കൊട്ടിക്കലാശം: അവസാനനിമിഷം വരെ ആവേശമാകാൻ മുന്നണികൾ.
അനിൽ ബാലകൃഷ്ണൻ
7 April 2026, 1:58 am
സംസ്ഥാന ചരിത്രത്തിലെഏറ്റവും കുറഞ്ഞ പ്രചാരണ കാലമനുവദിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്.
ഒരു പക്ഷേ ഏറ്റവുമധികം ആർഭാടത്തിൽ മൂന്നുമുന്നണികളും തെരഞ്ഞെടുപ്പിനെ നേരിടുന്നതും ഇക്കുറി തന്നെ. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് ഒരു മാസം മുമ്പു മുതൽ ഇടത് സർക്കാർ സംസ്ഥാനത്തെ എല്ലാ പത്രമാധ്യമങ്ങളിലൂടെയും സർക്കാർ ചെലവിൽത്തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. ഓരോ വകുപ്പിന്റെയും വികസന പരിപാടികൾ അക്കമിട്ട് ഉയർത്തിക്കാട്ടിയുള്ള പരസ്യ മാമാങ്കത്തിന് പണമൊഴുക്കിയത് കടം വാങ്ങി വികസന പ്രവർത്തനങ്ങൾ നടത്തുന്ന കിഫ്ബിയുടെ അക്കൗണ്ടിൽ നിന്ന്. എല്ലാ പരസ്യങ്ങളിലും നായകസ്ഥാനത്ത് പിണറായിയെ ഉയർത്തിക്കാട്ടാനും പ്രത്യേകം ശ്രദ്ധിച്ചു.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിയതിയിൽ തന്നെ സമാപിച്ച ആ പരസ്യ പരമ്പരയിലൂടെ പറയാനുള്ളതെല്ലാം സർക്കാർ ജനങ്ങളോട് മുൻകൂറായിത്തന്നെ പറഞ്ഞു വച്ചു.
ഏതാണ്ട് ഇതേ സമയത്തു തന്നെ എൻഡിഎയും ഉണർന്ന് പ്രവർത്തിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേരളത്തിനു വേണ്ടിച്ചെയ്ത നല്ലകാര്യങ്ങൾ എടുത്തു പറഞ്ഞുള്ളതായിരുന്നു ആ പരസ്യങ്ങളാകെയും. കേരളം നടപ്പാക്കിയെന്നവകാശപ്പെട്ട മിക്കവാറും എല്ലാ സുപ്രധാനകാര്യങ്ങളും കേന്ദ്ര ഫണ്ടു കൊണ്ടോ, കേന്ദ്രത്തിന്റെ പ്രത്യേക സഹായം കൊണ്ടോ ആണെന്ന് അവ ഓർമ്മിപ്പിച്ചു. സാക്ഷാൽ നരേന്ദ്ര മോദിയുടെ ചിരിക്കുന്ന മുഖമായിരുന്നു ആ പരസ്യങ്ങളുടെ പ്രധാന ആകർഷണം.
ഭരണമോ സമാന സൗകര്യങ്ങളോ ഇല്ലാത്തതു കൊണ്ട് തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പ് ഈ വൈപുല്യത്തിൽ പരസ്യം ചെയ്യാൻ യുഡിഎഫിനു കഴിഞ്ഞില്ല എന്നാൽ ഒടുവിലത്തെ ദിനങ്ങളിൽ ഏതാനും പരസ്യങ്ങൾ നൽകി പിടിച്ചു നില്ക്കാൻ ദുർബലമായ ഒരു ശ്രമം യു ഡി എഫും നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല.
തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ മുന്നണികളെ പ്രതിസന്ധിയിലാക്കി. കഷ്ടിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി ചർച്ചകളും പ്രഖ്യാപനവും പ്രചാരണവും നടത്തേണ്ട പരിതോവസ്ഥയിൽ അവരെത്തി.
യുഡിഎഫിനാണ് ഇത് ഏറെ തലവദനയുണ്ടാക്കിയത്. സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലാത്തതുപോലെ പരിഭ്രാന്തരായി അവർ. കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിത്വ ചർച്ച ദൽഹിയിൽ സുധാകര വിഷയത്തിലുടക്കി നിന്നു. എങ്കിലും കഴിയും വേഗം അത് പരിഹരിച്ച് പ്രചാരണത്തിനിറങ്ങിയേ മതിയാവുമായിരുന്നുള്ളൂ. പത്തുവർഷം പ്രതിപക്ഷത്തിരുന്ന മുന്നണി വേണ്ടത്ര അവധാനതയോടെയല്ല തെരഞ്ഞെടുപ്പിനെ കാത്തിരുന്നതെന്ന പ്രതീതിയാണ് പൊതുവേയുണ്ടായത്.
സ്ഥാനാർത്ഥി പ്രഖ്യാപനകാര്യത്തിൽ ഇടതുമുന്നണി പതിവിൽ നിന്ന് ഭിന്നമായി മുകളിൽ നിന്ന് താഴേക്ക് എന്ന രീതിയാണ് സ്വീകരിച്ചത്. യഥാർത്ഥത്തിൽ ചെറു ഘടകങ്ങളിൽ നിന്ന് മുകളറ്റം വരെ ചർച്ചകൾ നടന്നെങ്കിലും മേൽ ഘടകത്തിൽ സ്വാധീനമുള്ളവരുടെ തീരുമാനങ്ങൾ മാത്രമാണ് നടപ്പിലായത്. പാർട്ടിക്കുള്ളിൽ ഇത് കൊടുങ്കാറ്റും ഭൂമികുലുക്കവുമുണ്ടാക്കി. ജി സുധാകരനെയും ഗോവിന്ദനെയും പോലുള്ള മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് കലാപക്കൊടിയുയർത്തിയിട്ടും കുലുങ്ങാതെ പിണറായിയെ മാത്രം മുന്നിൽ നിറുത്തി മുന്നണി വോട്ടു തേടി.
യു ഡി എഫിൽ വി ഡി സതീശനാണ് പ്രചാരണവും പ്രതിരോധവും നയിച്ചത്. പിണറായിയും സതീശനും മാധ്യമങ്ങൾ വഴി സംവാദത്തിലേർപ്പെട്ടു. പരസ്യ സംവാദത്തിനുള്ള വെല്ലുവിളി സ്വീകരിച്ച പിണറായി പിന്നീട് ഫേസ് ബുക്ക് വഴിയാകാം സംവാദമെന്ന് പറഞ്ഞത് എണ്ണയിട്ട് തടിയൂരും പോലെയായി. വയനാട് ടൗൺഷിപ്പ് പണിഞ്ഞിട്ടും ദുരന്ത ബാധിതർക്ക് പ്രയോജനം ചെയ്യാത്തതിനെ യുഡിഎഫും വാഗ്ദാനം ചെയ്തഒരുവീടുപോലും പണിയാതെയും പിരിവിന്റെ കണക്ക് പറയാതെയും വാചകമടിക്കുന്നതിനെ എൽ ഡി എഫും പ്രചാരണ വിഷയമാക്കി
എങ്കിലും വർഗീയത തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും സജീവ ആയുധമാക്കിയത് എന്നത് ഭാവി കേരളം അനുഭവിക്കാൻ പോകുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ ദിശാസൂചികയായി. ഏത് മുന്നണി ജയിച്ചാലും വിജയിക്കുന്നത് എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും പി ഡി പിയുമുൾപ്പെടെയുള്ള മതരാഷ്ട്രീയം മുറുകെപ്പിടിക്കുന്ന സംഘടനകളുടെ പിൻബലത്തിലാണെന്ന പ്രതീതിയാണ് മുന്നണികളുടെ വാദ പ്രതിവാദങ്ങളിൽ വ്യക്തമായത്. അതു തന്നെയാണ് ഈ പ്രചാരണ കാലത്തിന്റെ ശാപമായതും.
മുന്നണികളെല്ലാം വമ്പൻ വാഗ്ദാനങ്ങളുൾക്കൊള്ളുന്ന പ്രകടനപത്രികകൾ അവതരിപ്പിച്ച് വോട്ടർമാരെ കൈയ്യിലെടുക്കാൻ പരമാവധി ഉത്സാഹിച്ചിട്ടുണ്ട്. ഇവയിൽ അന്തർലീനമായ ഭീമമായ സാമ്പത്തിക ബാധ്യത എങ്ങിനെ മറികടക്കുമെന്നത് മുന്നണികൾക്ക് പ്രശ്നമേയല്ല.എങ്ങിനെയും പാലം കടക്കുക തന്നെ. പിന്നെ വേണമെങ്കിൽ കൂരായണ എന്നു പറയാമല്ലോ.
നരേന്ദ്ര മോദിയെ മുന്നിൽ നിറുത്തി എൻഡിഎ നടത്തിയ ആർഭാട കാംപയിൻ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ബി ജെ പി നേതൃത്വം പ്രതീക്ഷിക്കുന്നത്. പാർട്ടി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണവും പ്രവർത്തകരും കേരളത്തിലെത്തി. യുഡിഎഫും എൽ ഡി എഫും ലക്ഷ്യമിടാത്ത ചെറു ജാതി മത വിഭാഗങ്ങളെ ഉന്നം വച്ചും സാധ്യത മനസ്സിലാക്കിയുമുള്ളതായിരുന്നു എൻ ഡി എയുടെ നീക്കങ്ങൾ. ചെറിയ മാർജിനിൽ തോൽക്കാതിരിക്കാനുള്ള അവരുടെ അടവുനയം വിജയം കൈവരിക്കുമോ എന്ന് കണ്ടറിയണം.
എല്ലാ സ്ഥാനാർത്ഥികളും മുന്നണികളും പ്രചാരണ മാമാങ്കങ്ങൾ നടത്തുമ്പോൾ ചാണ്ടി ഉമ്മൻ ഉയർത്തിപ്പിടിച്ച നവ മാതൃക ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രചാരണത്തിലെ ആർഭാടമെല്ലാ മൊഴിവാക്കിയ ചാണ്ടി ഉമ്മൻ കൊട്ടിക്കലാശവും ഒഴിവാക്കിയാണ് നല്ല രാഷ്ട്രീയത്തിന് മാതൃക തീർക്കുന്നത്.