കേരള കൗമുദി ദിനപത്രത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്റെ കേസ്
തിരു: ബ്യൂറോ
6 April 2026, 6:00 am
അസംബ്ലി തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി താൻ നാമനിർദേശ പത്രിക സമർപ്പിച്ചത് മുതൽ കേരള കൗമുദി ദിന പത്രം ഇടതിന്റെ വിജയ സാധ്യത ഇല്ലാതാക്കണമെന്ന ദുരുദ്ദേശത്തോടെ നിരവധി വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ച് വരികയാണെന്ന് കടകംപള്ളി പരാതിയിൽ പറയുന്നു.
ബി ജെ പി എൻ ഡി എ സ്ഥാനാർഥിയെ സഹായിക്കുന്നതിന് ഉതകുന്ന വിധത്തിൽ ബോധപൂർവം വാർത്തകൾ സൃഷ്ടിക്കുകയും ബി ജെ പി സ്ഥാനാർഥിയെ അസാധാരണമായി ഉയർത്തി കാണിക്കത്തക്ക വിധത്തിൽ വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്ത് വരികയാണ്. ഇതേ തുടർന്ന് മാർച്ച് മാസം 28-ാം തീയതി ശബരിമല സ്വർണകൊള്ള സംബന്ധിച്ച് കടകംപള്ളിക്ക് ഉത്തരവാദിത്തം ഉണ്ടെന്ന നിലയ്ക്കും എതിർ സ്ഥാനാർഥികൾ ശബരിമല സംരക്ഷകർ എന്ന നിലയ്ക്കും കഴക്കൂട്ടത്ത് നന്മയുടെയും തിന്മയുടെയും നിലത്തിൽപോരാണ് നടക്കുന്നതെന്ന വാർത്ത പ്രസിദ്ധീകരിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവിന് എതിരായി തിരുവനന്തപുരം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള കേസിൽ ശബരിമലയിൽ കൊള്ള കൂടുതലും നടന്നത് കടകംപള്ളിയുടെ കാലത്താണ് എന്ന് വി ഡി സതീശൻ സത്യവാങ്മൂലം നൽകിയെന്നും തെളിവ് ഹാജരാക്കിയെന്നും തികച്ചും വ്യാജമായ വാർത്ത പത്രത്തിൽ പ്രസിദ്ധീകരിച്ചതായും പരാതിയിലുണ്ട്.
തിരുവനന്തപുരം കോടതിയിൽ നടക്കുന്ന കേസിൽ അപ്രകാരം ഒരു സത്യവാങ്മൂലമോ തെളിവോ വി ഡി സതീശൻ ഹാജരാക്കിയിട്ടില്ല. പ്രത്യക്ഷത്തിൽ തന്നെ തനിക് ദോഷം സംഭവിക്കുന്ന രീതിയിൽ കളവായ വാർത്ത സൃഷ്‌ടിച്ച് കേരള കൗമുദി പത്രം നിരന്തരമായി പ്രചരണം നടത്തുന്നു എന്നാണ് കടകംപള്ളി സുരേന്ദ്രൻ തന്റെ കേസിൽ ആരോപിക്കുന്നത്
കേരള കൗമുദി പത്രത്തിന് നോട്ടീസ് അയച്ച ശേഷം അഡ്വ രാജഗോപാലാൻ നായർ മുഖേന തിരുവനന്തപുരം സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് ഏപ്രിൽ 6-ാം തീയതി കോടതി പരിഗണിക്കും.
.പെയ്ഡ് ന്യൂസും വ്യാജ വാർത്തയും പ്രചരിപ്പിക്കുന്നത് ഇന്ത്യൻ പ്രസ്സ് ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായതിനാൽ കേരള കൗമുദി പത്രത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ അഭിഭാഷകൻ മുഖേന പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യക്ക് അപ്പീലും അയച്ചു.