NewsAd1
എന്റെ ദൈവമേ! എന്താണ് മുകേഷിന്റെ ജീവിതത്തിൽ സംഭവിക്കുന്നത് ?
അനിൽ ബാലകൃഷ്ണൻ
18 April 2026, 4:09 pm
main image of news

മുംബൈയിലെ ബാന്ദർ മസ്ജിദിനരികിലൂടെ ക്യാമറയുമായി നടക്കുകയായിരുന്നു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ക്രിയേറ്ററുമായ ഹുസൈൻ മൻസൂരി.പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ നൂറുകണക്കിന് പേർക്ക് സോഷ്യൽ മീഡിയയിലൂടെ താങ്ങായി മാറിയ മൻസൂരിയെ തെരുവിന്റെ ഓരത്തു നിന്ന ഒരു പട്ടിണിക്കോലം ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. അവന് ഒപ്പമുണ്ടായിരുന്ന ചിലർ അവനെ ഉന്തിത്തള്ളി അയാൾക്കരികിലേക്ക് വിട്ടു. അവൻ മൻസൂരിയുടെ അരികിലെത്തി യാചനാ ഭാവത്തിൽ നിന്നു.മുകേഷ് മഹാദേവ് എന്നു പരിചയപ്പെടുത്തിയ 28 ന് മേൽ പ്രായം തോന്നിച്ച ആ ചേരിനിവാസിക്ക് കലശലായ വിശപ്പുണ്ടാവുമെന്നോർത്ത് മൻസൂരി സഹായം നൽകാനൊരുങ്ങവേ അയാൾ തൊഴുകൈയ്യോടെ പറഞ്ഞു. 'എനിക്ക് ഭക്ഷണവും കാശുമല്ല വേണ്ടത്. എനിക്ക് പാടണം.അങ്ങ് എന്റെ ഒരു പാട്ടെങ്കിലും ഒന്നു കേട്ടാൽ മതി..'

വിശക്കുന്ന തെരുവുമക്കൾക്ക് ഭക്ഷണവും നല്ല വസ്ത്രവും ചെരുപ്പുമൊക്കെ വാങ്ങി നൽകുകയും സഹായമാവശ്യമുള്ളവരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ വീഡിയോകളാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന മൻസൂരിക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. ഇൻസ്റ്റയിലും ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ മൻസൂരി പോസ്റ്റു ചെയ്യുന്ന വീഡിയോകൾക്കും ലക്ഷങ്ങളാണ് ലൈക്കുകളും ഷെയറുകളും കിട്ടുന്നത്.

 image 2 of news

'പാടൂ'എന്ന് മൻസൂരി പറഞ്ഞു കഴിയും മുൻപേ മൻസൂരിയുടെ ക്യാമറക്കു മുന്നിലാണ് എന്നതുപോലുമോർക്കാതെ മുകേഷ് പാടിത്തുടങ്ങി. അശിക്ഷിതമായ സ്വര വിന്യാസങ്ങളുടെ ഏറ്റിറക്കങ്ങളിൽ തെരുവുഗായകന്റെ സ്വയം മറന്നുള്ള പാട്ട്. അതിൽ ഉൾച്ചേർന്ന വിഷാദത്തിന്റെ ആഴങ്ങളിൽമുങ്ങി മൻസൂരി നിശ്ചലനായി അത് കേട്ടു നിന്നു.
HomeAd1
 image 3 of news

കുട്ടിക്കാലത്തു തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മുകേഷ് മഹാദേവ് മുംബൈയിലെ ഒരു അനാഥാലയത്തിലാണ് വളർന്നത്. എന്നാൽ വൈകാതെ അവൻ തെരുവിലേക്ക് എറിയപ്പെട്ടു. ആക്രി പെറുക്കിയും മാലിന്യം നീക്കിയും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കി. തെരുവിൽ തലങ്ങും വിലങ്ങും അലഞ്ഞു. രാത്രികളിൽ തെരുവോരങ്ങളിലും ചന്തകളിലും നടപ്പാതകളിലും ഉറങ്ങി.

രാത്രിയിൽ ഉറക്കം കിട്ടാതിരിക്കുമ്പാൾ മനസ്സിൽ തോന്നുന്നതെല്ലാം മുകേഷ് വരികളായും പാട്ടായും ഉച്ചത്തിൽ പാടി. തെരുവുകുട്ടികൾ അതേറ്റുപാടി. അവർക്കിടയിൽ മുകേഷ് മഹാഗായകനായി. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവു മാത്രമാണു താനെന്ന് പക്ഷേ ഒരിക്കലും മുകേഷിനും തോന്നിയതുമില്ല.

 image 4 of news

മുംബൈ നഗരത്തിലെ പാതയോരങ്ങളിൽ പട്ടിണി മാറ്റാനായും മുകേഷ് പാടി. കല അങ്ങനെ അവന് ചില്ലറ നാണയങ്ങൾ നേടിക്കൊടുത്തു. എന്നാൽ ഒരു ചില്ലിക്കാശും കിട്ടിയില്ലെങ്കിലും അവൻ പാടിക്കൊണ്ടേയിരുന്നു. പലരും പാടിക്കേട്ട ഗസലു,കളും സ്വന്തമായുണ്ടാക്കിയ ഭജനുകളും പഴയ പോപ്പുലർ സിനിമാഗാനങ്ങളും മുകേഷ് തന്റേതായ ശൈലിയിൽ പാടി. പാട്ടിൽ അവൻ അവന്റെ ആത്മാവ് കലർത്തി. പാട്ട് അവനെ അതിജീവിപ്പിച്ചു.

ഇക്കഴിഞ്ഞ മാർച്ച് മാസത്തിലെ ആദ്യ ദിനങ്ങളിലൊന്നിൽ ബാന്ദർ മസ്ജിദിന്റെ സമീപത്ത് ഏതോ 'ഹ്യൂമൺ ഇന്ററസ്റ്റഡ് സ്റ്റോറി' അന്വേഷിച്ചെത്തിയതായിരുന്നു ഹുസൈൻ മൻസൂരി. ആരോ മുകേഷിനോടു പറഞ്ഞു. മൻസൂരിയുടെ കണ്ണിൽപ്പെട്ടാൽ നീ രക്ഷപ്പെട്ടു. അയാളുടെ ജീവകാരുണ്യ പ്രവൃത്തികളെയും വൈറൽ വീഡിയോകളെയും പറ്റി അറിയുന്നവരായിരുന്നു അവരെല്ലാം.

തന്റെ മുന്നിൽ മുകേഷ് പാടിയ ഉള്ളു പൊള്ളിച്ച പാട്ടിലൊന്ന് മൻസൂരി തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിനുമുന്നിലെത്തിച്ചു.നിമിഷങ്ങൾക്കുള്ളിൽ പാട്ട് വൈറലായി. പാമരനായ പാട്ടുകാരൻ ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന സോഷ്യൽ മീഡിയാ സൂപ്പർ താരമായി.

ഇതേത്തുടർന്ന് ഒട്ടേറെ സഹായ വാഗ്ദാനങ്ങൾ, അവസരങ്ങൾ എല്ലാം മുകേഷിനെത്തേടിയെത്തി.'എനിക്ക് പാടിയാൽ മതി. നിങ്ങൾ എന്റെ പാട്ടുകേൾക്കണം 'എന്ന യാചന തന്നെയാണ് ഇപ്പോഴും മുകേഷിന്റെ ശക്തി.ടി.സീരീസ് ഉൾപ്പടെയുള്ള കമ്പനികളും ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയുമുണ്ട് മുകേഷിന്റെ ശബ്ദം പ്രയോജനപ്പെടുത്തണമെന്ന ആഗ്രഹവുമായി പിന്നാലെ
പുതു തലമുറയിലെ ശ്രദ്ധേയരായ
ഇരട്ട സംഗീത സംവിധായകർ -സുയ്യാഷ് -സിദ്ധാർത്ഥിന്റെ സംഗീതത്തിൽ പാടാൻ ഈ ഏപ്രിലിൽ മുകേഷ് മഹാദേവിന് ഇതിനകം അവസരം ലഭിച്ചു. 'മേരേ മൗലാ' എന്ന ശീർഷകത്തിൽ പുറത്തിറക്കിയ ഗാനം ഇൻസ്റ്റന്റ് സൂപ്പർ ഹിറ്റായി.
ഹിന്ദി/ഉറുദു ഭാഷയിലെ 'Mere Maula' (मेरे मौला) എന്ന വാക്യത്തിന് 'എന്റെ ദൈവമേ'അഥവാ 'എന്റെ ഉടയോനേ`എന്നാണർത്ഥം. അതീതമായ ഏതോ പരമ ശക്തിയുമായി നേരിട്ട് ഹൃദയം കൊണ്ട് സംസാരിക്കുന്നതു പോലെ ഹൃദ്യമാണ് മുകേഷ് മഹാദേവിന്റെ മേരേ മൗലാ എന്ന് ആസ്വാദകരും സംഗീതലോകവും വാഴ്ത്തുന്നു.
മുകേഷ് മഹാദേവിനെപ്പോലെ ഇപ്പോൾ അവനെ അറിയുന്ന സകലരും ആലോചിച്ചു പോവുന്നു.എന്റെ ദൈവമേ ! എങ്ങിനെയെല്ലാമാണ് അങ്ങ് അതിസാധാരണക്കാരായവരുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് !!

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞