അവനിലലിഞ്ഞ്- ഒരു പ്രണയ സഞ്ചാരം
അമൃത എ എം
11 November 2026, 2:10 am
അവരിരുവരും രാഷ്ട്രീയത്തിലെത്തും മുൻപാണ്. പരസ്പരം പരിചയ പ്പെടുകയും അറിയുകയും ചെയ്ത നിമിഷം മുതൽ അവരിലുടലെടുത്ത അജ്ഞാതമായ രാസപ്രവർത്തനം പ്രണയത്തിന്റെതാണെന്ന് തിരിച്ചറിയുമ്പോൾ അരുതെന്ന് പറയാൻ മതമോ രാജ്യാതിർത്തികളോ സാമൂഹിക പദവികളോ പര്യാപ്തമായിരുന്നില്ല. കഥകളിലോ ചലച്ചിത്രങ്ങളിലോ കാണാത്തത്രയും സംഭവ ബഹുലവും സുദൃഢവുമായ ഒരു പ്രണയയാത്ര. അതിന്റെ അരുമയായ അവതരണത്തിലൂടെ ഒരു ജീവിതം പറയുകയാണ് 'ബിലോംഗിംഗ്:എ ജേണി ഓഫ് ലവ് 'എന്ന സോണിയാ ഗാന്ധിയുടെ പുസ്തകം.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നിഗൂഢവും ശക്തവുമായ വ്യക്തിത്വങ്ങളിലൊന്നായ സോണിയാ ഗാന്ധി തന്റെ മൗനം വെടിയുമ്പോൾ, അത് കേവലമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെ അകംപുറങ്ങൾ തുറന്നുകാട്ടുന്ന ചരിത്രരേഖയായി മാറുന്നു. ഇന്നലെ പുറത്തിറങ്ങിയ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന ഓർമ്മക്കുറിപ്പ്, ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിൽ നിന്ന് ഇന്ത്യയുടെ അതിശക്തമായ അധികാര കുടുംബത്തിലേക്ക് എത്തിയ ഒരു പെൺകുട്ടിയുടെ ആത്മകഥാംശമുള്ള യാത്രയാണ്.
അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് ഒരു പ്രണയത്തിന്റെയും അതിജീവനത്തിന്റെയും ഓർമ്മക്കുറിപ്പ് എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.
ഹാർപ്പർ കോളിൻസ് ഇന്ത്യ (HarperCollins India) പ്രസിദ്ധീകരിച്ച 544 പേജുള്ള ഈ പുസ്തകം, റിലീസിന് മുൻപേ തന്നെ പ്രസാധകരുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ വാർത്തകളിൽ ഇടംനേടിയിരുന്നു
"ഇതൊരു രാഷ്ട്രീയ പുസ്തകമല്ല" എന്ന് സോണിയാ ഗാന്ധി ആവർത്തിക്കുമ്പോഴും, ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുടുംബത്തിലെ അകത്തളങ്ങളിൽ നടന്ന സംഭവവികാസങ്ങളാണ് പുസ്തകത്തിന്റെ ജീവൻ. തന്റെ 21-ാം വയസ്സിൽ ഇന്ത്യയിലെത്തിയത്, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ദാരുണമായ വേർപാടുകൾ, തുടർന്ന് മനസ്സില്ലാമനസ്സോടെ ഏറ്റെടുക്കേണ്ടി വന്ന പൊതുജീവിതം എന്നിവയെല്ലാം വൈകാരികമായ സത്യസന്ധതയോടെ അവർ ഇതിൽ വരച്ചുകാട്ടുന്നു.
കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ സോണിയ മറയില്ലാതെവെളിപ്പെടുത്തുന്നുണ്ട്. ഗാന്ധി കുടുംബത്തിലെ അധികാരത്തർക്കങ്ങളും വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും സ്വാഭാവികമായും പുസ്തകത്തിൽ പരാമർശ വിഷയമാകുന്നു.
വീട്ടിലെ ജോലിക്കാർ തന്നെ ‘ബഹുറാണി’ ( പ്രിയങ്കരിയായ മരുമകൾ) എന്നും മനേകാ ഗാന്ധിയെ ‘ഛോട്ടിബഹു’ (ഇളയ മരുമകൾ) എന്നും വിളിച്ചതിൽ തുടങ്ങിയ അസ്വാരസ്യങ്ങൾ, 1978-ലെ തിരഞ്ഞെടുപ്പ് പരാജയത്തോടെയും സഞ്ജയ് ഗാന്ധിയുടെ മരണത്തോടെയും വലിയ ശത്രുതയിലേക്ക് വഴിമാറിയത് അവർ ഓർത്തെടുക്കുന്നു.
ഇന്ദിരാഗാന്ധിയുടെ അപ്രതീക്ഷിതമായ ദേഷ്യപ്രകടനങ്ങളെക്കുറിച്ചും, അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നുവെന്ന വിലയിരുത്തലിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.
2004-ൽ തന്നിലേക്കെത്തിയ പ്രധാനമന്ത്രിപദം നിരസിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും സുരക്ഷ സംബന്ധിച്ച ഭയമായിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു. അമ്മൂമ്മയുടെയും അച്ഛന്റെയും കൊലപാതകങ്ങൾ നേരിൽ കണ്ട മക്കളും, ആ പദവിയെ ഭയത്തോടെയാണ് കണ്ടിരുന്നതെന്ന് സോണിയ പറയുന്നു.
ഡോ. മൻമോഹൻ സിങ് സോണിയാ ഗാന്ധിയുടെ പാവയായിരുന്നുവെന്ന രാഷ്ട്രീയ വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ സത്യസന്ധതയും ഭരണമികവുമാണ് ആ പദവിയിലേക്ക് തിരഞ്ഞെടുക്കാൻ കാരണമായതെന്ന മറുപടിയാണ് സോണിയ നൽകുന്നത്. തലമുതിർന്ന കോൺഗ്രസ്സ്നേതാവ് പ്രണബ് മുഖർജി ആ പദവി ആഗ്രഹിച്ചിരുന്നുവെന്നും പുസ്തകം വെളിപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സോണിയ എഴുതുന്നത് ഏറെ ശ്രദ്ധേയമാണ്. പൊതുവേദികളിൽ കാണുമ്പോൾ ഔപചാരികമായി നമസ്തേ പറയാറുണ്ടെങ്കിലും, കണ്ണിൽ നോക്കി സംസാരിക്കാത്ത വ്യക്തിയാണ് അദ്ദേഹം. യാതൊരുവിധ വ്യക്തിബന്ധവും തങ്ങൾക്കിടയിലില്ലെന്നും അവർ കുറിക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ ചേരികളിലുള്ള നേതാക്കൾ മുൻകാലങ്ങളിൽ പുലർത്തിയിരുന്ന സൗഹൃദത്തിൽ നിന്നുള്ള മാറ്റമായും അവർ ഇതിനെ നിരീക്ഷിക്കുന്നു.
താൻ കാൻസർ രോഗവുമായി പൊരുതുകയാണെന്ന് തുറന്നു പറയാൻ സോണിയ മടിക്കുന്നില്ല. കീമോതെറാപ്പിയില്ലാതെ സർജറികളിലൂടെ രോഗത്തെ അതിജീവിച്ച അനുഭവങ്ങൾ വായനക്കാരുടെ മനസ്സിൽ തട്ടുന്ന രീതിയിൽ അവർ പങ്കുവെച്ചിട്ടുണ്ട്.
എതിരാളികളെ വിമർശിക്കാനുള്ള ഒരു രാഷ്ട്രീയ ആയുധമായി സോണിയ തന്റെ പുസ്തത്തെ ഉപയോഗിക്കുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്.
പ്രിയപ്പെട്ടവരുടെ വിയോഗവും ചരിത്രപരമായ ഉത്തരവാദിത്തങ്ങളും വേട്ടയാടിയ ഒരു സ്ത്രീയുടെ ആത്മഭാഷണമായാണ് ‘ബിലോങ്ങിങ്’ വായിക്കപ്പെടേണ്ടത് എന്ന് അവർ തീരുമാനിച്ചതായി തോന്നും പുസ്തകത്തിലൂടെ കടന്നുപോവുമ്പോൾ.
അടിയന്തരാവസ്ഥയും അയോധ്യാ വിഷയവും പോലുള്ള ചരിത്രത്തിലെ കറുത്ത അധ്യായങ്ങളെ കോൺഗ്രസ്സ് എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് വിമർശനാത്മകമായ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ടെങ്കിലും, ആധുനിക ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെയും നെഹ്റു-ഗാന്ധി കുടുംബത്തെയും അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പുസ്തകമാണിത്.