NewsAd1
എ ഐ
രാജേഷ് സി.ബോസ്
21 September 2026, 4:35 am
main image of news

“ആക്രി കൊടുക്കാനുണ്ടോ... ആക്രി...” ഉച്ചത്തിലുള്ള ആ വിളി കേട്ടാണ് ഞാൻ ജനാലയിലൂടെ പുറത്തേക്ക് പാളിനോക്കിയത്. ഗേറ്റിൽ തട്ടി ശബ്ദമുണ്ടാക്കുകയായിരുന്നു അയാൾ. ഏതോ ഒരു തമിഴൻ. തോളിൽ ഒരു ചാക്ക്. കൈയിൽ ത്രാസ്.

“ഇവിടെ ഒന്നുമില്ല...”
ശല്യം ഒഴിവാക്കാനായി ഞാൻ വിളിച്ചുപറഞ്ഞു.
അയാൾ ഒരു നിമിഷം എന്നെ നോക്കിനിന്നു. പിന്നെ തിരിഞ്ഞുനടന്നു. ചുണ്ടോരത്ത് ഒരു പരിഹാസച്ചിരി തെളിഞ്ഞോ എന്ന് എനിക്ക് സംശയമായി.

ഞാൻ വീണ്ടും ഫോണിലേക്കു നോക്കി. ബാലന്റെ അമ്മ മരിച്ച വിവരം രാവിലെ അറിഞ്ഞതാണ്. സാധാരണ മരണങ്ങൾക്ക് നിർവികാരമായി അയക്കാറുള്ള കൂപ്പുകൈക്കൊപ്പമുള്ള"പ്രണാമം" ബാലന് അയക്കാൻ മടി തോന്നി. എപ്പോൾ വേണമെങ്കിലും ആവശ്യം വരാം എന്നതിനാൽ"പ്രണാമം" ടൈപ്പ് ചെയ്ത് സേവ് ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ നിൽക്കുന്നതല്ല ബാലനും താനും തമ്മിലുള്ള ബന്ധം.

പ്രോംപ്റ്റ് കൊടുത്തു.
സന്ദേശം ഫോണിൽ തയ്യാറായിക്കിടക്കുന്നുണ്ടായിരുന്നു.
“അമ്മയുടെ വേർപാട് നിന്റെ ജീവിതത്തിൽ സൃഷ്ടിച്ച ശൂന്യത...”
ഞാൻ ബാക്കി വായിച്ചില്ല.
“കുറച്ചുകൂടി ഹൃദയസ്പർശിയാക്കൂ.”
എഴുതിക്കൊടുത്തിട്ട് കാത്തിരുന്നു.
ബാലന്റെ വീടാണ് ഓർമ വന്നത്. സ്കൂൾ വിട്ട് ഞാൻ അവിടെ ചെന്നിരിക്കും. ചായയും പലഹാരങ്ങളും വിളമ്പുപ്പോൾ എന്റെ പ്ളേറ്റിൽ ഒന്നു കൂടി വച്ചുതരും. ഞാൻ അത് രണ്ടായി പൊട്ടിച്ച് പകുതി അവന് കൊടുക്കും.
ആ കാര്യം എഴുതിയാലോ എന്നു തോന്നി.
അപ്പോഴേക്കും പുതിയ സന്ദേശം വന്നു. നല്ല ഭാഷ. ഒന്നും തിരുത്താനുണ്ടായിരുന്നില്ല.
ഞാൻ അത് ബാലന് അയച്ചു
HomeAd1
 image 3 of news

“ആക്രിക്കാരൻ പോയോ?” ഭാര്യ വാതിൽക്കൽ വന്നു നിന്നു. “പോയി.” “അപ്പുറത്തെ മുറിയിലെ പെട്ടി ഒന്നു നോക്കൂ. എത്ര കാലമായി അവിടെ കിടക്കുന്നു.” “അതിൽ കൊടുക്കാനൊന്നുമില്ല.” “നോക്കിയിട്ടു പറയൂ.” ഞാൻ എഴുന്നേറ്റു.

പെട്ടിയുടെ മുകളിൽ പഴയൊരു തലയണയുണ്ടായിരുന്നു. അതു മാറ്റിയപ്പോൾ പൊടി പറന്നു. മൂടി തുറക്കാൻ അല്പം ബലം പിടിക്കേണ്ടിവന്നു.
കുറേ കടലാസുകൾ. രണ്ടു പഴയ ഡയറി. മടക്കിവച്ച ഏതാനും കത്തുകൾ.
മുകളിലിരുന്ന കടലാസ് ഞാൻ എടുത്തു. പണ്ടെഴുതിയ ഒരു കഥയുടെ തുടക്കമായിരുന്നു അത്. നീലമഷിയിലുള്ള വരികൾക്കിടയിൽ കറുത്ത മഷിയിൽ തിരുത്തലുകൾ. ചില വാക്കുകൾ വെട്ടി മുകളിൽ മറ്റൊന്ന് എഴുതിയിരിക്കുന്നു. ഒരിടത്ത് അതും വെട്ടി പഴയ വാക്കുതന്നെ തിരികെ കൊണ്ടുവന്നിരുന്നു.
അറിയാതെ എനിക്കു ചിരിവന്നു.

ആ കഥ എഴുതിയിരുന്ന ദിവസങ്ങളിൽ രാത്രിക്ക് നീളം കുറവായിരുന്നു. ഉറങ്ങാൻ കിടന്നാലും ഏതെങ്കിലും വാക്ക് സമ്മതിക്കാതെ നിൽക്കും. ഒടുവിൽ എഴുന്നേറ്റു വിളക്കിട്ടു നോക്കണം. ചിലപ്പോൾ രാവിലെ വായിക്കുമ്പോൾ തലേന്നത്തെ വാക്കുതന്നെയാകും ഭേദമെന്നു തോന്നുക. പേന അമർന്ന പാടുകൾ കടലാസിന്റെ മറുവശത്തും തെളിഞ്ഞിരുന്നു.

“കൊടുക്കുന്നുണ്ടോ?”
ഭാര്യ പിന്നിൽ വന്നു നിന്നു.
“ഇല്ല.”
അവൾ കുറച്ചുനേരം എന്റെ കൈയിലെ കടലാസിലേക്കു നോക്കി.
“അന്ന് എഴുതാൻ വാങ്ങിവച്ച പേപ്പർ വേറെയുണ്ട്. അലമാരയുടെ താഴത്തെ തട്ടിൽ.”
“അറിയാം.”
“അതെങ്കിലും എടുത്ത് ഉപയോഗിച്ചുകൂടേ?”
മറുപടി പറയുന്നതിനുമുമ്പ് ഫോൺ ശബ്ദിച്ചു.
ബാലനാണ്.
“നിന്റെ വാക്കുകൾ വായിച്ചപ്പോൾ കുറച്ച് ആശ്വാസമായി.”
ഞാൻ ഒരു ഹൃദയചിഹ്നം അയച്ചു.

ഭാര്യ അകത്തേക്കു പോയി. ഞാൻ കടലാസുകൾ അടുക്കി പെട്ടിയിൽ വച്ചു. മൂടി അടച്ചു. തലയണ വീണ്ടും അതിനുമുകളിൽ വച്ചു. കൈകൾ ഒഴിഞ്ഞിട്ടും എന്തോ ചുമന്നുനിൽക്കുന്നതുപോലെ തോന്നി. പുറത്ത് വീണ്ടും ഗേറ്റിൽ തട്ടുന്ന ശബ്ദം കേട്ടു. തൊട്ടപ്പുറത്തെ വീട്ടിലാണ്. ഞാൻ ജനാലയ്ക്കരികിലേക്കു ചെന്നു. അയാൾ അവിടെയും കാത്തുനിൽക്കുകയാണ്. വെയിലിൽ ചാക്കിന്റെ നിഴൽ അയാളുടെ കാലിൽ ഒട്ടിക്കിടന്നു.

പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ ഞാൻ പുറത്തേക്കിറങ്ങി.
“ഉണ്ട്... ആക്രിയുണ്ട്!”
അയാൾ തിരിഞ്ഞു. ചാക്ക് തോളിൽ ഒതുക്കിവച്ച് അടുത്തേക്കു വന്നു.
“എന്താ സാർ?”
“ഒരു പഴയ സാധനമാണ്.”
അയാൾ എന്റെ ഒഴിഞ്ഞ കൈകളിലേക്കു നോക്കി. പിന്നെ മുഖത്തേക്കും.
കഷണ്ടി കയറിയ തലയിൽ കൈയോടിച്ചുകൊണ്ട് അയാൾ എന്നെ സൂക്ഷിച്ചുനോക്കി. പിന്നെ തലതാഴ്ത്തി തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു.
“വെല കൊഞ്ചം കുറവായിരിക്കും, സാർ...”
“സാരമില്ല. കുറേ നാളായി വെറുതെയിരിക്കുകയാണ്. ഇനിയിത് ആവശ്യമില്ല"
അയാൾ ചാക്ക് നിലത്തിറക്കി വായ് വട്ടം തുറന്നുപിടിച്ചു.
ഞാൻ ചാക്കിലേക്ക് തലനീട്ടി.
ഏതോ ഒരു ഭൂതകാലത്തിലെ “ഞാൻ” ഇരുട്ടിലേക്ക് ഊർന്നുവീണു.
ചാക്കിനുള്ളിലേക്ക് നോക്കി. തുരുമ്പുബാധ ആവേശിച്ച ഒരു വലിയ വസ്തു.
ആശ്വാസം തോന്നി.
അയാൾ ചാക്കൊന്നു കുടഞ്ഞു.
ഞാൻ നിവർന്നു. തല ഉയർത്തിപ്പിടിക്കൽ ഇത്ര എളുപ്പമാണെന്ന് അതുവരെ അറിഞ്ഞിരുന്നില്ല.
അയാൾ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് പത്തു രൂപയെടുത്തു നീട്ടി. പിന്നെ ചാക്കും തോളിലേറ്റി വീണ്ടും റോഡിലേക്കിറങ്ങി.
“ആക്രിയുണ്ടോ?ആക്രി

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞