വിവേചനത്തെയാണ് സൂചിപ്പിക്കുന്നത്. നിയമപരമായി സമത്വം വന്നാലും, മനസ്സിനുള്ളിലെ ഈ 'തരംതിരിക്കൽ'പ്രക്രിയ നിലനിൽക്കുന്നിടത്തോളം സമത്വം വിദൂരമായിരിക്കുമെന്ന യാഥാർഥ്യത്തെ കവി ചൂണ്ടിക്കാട്ടുവാൻ മടിക്കുന്നില്ല . നീതിക്കും സമത്വത്തിനും വേണ്ടിയുള്ള യുദ്ധം മനുഷ്യമനസ്സിനെതിരെയുള്ളതാണ് എന്ന് കവി അടിവരയിടുന്നു.

"കറുപ്പിൽനിന്നു കറുപ്പിനെ
വെളുപ്പിൽനിന്നു വെളുപ്പിനെ
ഇരുട്ടിൽനിന്നിരുട്ടിനെ
വെളിച്ചത്തിൽനിന്നു വെളിച്ചത്തെ
തിരിച്ചെങ്ങനെയെടുക്കുവാൻ?"
"കറുപ്പിൽ വരയ്ക്കാം കറുപ്പിനെ
വെളുപ്പിൽ വരയ്ക്കാം കറുപ്പിനെ
വെളുപ്പിൽ വരയ്ക്കാം വെളുപ്പിനെ
കറുപ്പിൽ വരയ്ക്കാം വെളുപ്പിനെ
ഇരുട്ടിൽ നിറയ്ക്കാം ഇരുട്ടിനെ"
"വെളിച്ചത്തിൽ നിറയ്ക്കാം ഇരുട്ടിനെ
വെളിച്ചത്തിൽ നിറയ്ക്കാം വെളിച്ചത്തെ
ഇരുട്ടിൽ നിറയ്ക്കാം വെളിച്ചത്തെ
തിരിച്ചെങ്ങനെയെടുക്കുവാൻ?"
കറുപ്പിൽ നിന്ന് കറുപ്പിനെ വേർതിരിക്കാൻ ശ്രമിക്കുന്നത് അസംബന്ധമാണെങ്കിലും, നമ്മുടെ വ്യവസ്ഥിതി കറുത്ത ഉടലുകളിൽ നിന്ന് വിദ്യയെയും യോഗ്യതയെയും ബലമായി പിരിച്ചെടുക്കാൻ ശ്രമിക്കുന്നു. നിതിൻ രാജ് തന്റെ അറിവിനെ കറുപ്പിൽ നിന്ന് വേർതിരിക്കാൻ സാധിക്കാത്ത വിധം സ്വന്തം സ്വത്വമായി കണ്ടയാളാണ്. നിതിൻ രാജിനെപ്പോലെ നിരവധി വിദ്യാർഥികൾ തങ്ങളുടെ അറിവിനെ ഇത്തരത്തിൽ തങ്ങളിൽ നിന്ന് പറിച്ചെടുക്കാനാകാത്ത ശക്തിയായി കരുതുന്നുണ്ട്

 image 4 of news

വെട്രിമാരൻ 2019 ൽ സംവിധാനം ചെയ്ത അസുരൻ എന്ന ചലച്ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്ന 'ശിവസാമി'യെന്ന കഥാപാത്രം ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഈ അവസരത്തിൽ സ്മരണാർഹമാണ് : “അവർ നിന്റെ ഭൂമി കൈവശപ്പെടുത്തും , നിന്റെ കൃഷിയിടം കൈവശപ്പെടുത്തും പക്ഷേ നിന്റെ വിദ്യയെ കൈവശപ്പെടുത്താൻ അവർക്ക് സാധിക്കില്ല” . ഈ വിശ്വാസവും അത് ഉറപ്പാക്കുന്ന ഭരണഘടനയും മുറുകെപ്പിടിച്ചുകൊണ്ട് മുന്നേറിയ നിതിൻരാജിനെപ്പോലെയുള്ള നിരവധി വിദ്യാർഥികളുടെ അസ്തിത്വത്തിന് വെല്ലുവിളിയായി നിൽക്കുന്ന അഭ്യസ്തവിദ്യരെന്ന് ‘നടിക്കുന്ന’വരുടെ മുന്നിൽ കവിതയിലെ ഒരു സാമാന്യതത്വം ഡിഫെമിലിയറൈസേഷന്റെ (Defamiliarization / Ostranenie) ഇടിവാൾ പോലെ വന്നു പതിക്കുന്നു : "വെളുത്ത ഭിത്തികൾ വിളക്കണഞ്ഞാൽ കറുക്കുന്നു"

ഈ തിരിച്ചറിവ് അത്യന്തം വിപ്ലവകരമാണ് . കറുപ്പ് - വെളുപ്പ്, ചെറുത് - വലുത് എന്നിവ നാം നിത്യവും കാണുന്നവയാണ്. എന്നാൽ അവയെ അടിമത്തത്തിന്റെയോ അധികാരത്തിന്റെയോ ചരിത്രവുമായി ബന്ധിപ്പിച്ച് കവി അവതരിപ്പിക്കുമ്പോൾ വായനക്കാരൻ പെട്ടെന്ന് ഞെട്ടുന്നു. വെളിച്ചം അണയുമ്പോൾ അവയുടെ പൊള്ളത്തരം വെളിവാകുന്നു. സവർണ്ണാധിപത്യം നിർമ്മിച്ചുവെച്ചിട്ടുള്ള 'വെളുത്ത' കോട്ടകൾ കേവലം അധികാരത്തിന്റെ (വെളിച്ചത്തിന്റെ) പിന്തുണയിൽ മാത്രം നിൽക്കുന്നവയാണ്.
"കറുപ്പു കറുപ്പായി നിറയുന്നു
വെളുപ്പു വെളുപ്പായി നിറയുന്നു
ഇരുട്ടിരുട്ടായി നിറയുന്നു
വെളിച്ചം വെളിച്ചമായ് നിറയുന്നു തിരിച്ചെങ്ങനെയെടുക്കുവാൻ?"

കവിതയുടെ സമാപ്തി "തോന്നലുകൾ മാത്രമോ?" എന്ന സന്ദേഹത്തിലാണ്. വിവേചനത്തെ കേവലം അവരുടെ (അതിജീവിതരുടെ / രക്തസാക്ഷികളുടെ) മാത്രം 'തോന്നലുകളായി' ലഘൂകരിക്കുന്ന പൊതുസമൂഹത്തിന്റെ Gaslighting പ്രവണതയോടുള്ള കവിയുടെ തീക്ഷ്ണമായ പരിഹാസമായി ഈ വരികൾ ഇന്നിന്റെ അനുഭവച്ചൂടിൽ വായിക്കേണ്ടതുണ്ട് . നിതിൻ രാജിനെപ്പോലെ നിരവധി വ്യക്തികൾ അനുഭവിച്ച ഏകാന്തതയും അന്യവൽക്കരണവും കേവലമായ മനഃശാസ്ത്രപ്രശ്നങ്ങളല്ല, മറിച്ച് "വിളക്കുകാലിനു കീഴിൽ കിടപ്പവർക്ക് ഇരുട്ടുമില്ല" എന്ന് തിരിച്ചറിയാത്ത ഒരു വ്യവസ്ഥിതിയുടെ ക്രൂരതയാണ് എന്ന് കവി പറയുന്നിടത്താണ് കവിതയുടെ സമകാലികത വെളിവാകുന്നത്. ഭൗതികമായ അതിർവരമ്പുകൾക്കപ്പുറം മനുഷ്യനെ വർണ്ണമായും വലുപ്പമായും തരംതിരിക്കുന്നത് എങ്ങനെയെന്ന ചോദ്യം ഏപ്രിൽ 2026 ലെ ഭാഷാപോഷിണിയിലൂടെ വായനക്കാരിലേക്കെത്തിയപ്പോൾ നിതിൻ രാജ് നാം ഉൾപ്പെട്ട ഈ സമൂഹത്തിൽ ഉയിരോടെ വിവേചങ്ങളുടെ തീച്ചൂളയിൽ വെന്തുനീറുകയായിരുന്നു എന്ന യാഥാർഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട് . (മരണം : ഏപ്രിൽ 10) കറുപ്പും വെളുപ്പും, വെളിച്ചവും ഇരുട്ടും പരസ്പരം ലയിച്ചുചേർന്ന പ്രകൃതിസത്യത്തെ, അധികാരത്തിന്റെ അളവുകോലുകൾ കൊണ്ട് കീറിമുറിക്കുന്ന ഭരണകൂടയുക്തികളെ ഈ കവിത മനുഷ്യൻ നിലനിൽക്കുന്ന കാലത്തോളം വിചാരണ ചെയ്യും എന്ന് തീർച്ചയാണ്.

ഈ കവിത ഒരു സമകാലികപാഠപുസ്തകമാണ്. നിതിൻ രാജിന്റെ മരണം ഒരു 'ചെറുതാക്കൽ' പ്രക്രിയയുടെ ഫലമാണെന്നും, ആ ചെറുതാക്കലുകൾക്ക് പിന്നിൽ വലിയൊരു ജാതി രാഷ്ട്രീയമുണ്ടെന്നും കവിത ശക്തമായ സ്വരത്തിൽ ഓർമ്മിപ്പിക്കുന്നു. സത്തയെ (Essence) രൂപത്തിൽ (Form) നിന്ന് വേർതിരിക്കാൻ കഴിയാത്ത പ്രകൃതിയുടെ ലാവണ്യത്തിൽ നിന്ന്, മനുഷ്യനെ മാത്രം വർണ്ണാടിസ്ഥാനത്തിൽ വേർതിരിക്കുന്ന സാമൂഹിക ക്രമത്തിന് നേരെ പിടിച്ച കണ്ണാടിതന്നെയാണ് ടി കെ സന്തോഷ്കുമാറിന്റെ 'ചെറുതോ ? കറുപ്പോ ?' എന്ന കവിത.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞