മുഖ്യമന്ത്രിപദം: സതീശനും രമേശും തമ്മിലെന്ത്?
മോഹൻ കെ
16 April 2026, 9:31 am
സോണിയ ഗാന്ധിയുടെ പ്രധാനമന്ത്രി പദം തെറിപ്പിച്ചത് സഹയാത്രികനായ ശരത് പവാർ .
കോൺഗ്രസിലെ അധികാര വടംവലിയിൽ ഒരു കാലത്തെ കറുത്ത കുതിര.
വെടക്കാക്കി തനിക്കാക്കാൻ എന്നും പയറ്റിയ തന്ത്രശാലി. . പോരാട്ടങ്ങൾ പലകുറി നയിച്ച ബാരാമതിയിലെ രാജകുമാരൻ ഇന്നു ഖിന്നനും രോഗാതുരനും വയോധികനുമാണ്.തന്റെ പ്രസ്ഥാനം അടപടലം തകർന്നിരിക്കുന്നു. ലഭിക്കുമായിരുന്ന പലതും കൈ വീട്ടുപോയി.മകളെ പുനരധിവസി പ്പിക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ.
യെരുശലേം കന്യകമാരെ, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്ത് വിലപിക്കുക.
.
പ്രാദേശിക സത്രപന്മാരുടെ ശേഷിയിലാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയുടെ അസ്തിത്വം നിലകൊള്ളുന്നത്. ഹൈക്കമാൻഡ് എന്ന വാക്കർത്ഥം വെടിഞ്ഞ് സമവായത്തിന്റെയും ഒത്തുതീർപ്പുകളുടെയും തർക്ക പരിഹാരവേദിയുടെയും റോളിലാണ് അതിന്നു പുലരുന്നത്.
ഹൈക്കമാൻഡ് തീരുമാനിക്കും എന്നത് ഒരു വലിയ ബഡായിയാണ്. നേതാക്കൾ അവിടെ ആകുലതകൾ പങ്കിട്ട് ഡിമാൻഡുകൾക്ക് ഉറപ്പ് വാങ്ങി തീരുമാനം അംഗീകരിച്ച്,പാർട്ടിയിലുള്ള കൂറ് പുതുക്കി,കെട്ടിപ്പിടിച്ച്, ഗ്രൂപ്പ് ഫോട്ടോകൾ എടുത്ത് അടുത്ത വണ്ടിക്കു മടങ്ങും.
എല്ലാവരും ഹാപ്പി...അടിപൊളി!
കുറ്റം ചാർത്തരുതല്ലോ.മറ്റുള്ളവർക്ക് ഇതുമില്ല.ദേശീയ,സംസ്ഥാന,ജില്ല, ഫർക്ക കമ്മിറ്റിയെല്ലാം ഇവിടെ തന്നെ.ഇരുവർ തന്നെ. ഹന്ത ഭാഗ്യം ജനാനാം !
ആദരണീയനായ കെ.സുധാകരൻ പറഞ്ഞ പോലെ മോക്ഷം നേടാനൊന്നുമല്ലല്ലോ തെരഞ്ഞെടുപ്പുകളിൽ ആളുകൾ മൽസരിക്കുന്നത്. അധികാരം ഹരമാണ്. അതു നുണയാൻ നുണയാവാം..തന്റെ ശോഭനമായ ഭാവി ഉറപ്പാക്കാൻ കോടതിയിൽ അപേക്ഷിച്ചാണ് പലരും ഇവിടെ നായക വേഷമാടിയതും.
മുന്നണിക്ക് നാഥൻ വേണം.നായകനെ തീരുമാനിക്കുന്നതിൽ ഭിന്നാഭിപ്രായം കടന്നു വരാം.അതിൽ എന്താണ് കുറ്റമായിട്ടുള്ളത് . പാർട്ടിയും നേതാക്കളും ഏകശിലാ നിർമിതിയല്ല. ഭിന്നാഭിപ്രായവും സംവാദവും പരസ്യമായ സ്വത്വാവിഷ്കാരവും ജനാധിപത്യ സമൂഹത്തിൽ എങ്ങനെയാണ് ഒരു മഹാ അപരാധമായി തീരുക.
ബഹുസ്വരതയെ അവഗണിച്ചും അഭിപ്രായങ്ങളെ പാടെ നിരാകരിച്ചുമുള്ള കാഴ്ചപ്പാടുകൾ ജനാധിപത്യ വിരുദ്ധവും യാന്ത്രിക വുമാണ് .വരട്ടുവാദം ഉല്പാദിപ്പിക്കുന്ന. സംവൃതമായ ആശയമാണിത്..
അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ലന്ന് ആരാ പറഞ്ഞത്..?
തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന യാന്ത്രിക രീതി ഒരിക്കലും അഭിനന്ദാർഹമല്ല. സിപിഎമ്മിൽ നടക്കുന്നത് അതാണ്. സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറിയുടെ തീരുമാനങ്ങളെ കൈയ്യടിച്ച് അംഗീകരിക്കണം. അതെങ്ങനെ സർവ്വ സമ്മതിയാകും.ഭിന്നാഭിപ്രായം പറഞ്ഞാൽ അയാൾ അടുത്ത കമ്മിറ്റി കാണില്ല.വീട്ടിൽ പോയി പറയാൻ നേതാവു പറയും. കേന്ദ്രീകൃത ജനാധിപത്യം എന്ന ചപ്പടാച്ചി ജൈവികത ഇല്ലാതായ പാർട്ടിയിൽ അടിച്ചമർത്തലായി പരിണമിക്കും. അവിടെ തിടം വക്കുന്നത് സെക്ടേറിയനിസമാണ്. പ്രബലരുടെ ഇംഗിതമാണ് പാർട്ടി തീരുമാനങ്ങളായി പുറത്തുവരുന്നത്. പാർട്ടിയുടെ സമഗ്രത ഈ വിഭാഗീയതയിൽ തകരും. വ്യക്തി കേന്ദ്രീകൃതമായ ഈ അപ്രമാദിത്വത്തിൽ വിയോജിപ്പുള്ളവർ വർഗ വഞ്ചകരാണ്.കോടാലിക്കൈയ്യാണ്. അധികാര മോഹികളാണ്.വിപ്ലവ വഴിയിലെ കാരമുള്ളുകളാണ്.
ഈ വികട കേന്ദ്രീകൃത ജനാധിപത്യത്തിൽ ഭാര്യമാരും കാമുകിമാരും സ്ഥാനാർത്ഥികളാകും. സഭയിൽ അഴിഞ്ഞാടിയവൻ വിദ്യാഭ്യാസ മന്ത്രിയാകും.അമ്പലക്കള്ളൻ വിശുദ്ധനാകും. സഹകരണ രംഗത്തെ തസ്കരർ ആദരിപ്പെടും.
പൊതുഭരണം കച്ചവട സമാനമാകും. ആത്യന്തികമായി നാടു തകരും.
ഈ തെരഞ്ഞെടുപ്പിലെ സൗന്ദര്യവും അനിതര സാധരണവുമായ നിലപാട് പ്രതിപക്ഷ നേതാവായ വി ഡി സതീശനാണ് എടുത്തതെന്നു പറയാതെ വയ്യ. എൻ.എസ്.എസ്,എസ്.എൻ.ഡി.പി തലവൻമാരുടെ രൂക്ഷമായ വിമർശനങ്ങളിൽ അദ്ദേഹം കുലുങ്ങിയില്ല. വെള്ളാപ്പള്ളിയുടെ വിമർശനം വ്യക്തിഹത്യയോളം എത്തിയിട്ടും സതീശൻ പ്രതികരിച്ചില്ല. അവരുടെ കാലുപിടിക്കാനോ ഖേദിക്കാനോ തുനിഞ്ഞില്ല. സമുദായ നേതാക്കളുടെ ആപ്പീസു നിരങ്ങാൻ താനില്ലെന്ന് നേരത്തെ പ്രഖ്യാപിക്കാനും അദ്ദേഹം തയ്യാറായി. ഐക്യ കേരള ചരിത്ര ത്തിൽ ഇത്രയും ചങ്കൂറ്റവും സ്ഥൈര്യവുള്ള നിലപാടു സ്വീകരിക്കാൻ ഒരു നേതാവും നാളിതുവരെ മുതിർന്നിട്ടില്ല. രാഷ്ട്രീയ നിരീക്ഷകരും വിദ്യാർത്ഥികളും ഇത് അടയാളപ്പെടുത്തും.ജയിച്ചാലും തോറ്റാലും ഇതൊരു ലാൻഡ് മാർക്കാണ്. ഇതിൽ മുതലെടുപ്പ് നടത്താനും പലരും കോപ്പുകൂട്ടി.
മതേതരത്തിന്റെ ആൾരൂപങ്ങൾ ദൂതൻമാരെ വിട്ട് ജാതി,മത,ഉപജാതി ആസാമിമാർക്ക് ചെല്ലും ചെലവും മുറ തെറ്റാതെ നിവർത്തിക്കുകയായിരുന്നല്ലോ?മതേതര ജ്വരത്തിന്റെ മൂർദ്ധന്യതയിൽ ഒരു സമുദായത്തിന്റെ യുനാനി മെഡിക്കൽ കോളെജുവരെ ഏറ്റെടുത്ത അറുമുഖൻമാരുടെ ഭൂമികയിലാണ് സതീശൻ കൂടുതൽ പ്രസക്തനാകുന്നത്.പിണക്കങ്ങളുടെ മുൻ അനുഭവങ്ങൾ പേറുന്ന നാട്ടുകാർ തന്നെയാണ് വോട്ട് കുത്തിയത്. അത് പ്രതീക്ഷിക്കുന്ന വിജയത്തിൽ എത്തിയാൽ ആ മാൻഡേറ്റ് ഇണക്കത്തിനും പിണക്കത്തിനും കൂടി ഉള്ളതാണെന്ന് പച്ച മലയാളം.
ഇവിടുത്തെ പുരോഗമന വികസന,ക്ഷേമ നവകേരള തളളുകളൊക്കെയും വ്യാജ നിർമ്മിതികളാണ്. അവരുടെ നരേറ്റീവുകളെ അപനിർമിക്കുമ്പോഴാണ് യഥാർഥ നവകേരളം സാധ്യമാവുക...
.