കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് 'സഖാവ് വി എസ്' എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ വിട പറഞ്ഞു. രോഗവുമായി സമരം ചെയ്ത് കഴിഞ്ഞ രണ്ടു വർഷത്തോളം നിശ്ശബ്ദനായിരുന്ന വി എസ് വൈകന്നേരം 3.30 ന് തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിലാണ് നിര്യാതനായത്
പാർലമെന്‍ററി രംഗത്തും രാഷ്ട്രീയ രംഗത്തും ഇത്രയേറെ സ്വീകാര്യനായ ജനകീയ നേതാവ് ഇന്ത്യയിൽ തന്നെ മറ്റാരെങ്കിലുമുണ്ടാകുമോയെന്നതും സംശയമാണ്. താൻ ഉയർത്തിക്കൊണ്ടുവന്നരോട് തന്നെ പാർട്ടിക്കുള്ളിൽ നിന്ന് കലഹിക്കേണ്ടി വന്ന വി എസ് തന്‍റെ നിലപാടുകൾ എന്നും പരസ്യമാക്കിയിരുന്നു. ഇത് പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നതും ചരിത്രം.
1946 ൽ നടന്ന ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. പുന്നപ്രയിൽ നിരവധി പാർട്ടി ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സമരത്തിന്‍റെ പേരിൽ അറസ്റ്റിലാവുകയും ക്രൂരമർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്താത്തതിന്‍റെ പേരിൽ വി എസിന് ലോക്കപ്പ് മുറിയിൽ നേരിടേണ്ടി വന്ന മർദ്ദനമുറകളെക്കുറിച്ച് പിന്നീട് പലപ്പോഴായി പലരിൽ നിന്നും ലോകം അറിഞ്ഞു. ഇഎംഎസിന്‍റെയും കെ വി പത്രോസിന്‍റെയും ഒളിസങ്കേതകൾ അറിയാനായിരുന്നു പോലീസിന്‍റെ ഈ മർദ്ദനം.
1965 ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ മത്സരിച്ച വി എസ് തോൽവിയോടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനിറങ്ങുന്നത്. കോൺഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. പിന്നീട് 1967 ൽ കോൺഗ്രസിന്‍റെ എ അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ വി എസിന് പിന്നീട് പരാജയം അറിയേണ്ടി വന്നത് രണ്ട് തവണ മാത്രമാണ്. 1977ലും 1996ലും. 1996 ൽ പാർട്ടിയിലെ വിഭാഗീയതയുടെ ഫലമായായിരുന്നു ഇടതിന്‍റെ ഉരുക്കുകോട്ടയായ മാരാരിക്കുളത്ത് വി എസിന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. അന്ന് മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന വിഎസിന്‍റെ തോൽവിയെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മൂന്ന് തവണ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവായിരുന്നിട്ടുമുണ്ട് വിഎസ് അച്യുതാനന്ദന്‍. 1992 മുതല്‍ 1996 വരേയും, 2001 മുതല്‍ 2006 വരേയും, 2011 മുതല്‍ 2016 വരേയുമായിരുന്നു ഇത്. ഇതില്‍ 2001 മുതല്‍ 2006 വരെയുള്ള കാലത്ത് പ്രതിപക്ഷ നേതാവെന്ന രീതിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
2006ൽ മുഖ്യമന്ത്രിയായിരുന്ന വി എസും അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതോടെ 2007 മേയ് 26 നാണ് വി എസിനെ പൊളിറ്റ്ബ്യൂറോയിൽ നിന്ന് താത്ക്കാലികമായി പുറത്താക്കുന്നത്. പിന്നീട് വിഎസിനെ കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന പിണറായിക്കെതിരെയും നടപടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പി ബിയിലേക്ക് തിരിച്ചെടുത്തിരുന്നു. തരംതാഴ്ത്തലിനു പുറമെ പാർട്ടിയുടെ പരസ്യശാസനയ്ക്കും വി എസിന് വിധേയനാകേണ്ടി വന്നിട്ടുണ്ട്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..