NewsAd1
നഗ്ന ശരീരങ്ങൾക്കു മേലുള്ള ആണധികാരങ്ങൾ
മോഹന കൃഷ്ണൻ
30 August 2026, 2:18 am
main image of news

നഗ്നവും ദൃഢവുമായ ആ ഉടലിനു ചുറ്റും, അതിനു തുണിയുടിപ്പിക്കാൻ തുനിയാതെ പ്ലായിനിക്കാരും പൊലിസുകാരും നിന്നു. ഒരുപാടു നേരം അങ്ങനെ നിന്ന് അവർ കല്യാണിയച്ചിയെ കാമിച്ചു. ശിഷ്ട ജീവിതമത്രയും അവർ ആ നഗ്നത ഓർമിച്ചു. മറ്റൊരു പെണ്ണിലും കാണാൻ കഴിയാത്ത കറുത്ത തടങ്ങൾ, രുദ്രാക്ഷങ്ങളുള്ള വലിയ മുലകൾ, സൂര്യോദയത്തെ പോലെ രോമങ്ങൾ പൊട്ടി വിടർന്ന താഴ് വര.കൈയ്യിലൊതുങ്ങാത്ത അരക്കെട്ട്. ചന്ദനത്തിന്റെ തുടകൾ...

ചവിട്ടുവണ്ടി എന്ന ചെറുകഥയിൽ കല്യാണിയച്ചിയിൽ ശവരതി നടത്തുന്ന നാട്ടുകാരുടെ കാഴ്ചകളും രൂപകങ്ങളും വർണിക്കുകയാണ് ഒ.വി വിജയൻ.
മരിച്ച പെണ്ണുടലുകളെ കാമിക്കുന്ന ശവരതി അഥവ നെക്രോ ഫീലിയ(Necro phillia) മനസിന്റ കുറ്റമാണ്. ശവശരീരവുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ അതു ബീഭൽസ രൂപം കൈവരിക്കുന്നു.
നഗ്നമായ പെണ്ണുടലുകളെ ഭോഗിക്കുന്നതും അതു നിത്യദാന കർമമാക്കുന്നതും ഉദ്ധാരണ ക്കുറവിന്റെ ഉത്കണ്ഠകളും കണവനെ സാക്ഷിയാക്കിയുള്ള അരാജക ലൈംഗികതയും ധർമപുരാണത്തിൽ നിറഞ്ഞു നിൽക്കുന്നതു കാണാം. അധികാരം ധർമപുരിയിലെ സദാചാരത്തെയും അന്തസ്സിനെയും എങ്ങനെ മാനവിക വിരുദ്ധമാക്കി മാറ്റുന്നു എന്നു ഈ നോവൽ നമുക്ക് കാണിച്ചു തരുന്നു.

 image 2 of news

ധർമ്മ പുരാണം നോവലിൽ ഈ ശവരതി ഭരണകൂട ഭീകരതയുടെ കരാളരൂപം ആർജ്ജിക്കുന്നുണ്ട്. . തരുണരെ വധിച്ച് ശവശരീരങ്ങളെ വിദേശങ്ങളിൽ കയറ്റി വിടുന്ന ബഹുനില ഫാക്ടറിയിൽ ഒരു ചേതനയറ്റ പെണ്ണുടലിൽ രതി നടത്തുന്ന വണ്ടിക്കാരനെ നമുക്കു വായിക്കാം.

ചാവിനു സമ്മതം മൂളുന്നതും വെപ്പാട്ടിയാകുന്നതും ദേശാഭിമാനവും എതിർക്കുന്നത് ദേശദ്രോഹവുമാകുന്ന ഭൂമികയാണ് ഈ പുരാണം.
ശവശരീര കയറ്റുമതി രാജ്യത്തു വിദേശനാണ്യം കുന്നുകൂട്ടും. രാജ്യം വികസനത്തിൽ കുതിക്കും. അതാണ് തിരുവചനം. അപ്പോൾ
മരിച്ചു കൊടുക്കുക എന്നത് പൗരധർമവും..
HomeAd1
 image 3 of news

ഇസങ്ങളുടെ പേരിൽ പോരടിച്ച സോവിയറ്റും ഐക്യനാടനും ഈ കൂട്ടിക്കൊടുപ്പു ഭരണകൂടങ്ങളെ കൈയ്യടിച്ച് സ്വന്തം താല്പര്യങ്ങൾ നേടി. മൂന്നാം ലോകത്തെ സാദാ മനുഷ്യരുടെ ചോരയും നീരും വിയർപ്പും കൊണ്ടായിരുന്നു അവർ തങ്ങളുടെ സുഖവാസനകളെ നിവർത്തിച്ചത്. ചരിത്രം തിരുത്താനും ഓർമകളെ നിശേഷം മായ്ച്ചുകളയാനും സോവിയറ്റു യൂണിയൻ സ്വീകരിച്ച നീച പദ്ധതികളും ഇവിടെ തുറന്നു കാട്ടപ്പെടുന്നു. സാമ്രാജ്യത്വ അധിനിവേശം എന്നു കൂകി ജനത്തെ പ്രജാപതിമാർ തളച്ചു.

മാർക്കേസ് ഏകാധിപതികളെ മലീമസമായ പ്രഭാവം(shitty grandour) എന്നു വിളിച്ചു. വിജയന് അത് തീട്ടത്തിന്റെ അരചനായി.
തീട്ടം എന്ന അറപ്പും വെറുപ്പും ഉളവാക്കുന്ന വാക്ക് ശുദ്ധവും സരളവും അബോധപൂർവ്വം ശിശുക്കൾ നടത്തുന്ന പ്രതിഷേധവുമാണ്.
പുരോഗമനം ആവി പറത്തിയ നാളുകളിൽ അഭിജാത സമൂഹത്തിനു നേരെ മലം വാരി വാരി എറിഞ്ഞത് തകഴിയാണ്. അസമത്വവും ചൂഷണവും നിറഞ്ഞ കഥ പറഞ്ഞത് തോട്ടിയുടെ മകനിലുടെ. വലിയവന്റെ തീട്ടം തിന്നു ജീവിക്കരുതെന്ന സാധാരണക്കാരുടെ വായ്മൊഴി വഴക്കവും ഒവി വിജയന്റെ തീട്ട വിചാരണയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.

 image 4 of news

ഈച്ചകളെ കൊന്ന് തീൻ മേശയിൽ നിരത്തി ആനന്ദിച്ച ചർച്ചിൽ യുദ്ധവും ശവരതിയുമാണ് പ്രകടമാക്കുന്നതതെന്നും പേടിത്തൂറികളായിരുന്ന ഹിറ്റ്ലറും മുസോളിനിയും നടത്തിയ കൂട്ടക്കൊലകളും ശവരതിയുടേതെന്നും വിശ്രുത മന:ശാസ്ത്രജ്ഞൻ എറിക് ഫ്രോം പറയുന്നു. ധർമപുരിയിലെ തീട്ട പ്രതീകവും അതു തന്നെയാണ്.റനിമുള്ളർ എന്ന നടിയെ വിവസ്ത്രയാക്കി അവരുടെ മുമ്പിൽ മുട്ടുകുത്തി, തന്നെ ചവിട്ടി കൂട്ടാൻ പറഞ്ഞ ഹിറ്റ്ലർ താഡന ശേഷമാണ് തരളിതനായത്. സുരക്ഷിതനെന്ന് ഉറപ്പു കൊടുത്തും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷവുമാണ് സ്റ്റാലിൻ എതിരാളികളെ കൊന്നു തള്ളിയത്. ഇതാണ് പരപീഢന ആനന്ദം(Non sexual sadism)

അസംബന്ധങ്ങളായ ഭരണകൂടങ്ങളും ചരിത്രത്തിന്റെ പാപങ്ങളും മനുഷ്യാവസ്ഥയുടെ നിസഹായതകളും നിറഞ്ഞതാണ് ആധുനിക രാഷ്ട്രതന്ത്രം എന്നു ധർമപുരാണം അടിവരയിടുന്നു.കൊടിയും പ്രത്യയ ശാസ്ത്രവും തൊലിപ്പുറത്തു മാത്രമാക്കുന്ന ഭരണകൂടങ്ങൾ ക്രൗര്യത്തിന്റെയും സ്നേഹശൂന്യതയുടെയും ഇടമായി മാറുന്നു
അഴുക്കിൽ ചാലിച്ച ഗീതാദു:ഖമായാണ് ധർമപുരാണത്തെ ഡോ.വി.രാജാ കൃഷ്ണൻ അടയാളപ്പെടുത്തുന്നത്.കെപി അപ്പന് ഇത് ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപമാകുന്നു. ഈ പുരാണം ഒരു വെളിപാടും എവിടെയും വഞ്ചിക്കപ്പടുന്ന വിപ്ലവങ്ങളുടെ ബാക്കിപത്രവുമായും ചുരുങ്ങുന്നു

നോവലിലെ സിദ്ധാർത്ഥനിലൂടെ ഒരു രാഷ്ട്രീയ പുനരുത്ഥാനം മനസിൽ കാണുന്ന വിജയൻ സോഷ്യലിസം മതാത്മകമാണെന്ന പറഞ്ഞ ദസ്തയേവ്സ്കിയോട് സാമ്യപ്പെടുന്നുണ്ട്. കാഫ്കയുടെ ഭരണകൂട വിശകലനവും വിജയൻ പിൻപറ്റുന്നുണ്ട്. നമുക്ക് ഒരു ശത്രു വേണം. സഹകരിക്കുന്ന ഒരു ശത്രു. സൗഹാർദ്ദ യുദ്ധങ്ങളും വേണം.. ഇതു പ്രജാപതിയുടെ ഇംഗിതം. ലോകത്തെ ഏതു ഭരണാധിപന്റെയും അത്യാഗ്രഹമാണത്.

പടനായകാ, ജനങ്ങൾ യുദ്ധം ആവശ്യപ്പെടുന്നു. സ്ത്രീകൾ വൈധവ്യം ആവശ്യപ്പെടുന്നു. കുഞ്ഞുങ്ങൾ അനാഥത്വവും. പടനായക, ഞങ്ങൾ എന്തു ചെയ്യണമെന്നു അരുളിയാലും.
ശവങ്ങളെയും വിധവകളെയും അനാഥ ശിശുക്കളെയും കാട്ടി ഭരണകൂടം ജനങ്ങളെ ദേശാഭിമാനം പഠിപ്പിച്ചു.പട്ടാളക്കാരുടെ ജഡങ്ങളെ നോക്കി ആളുകൾ മുദ്രാവാക്യം മുഴക്കി.
ധർമ്മ പുരാണം കുറിച്ച വ്യാസൻ ഇന്നില്ല. ബുദ്ധിപരമായി ഒരു ജനായത്ത വാദിയും വൈകാരികമായി ഒരു അരാജകവാദിയുമായ വിജയന്റെ ഉൾക്കാഴ്ചകളും പ്രവചനങ്ങളും ഞെട്ടിക്കുന്ന വെളിപാടുകളും പങ്കിടുന്ന ഈ പുരാണം പലവുരു വായിക്കപ്പെട്ടു. ആണ്ടുകളായി. പലരും സെലക്ടിവായി അവശ്യം വേണ്ടതു മാത്രം ഉദ്ധരിച്ച് മിടുക്കരായി. എല്ലാറ്റിനെയും അതിലംഘിക്കുന്ന നോവലിലെ സനാതന വിവക്ഷകളും മാനവ സമൂഹത്തിനു മേലുള്ള ധ്വംസനങ്ങളും ഒരു ഒഴിയാബാധപോലെ എന്നും മാനവികതയെ വേട്ടയാടുമെന്നതിൽ സംശയമില്ല.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞