വർത്തമാന പത്രങ്ങൾ കാലഹരണപ്പെട്ടിട്ട് കാലമേറെയായി. ഒരു പത്രം പൂർണമായി വായിച്ചു തീർക്കുന്ന നൂറുപേരെ കണ്ടെത്താൻ സാക്ഷര കേരളത്തിൽ ഇന്ന് കഴിയില്ല. ഇന്നത്തെ വായനക്കാർ ശീർഷകങ്ങളിൽ മാത്രം സഞ്ചരിക്കുന്നവരാണ്. ഏറിയാൽ അത് അഞ്ചു മിനിട്ടിൽ തീരും പത്രവായന തപസ്യയാക്കിയവരെയാണ് ഇനി സ്വദേശാഭിമാനി കേസരി പുരസ്കാരത്തിനു പരിഗണിക്കേണ്ടത്.
മത്സ്യം പോലെ നിമിഷ നേരം കൊണ്ട് ചീയുന്നുവെന്നതാണ് പത്രദോഷം. ചീഞ്ഞത് മത്സ്യ പ്രിയർക്കും ആസ്വാദ്യമാവില്ല. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ . ചായ കഴിച്ചു തീരുമ്പോൾ എല്ലാം ശുഭം. മൊബൈൽ മുഴക്കവും ഏത് അപശബ്ദവും മഷി പുരണ്ട ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കും.ഈ പ്രോസസ് ആക്രിക്കാരനിലുടെയാണ് സ്വാതന്ത്ര്യം നേടുന്നത്. ആരും തൊട്ടു നോക്കാത്ത പേജുകൾ ശിവകാശിയിൽ ഒടുങ്ങും. പടക്ക ഫാക്ടറികളിൽ ഏത് സ്തോഭജനകവും സോദ്ദേശപരവുമായ സാഹിത്യവും പൊട്ടിത്തെറിച്ച് ധൂളിയാകും. ഒരു തുടുപ്പായ വാണകാലം സ്മരിച്ച് വീണകാലത്തിൽ തരിച്ച്....
പരിപാവനമെന്ന് ഇപ്പോഴും നിഷ്കളങ്കർ കരുതുന്ന എഡിറ്റോറിയലും എഡിറ്റോറിയൽ പേജും ആരോരും തുറക്കാത്ത അറകളാണ്.അഭിപ്രായങ്ങളും നിഗമനങ്ങളും നിരീക്ഷണങ്ങളും കുത്തി മറിയുന്ന ഈ പേജുകൾ ഇന്ന് ഏറെയും പ്രയോജനം ചെയ്യുന്നത് ഉണ്ടം പൊരി പൊതിയാനാണ്. 'ചേച്ചീ പേപ്പറു തരുമോ ചോറു പൊതിയാൻ 'എന്ന അയൽക്കാരിയുടെ പ്രയോജന പരതയിൽ മലയാളത്തിലെ ദേശീയ പത്രങ്ങൾ തലയടിച്ചു വീഴുകയും നിലനില്ക്കുകയും ചെയ്യുന്നു. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ സൽപ്പേരു നേടാൻ നിരന്തരം നടത്തുന്ന പൊതിച്ചോർ വിതരണത്തിലാണ് പത്രങ്ങളുടെ ഭാവി കുടി കൊള്ളുന്നത്.
പല സ്വാധീനത്തിലും വഴങ്ങി കളളം വാങ്ങി കളളമെന്നറിഞ്ഞു വായിച്ച് നാം സ്വയം വ്യാജരായി മാറുകയാണ്..ദിനവും.
ശരാശരി മലയാളി മുറ പോലെ ഒന്നോ അറിലധികമോ പത്ര ങ്ങളുടെ വരി എടുക്കുകയും മുറപോലെ ഒന്നും വായിക്കാതിരിക്കുകയും പൊതു വിടങ്ങളിൽ തള്ളി മറിക്കുകയും ചെയ്യും. ബാധ പോലെ ഇനിയും പ്രഭാതങ്ങളിൽ അതെത്തും.പഴയ ജനുസിലുള്ള തൂലികാഉന്തികളെയും നമുക്കു സംരക്ഷിക്കേണ്ടതുണ്ട്. നിഷ്പക്ഷം,നിസ്വാർത്ഥം, നിശിതം,, നിരന്തരം...
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



