NewsAd1
ശ്രീനാരായണസാഹിത്യത്തിന് ലോക വാതായനം തുറന്ന മുനി
റൂബിൻ ഡിക്രൂസ്
26 April 2026, 8:11 am
main image of news

മുനി നാരായണ പ്രസാദിനെ നാഷണൽ ബുക്ക് ട്രസ്റ്റ് മുൻ മലയാളം എഡിറ്റർ റൂബിൻ ഡിക്രൂസ് ഓർക്കുന്നു.

1995ൽ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയിൽ ചേർന്ന കാലം മുതൽ എൻ്റെ ഒരു ആഗ്രഹമായിരുന്നു നാരായണ ഗുരുവിൻ്റെ കൃതികൾ ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിക്കുക എന്നത്. അതിനാലാണ് 1998ൽ ഞാൻ വർക്കലയിലെ ഗുരുകുലത്തിൽ പോയി മുനി നാരായണ പ്രസാദിനെ കാണുന്നത്.

 image 2 of news

ആ കൂടിക്കാഴ്ചയെക്കുറിച്ച് 'ആത്മായാനം' എന്ന തൻ്റെ ആത്മകഥയിൽ മുനി ഇങ്ങനെ എഴുതി: "ഒരു ദിവസം ഞാൻ അങ്ങനെ എഴുതിക്കൊണ്ടിരിക്കുമ്പോൾ എൻ്റെ മുറിയിലേക്ക് ഒരാൾ കയറിവന്നു. നാഷണൽ ബുക് ട്രസ്റ്റിലെ മലയാളം എഡിറ്റർ റൂബിൻ ഡിക്രൂസ് എന്നാണ് പരിചയപ്പെടുത്തിയത്. അദ്ദേഹം വന്നത് ഒരു പ്രത്യേക ആവശ്യവുമായാണ്. നാരായണഗുരുവിൻ്റെ കൃതികളെല്ലാം എല്ലാ ഇൻഡ്യൻ ഭാഷകളിലേക്കും ഇംഗ്ലിഷിലേക്കും തർജ്ജമ ചെയ്‌തു പ്രസിദ്ധീകരിക്കാനുള്ള ഒരു പദ്ധതി നാഷണൽ ബുക് ട്രസ്റ്റിനുണ്ട്. അതിൽ ഇംഗ്ലിഷിലുള്ളതും മലയാളത്തിലുള്ളതും ഞാൻ തയ്യാറാക്കിക്കൊടുക്കണം. അതേ പണിയാണു ഞാൻ ആ നിമിഷത്തിൽ ചെയ്‌തു കൊണ്ടിരിക്കുന്നത്, എന്നത് എന്നെ അത്ഭുതപ്പെടുത്തി. അതു പറഞ്ഞപ്പോൾ അദ്ദേഹവും അത്ഭുതപ്പെട്ടു. ഞാൻ എഴുതിക്കൊണ്ടിരുന്ന നോട്ട്ബുക്ക് അദ്ദേഹം ഒന്നു മറിച്ചുനോക്കി. ബാക്കികൂടി എഴുതിയയച്ചുതരണം എന്നു പറഞ്ഞുകൊണ്ട് ആ ബുക്ക് അദ്ദേഹം എടുക്കുകയാണ് ചെയ്‌തത്. അതിൽ ഒരു മിനുക്കുപണിയും നടത്തിയിട്ടില്ല എന്നു ഞാൻ പറഞ്ഞു. അത് നല്ലൊരു എഡിറ്ററെക്കൊണ്ട് ചെയ്യിച്ചുകൊള്ളാമെന്നായി അദ്ദേഹം. മലയാളത്തിലുള്ളതിൽ പദ്യങ്ങളും അവയുടെ സാരവും ഓരോ കൃതിക്കും ഓരോ ചെറിയ ആമുഖവും മാത്രമാണ് വേണ്ടതെന്നും പറഞ്ഞു. അത് ഇനി ഞാൻ എഴുതി തയ്യാറാക്കേണ്ടതില്ല. എഴുതിക്കഴിഞ്ഞ വ്യാഖ്യാനങ്ങളിൽനിന്ന് കണ്ടെത്തി ടൈപ്പ് ചെയ്തെടുത്താൽ മതി. അതു ചെയ്യുന്ന ജോലി ടൈപ്പുചെയ്യുന്നവരെ ഏല്പ‌ിച്ചു. അവർ താമസിയാതെ അതു തയ്യാറാക്കി തരുകയും ഡൽഹിക്ക് അയച്ചുകൊടുക്കുകയും ചെയ്തു‌. ഇംഗ്ലീഷിലുള്ള തർജ്ജമ ബാക്കിയുള്ള ഭാഗം തീർക്കുന്ന ജോലി ഞാൻ തുടർന്നു. അതും എഴുതിത്തീർക്കാൻ സാധിച്ചു. അതും ഡൽഹിക്കയച്ചു കൊടുത്തു. എൻറെ ജീവിതത്തിൽ ചെയ്തു തീർക്കണമെന്നു കരുതിയതു ചെയ്തു തീർത്ത സാഫല്യമാണ് അപ്പോൾ അനുഭവപ്പെട്ടത്."

എട്ടു കൊല്ലത്തോളം എടുത്ത കഠിനാധ്വാനത്തിൻ്റെ ഫലമായാണ് ആ പുസ്തകം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കാൻ സാധിച്ചത്. പണ്ഡിതനായ ഗോവിന്ദൻ എസ് തമ്പി ഇംഗ്ലീഷ് വിവർത്തനം ആദ്യം എഡിറ്റ് ചെയ്തു. പിന്നീട് വിവർത്തകനും എഡിറ്ററും ആയ ഡോ. എ. ജെ. തോമസ് ഒന്നുകൂടെ എഡിറ്റ് ചെയ്തു. ഇത് ഞാൻ മുനിയെ കാണിക്കുകയും ഇംഗ്ലീഷുകാരനായ (അതോ അമേരിക്കനോ?) ഒരു സുഹൃത്തിനെക്കൂടെ കാണിച്ച ശേഷമാണ് മുനി വിവർത്തനത്തിൻറെ അവസാനരൂപം അംഗീകരിച്ചത്. 2006ൽ ഇംഗ്ലീഷ്, മലയാളം എഡിഷനുകൾ പ്രസിദ്ധീകരിച്ചു. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രീ പി ചിദംബരം പ്രവാസി കാര്യ വകുപ്പ് മന്ത്രി ആയിരുന്ന ശ്രീ വയലാർ രവിക്ക് നല്കിക്കൊണ്ട് ശിവഗിരി തീർത്ഥാടനവേദിയിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. (എൻബിടി പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ എന്ന് മുനി ആത്മകഥയിൽ എഴുതിയിരിക്കുന്നത് ഓർമപ്പിശക് ആയിരിക്കും.)
HomeAd1
 image 3 of news

ഇപ്പോൾ പുസ്തകത്തിൻ്റെ തമിഴ്, ഹിന്ദി വിവർത്തനങ്ങൾ തയ്യാറായിട്ടുണ്ട്. കവി സുകുമാരൻ ആണ് തമിഴ് വിവർത്തനം ചെയ്തത്. "ഈ വിവർത്തനം ചെയ്യാനുള്ള നിയോഗവുമായി ആയിരിക്കും ഞാൻ ജനിച്ചത്" എന്നാണ് വിവർത്തനാനുഭവത്തെപ്പറ്റി സുകുമാരൻ പറഞ്ഞത്. ഹിന്ദി പ്രൊഫസർ ആയിരുന്ന ബിന്ദു വെൽസാർ ആണ് ഗുരുവിൻ്റെ കൃതികൾ ഹിന്ദിയിലേക്ക് ആക്കിയിരുന്നത്.

ഇതിനിടയിൽ ഇംഗ്ലീഷ് വിവർത്തനം മുനി തന്നെ ഒന്നുകൂടി പരിഷ്കരിച്ച് എന്നെ ഏല്പിച്ചിട്ടുണ്ട്. അതിെന്റെ പ്രസിദ്ധീകരണം നടത്തണം!
ആദരണീയ സുഹൃത്തിന് എൻറെ വിട!

റൂബിൻ ഡിക്രൂസിന്റെ ഫേസ് ബുക്ക് കുറിപ്പ്

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞