NewsAd1
നേതൃത്വത്തെ അണികൾ തിരുത്തുമ്പോൾ.....
ബിനോയ് വർഗീസ്
4 May 2026, 12:55 pm
main image of news

ഇതുവരെ കണ്ടതൊന്നുമായിരുന്നില്ല വിസ്മയങ്ങൾ എന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു. ജനങ്ങൾ ബാലറ്റിൽ കാത്തുവെച്ച വിസ്മയം കണ്ട് ഞെട്ടിയിരിക്കുകയാണ് രാഷ്ട്രീയ കേരളം.

അണികൾ നേതൃത്വത്തെ തിരുത്തണം എന്ന് ആഹ്വാനം ചെയ്താണ് പയ്യന്നൂരിൽ സി പി എം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് പുറത്തേക്ക് പോയത്. പാർട്ടിയെ മറയാക്കി രക്തസാക്ഷി ഫണ്ട്‌ ഉൾപ്പെടെ അടിച്ചു മാറ്റുന്നത് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താത്തതിൽ മനം നൊന്താണ് അദ്ദേഹം ജനങ്ങളോട് കാര്യങ്ങൾ തുറന്ന് പറയാൻ തീരുമാനിച്ചത്.
പാർടിയെ കീഴ്പ്പെടുത്തിയ ഏകാധിപത്യത്തിനും ഉൾപ്പാർട്ടി ജനാധിപത്യ നിഷേധത്തിനും എതിരെ ശബ്ദം ഉയർത്തിയാണ് ജില്ലാ സെക്രട്ടറിയറ്റ് അംഗം ആയ ടി കെ ഗോവിന്ദൻ പുറത്തേക്ക് പോയത്. നേതൃത്വത്തിന്റെ തെറ്റായ സമീപനം സഹിക്കാൻ കഴിയാതെ പുറത്തു പോകേണ്ടി വന്ന ആൾ ആണ് ജി സുധാകരൻ.

 image 2 of news

പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും മാത്രമല്ല കേരളമാകെ അണികളും പൊതു ജനങ്ങളും സി പി എമ്മിനെ തിരുത്തുകയാണ്, തങ്ങളുടെ സമ്മതിദാ നാവകാശത്തിലൂടെ

ശരിയായ സിപി എം എന്നതിനായുള്ള ജനങ്ങളുടെ ആഗ്രഹത്തെയാണ് വിധി പ്രതിഫലിപ്പിക്കുന്നതെന്നാണ് പയ്യന്നൂരിൽ വിജയിച്ച വി കുഞ്ഞി കൃഷ്ണൻ പറഞ്ഞത്.
“ഒരു പോരാട്ടത്തിന് ശേഷമാണ് ഞാൻ സിപിഐ എമ്മിൽ നിന്ന് പുറത്തുവന്നത്. അവർ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നേതൃത്വം ഈ വിധിയിൽ നിന്ന് പാഠം പഠിച്ച് തിരുത്തലുകൾ വരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
HomeAd1
 image 3 of news

കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തിന്റെ വിജയമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജനങ്ങളെ "പഠിപ്പിക്കുക"യല്ല, ജനങ്ങളിൽ നിന്ന് പഠിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കുകയാണ് വേണ്ടതെന്ന് തിരിച്ചറിയാൻ സി പി എമ്മിന് ഇനിയും സാധിക്കുമെന്ന് തോന്നുന്നില്ല. ഇതിനകം വന്ന നേതാക്കളുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.

പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുന്ന രീതിയിൽ തങ്ങളുടെ ഇഷ്ടാ നിഷ്ടങ്ങൾ തീരുമാനങ്ങളായി ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നാണ് ഈ വിധി അടിവരയിടുന്നത്. ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കുന്ന മോശം അധ്യാപകരായി പാർട്ടി നേതൃത്വം മാറിയെന്നാണ് ജനം മനസിലാക്കിയിരിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നവർ പാർട്ടിയിൽ നിന്ന് പുറത്തു പോകുമ്പോഴും ഈ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് എം എൻ വിജയൻ പറഞ്ഞ പ്രശസ്തമായ വാക്യവും ഓർക്കുന്നത് നല്ലതാണ്.

 image 4 of news

പാർട്ടിയെ വിമർശിച്ചാൽ അവരെ വർഗ വഞ്ചകരെന്ന് ആക്ഷേപിച്ചു അണികളിൽ നിന്നും ജനങ്ങളിൽ നിന്നും അകറ്റാൻ ഇനിയും കഴിയില്ലെന്ന് കൂടി ഈ വിധി വിളിച്ചു പറയുന്നുണ്ട്. ഏറ്റവും കടുത്ത വർഗ വഞ്ചന നയ വഞ്ചന ആണെന്ന് പാർട്ടി അണികളും അനുഭാവികളും സഹയാത്രികരും തിരിച്ചറിയുന്നു എന്നാണ് തളിപ്പറമ്പും പയ്യന്നൂരും ഉറക്കെ പറയുന്നത്. അത് സി പി എം നേതൃത്വം കേൾക്കുമോ തിരിച്ചറിയുമോ എന്നതിന്റെ ഉത്തരമാണ് പാർട്ടി യുടെ കേരളത്തിലെ ഭാവി നിശ്ചയിക്കുക.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞