നിയമസഭാതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ലൊട്ടുലൊലൊടുക്ക് പാർട്ടികളുൾപ്പെടെ എല്ലാവരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആദ്യഘട്ട പ്രചാരണം പൊടിപൊടിക്കുമ്പോൾ സ്ഥാനാർത്ഥിനിർണ്ണയം പൂർത്തിയാക്കാനാവാതെ വടക്കോട്ട് നോക്കിയിരിപ്പാണ് ദേശീയ പാർട്ടിയായ (ദുരന്തമായ ) കോൺഗ്രസ്സ്.
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരുന്ന ഒടുവിലത്തെ ദിവസം എന്നാണെന്ന്കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മുഴുവൻ പേർക്കും അറിയാമായിരുന്നതാണ്. അറിയാതിരുന്നത് ഒരേയൊരു കൂട്ടർക്കാണെന്ന് തോന്നും ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കണ്ടാൽ. അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ദിവസം തന്നെ സി പി എം ഒട്ടുമിക്ക സ്ഥാനാർത്ഥികളെയും തീരുമാനിച്ച് പട്ടിക പുറത്തുവിട്ടു. ബി ജെ പി ക്കും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വലുതായി ആലോചിക്കേണ്ടി വന്നില്ല. സി പി ഐയും,ജനതാദളും, ലീഗും മാത്രമല്ല സകല പാർട്ടികളും സ്ഥാനാർത്ഥികളെ തീരുമാനിച്ചു പ്രചാരണവും തുടങ്ങി. കോൺഗ്രസ്സാകട്ടെ വെട്ടിയും തിരുത്തിയുമുള്ള പട്ടികകളുമായി തെക്കുവടക്ക് നടക്കുകയാണ് ഇപ്പോഴും .
കണ്ണൂരിൽ മത്സരിക്കണമെന്ന കെ സുധാകരന്റെ തീവ്ര നിലപാടാണ് പട്ടിക വൈകിപ്പിക്കുന്നത് എന്ന് സമ്മതിച്ചു കൊടുക്കാനാവില്ല. സുധാകരന്റെ ഈ താത്പര്യം നേരത്തേ തന്നെ നിലവിലുണ്ടായിരുന്നതാണ്. പിന്നാലെ അടൂർ പ്രകാശും ചേർന്നു. അവർക്ക് രണ്ടാൾക്കും സീറ്റ് കൊടുത്താലെന്താ? ആകാശം ഇടിഞ്ഞു വീഴുമോ? അല്ലെങ്കിൽ അവരെ ഒഴിവാക്കി പട്ടിക സധൈര്യം പുറത്തിറക്കണം. ആലപ്പുഴയിലുൾപ്പെടെ സിപിഎം ചെയ്തതുപോലെ. ദേശീയ പാർട്ടിയായതു കൊണ്ട് കോൺഗ്രസ്സിന് അതിനു കഴിയില്ല എന്നാണ് ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കളുടെ വാദം.
സുധാകരൻ മധ്യേയും ദേശീയ സംസ്ഥാന നേതാക്കൾ ഇരുവശവും നിന്ന് യുദ്ധം തുടങ്ങി മൂന്നാം നാളും വെടിയുംപുകപടലങ്ങളുമല്ലാതെ മറ്റൊന്നും ദൃശ്യമല്ല.
പാർലമെന്റംഗങ്ങൾ നിയമസഭയിൽ മത്സരിക്കുന്നതിനെതിരേയാണ് എഐസിസി നിലപാട് എന്നു കേൾക്കുന്നു. ഇതെന്ത് നിലപാടാണ്. അഥവാ അങ്ങനെയൊരു നിലപാടുണ്ടെങ്കിൽ അത്ഒരുദേശീയ തീരുമാനമായി മുൻകൂട്ടി പ്രഖ്യാപിക്കാൻ കോൺഗ്രസ്സിനു കഴിയണമായിരുന്നു. അങ്ങിനെയില്ലാത്ത സ്ഥിതിക്ക് സുധാകരൻ പറയുന്നതിൽ കഴമ്പുണ്ട്.
സംസ്ഥാനത്ത് യുഡിഎഫ് ന്ഭരിക്കാൻ അവസരമുണ്ടായാൽ മുഖ്യമന്ത്രി ആരാവണമെന്നതാണ് യഥാർത്ഥത്തിൽ തീരുമാനമാകാതെ അവശേഷിക്കുന്നത്. വി.ഡി.സതീശൻ? രമേശ് ചെന്നിത്തല? ശശി തരൂർ ? അതോ കെ സി വേണുഗോപാലോ? നിയമസഭയിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്താൽ സുധാകരനെ മുഖ്യമന്ത്രിയാക്കേണ്ടിവരുമോ? എന്തൊരു ദുർഗതിയാണിത് ഈശ്വരൻമാരേ...
ആമയും മുയലും പങ്കെടുത്ത പഴയ ഓട്ടമത്സരത്തിന്റെ കഥപോലെയാണ് കാര്യങ്ങളിപ്പോൾ. സ്മാർട്ടായ മുയലുകൾ കാതങ്ങൾ താണ്ടിക്കഴിഞ്ഞു. ആമ തുടങ്ങാനിരിക്കുന്നതേയുള്ളൂ. ഈ മെല്ലെപ്പോക്ക് കണ്ട് വഴിയിൽ പാ വിരിച്ച് കിടന്നുറങ്ങാൻ എതിരാളികൾക്ക് തോന്നാതിരുന്നാൽ കേരളത്തിൽ പിന്നെ കോൺഗ്രസ്സിനെ മഷിയിട്ട് തപ്പി കണ്ടുപിടിക്കേണ്ടിവരും.