NewsAd1
വിടമാട്ടേൻ.... ഉന്നൈ കൊന്ന്.... ഉൻ രക്തത്തെക്കുടിത്ത്......
അശ്വന്ത് വി.കെ
3 May 2026, 5:58 am
main image of news

തുള്ളാനും തള്ളാനുമായി ആട്ടക്കാർ ഒരുങ്ങി കഴിഞ്ഞു. പൊട്ടാനുള്ള കതിനയും വെടിമരുന്നും മാത്രമല്ല കൊമ്പുകാരും ഊത്തുകാരും കൊട്ടുകാരും റെഡി . നാളെയാണ് ദുർഗാഷ്ടമി.

കുളിയും തേവാരവും കഴിഞ്ഞ് കഞ്ഞിയും പുഴുക്കും മോന്തി കണ്ഠ ശുദ്ധി വരുത്തിവാർത്താ ചാനൽ ഫ്ളോറുകളിൽ അവർ നാലിന് വെളുപ്പിനെത്തും.
പൂരാഘോഷമാണ് ചാനലുകൾക്ക് . പൂക്കുലയും പള്ളിവാളും കാൽച്ചിലമ്പും അണിഞ്ഞ് അന്തം വിട്ടുള്ള ഉറഞ്ഞു തുള്ളലാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
പ്രേക്ഷകർക്ക് വേണ്ടതും വസ്തുതകൾക്കപ്പുറം ഇത്തരം മെന്റലിസം തുള്ളൽ ഷോകളാണ്.

 image 2 of news

ചാനൽ സേട്ടൻമാരും സേച്ചിമാരും ഫലം അറിയുന്ന അതേ നിമിഷം തന്നെ ഇവിടെയുള്ള യാതൊരാൾക്കും റിസൾട്ടറിയാൻ തെരഞ്ഞെടുപ്പ് കമിഷന്റെ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട കാര്യമേയുള്ളു.വെബ്സൈറ്റ് സന്ദർശിച്ചാലും മതിയാകും. വേറെയുമുണ്ട് ഒരു ഡസൻ ബദലുകൾ. എങ്കിലും നേരിട്ടറിയുന്നത് നമുക്ക് മതിയാവില്ല. നമുക്ക് നമ്മളേക്കാൾ വിശ്വാസം ചാനലവതാരങ്ങളെയാണ്.

ന്യായം,സത്യം, നിഷ്പക്ഷത ഇവയെല്ലാം ഈ പച്ചയും കത്തിയും വേഷക്കാരുടെ പകർന്നാട്ടത്തിൽ തുണി ഇല്ലാതെ രംഗം വിടുന്നതു കാണാം.എന്തു പോയാലും വേണ്ടില്ല ചാനൽ റേറ്റിംഗ് ഉയരണം. നാക്കിന്റെ നീളവും വാക്കിന്റെ ഓളവും മതി. അലറുകയും അമറുകയും ചെയ്യാൻ ഇവ ധാരാളം. അംഗുശമില്ലാത്ത ചാപല്യങ്ങൾ പലപ്പോഴും ഹിസ്റ്റീരിയയാണ് കാണികളായ നമ്മൾക്കു പകർന്നു നൽകുന്നത്.
HomeAd1

അവധാനതയോടെയും ശാന്തമായും അവതരിപ്പിക്കേണ്ടവ, മുഖം വക്രീകരിച്ചും പുരികക്കൊടികൾ ഉയർത്തിയും കോപാന്ധതയാൽ കണ്ണുകൾ തുറിച്ചു ചുവന്നും 20000 ഡസിബല്ലിൽ പകരാനാണ് ന്യൂസ് ആങ്കർ (anger?)മാരിൽ ഭൂരിപക്ഷത്തിനുമിഷ്ടം. ഡി ജെ പാർട്ടികളുടെ കാതടപ്പിക്കുന്ന സംഗീതമലിനീകരണം ഉണർത്തുപാട്ടായി കാണുന്ന തലമുറയ്ക്ക് ശബ്ദം പരമാവധിയുയർത്തുന്ന ആംഗ്രി ബേഡുകളെയാണിഷ്ടം.

അവലോകനത്തിനു എത്തുന്നവർ ഇതിലും വിശേഷമാണ്. ആത്മാഭിമാനമുള്ളവർ ഈ പേക്കൂത്തുകളിൽ പങ്കാളികളാവാൻ മടിക്കും. കൈവിരലിൽ എണ്ണി എടുക്കാവുന്നവർ മാത്രമാണ് ഇപ്പോഴും വക്താക്കളായി ഇവിടെയുള്ളത്.
പാർട്ടിക്കാരുടെയും നാട്ടുകാരുടെയും എന്തിന്, വീട്ടുകാരുടെ മുന്നിൽപ്പോലും സാന്നിധ്യം കാട്ടാനും വല്ലതും എവിടെ നിന്നെങ്കിലും ഒപ്പിക്കാനുമാണ് പാവത്തുങ്ങളുടെ ശ്രമം. ന്യൂസ് എഡിറ്റർ മകുടി ഊതുമ്പോൾ,ചായപ്പൊടിയില്ലാത്ത ചായവെള്ളവും കടലയില്ലാത്ത കനച്ച മിക്സറും പ്രതീക്ഷിച്ച്, കാസറഗോഡായാലും വക്താക്കൾ മിന്നൽപ്പിണറായി അതതു കേന്ദ്രങ്ങളിൽ ഇഴഞ്ഞെത്തും.

 image 4 of news

വാർത്താ ചാനലുകൾ ഒരുക്കുന്ന ഈ അവധി വ്യാപാരത്തിൽപ്പെട്ടു പോകുന്നത് സാധാരണക്കാരാണ്.ഒരിക്കലും ഒന്നും തിരിച്ചു കിട്ടാത്ത രാഷ്ട്രീയ വിശ്വാസികൾ. വെറുതെ ആവേശം കൊള്ളാനും എതിർക്കാനും നിയോഗിക്കപ്പെട്ടവർ..

ഒന്നും രണ്ടും വെടിഞ്ഞു ഉറക്കറയിൽ കുത്തി ഇരുന്ന് അവർ ചാനലിന് റേറ്റുകൂട്ടും.പ്രാതലിനും ഊണിനും നിർബ്ബന്ധിക്കുമ്പോൾ ഭാര്യയെ തെറി വിളിക്കും. വികസനത്തിന്റെ പുതിയ ഉണ്ടം പൊരികളാണല്ലോ വരാനിരിക്കുന്നത്.

വാർത്തകളുടെ വിന്യാസത്തിൽ ഇന്ന് കുത്തകയൊന്നുമില്ല.മാധ്യമ പ്രവർത്തക സമൂഹത്തെ ടെക്നോളജി അസാധുവാക്കുന്നു. ഏതു അശിക്ഷിതനും ഏതു വാർത്തയും കിട്ടും.മികവോടെ പുനരാവിഷ്കരിക്കാനും അവർക്കാകും.

വെറും സാധാരണക്കാരായ വീട്ടമ്മമാർ ഒരുക്കുന്ന റീലുകളും അതിലെ ഉള്ളടക്കവും അഭിനയവും പ്രൊഫെഷണലുകൾക്കു പോലും അപ്രാപ്യമാണ്.
വോട്ടെടുപ്പ് വിശേഷങ്ങൾ ഒരു മുഴം മുമ്പേ നീട്ടിയെറിയാനെത്തുന്നവർ ഇക്കാര്യങ്ങൾ കൂടി ഓർമ്മയിൽ വച്ചാൽ നന്നാവും.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞