NewsAd1
പട്ടിയുണ്ട്.. സൂക്ഷിക്കുക.
ജോബി എ.എസ്.
20 September 2026, 3:53 am
main image of news

കന്നിമാസം വന്നോ എന്നറിയാൻ പട്ടികൾക്ക് കലണ്ടർ നോക്കേണ്ടതില്ല. പട്ടികളും ഞാനും മൂന്നാം നാൾ ആണോ എന്നറിയാൻ ഒരു ജോത്സ്യനെയും കാണേണ്ടതുമില്ല. എന്റെ തലവട്ടം കണ്ടാൽ മതി പട്ടികൾ പലദിക്കിൽ നിന്നും സട കുടഞ്ഞെഴുന്നേറ്റ് ഓടി വരും.പിന്നെ കുരയോട് കുരയാണ്..

എന്തിനാണ് ശുനകൻമാർക്ക് എന്നോട് ഇത്ര ചതുർത്ഥിയെന്ന് ഞാൻ തലപുകഞ്ഞ് ആലോചിക്കാറുണ്ട്. അവരുടെ കാഴ്ചയിൽ എനിക്ക് അവരുടെയത്ര പൊക്കമേയുള്ളൂ.അതിനാൽ ഞാനൊരു കുട്ടിയാണെന്നു കരുതുന്നതുകൊണ്ടാവുമോ? സാധ്യതയില്ല.കുട്ടികളോട് നായകൾക്ക് വലിയ ഇഷ്ടമാണെന്നാണ് കേൾവി.

 image 2 of news
ജോബി എ എസ്

കുട്ടിക്കാലത്ത് ഒരു രാത്രിയിൽ അടുത്തവീട്ടിൽ ശബരിമലക്കഞ്ഞി കുടിക്കാൻ പോകുകയായിരുന്നു ഞാൻ. നോക്കുമ്പോൾ വഴിയിലൊരു പട്ടി കിടക്കുന്നു. അതിനെ ഓടിക്കാൻ വേണ്ടി അടുത്ത കണ്ട മെറ്റൽ കൂനയിൽ നിന്ന് കല്ലൊരെണ്ണമെടുത്ത് ഒരേറ്. എനിക്ക് സന്തോഷമായി. കല്ല് അതിൻ്റെ പള്ളയിൽ തന്നെ കൊണ്ടു. "ഏതു പട്ടിറാസ്കലാടാ അത്...." പെട്ടെന്ന് കലിപ്പുരീതിയിൽ ഒരു കുഴഞ്ഞ ശബ്ദം.വർത്തമാനം പറയുന്ന പട്ടിയോ! ഞാൻ അതിശയിച്ചു.പിന്നെ കേട്ടത് പൂരത്തെറിയായിരുന്നു .ഞാൻ ഞെട്ടി തിരിഞ്ഞോടി. ഉന്നം തെറ്റി കല്ലുകൊണ്ടത് ഒരു കള്ളുകുടിയന്റെ ദേഹത്തായിരുന്നു. ഏറു കൊള്ളാത്തതിന് പട്ടിക്ക് വാസ്തവത്തിൽ എന്നോട് നന്ദി തോന്നേണ്ടതല്ലേ... എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഞാൻ നോക്കുമ്പോൾ കുരച്ചു കൊണ്ട് ഉഗ്രഭാവത്തിൽ അവൻ എന്റെ പിന്നാലെ വരുന്നു...

എന്റെ വീട്ടിലുമുണ്ടായിരുന്നു ഒരു നായ് ജന്മം. ലോകത്തുള്ള ആരെ കണ്ടാലും അവന് കരുണ നിറഞ്ഞ ഭാവം. എന്നാൽ എൻ്റെ നിഴൽ കണ്ടാൽ മതി ,അവന്റെ ഭാവം രൗദ്രത്തിലേക്ക് മാറി കുരയായ് പ്രവഹിക്കാൻ .
രാത്രി മാത്രമാണ് ഈ കശ്മലനെ തുറന്നു വിടുന്നത്. സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് രാത്രിയുടെ അന്ത്യയാമത്തിലാണ് പലപ്പോഴും എന്റെ വരവ്. എന്നെ കണ്ടാലുടൻ തുടങ്ങുന്ന ഇവൻ്റെ അസഹനീയമായ കുരയാണ് വീട്ടുകാരെ വിളിച്ചുണർത്തുന്ന കോളിംഗ് ബെൽ . ചിലപ്പോൾ ഇവൻ കാണാതെ പതുക്കെ ഞാൻ ഇരുട്ടിൽ നിന്നുകൊണ്ട് വീടിന്റെ മറുവശത്തേക്ക് ഒരു കല്ലോ കമ്പോ എറിയും . ശബ്ദം കേട്ട് അവൻ അങ്ങോട്ടേക്ക് ഓടുമ്പോൾ ഞാൻ മതിൽ ചാടി ഓടി അകത്തു കയറും. നമ്മളോടാ അവന്റെ കളി!
HomeAd1
 image 3 of news

ഒരു രാത്രി ഒരു പരിപാടി കഴിഞ്ഞ് മനോനിലയ്ക്ക്ക്ക് അല്പം ചൂടും പിടിപ്പിച്ചിട്ട് വരുന്ന സമയം. വീട്ടിൽ ആരെയും കാണാനില്ല. വീടും പൂട്ടി അവരെങ്ങോട്ടോ പോയിരിക്കുകയാണ്. നമ്മുടെ 'നായ'കൻ ഹൗസ് ഓണറുടെ അധികാരത്തോടെ ഉമ്മറത്ത് ചുരുണ്ടുകൂടി ഗാഢനിദ്രയിലാണ്. വീട്ടിൽ ആളില്ലാത്തപ്പോൾ വേണമല്ലോ സുരക്ഷാ ഉദ്യോഗസ്ഥൻ ഉറങ്ങാൻ !എത്രയോ കാലമായി കാത്തുവച്ച എന്നിലെ പക പതിയെ തല പൊക്കി. ഇങ്ങനെയൊരു സുവർണ്ണാവസരം ഇനിയുണ്ടാവില്ല. ഇന്ന് ഇവനെ ശരിയാക്കിയിട്ടു തന്നെ കാര്യം. 'ഫയർ......' തലച്ചോറും,പള്ളയിൽ കിടന്നു നുരഞ്ഞ ചങ്ങാതിയും എന്നെ എരി കേറ്റി. "എടാ നായിൻ്റെ മോനേ , നിനക്ക് എന്നെ കാണുമ്പോൾ മാത്രം എന്തടാ ഒരു ചൊറിച്ചില് ? " അവൻ്റെ ചെവിക്കല്ലു നോക്കി ഞാനൊരു കുത്തുകൊടുത്തു. ഞെട്ടി ഉണർന്ന അവൻ അപ്രതീക്ഷിതമായ ഈ സംഭവം എന്തെന്ന് മനസ്സിലാവാതെ മന്ദിച്ച് അല്പസമയം നിന്നു. ഉള്ളിൽ കിടന്നത് കടുത്ത ഐറ്റമായതിനാൽ എന്റെ കലിപ്പ് കൂടി.രൗദ്രം പെരുവിരൽ മുതൽ ഉച്ചം തല മുതലുള്ള ഇത്തിരി ദൂരം അത്യാവേശത്തോടെ തിളച്ച് പൊന്തി. 'പട്ടികളിൽ പട്ടിയായ പട്ടീ....'ഇത്രയും കാലം നീയെന്ന കൊരച്ചു വിറപ്പിച്ചു .. പക്ഷേ...ഏത് പട്ടിക്കും ഒരു സമയം വരുമെന്ന് നീ മറന്നു... ഇന്ന് എൻ്റെ സമയമാണെടാ... എന്റെ കൈകളുടെ രുചി നീ അറിയാനിരിക്കുന്നതേയുള്ളൂ" അലറിക്കൊണ്ട് ഞാൻ അവൻ്റെ നേർക്ക് ചാടി.(ഇത്രയും വൃത്തികെട്ട ഒരു അലർച്ച അവൻ മുൻപ് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ആവോ) അവന്റെ ഇരു ചെകിട്ടിലും മാറി മാറി അടിച്ചു. ഹല്ല പിന്നെ ! സഹിക്കുന്നതിനും ഒരു പരിധിയുണ്ട്...

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.അവൻ മുന്നും പിന്നും നോക്കിയില്ല. എന്റെ നേർക്ക് ചാടി വീണ അവൻ തടയാനുയർത്തിയ എന്റെ രണ്ടു കൈകളും ചന്നം പിന്നം കടിച്ചു കീറി.എന്റെ കൈകളുടെ രുചി അവൻ ആസ്വദിച്ചു. പച്ച മാംസം കടിച്ചു പറിക്കുന്നതു സംബന്ധിച്ച് ഈയിടെ ആരോ ആലങ്കരികമായി പറയുന്നത് കേട്ടു. പക്ഷേ അന്ന് ഞാനത് നേരിട്ട് അനുഭവിച്ചു. രക്തം വാർന്നൊഴുകി. വേദന കൊണ്ട് ഞാൻ പുളഞ്ഞു. കെട്ട് വിട്ട് സ്വബോധത്തിലേക്ക് വന്ന ഞാൻ ഓടി ഒരു മൂലയിലേക്ക് മാറി ഒറ്റയ്ക്കിരുന്ന് മോങ്ങി. അവൻ എന്നെ തിന്നു തീർക്കാത്തത് ഭാഗ്യം എന്നു മാത്രമേ ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് തോന്നുന്നുള്ളൂ.
കൈയ്യിലെ വേദന കുത്തിവയ്പായ് പള്ളയിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നു. ഒന്നരമാസം ഞാൻ ഇതും കൊണ്ട് കിടന്നു. പക്ഷേ ആ സംഭവത്തോടെ അവനിൽ കാര്യമായ മാറ്റം വന്നു. പിന്നെ മരിക്കും വരെ അവൻ എന്നെ നോക്കി കുരച്ചിട്ടില്ല. (എന്നെ കണ്ടാലല്ലേ കുരയ്ക്കേണ്ടതുള്ളൂ.ഞാനവന്റെ ഏഴയലത്ത് പോയിട്ടു വേണ്ടേ !)

 image 4 of news
സതീഷ് പൊതുവാൾ

ഒരിക്കൽ നടൻ അലൻസിയറിന് എപ്പോഴത്തെയും പോലെ ഒരു പൂതി. പുതിയൊരു നാടകം കളിക്കണം.(അന്ന് അവൻ സിനിമയിലെത്തിയില്ല) എഴുത്തുകാരനും സിനിമാ സംവിധായകനുമായ സതീഷ് പൊതുവാൾ ( ചലച്ചിത്രമേഖലയിലെ പുതിയ കാല പ്രതിഭകളായ ചിദംബരത്തിന്റെയും ഗണപതിയുടെയും അച്ഛൻ) നായ്ജന്മം എന്നൊരു നാടകമെഴുതി.God Recruitment &Training centre എന്ന ഒരു തൊഴിൽ പരിശീലന കേന്ദ്രവും അവിടെയെത്തുന്ന ട്രെയിനികളുമാണ് നാടകത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. പരിശീലന കേന്ദ്രത്തിലെ God എന്ന വാക്ക് ക്രമേണ മാറ്റി Dog എന്നാക്കുന്നു . പട്ടികൾക്ക് ചങ്ങലയെന്നോണം ട്രെയിനികളുടെ കഴുത്തിൽ ടാഗുകൾ അണിയിച്ച് അവരെ വിദഗ്ദ്ധമായി കുരയ്ക്കാൻ പഠിപ്പിക്കുന്നു. ഒരു ഡോബർമാന് ഒരു ദിവസം ആഹാരത്തിന് ചെലവാക്കുന്ന തുകയേക്കാൾ എത്രയോ തുച്ഛമാണ് ഒരു തൊഴിലാളിക്ക് കിട്ടുന്ന വരുമാനം.പട്ടിയാകുന്നതാണ് എന്തുകൊണ്ടും മെച്ചമെന്ന ചിന്തയാൽ പട്ടിയാകാൻ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ. 30 വർഷത്തിനു ശേഷവും പ്രസക്തമാവുന്ന ഇതിവൃത്തം.

സംവിധായകനായ അലൻസിയർ തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ പുത്തൻ തോപ്പിൽ നിന്ന് പുലർച്ചെ നാലുമണിക്ക് കടലിനോട് മല്ലടിച്ച് ജീവിക്കുകയും നാടകത്തെ
ജീവനുതുല്യം സ്നേഹിക്കുകയും ചെയ്യുന്ന കുറെ ചങ്ങാതിമാരെ ഒരു കാറിൽ കുത്തിനിറച്ച് അമ്പലമുക്കിലുള്ള എന്റെ വീട്ടിൽ വരും. അവിടെ നിന്ന് എന്നെ ഉണർ ത്തിയെടുത്ത് അടുത്തുള്ള സ്കൂൾ ഗ്രൗണ്ടിലത്തി റിഹേഴ്സൽ തുടങ്ങും. ഞാനാണ് പരിശീലന കേന്ദ്രത്തിലെ ട്രയിനർ. കഥാപാത്രമായി മാറുന്ന ഞാൻ കുരയ്ക്കാനും ഓലിയിടാനും പഠിപ്പിക്കുന്നു, മറ്റുള്ളവർ കോറസ്സായി ഉറക്കെ കുരയ്ക്കുകയും ഓലിയിടുകയും ചെയ്യുന്നു...നേരം പരപരാ വെളുക്കുന്നതിനുമുമ്പാണ് ഈ പ്രഹസനം എന്നോർക്കുക. കുറെയേറെ തെരുവ് നായ്ക്കൾ സ്വസ്ഥമായി ഉറങ്ങിയിരുന്നത് ഈ ഗ്രൗണ്ടിലാണ്. ഞങ്ങളുടെ കുര കേൾക്കുമ്പോൾ തന്നെ ഇവറ്റകൾ ഉറക്കം പോയി ചാടിയെഴുന്നേല്ക്കും. പിന്നെ നിസ്സഹായരായി ഒരു നിൽപ്പാണ്.
ശല്യം!ഇവനൊക്കെ വേറേ ഒരു പണിയുമില്ലേ.... നാടകമാണു പോലും നാടകം ! നമ്മുടെ ഉറക്കം കളയാനായിട്ട്....

ഞങ്ങളാണെങ്കിൽ തകർത്ത അഭിനയമാണ്. അഭിനയമെന്നാൽ, ഞാൻ കുരയ്ക്കുന്നു. മറ്റുള്ളവർ ഏറ്റു കുരയ്ക്കുന്നു. അലൻസിയർ എന്റെ കരയുടെ ശ്രുതിയും താളവും തിരുത്തുന്നു. ഗ്രൗണ്ട് മുഴുവൻ കുരയും ഓലിയും പ്രതിധ്വനിക്കുന്നു. പട്ടികൾക്കെല്ലാം ദേഷ്യം എന്നോടാണ്. 'ലവൻ....ആ നിക്കണില്ലേ..ആ കൊച്ചുണ്ടാപ്രിയാണ്, നമ്മളെ കളിയാക്കി മിമിക്രി ചെയ്യുന്നത്. റാസ്ക്കൽ..അവനെ എവിടെ കണ്ടാലും വിടരുത് , വിരട്ടി ഓടിച്ചോണം......യഥാർത്ഥ കുരയെന്തെന്ന് അവനറിയണം.....' സംഘത്തലവൻ മൗനമായി മറ്റുള്ളവർക്ക് അന്ന് ഇങ്ങിനെയൊരു നിർദേശം നൽകിയിരിക്കുമെന്ന് എനിക്കുറപ്പാണ്.

അതെ അതു തന്നെയാണ് കാരണം.എന്നെക്കൊണ്ട് ഇത് ചെയ്യിച്ച അലൻസിയർ ഉൾപ്പെടെയുള്ളവർ സ്കൂട്ടായി മാന്യൻമാരായി നിർഭയം നടക്കുന്നു.
നായ്ക്കൾ അന്നുമുതൽ ഇന്നോളം പ്രതികാര ചിന്തയുമായി എന്റെ പിന്നാലെ വരുന്നു.. ഞാൻ ഓടിത്തള്ളിക്കൊണ്ടേയിരിക്കുന്നു.
"ബൗ...ഭൗ..."
ഓടിക്കോ.... പിന്നാലെ പട്ടിയുണ്ടേ.....

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞