ചില പുസ്തകങ്ങൾ പുറത്തിറങ്ങുന്നത് ഒരു സാധാരണ പ്രസിദ്ധീകരണച്ചടങ്ങായല്ല. കാലം മറവിയിലേക്ക് തള്ളിക്കളഞ്ഞ ചില മുഖങ്ങളെയും ഓർമ്മകളെയും വീണ്ടും നമ്മിലേക്ക് കൊണ്ടുവരുന്ന ചരിത്രനിമിഷങ്ങളായാണ്. അത്തരമൊരു പുസ്തകമാണ് സ്പോട്ട് സുരേഷ് എന്ന ഡി. സുരേഷ്‌കുമാർ എഴുതിയ ‘നാദം ഇന്ദ്രജാലം’.
അന്നത്തെ പരസ്യങ്ങളിലെ വാചകങ്ങൾ അതേ നാദപൂർണ്ണതയിൽ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നവരുണ്ട്. പക്ഷേ അവയ്ക്ക് ശബ്ദം നൽകിയവർ ആരായിരുന്നു? ആ ശബ്ദങ്ങൾക്കു പിന്നിലെ സർഗാത്മകത എന്തായിരുന്നു? മലയാള റേഡിയോ പരസ്യങ്ങളുടെ വളർച്ചയ്ക്കൊപ്പം നടന്ന ആ മനുഷ്യരുടെ യാത്ര എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്? അവിടെയാണ് ‘നാദം ഇന്ദ്രജാലം’ ഒരു പുസ്തകത്തിനപ്പുറം ഒരു ചരിത്രരേഖയായി മാറുന്നത്.
പ്രക്ഷേപണരംഗത്തിന്റെ പഴയ ചരിത്രത്തിന് വേണ്ടത്ര രേഖകൾ അവശേഷിച്ചിട്ടില്ല; പ്രത്യേകിച്ച് റേഡിയോ പരസ്യങ്ങളുടെ കാര്യത്തിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണം. ഒരു കാലത്ത് ലക്ഷക്കണക്കിന് ആളുകൾ കേട്ട പരസ്യങ്ങൾ ഇന്ന് പലപ്പോഴും ഓർമ്മകളിൽ മാത്രമാണ് ജീവിക്കുന്നത്. ഓർമ്മകളുടെ അത്തരം ഇരുണ്ട ഇടനാഴികളിലൂടെയായിരുന്നു സുരേഷിന്റെ അന്വേഷണം. തൊഴിലിന്റെ ഭാഗമായി പരസ്യങ്ങൾക്ക് ശബ്ദം നൽകിയ പഴയ തലമുറയിലെ പലരും തങ്ങളുടെ സംഭാവനകൾ രേഖപ്പെടുത്തുകയോ ശേഖരിച്ചു വയ്ക്കുകയോ ചെയ്തിരുന്നില്ല. ഒപ്പമുണ്ടായിരുന്നവരും അതിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞിരുന്നില്ലെന്ന് കരുതണം. അതുകൊണ്ടുതന്നെ ഓരോ ശബ്ദത്തിന്റെയും പിന്നിലെ വ്യക്തിയെ കണ്ടെത്തുക പലപ്പോഴും വലിയ അന്വേഷണമായി മാറി.
27 ശീർഷകങ്ങളിലായി 28 പ്രതിഭകളെ വായനക്കാരുടെ മുന്നിലെത്തിക്കുന്ന പുസ്തകം, മലയാള റേഡിയോ പരസ്യരംഗത്തെ ഒരു തലമുറയുടെ സ്മൃതിചിത്രം കൂടിയാണ്. ഒരിക്കൽ കേട്ടാൽ മറക്കാനാകാത്ത പരസ്യവാചകങ്ങൾക്ക് ശബ്ദവും ജീവനും നൽകിയവർ. അവരുടെ ശബ്ദാനുഭവങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ ജീവിതവും സംസ്കാരവും ഉപഭോക്തൃലോകവും മലയാളിയുടെ ദൈനംദിന ശ്രവണാനുഭവവും പുനർജനിക്കുന്നു. ‘ശബ്ദത്തിലെ ചരിത്രരേഖകൾ’ എന്ന വിഭാഗത്തിൽ പത്തോളം ലേഖനങ്ങളുമുണ്ട്. അനുഭവങ്ങൾ, കേട്ടറിവുകൾ, ലഭ്യമായ ആധികാരിക വിവരങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് റേഡിയോ പരസ്യലോകത്തിന്റെ മറ്റൊരു വാതിൽ കൂടി ഈ പുസ്തകം തുറക്കുന്നു
സെപ്റ്റംബർ 9-ന് വൈകുന്നേരം 5 45 ന് ബ്രിട്ടീഷ് കൗൺസിൽ ഹാളിൽ പുസ്തകം പ്രകാശനം ചെയ്യപ്പെടുമ്പോൾ, ആലേഖനം ചെയ്യപ്പെടാതെ പോയ ഒരു അധ്യായം കൂടി ചരിത്രത്തിന്റെ മൈക്രോ ഫോണിനു മുന്നിലേക്ക് വന്ന് ശിരസ്സുയർത്തി സംസാരിച്ചു തുടങ്ങും സ്പോട്ട് സുരേഷിന്റെ ഖനഗംഭീരമായ ശബ്ദത്തിൽ... ഹലോ.... മൈക്ക് ടെസ്റ്റിംഗ്....
Keywords:
Recent in Culture
Must Read
Latest News
In News for a while now..



