സന്ദേഹിയുടെ
'അമേയ ' സഞ്ചാരം.
സി ആർ രാജ്മോഹൻ
30 April 2026, 10:59 am
കാല ദേശ പരിമിതികളെ ഉല്ലംഘിച്ചുകൊണ്ടുള്ള അപാരമായ ഒരു സഞ്ചാരമാണ് ഓരോ സന്ദേഹിയുടെയും മാസ്റ്റർ പീസ് സ്വഭാവം.
അയാൾ ഒരു കലാകാരൻ - വിശിഷ്യ
കവിയോ കഥാകരനോ ആയാൽ
അത്തരം യാത്രകളെ നിർവചിയ്ക്കുക തീർത്തും സാധ്യവുമല്ല.
ഒരു അവധൂതന്റെ ജന്മാന്തര യാത്രകളോടാണ്
നമുക്കവയെ സംതുലനം ചെയ്യാനാവുക.
ഇവിടെ കവി കളത്തറ ഗോപന്റെ സഞ്ചാരമുദ്രകളത്രയും ഇന്റർ സ്റ്റെല്ലാർ
മാതൃകകളുടെ പുനരാഖ്യാനങ്ങളാണ്.
അദ്ദേഹത്തിന്റെ പുതിയ കവിത സമാഹാരമായ ' വഴിപിണക്കി'യിലാകെ
യാത്രകളുടെ പെരുംഘോഷമാണ്.
സർവത്ര സന്ദേഹിയായ ഗോപൻ താണ്ടുന്ന വഴികളിലെ സംവാദ ദൂരങ്ങൾ
അമേയപരമാണെന്ന് സമ്മതിക്കാതെ തരമില്ല.ഇതിന് ഉപോൽബലകമായ നിരവധി കവിതകൾ ചേർന്ന സമാഹാരമാണ് 'വഴി പിണക്കി'.
എന്തോ, ഏതോ, എങ്ങിനെയോ എന്നുള്ള
അനിശ്ചിതത്വത്തിന്റെ മറുവാക്കുകൾ അനുസ്യൂതം ഒഴുകി നടക്കുന്നുണ്ട് കവിതകളിലാകെ.അതെല്ലാം ഉത്തമനായ ഒരു സന്ദേഹിയുടെ ബാഹ്യ രൂപങ്ങളാണ്.
"സഞ്ചാരം " എന്ന കവിതയിൽ ഇതു
അന്തര്യാമിയായി വർത്തിച്ചിട്ടുണ്ട്.
"മനസ് നിരന്തരം സഞ്ചരിയ്ക്കുന്നു
പലപല വേഗങ്ങളിൽ.
അതിൽ പല അനുഭവങ്ങളും
പറ്റിയിരിയ്ക്കുന്നു.
എന്നാൽ
വേണ്ടാത്തവയെ അത്
പറത്തിക്കളയുന്നു.
അങ്ങനെ പറ്റിയിരിക്കുന്ന
അനുഭവങ്ങളാണ്
കവിതയായി നമ്മുടെ മുന്നിലിരിയ്ക്കുന്നത്."
" ഗുഹയിലൊരു ടെക്കി " യിൽ ഒരു
ബാങ്ക് ഉദ്യോഗസ്ഥൻ ഫ്‌ളൈറ്റിലും, അതിവേഗ ട്രെയിനിലും സഞ്ചരിയ്ക്കുന്നു.
എന്നാൽ "ഭയം" ഫാന്റസിയുടെ അപൂർവ ലോകത്തെയാണ് പുൽകുന്നത്.
"ഭയങ്കരമായ ഒരു ഭയം ബസിലൂടെ, ട്രെയിനിലൂടെ, വിമാനത്തിലൂടെ, ഫുട്പാത്തിലൂടെ, കാറ്റിലൂടെ, ഇന്റർനെറ്റിലൂടെ സഞ്ചരിച്ചു എവിടെയുമെത്തുന്നു ".
ഇതു ഗോപന്റെ എഴുത്തിന്റെ
സത്താപരതയാണെന്ന് കണിശമായും പറയാം.
" ഉയർന്നുതാണ് " എന്ന കവിതയിൽ യാത്രയുടെ നിമ്നൊന്നതമായ ഗ്രാഫിക്കൽ ഡിസൈൻ വിളംബരം ചെയ്യുന്നതും മറ്റൊന്നല്ല.
ഇവ്വിധമുള്ള സഞ്ചാരങ്ങളൊക്കെയും അറിവിനോടുള്ള ഒരിയ്ക്കലും ഒടുങ്ങാത്ത അഭിവാഞ്ഛയുടെ പ്രഖ്യാപനം കൂടിയാണ്.
ഗ്രീക്ക് ഇതിഹാസത്തിന്റെ ക്യാൻവാസിലുള്ള,
യുലിസസിന്റെ
രണ്ടാം " ഒഡിസി"യെക്കുറിച്ചു ഒരു കവിത ലോർഡ് ടെന്നിസൻ എഴുതിയിട്ടുണ്ട്.
പന്ത്രണ്ട് വർഷം കൊടും ശാപത്താൽ കരകാണാതെ കടലിലഞ്ഞ യുലിസസ്
തന്റെ വർദ്ധക്യത്തിൽ റോക്കി ഇതാക്കയുടെ അധിപനായി വാഴുകയാണ്.
പക്ഷേ, വീണ്ടും കടലിൽ യാത്രപോകണം, അനന്തമായി അലയണം എന്നുള്ള അസഹ്യമായ ഉൾവിളി യുലിസിസിനെ വേട്ടയാടുന്നു.
നെരിപ്പൊടിനരികെ തീ കാഞ്ഞിരിയ്ക്കുന്ന
ആ വയോധികൻ തന്റെ പഴയ പടയാളികളെ വിളിയ്ക്കുകയാണ്.
" Oh My mariners please come for a second Odyssey."
" Knowledge is a sinking star it fades and fades whenever we move "
അമേയമായ സഞ്ചാര പഥങ്ങൾ താണ്ടുന്നതിലൂടെ കൈ വരുന്ന
അനുഭവസാക്ഷ്യങ്ങളെക്കുറിച്ച്
ലോർഡ് ടെന്നിസനോളം പറഞ്ഞ കവികൾ
വിരളമാണ്.
മലയാണ്മയിൽ ആ ജനുസിൽ ഒന്നാമൻ
മഹാകവി പി തന്നെയാണ്. അതിന്റെ സ്നിഗ്ദ്ധമായ പിന്തുടർച്ച
ഡി. വിനയചന്ദ്രനിലും, ടി. പി രാജീവനിലും നിർലോഭം കാണാം.
വിനയ ചന്ദ്രന്റെ സൗമ്യകാശിയിൽ
ഋഷികെശൂo, കൈലാസവുമെല്ലാം
മറ്റൊരു കൊടും സന്ദേഹി നടന്നു പോയ വഴികളാണ്.
എന്നാൽ രാജീവന്റ കവിതകൾ അത്രമേൽ ദുർഗ്രഹമൊന്നുമല്ല. വളരെ സിമ്പിളായ
വരികളാൽ " പുറപ്പെട്ടുപോകുന്ന വാക്കുകളാണ്. " അവയെല്ലാം.
പക്ഷെ, ക്രാഫ്റ്റിൽ അഗ്രഗാമി.
സബർമതി എക്സ്പ്രസ്സ് എന്ന കവിതയിൽ കവി യാത്ര ചെയ്യവേ
ആ കമ്പാർട്മെന്റിൽ തന്റെ മുന്നിലെ സീറ്റിലേയ്ക്ക് കസ്തൂർബയും
ഗാന്ധിജിയും ഏതോ സ്റ്റേഷനിൽ നിന്നും
കയറി ഉപവിഷ്ടരാകുന്ന ഒരു സന്ദർഭം
അവാച്യമായി പറയുന്നുണ്ട്.
അതുപോലെയാണ് ഗോപന്റെ പല കവിതകളുടെയും അനുയാത്ര.
രാജീവൻ കവിതകളുടെ നേരവകാശിയാണ് ഗോപൻ എന്നു
പലപ്പോഴും തോന്നിയിട്ടുമുണ്ട്.
ഗോപന്റെ " പറന്നു നിന്നു മീൻ പിടിയ്ക്കുന്നവ ", രാത്രിയെന്നോ പകലെന്നോ തീർച്ചയില്ലാത്തൊരാൾ "
"കുരിശ് ", "ബുദ്ധപുസ്തകം ", സമ്മാനമായി തല വെട്ടി അയക്കുന്നു "
തുടങ്ങിയവയെല്ലാം വളരെ ഓർഗാനിക്കായി വന്നു ഭവിയ്ക്കുന്ന
ഇമേജറികളാൽ സമ്പുഷ്ട്ടം.
" എഴുത്തിന്റെ
കൂടോത്രം " രാജീവനിൽ ഒളിഞ്ഞു പാർക്കുന്നുണ്ടെന്നു പണ്ട് മാതൃഭൂമി വീക്കിലിയിലെ കവർസ്റ്റോറിയിൽ
സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
തച്ചം പൊയ്യിലെങ്ങും
പീലി വിടർത്തിയാടുന്ന
സർപ്പഫണങ്ങൾ ഉണ്ടെന്നും രാജീവൻ
ഓർമിപ്പിച്ചു.
അത്തരത്തിലുള്ള ഓർമ്മയുടെ
മറ്റൊരു സ്ഫുലിംഗമാണ് " ഗോപന്റെ "വഴിപിണക്കി"യിലും പുനരുൽപ്പാദിപ്പിയ്ക്കപ്പെടുന്നത്.
ആവാഹന പ്രക്രിയയിലൂടെ ഗോപൻ തന്റെ " പല മുറിയ്ക്കുള്ളിലെ ഒരു മുറിയിൽ " കാലാതിവർത്തിയായി പ്രതിഷ്ഠിച്ച ഒരു " കുട്ടിച്ചാത്തൻ
സ്വരൂപമാണ്"സാക്ഷാൽ ഈ വഴിപിണക്കി.
ദ്വന്ദ വ്യക്തിത്വങ്ങളുടെ കലഹവും സംയമനവുമാണ് " സന്ദേഹിയായ "
വഴിപിണക്കിയെ നിരന്തരം സഞ്ചാരകുതുകിയാക്കി പരിണമിപ്പിയ്ക്കുന്നത്.
"മുതിർന്നപ്പോൾ വഴിതെറ്റാതിരിക്കാൻ കൂട്ടുകാരനോട് വഴി ചോദിക്കും.
ഗൂഗിൾ മാപ്പിനെക്കാളും കൃത്യതയുണ്ട്
അവനീക്കാര്യത്തിൽ.
പക്ഷെ വഴിപിണക്കിയെന്നെ വിടില്ല.
ആലപ്പുഴയിൽ ഇറങ്ങേണ്ട ഞാൻ
തൃശൂരിൽ ചെന്നിറങ്ങും.
കത്തി മേടിയ്ക്കേണ്ട ഞാൻ പേന മേടിക്കും "
വഴിപിണക്കി അങ്ങനെയാണ് മാജിക്കൽ
റിയലിസത്തിന്റെ വക്താവായി സന്നിവേശിയ്ക്കപ്പെടുന്നത്.
കവിയുടെ അസ്തിത്വത്തെ പുനർനിർണയിച്ച ആൾ തന്നെയാണ്
ദ്വന്ദ വൈരുധ്യങ്ങളുടെ ഈ മൗലിക രൂപം.
കത്തി വാങ്ങേണ്ട ഞാൻ പേന വാങ്ങും എന്നു പറയുന്നത് പൂർവികമായ നമ്മുടെ
ഒരു അബ്സെർഡ് കവിതയുടെ ഓർമപ്പെടുത്തൽകൂടിയാണ്.
ഒരു കൊരങ്ങമ്മാച്ചന്റെ വാലുമ്മേൽ മുള്ളു കൊള്ളുന്നു.
കൊല്ലപ്പണിക്കാരന്റെ
അടുത്തെത്തി മുള്ളെടുത്തപ്പോൾ
വാല് ലേശം മുറിഞ്ഞു പോയി.
അപ്പൊ കുരങ്ങൻ പറഞ്ഞുവത്രേ ഒന്നുകിലെന്റെ വാല് വേണം, അല്ലാച്ചാൽ ങ്ങടെ കത്തി തരണം.
മനസില്ലാമനസോടെ കൊല്ലൻ കത്തി കൊടുക്കുന്നു.
അപ്പൊ കുരങ്ങൻ പാടിയ പാട്ടാണ്
" വാല് പോയി കത്തി കിട്ടി ഡും ഡും "!
അതുപോലെയാണ് കത്തിമേടിയ്ക്കാതെ
പേന വാങ്ങുന്നതിലെ അയുക്തികതയും.
ഇവിടെ വഴിപിണക്കിയും സത്യത്തിൽ ആദിമരൂപിയായ,അജ്ഞാതമായ ഒരു
സന്ദേഹിയുടെ പരിപ്രേക്ഷ്യമാവാതെ തരമില്ല.
ദ്വന്ദാർഥത്തിൽ ഖസാക്കിന്റെ ഇതിഹാസത്തിലെ ചപ്രത്തലമുടിയും ചട്ടിത്തലയുമുള്ള
അപ്പുക്കിളിയ്ക്കു സമാനനാണ് വഴിപിണക്കിയും.ഒരേ പൊക്കിൾക്കൊടി -
നാഭീ നാളീ ബാന്ധവം.
അപ്പുക്കിളിയെ മനുഷ്യകുലത്തിന്റെ ആദിമ ഗുരുവായിട്ടാണ് ഒ. വി വിജയൻ
സംക്രമിപ്പിച്ചത്. ( "Appukkili is the primordial
Guru of Mankind, Not in the literary sense " from Ithihasathinte Ithihasam.).
വഴിപിണക്കിയും ഗോപൻ തന്നിൽ ബ്ലൻഡ് ചെയ്തു ചേർത്ത ഒരു സന്ദേഹിയുടെ
പുരാവൃത്തമാകാം.
സദാ പുറപ്പെട്ടുപോകുന്ന, വഴി മുടക്കുന്ന
ഒരു അവധൂതൻ.!
Pin Point :
ആധുനിക കവികളിൽ കളത്തറ ഗോപൻ, കരിം മലപ്പട്ടം, ഗിരീഷ് വിമ്മണിയൂർ എന്നിവരോടാണ് കൂടുതൽ ഇഷ്ടം.
മരിച്ചു പോയ ജിനീഷ് മടപ്പള്ളി മറ്റൊരു
മഹാ നഷ്ടമായി പിന്തുടരുന്നു.
ടി. പി രാജീവനെപ്പോലെ.
കഥകാരന്മാരിൽ വി. ജെ ജയിംസ്,
ഉണ്ണി. ആർ, എസ്. ഹാരിഷ്, ഇ. സന്തോഷ് കുമാർ ,കരുണാകരൻ, സി.പി ബിജു എന്നിവരോട് പ്രിയം കൂടുതലുണ്ട്.
നോവലിസ്റ്റ് ലിസ്റ്റിൽ വി. ജെ. ജയിംസിനു
പുറമെ ജോണി മിറാൻഡാ, മണികണ്ഠൻ,
ഇ. സന്തോഷ് കുമാർ, എം. നന്ദകുമാർ, സുഭാഷ് ചന്ദ്രൻ, വിനോയ് തോമസ് എന്നിവർക്കാണ് പ്രാമുഖ്യം.
വനിതകളിൽ സന്ധ്യ മേരിയും,
ആർ. ജയശ്രീയും നല്ലെഴുത്തിന്റെ അവകാശികളാണ്.