NewsAd1
വി.ഡി. സതീശന്റെ പുസ്തകവും പറന്നുപോയ കീറക്കടലാസും
എം എസ് സനിൽകുമാർ
21 May 2026, 3:21 am
main image of news

അസൂയാവഹമായ ഒരു അസൂയയുടെ കഥയാണിത്... കഥയല്ല, സംഭവമാണ്... സംഭവത്തിലെ പ്രധാന കഥാപാത്രങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവുമാണ്. വി.ഡി. സതീശനൊപ്പം തലപ്പൊക്കം വരാൻ തിരക്കിട്ട് നടക്കുന്നയാൾ.

നമുക്ക് അറിയാം വി.ഡി. സതീശനെ. പ്രതിപക്ഷ നേതാവായി കഴിഞ്ഞ അഞ്ചുവർഷം യുഡിഎഫിനുവേണ്ടി കേരളമൊട്ടാകെ ഓടിനടന്ന് തരംഗം സൃഷ്ടിച്ച നേതാവ്.. കോൺഗ്രസിൽ നിന്ന് അകന്നുപോയ വിഭാഗങ്ങളെ വിശ്വാസത്തിന്റെ തണലിൽ ചേർത്തടുപ്പിച്ച പ്രവർത്തന ശൈലിയായിരുന്നു വി.ഡിയുടേത്. ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റ് മതങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും സാരാംശങ്ങൾ ഉൾക്കൊള്ളാനും അദ്ദേഹം പരിശ്രമിച്ചുകൊണ്ടേയിരുന്നു. പഠിച്ചതും വളർന്നതുമെല്ലാം ക്രൈസ്തവ ചുറ്റുപാടുകളിൽ ആയിരുന്നതിനാൽ തന്നെ ബൈബിൾ വായന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകകമായി. ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും അദ്ദേഹം കൂടുതൽ സമയം കണ്ടെത്തി.

 image 2 of news

ദിവസവും ബൈബിളിലെ ഒരു അധ്യായം വായിക്കുന്നത് പതിവാണെന്ന് സതീശൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾ, ചിന്തകൾ, ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ എന്നിവ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും സതീശൻ പറയുന്നു.

പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ പ്രസിദ്ധമായ കുമ്പനാട് കൺവെൻഷനിൽ പ്രസംഗിക്കുന്നതിന് ക്ഷണം ലഭിച്ച നേതാവാണ് വി.ഡി. സതീശൻ. അൽപം അങ്കലാപ്പോടെയാണ് ആ ക്ഷണം സ്വീകരിച്ചതെങ്കിലും വിശ്വാസികൾ തിങ്ങിനിറഞ്ഞ പന്തലിൽ നിന്നുകൊണ്ട് ദൈവവചനം ഭംഗിയായി പ്രഘോഷിച്ചു അദ്ദേഹം. 2023 ജനുവരി 18 വൈകുന്നേരമാണ് സതീശൻ കൺവെൻഷനിൽ പ്രസംഗിച്ചത്. 'നിന്റെ രാജ്യം വരേണമേ' എന്നായിരുന്നു ആ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം. ദൈവരാജ്യ സങ്കൽപ്പത്തെക്കുറിച്ച് ക്രിസ്തുവിന്റെ ദർശനങ്ങൾ പതർച്ചയില്ലാതെ പറയാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്ന് സതീശൻ പിന്നീട് വിശദീകരിച്ചിട്ടുണ്ട്.
HomeAd1
 image 3 of news

കുമ്പനാട് കൺവെൻഷന് ശേഷം സഭാവ്യത്യാസം ഇല്ലാതെ ഒട്ടേറെ ഇടങ്ങളിൽ ക്രിസ്തുവിനെക്കുറിച്ച് പറയാൻ വി.ഡി. സതീശന് അവസരം ലഭിച്ചു. ദൈവശാസ്ത്രത്തെക്കുറിച്ച് ഉന്നതമായ അറിവും ദർശനവുമുള്ള സഭാ പിതാക്കൻമാർക്കൊപ്പമാണ് വി.ഡി. സതീശന് അവസരം ലഭിച്ചത്. വിവിധ സഭകളുടെ ഏതാണ്ട് 250 യോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. മാർത്തോമാ സഭയുടെ പതിനേഴാമത്തെ മെത്രാപ്പോലീത്തയായിരുന്ന എബ്രഹാം മാർത്തോമയുടെ 111ാം വാർഷിക ദിനത്തിൽ (2022 ഏപ്രിൽ 30) തിരുവല്ലയിൽ നടന്ന ചടങ്ങളിലെ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. നിയുക്ത കർദിനാൾ ആർച്ച്ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടിന് അദ്ദേഹത്തിന്റെ മാതൃ ഇടവക നൽകിയ സ്വീകരണ ചടങ്ങിലും അദ്ദേഹം പ്രസംഗിച്ചു. 'ആദം നീ എവിടെയാകുന്നു' എന്നതായിരുന്നു ആ പ്രസംഗത്തിന്റെ കാതൽ.

ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ, പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു നൽകുന്നതെന്ന് സതീശൻ പറഞ്ഞു. 'നിങ്ങൾ പ്രത്യാശയുള്ളവർ ആയിരിക്കുക, കാരണം, നിങ്ങൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നവൻ വിശ്വസ്തനാണ്'
സതീശൻ അന്നും ഇന്നും എന്നും ഒരു ഉറച്ച വിശ്വാസിയാണ്. വിശ്വാസത്തെ അലങ്കാരമായോ ആഡംബരമായോ കൊണ്ടുനടക്കുന്ന ഒരാളുമല്ല. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ മറ്റ് പല നേതാക്കളിൽ നിന്നും സതീശനെ വ്യത്യസ്തനാക്കിയ ഒരു സവിശേഷത തന്റെ വിശ്വാസത്തെയോ ഭക്തിയെയോ അദ്ദേഹം പ്രകടനപരമായ ഒരു ആഘോഷമാക്കിയില്ല എന്നതാണ്.

 image 4 of news

വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ സതീശൻ നടത്തിയ പ്രസംഗങ്ങൾ 'ആദം നീ എവിടെയാകുന്നു' എന്ന് പേരിൽ പുസ്തകമായി ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുകയാണ്. മെയ് 9ന് പുറത്തിറക്കിയ പുസ്തകം ഇതിനകം ആറ് എഡിഷൻ വിറ്റുപോയി. പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യുവാണ് പുസ്തകം എഡിറ്റ് ചെയ്തത്.

ഇനിയാണ് ട്വിസ്റ്റ്
ക്രൈസ്തവ സഭകളിൽ സതീശൻ കത്തിപ്പടരുമ്പോൾ കോൺഗ്രസിലെ പ്രമുഖനായ ഒരു നേതാവിന് അസൂയ കൊണ്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. തനിക്കും അതുപോലെയൊക്കെ ചെയ്യണം എന്നൊരു ആഗ്രഹം ഈ മുതിർന്ന നേതാവിലും മൊട്ടിട്ടു. പള്ളിയാണല്ലോ സതീശന്റെ പ്രധാന വേദി. അപ്പോൾ പള്ളിയിലേക്ക് തന്നെ കടന്നുകയറുക എന്നതായി ഈ നേതാവിന്റെ ലക്ഷ്യം. കുത്തിയിരുന്ന് ബൈബിൾ വായനതുടങ്ങി. കുറേ കുറിപ്പുകൾ എടുത്തു. പല കടലാസുകളിലായി പ്രധാന ഭാഗങ്ങൾ എഴുതിവെച്ചു. സ്വാധീനം ഉപയോഗിച്ച് സ്വന്തം മണ്ഡലത്തിലെ ഒരു ക്രൈസ്തവ ദേവാലയത്തിൽ പ്രഭാഷണം തരപ്പെടുത്തി.

ദിവസമെത്തി, നേതാവ് എഴുതി തയ്യാറാക്കിയ കുറിപ്പടികളും കൈയിലെടുത്ത് നേരെ പള്ളിയിലേക്ക്. വൈദികരും വിശ്വാസികളും മുതിർന്ന നേതാവിനെ ആദരപൂർവം സ്വീകരിച്ചു.പ്രഭാഷണ സമയമെത്തി, നേതാവ് ഡയസിലെത്തി. കടലാസുകൾ പ്രസംഗപീഠത്തിൽ നിരത്തിവെച്ചു. പേപ്പറിൽ നോക്കിയും നോക്കാതെയും സംസാരം തുടങ്ങി. ബൈബിൾ വചനങ്ങൾ വരുമ്പോൾ കടലാസിൽ നോക്കി വായിച്ചു. ക്രിസ്തുവിനെക്കുറിച്ച്, നേരത്തേ എഴുതി വെച്ചത് ഉദ്‌ഘോഷിച്ചു. പ്രസംഗം അൽപം മുന്നോട്ടു നീങ്ങിയപ്പോൾ ഹാളിലെ അസഹ്യമായ ചൂടു കാരണം നേതാവ് വിയർക്കാൻ തുടങ്ങി. ഇതുകണ്ട സംഘാടകരിൽ ഒരാൾ പള്ളിയിൽ നിന്നും ഒരു പെഡസ്റ്റൽ ഫാൻ സംഘടിപ്പിച്ച് പ്രസംഗപീഠത്തിന് അരികെ കൊണ്ടുവന്ന് ഓൺ ചെയ്തു. ശക്തമായ കാറ്റ് വന്നതോടെ പ്രസംഗപീഠത്തിലിരുന്ന ബൈബിൾ കുറിപ്പടികൾ എല്ലാം പറന്നുപോയി. നേതാവ് അന്തംവിട്ടുനിന്നു. എന്തുപറയും ഇനി? ഒടുവിൽ എന്തും വരട്ടെ എന്നു വിചാരിച്ച് ബൈബിളിനെക്കുറിച്ച് കൈയിൽ നിന്ന് കാച്ചി. എട്ടുംപൊട്ടും തിരിയാത്തവന്റെ പൊട്ടത്തരം കേട്ട് വിശ്വാസികളും വൈദികരും ഞെട്ടിത്തരിച്ചു. ഒടുവിൽ സതീശനെ വെട്ടാൻ പോയ ബൈബിൾ പ്രവാചകൻ നാണംകെട്ട് മടങ്ങി....

പ്രമുഖ ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു 'ഞാൻ ഇപ്പോൾ വായിക്കുന്നത് ശ്രീ. വി.ഡി. സതീശൻ എഴുതിയ 'ആദം നീ എവിടെയാകുന്നു' എന്ന പുസ്തകമാണ്...... നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹം ബൈബിൾ വായനയിലൂടെ സ്വായത്തമാക്കിയ യേശുക്രിസ്തുവിന്റെ ദർശനങ്ങൾ, ചിന്തകൾ, ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ ഒക്കെ, തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുന്നു. വീഴാതെ, പിന്തിരിഞ്ഞോടാതെ, ജീവിതത്തിൽ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്ന് അദ്ദേഹം സമ്മതിക്കുന്നു...... സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് കേരളത്തിന്റെ അഭിമാനമായി മാറാൻ കഴിയട്ടേ എന്ന് ഞാൻ ആശംസിക്കുന്നു'

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞