സ്വന്തം ഹോം ലോണിന്റെ തിരിച്ചടവ് മുടക്കി, ആ തുക കൊണ്ട് ‘സൂര്യ’യുടെ വാർഷിക മെമ്പർഷിപ്പ് പുതുക്കിയ കഥ പറഞ്ഞ എന്റെ സുഹൃത്തിനെപ്പോലെ എത്രയോ പേരുണ്ടാകും നമ്മുടെ നാട്ടിൽ! എന്തൊക്കെ പറഞ്ഞാണ്, എന്തു നൽകിയാണ് കൃഷ്ണമൂർത്തിക്ക് നന്ദി പറയേണ്ടത് എന്നറിയാതെ വിങ്ങിപ്പൊട്ടിയാകും ആയിരക്കണക്കിന് മനസ്സുകൾ അദ്ദേഹത്തിന്റെ വിടവാങ്ങൽ വാർത്ത കേട്ടിട്ടുണ്ടാവുക.
വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വിത്തുപാകി, ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായി വളർന്ന 'സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി'യുടെ ബാനറിൽ, വിഭവസമൃദ്ധമായ കലാസദ്യകൾ മുന്നിലെത്തുമ്പോൾ കല കലയ്ക്കു വേണ്ടിയോ അതോ ജീവിതത്തിനു വേണ്ടിയോ എന്ന താത്വികമായ ചോദ്യങ്ങളൊന്നും ആസ്വാദനത്തിന്റെ പരകോടിയിൽ നിൽക്കുന്ന സൂര്യ പ്രേക്ഷകരുടെ മനസ്സിനെ അലട്ടിയിട്ടുണ്ടാകില്ല. മറിച്ച്, 'തൽക്കാലം ഈ കല എനിക്കു വേണ്ടിയാണ് എനിക്ക് വേണ്ടി മാത്രമാണ് ' എന്ന മട്ടിലെ എത്രയോ മുഖമനസ്സുകൾ പലപ്പോഴും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. വിടരാൻ കൊതിക്കുന്ന മൊട്ടുകൾക്കും, വിടർന്നു നിൽക്കുന്ന പ്രതിഭകൾക്കും, ആയുസ്സിന്റെ അളവുകോലിൽ കൊഴിയാറായ പൂക്കൾക്കും ഒരുപോലെ പരവതാനി വിരിച്ച പവിത്രമായ വേദിയായിരുന്നു സൂര്യയുടേത്.
തൊഴിൽകൊണ്ട് ഇസ്രോയിലെ (ISRO) ശാസ്ത്രജ്ഞൻ എന്ന മേൽവിലാസമുണ്ടായിരുന്ന അപൂർവ്വ കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂർത്തി. കലയെയും സംസ്കാരത്തെയും ശാസ്ത്രീയമായി സമീപിക്കുമ്പോൾ തനിക്കുണ്ടാകുന്ന കോട്ടങ്ങളെക്കുറിച്ചോ നഷ്ടങ്ങളെക്കുറിച്ചോ ആയിരുന്നില്ല, മറിച്ച് താൻ ജീവിക്കുന്ന സമൂഹത്തിന് പകർന്നുനൽകാൻ കഴിയുന്ന ആനന്ദാനുഭൂതിയെക്കുറിച്ചായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ചിന്ത. ഇരിപ്പിലും നടപ്പിലും വാക്കിലും പ്രവൃർത്തിയിലും അടുത്തുനിന്നു കാണുന്നവർക്കായാലും ദൂരെനിന്നു വീക്ഷിക്കുന്നവർക്കായാലും സൂര്യ കൃഷ്ണമൂർത്തി എന്നും ഒരു അത്ഭുതമായി അവശേഷിക്കുന്നതിനു പിന്നിലെ ഒട്ടേറെ അനുഭവസാക്ഷ്യങ്ങൾ പറയാൻ വെമ്പുന്ന ഒരായിരം മനസ്സുകൾ വിതുമ്പുകയാണിപ്പോൾ .
Keywords:
Recent in Culture
Must Read
Latest News
In News for a while now..



