'കോഴിക്കോടിന്റെ കഥ'
വീണ്ടും വായിക്കുമ്പോൾ....
മോഹനൻ കെ
26 May 2026, 5:11 am
കാഫിറുകളുടെ നാടായ കോഴിക്കോട്ടെ കാഫിർ നേതാവ്.....:
'സാമൂതിരി' എന്ന വിളിപ്പേരിനു പിന്നിലെ പൊരുൾ ഇതാണെന്ന് നമ്മിൽ എത്ര പേർക്കറിയാം?
കോഴിക്കോടിന്റെ കഥയിലുടെ നാടിന്റെ പുരാവൃത്തത്തിലേക്ക് നമ്മെ കൂട്ടുകയാണ് എംജിഎസ് നാരായണൻ എന്ന ചരിത്രകാരൻ.
പൊതുവർഷം പന്ത്രണ്ടാം ശതകത്തിൽ ചേര ഭരണം നാടുനീങ്ങുകയും ദേശ പ്രമാണിമാർ അവരുടെ കഴിവു പോലെ ചെറു നാടുകളെ വിഴുങ്ങി വലിയ രാജ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
ഏറനാട്ടിലെ നാടുവാഴികളായിരുന്ന നെടിയിരുപ്പിൽ ഏറാടിമാർ കോഴിക്കോടിന്റെ അധിപരായി.നാടിന്റെ ശിരോലിഖിതം മാറ്റിക്കുറിച്ച സാമൂതിരിമാരായി അവർ നൂറ്റാണ്ടുകൾ വാണു.
അറബികളുടെ ഭാഷയിൽ സാമിരി-കാഫിറുകളുടെ പ്രമാണി-എന്നാണർത്ഥം. അറബികളുടെ ആ വിശേഷണത്തിലാണ് നാളിതുവരെയുള്ള എല്ലാ ചരിത്രവും ജ്ഞാന സമൂഹവും കുരുങ്ങി കിടക്കുന്നത്. സാമൂതിരി!
മക്കത്ത് പോയ ചേരമാൻ പെരുമാൾ വിശ്വസ്തനായ മേനച്ച ഏറാടിക്ക് കടപ്പുറത്ത് വേണ്ടാതെ കിടന്ന ചില ദേശങ്ങളും ഒരു ഉടവാളും പത്തു പൊന്നും സമ്മാനമായി നൽകി.കൂടെ ഒരു ഉപദേശവും :ചത്തും കൊന്നും അടക്കിക്കൊൾക. ഈ ഏറാടിയാണ് കോഴിക്കോടിന്റെ ഭാഗധേയം തിരുത്തി കുറിച്ച മാന വിക്രമൻ. ബുദ്ധിമാനായ ആ സാഹസികൻ കുതിക്കാൻ അറബികളുടെ പിന്തുണയും ആർജ്ജിച്ചു.
കടപ്പുറത്തിനടുത്ത് ആദ്യം ഏറാടി ഒരു ചെറിയ കോട്ട കെട്ടി. അവിടമാണ് കോട്ടപ്പുറം. കോവിലകമുള്ള സ്ഥലം എന്ന നിലയിൽ കോയിൽ-ക്കോട് പിന്നീട് കോഴിക്കോടായി മാറി. വായ് മൊഴി വഴക്കം ഇപ്പോഴും കോയിക്കോടാണ്
കച്ചവടക്കപ്പലുകളുടെ സൗകര്യത്തിനായി കല്ലുകൊണ്ടു പണിത അഴി മുഖമായിരുന്നു കല്ലഴി.അതു പിന്നീട് കല്ലായി എന്നായി. ഏഴു ശതകങ്ങളുടെ പൊലിമയുണ്ട് കല്ലായിക്ക്.
യുദ്ധം,കൈക്കൂലി, ചതി.കോഴിക്കോട് വളർന്നത് ഈ തന്ത്രങ്ങൾ പയറ്റിയാണ്. . തോൽപ്പിക്കാൻ അസാധ്യമായ പോളാതിരിയെ അദ്ദേഹത്തിന്റെ കെട്ടിലമ്മയെയും സേവകരെയും വശത്താക്കി അടിയറവു പറയിപ്പിച്ചു. നൂറ്റാണ്ടു കഴിയുമ്പോൾ കൊയിലാണ്ടി മുതൽ കൊടുങ്ങല്ലൂർ വരെ രാജ്യം വളർന്നു പന്തലിച്ചു.
ഷബന്തർ കോയ എന്നും കോഴിക്കോട് കോയ എന്നും അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നു കപ്പൽ കച്ചവടത്തിന്റെ അധികാരി. കപ്പലടുക്കുമ്പോൾ കോയയും ഒരു ചെട്ടിയും കപ്പലിൽ കയറി കൈവിരലുകൾ കൊണ്ട് കണക്ക് കൂട്ടി വില നിശ്ചയിക്കും.ഇതാണ് പതിവ്.അബാക്കസ് ഉപയോഗിക്കാതെയുള്ള കൃത്യമായ ഈ കണക്കെടുപ്പിനെ പേർഷ്യൻ അംബാസിഡർ അബ്ദുൽ റസാക്ക് അതി ഭയങ്കരമായി പ്രശംസിക്കുന്നുണ്ട്.
കൊല്ലത്തും കൊടുങ്ങല്ലൂരിലും സുറിയാനികളും ജൂതരും മേൽകൈ പുലർത്തിയതിനാൽ അറബികൾ വടക്കോട്ട് നീങ്ങി.
കാപ്പാടങ്ങാടിയിൽ രാത്രി വെട്ടം കണ്ടെങ്കിലും ഗാമ ഇറങ്ങിയത് പന്തലായനി കൊല്ലത്തായിരുന്നു. തെളിവ് ഗാമയുടെ കുറിപ്പുകൾ തന്നെ .ആഘോഷമായി കോഴിക്കോട് ആനയിക്കപ്പെടുകയായിരുന്നു അദ്ദേഹം.
തളി മുതൽ ചാവേറുകളുടെ കളരി ആയിരുന്ന മാനാഞ്ചിറ വരെ കോവിലകമായിരുന്നു..അടുക്കള കുളമായിരുന്നു മുതലക്കളം.
പികെ ബാലകൃഷ്ണനെ കൂടി കേൾക്കാം:ഗൾഫിൽ എണ്ണ കണ്ടെത്തിയതിനു തുല്യമായിരുന്നു മലനാട്ടിലെ കുരുമുളകു കച്ചവടം.ഉന്നത ജാതി സമൂഹങ്ങൾ സമ്പത്തുണ്ടാക്കാൻ അറബികളുടെ മതവും രക്തവും പങ്കു പറ്റി. ഇതര ജാതികളെ നിന്ദയോടെ കാണാനും ലാഭകരമായ സ്വാർത്ഥ സമ്പർക്കം നടത്താനും അറബികൾക്കും കഴിഞ്ഞു.