NewsAd1
സി പി എം നു വേണ്ടി അഭിനയം: ആദ്യം മോഹൻലാൽ....പിന്നാലെ മമ്മൂട്ടിയും
ഷീനാ മോഹൻ
8 March 2026, 9:11 am
main image of news

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തിയതോടെ ഖജനാവിലെ കാശും കടമെടുത്ത കിഫ്ബി മുതലുമൊക്കെ ലാവിഷായെടുത്ത് മുഖം മിനുക്കൽ പ്രചാരണ മാമാങ്കങ്ങൾ പൊടിപൊടിക്കുകയാണ് പിണറായി സർക്കാർ.

ഇടതു സർക്കാരിന് തുടർഭരണം നേടുകയെന്ന മിനിമം ലക്ഷ്യമേ പ്രചാരണങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സി പി എം ന്റെയോ ഘടകകക്ഷികളുടെയോ കൈയ്യിൽ നിന്ന് ഒരു ചില്ലിക്കാശ് ചെലവാകാതെ പരമാവധി സർക്കാർ ഖജനാവിൽ നിന്ന് ഊറ്റുകയെന്നതാണ് നയം

 image 2 of news

സംസ്ഥാനത്തിന്റെ എല്ലാ ഇടവഴികളും കൊണ്ടു പിടിച്ച് ടാർ ചെയ്യുകയാണിപ്പോൾ. ഇത്രയും കാലം പൊട്ടിപ്പൊളിഞ്ഞും യാത്ര ദുസ്സഹമാക്കിയും കിടന്നിരുന്ന റോഡുകളാണ് പത്താം വർഷത്തലേന്ന് പുതുക്കിപ്പണിയുന്നത്. വോട്ടെടുപ്പിന് തൊട്ടു മുമ്പ് കാട്ടിക്കൂട്ടുന്ന ഇത്തരം അഭ്യാസങ്ങൾ ജനങ്ങളുടെ മനസ്സിൽ ഉറച്ചു നില്ക്കുമെന്ന ഉപദേശം പി ആർ ഏജൻസികൾ സർക്കാറിനു നൽകിയിട്ടുണ്ട്.

വയനാട് കൊടും ദുരന്തം കഴിഞ്ഞ് ഇത്രകാലവും പൂർത്തിയാകാത്ത കെട്ടിടങ്ങൾ സർക്കാരിന്റെ അവസാന പാദത്തിൽ പൂർത്തീകരിച്ച് കൈമാറിയത് ഇത്തരമൊരു പി ആർ ഉപദേശത്തിന്റെ ഭാഗമായിത്തന്നെയാണ്. വയനാട് തുരങ്കവും, പെരുമ്പളം ദ്വീപിലേക്കുള്ള പാലവും, തീരദേശ കടൽ ഭിത്തികളുടെ നിർമ്മാണോ ത്ഘാടനവുമെല്ലാം പത്രമാധ്യമങ്ങളിൽ ഒന്നാം പേജ് ഫുൾ പരസ്യം നൽകി നടത്തുന്നതും മറ്റൊന്നിനുമല്ല.
HomeAd1
 image 3 of news

കഴിഞ്ഞ വർഷം എല്ലാ പ്രധാന പത്രങ്ങളിലും വർഷങ്ങൾക്കുശേഷം സംഭവിക്കാവുന്ന സാങ്കല്പിക വാർത്തകൾ നൽകി ജയിൻ യുണിവേഴ്സിറ്റി നൽകിയ പരസ്യം യാഥാർത്ഥ്യമെന്ന് വിശ്വസിച്ചവരിൽ മാധ്യമപ്പുലികൾ പോലുണ്ടായിരുന്നു. രൂക്ഷവിമർശനമാണ് അതിനെതിരേ ഒരു കോണിൽ നിന്നുമുണ്ടായത്. എന്നാൽ സമാനമായ ഒരു തരികിട പരസ്യവുമായി സർക്കാരിനെ പുകഴ്ത്താനും കഴിഞ്ഞ വലതു സർ ക്കാരിനെ ഇകഴ്ത്താനും പിആർ ഡി രംഗത്തു വന്നപ്പോൾ അതിനെ മഹത്തരമെന്ന് പാടിപ്പുകഴ്ത്തുകയാണ് കാപ്സ്യൂൾ പാണൻമാർ.

എന്നാൽ ഈ സീസണിലെ ഏറവും വലിയ പി ആർ, പിണറായിയെ പൗഡറും സോപ്പും തേച്ച് വെളുപ്പിക്കാൻ മോഹൻലാലിനെ രംഗത്തിറക്കി പടച്ചുവിട്ട മുഖാമുഖമാണ്. മുൻകൂട്ടി ഉറപ്പിച്ചിട്ടും ജാള്യം മറയ്ക്കാൻ അഭിമുഖത്തിലുടനീളം ലാലേട്ടൻ പരാജയപ്പെട്ടപ്പോൾ പിണറായി എന്ന രാഷ്ട്രീയക്കാരനിലെ അധികമാരുമറിയാത്ത അഭിനേതാവ് അടിച്ചു കസറുന്നത് നമ്മൾ അത്ഭുതത്തോടെ കണ്ടു.
കാശ് കിട്ടിയാൽ 'കൂതറ' സിനിമകളിൽ മാത്രമല്ല, ആൾക്കാരെ പറ്റിക്കുന്ന പരസ്യങ്ങളിലഭിനയിക്കാനും മടി കാണിച്ചിട്ടില്ലാത്ത ലാലേട്ടനെ സംസ്ഥാന സർക്കാരും മറ്റൊരു ഫാൽക്കേ നൽകി ആദരിക്കേണ്ടതുണ്ട്.

 image 4 of news

വയനാട് ദുരന്ത ബാധിതർക്കായി വീടുകൾ പണിതു നൽകി സർക്കാർ ചുരമിറങ്ങിയപ്പോൾ മല കയറിയെത്തിയ മമ്മൂട്ടിയും സർക്കാരിന്റെ പി ആർ പ്രവർത്തനങ്ങളുടെ ഭാഗമായിത്തന്നെയാണ് അഭിനയിച്ചു കയറിയതെന്ന് ഇപ്പോഴും മനസ്സിലാകാത്തവർക്ക് നല്ല നമസ്കാരം പറയാൻ മാത്രമേ സാധിക്കൂ.

വയനാട്ടിലെത്തിയ മമ്മൂട്ടി സി ബി ഐ ഡയറിക്കുറിപ്പിലെ അന്വേഷണോദ്യോഗസ്ഥന്റെ സ്റ്റൈലിൽ സ്ഥലം ചുറ്റിക്കാണുന്നതിനിടെ ഒപ്പം കൂടിയ സിപിഎം ജില്ലാ സെക്രട്ടറികെ. റഫീഖിനോട് ,"നിങ്ങളെന്തിനാണ് എന്നോടൊപ്പം ഇങ്ങനെ നടക്കുന്നത് ? ഞാൻ പാർട്ടി പറഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത് എന്നല്ലേ ഇതു കണ്ടാൽ തോന്നൂ." വെന്ന് ചോദിച്ചത് വിവാദമായിരിക്കുകയാണല്ലോ. സൈബറിടങ്ങളിലാകെ ഇപ്പോൾ മമ്മൂട്ടിയുടെ നിലപാടിനെ അപലപിച്ച് ഇടത് പോരാളികളുടെ ആറാട്ടാണ്.

ദുരന്തം നടന്നതു മുതൽ ഇതേ വരെ ഓരോ നിമിഷവും ദുരന്ത ബാധിതർക്കൊപ്പം ചെളിയിലും വിയർപ്പിലുകമാക്കെയുണ്ടായിരുന്നയാളാണ് സി പി എം ജില്ലാ സെക്രട്ടറി റഫീഖ് സഖാവെന്നും, സഖാവിനൊപ്പമാണ് തങ്ങളെന്നും സൈബർ സഖാക്കൾ പറയുന്നു.

വയനാട്ടിൽ സി പി എം ത്യാഗോജ്വലമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് മമ്മൂട്ടിയുടെ ചെലവിൽ വിളംബരം ചെയ്യുകയാണ് ഇടതുമുന്നണി.ചുരുക്കി പറഞ്ഞാൽ കളംകാവലിനു ശേഷം വീണ്ടും ഒരു വില്ലൻ വേഷം സധൈര്യം ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു മമ്മൂട്ടിയെന്ന് സാരം.-

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞