ഇന്ത്യയിലെ വിദേശ സംഭാവനകളുടെ മേലുള്ള നിരീക്ഷണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം Foreign Contribution (Regulation) Amendment Bill, 2026 കൊണ്ടു വരുന്നത്. ദേശീയ സുരക്ഷ, സുതാര്യത എന്നിവ ഉറപ്പാക്കുകയും ഉദ്ദേശ്യമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.
FCRA രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട, അല്ലെങ്കിൽ കൈമാറിയതോ, അസാധുവായതോ ആയ സംഘടനകളുടെ വിദേശ സംഭാവനകളും ആസ്തികളും താൽക്കാലികമായി ഏറ്റെടുക്കാനും കൈകാര്യം ചെയ്യാനും വിനിയോഗിക്കാനുമുള്ള അധികാരം നൽകിയാണ് കേന്ദ്ര സർക്കാർ 'നിയുക്ത അതോറിറ്റി' വിഭാവനം ചെയ്യുന്നത്. രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ, ഈ ആസ്തികൾ സ്ഥിരമായി സർക്കാരിന് കൈവശം വയ്ക്കാനോ സർക്കാർ വകുപ്പുകൾക്ക് കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയും
രാഷ്ട്രീയ പാർട്ടികൾ, തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കപ്പുറം മറ്റുചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന `ഏതൊരാളും` വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് തടയാനുള്ള വ്യാപ്തി ബിൽ വർദ്ധിപ്പിക്കുന്നു. ഒരു സ്ഥാപനം നോക്കി നടത്തുന്നതിന് ഉത്തരവാദിത്തമുള്ള ഡയറക്ടർമാർ, പാർട്ണർമാർ, ട്രസ്റ്റിമാർ, ഓഫീസ് ഭാരവാഹികൾ എന്നിവരുൾപ്പെടെ സംഘടയിൽ 'പ്രധാനപ്പെട്ടവരുടെ' നിർവചനം വിപുലീകരിച്ചിട്ടുണ്ട്. വീഴ്ചകളുണ്ടായാൽ അറിവില്ലായ്മയോ ശ്രദ്ധക്കുറവോ തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അവർക്ക് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടാവും. സസ്പെൻഷനിലാവുന്ന സ്ഥാപനങ്ങൾക്ക് വിദേശ ഫണ്ടിങിലൂടെ ഉണ്ടാവുന്ന ആസ്തികൾ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിൽക്കാനോ, കൈമാറ്റം ചെയ്യാനോ, പണയം വയ്ക്കാനോ കഴിയില്ല. ഇതിനു പുറമേ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനും നിർബന്ധിത സമയപരിധികളും ഭേദഗതി അവതരിപ്പിക്കുന്നു.
'കർശനവും' 'കൈയേറ്റ സ്വഭാവമുള്ള'തുമാണ് വ്യവസ്ഥകളെന്ന വാദമാണ് ഇക്കൂട്ടർ മുന്നോട്ടുവയ്ക്കുന്നത്.ബിൽ, എൻജിഒകളുടെ ആസ്തികളിൽ കേന്ദ്ര സർക്കാരിന് അഭൂതപൂർവവും ഭരണഘടനാ വിരുദ്ധവുമായ അധികാരങ്ങൾ നൽകുന്നുവെന്നും വിമർശകർ വാദിക്കുന്നു. FCRA സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുമ്പോഴോ, കൈമാറ്റം ചെയ്യപ്പെടുമ്പോഴോ, അസാധുവാകുമ്പോഴോ ആസ്തികൾ നിയുക്ത അതോറിറ്റിക്ക് സ്വയമേവ കൈമാറ്റം ചെയ്യാനുള്ള വ്യവസ്ഥ വളരെ പ്രശ്നമുള്ള ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജുഡീഷ്യൽ തീരുമാനമില്ലാതെയാകും ഇത്. ഫലത്തിൽ വർഷങ്ങളുടെ ചാരിറ്റബിൾ പ്രവർത്തനങ്ങളിലൂടെ കെട്ടിപ്പടുത്ത ആസ്തികൾ ഒരു ഭരണപരമായ തീരുമാനത്തിലൂടെ സ്റ്റേറ്റിന് കൈയടക്കാൻ വഴിയൊരുക്കുമെന്ന് ഇവർ ആശങ്കപ്പെടുന്നു.
അപ്പീൽ സംവിധാനം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, ആസ്തികൾ ഏറ്റെടുക്കുന്നത് സ്വയമേവ നടത്തുന്നതും പുന:പരിശോധിക്കാൻ കഴിയാത്തതുമായ ഉത്തരവാണെന്ന് വിമർശകർ വാദിക്കുന്നു. ഇത് ജുഡീഷ്യൽ മേൽനോട്ടത്തെയും നിയമപരമായ നടപടിക്രമങ്ങളെയും ദുർബലപ്പെടുത്തും. നിയുക്ത അതോറിറ്റിക്ക് ലഭിക്കുന്ന വിശാലമായ അധികാരങ്ങൾ, പ്രത്യേകിച്ച് സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും, സർക്കാർ നയങ്ങളെ വിമർശിക്കുന്ന സംഘടനകൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും വിമർശനമുണ്ട്. നിയമത്തിലെ 'കർശനമായ` വ്യവസ്ഥകൾ ഇന്ത്യൻ എൻജിഒകൾക്ക് വിദേശ ഫണ്ട് നൽകുന്നവരെ പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ, പ്രത്യേകിച്ച് ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള അവരുടെ കഴിവിനെ ബാധിക്കും. സ്വത്തവകാശത്തെ (ആർട്ടിക്കിൾ 300A)യും സംഘടനകൾ രൂപീകരിക്കാനുള്ള അവകാശത്തെയും (ആർട്ടിക്കിൾ 19(1)(c)) ലംഘിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കകളും ഇവർ ഉയർത്തുന്നു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



