NewsAd1
പേടിക്കേണ്ട.... കെ സി കേരളത്തിലേക്കില്ല
ഉമ മേനോൻ
23 April 2026, 7:51 am
main image of news

ഞങ്ങളല്ലാതെ മറ്റാരുണ്ട് എന്ന ഇടതു ചോദ്യത്തിനുള്ള കേരള ജനതയുടെ മറുപടി വരുന്നതുവരെ കാത്തിരിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തയ്യാറല്ല. 100 ഇല്ലെങ്കിൽ പോട്ടെ, നേരിയ ഭൂരിപക്ഷം പോലും കോൺഗ്രസിന് നൽകുന്ന ആശ്വാസം ചെറുതാവില്ല എന്ന് ലീഡർ കെ കരുണാകരനും ഉമ്മൻചാണ്ടിയും തെളിയിച്ചതുമാണ്. ആ ഊർജ്ജം പകരുന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി കസേരയുടെ പേരിൽ കോൺഗ്രസ് പാർട്ടിക്ക് ഉള്ളിൽ പോര് കനക്കുന്നത്.

ജാതി മത പ്രാതിനിധ്യവും ജയിച്ചു വരുന്ന എംഎൽഎമാർ ആരെയൊക്കെ പിന്താങ്ങും എന്ന കൂട്ടലും കിഴിക്കലും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണിപ്പോൾ.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടമായിരുന്ന ഐക്യത്തിന്റെ മുഖം മുഖ്യമന്ത്രി കസേരയിൽ തട്ടി മുന്നോട്ടുപോകുന്ന കാഴ്ച .ഫലം വരും മുമ്പുള്ള ചർച്ചകൾ അപ്രസക്തമെങ്കിലും മുഖ്യമന്ത്രി സ്ഥാനമോഹികളുടെ ഉറക്കം കെടുത്തുകയാണ് കെ സി വേണുഗോപാൽ കേരളത്തിലേക്ക് വരുമോ എന്ന ചോദ്യം.

ഹൈക്കമാന്റിന്റെ വിശ്വസ്തനായ സംഘടനാ പ്രവർത്തകൻ, കേന്ദ്ര നേതൃത്വത്തിന്റെ പ്രധാന തന്ത്രജ്ഞൻ , ഡൽഹിയിൽ കോൺഗ്രസ് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നയാൾ ഒക്കെ ആയ കെ സി വേണുഗോപാൽ കേരളത്തിലേക്കില്ല എന്ന വാദവും ശക്തമാണ്.

ചങ്ങനാശ്ശേരി പോപ്പിന്റെയും ശ്രീനാരായണ കോർപ്പറേറ്റ് മുതലാളിയുടെയും വാക്കുകൾ പഴയതുപോലെ ഫലിക്കാനിടയില്ല. ഇവരുടെ വാക്കുകൾ അപ്രസക്തമാകുന്നത് കൊണ്ടാണോ എന്നറിയില്ല, സീറോ മലബാർ സഭാ നേതൃത്വത്തോടും ലീഗിന്റെയും സമസ്തയുടെയും ഒക്കെയും ചെല്ലപ്പിള്ളയായി മാറാനുള്ള ശ്രമം വി ഡി സതീശൻ തുടരുന്നത്.
HomeAd1
 image 3 of news

സാക്ഷാൽ രാഹുൽ ലോകം ചുറ്റി നടക്കുമ്പോഴും പട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കുമ്പോഴും അല്ലാത്തപ്പോഴും സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കോൺഗ്രസ് നേതാക്കളെ സ്വീകരിച്ചിരുത്തി അവരുടെ ആവശ്യങ്ങൾ സോണിയയെയും പ്രിയങ്കയെയും രാഹുലിനെയും ബോധിപ്പിക്കേണ്ടതുണ്ടോ എന്ന തീരുമാനം എടുക്കേണ്ട കസേരയിലിരിക്കുന്നയാളാണ് വേണുഗോപാൽ. അദ്ദേഹം അവിടെ തുടരേണ്ടത് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെയും കൂടി താൽപര്യപ്രകാരമാണ് എന്നതാണ് വസ്തുത. മുഖ്യമന്ത്രി കസേര കെ സി വേണുഗോപാൽ ആഗ്രഹിച്ചാലും ഇല്ലെങ്കിലും കേരളത്തിലെ സഭകളുടെ കൂടി സമ്മതപത്രം ലഭിച്ചാൽ മാത്രമേ കെ സി ക്ക് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം ഒരു സാഹചര്യത്തിൽ പണ്ട് ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ഒക്കെ വിരാജിച്ചിരുന്ന ആ കസേരയിൽ വിരിഞ്ഞിരിക്കുന്ന ആ സുഖം കെ സി ത്യജിക്കുമോ അല്ലെങ്കിൽ അരമന അനുവാദം ലഭിക്കുമോ എന്നതാണ് ചോദ്യം.

കെ സി വേണുഗോപാൽ കേരളത്തിലേക്ക് വന്നാൽ അത് അദ്ദേഹത്തിന് മാത്രമല്ല കോൺഗ്രസ് പാർട്ടിക്ക് തന്നെ നഷ്ടമാകാനാണ് സാധ്യത എന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ഒരു സമവായ സ്ഥാനാർഥി ആകുന്നതിന് പിന്നിലെ അനിവാര്യതയും സുരക്ഷിതത്വവും തമ്മിലെ മാനസിക സംഘർഷങ്ങൾക്കൊടുവിൽ കെ സി കേരളത്തിലേക്ക് വരാനുള്ള സാധ്യത നന്നേ കുറവാണ് .

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞