മണ്ണ് ഖനനത്തിന്റെ മറവിൽ ഐ ആർ ഇയിൽ കോടികളുടെ അഴിമതി : കരാറുകാരൻ 4 കോടി തട്ടിയതായി പരാതി. REACH EXCLUSIVE
എം എസ് സനിൽ കുമാർ
9 May 2026, 4:20 am
കൊല്ലം ജില്ലയിലെ ചവറയിലുള്ള ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിൽ ഖനനാവശ്യത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തുകയിൽ നാല് കോടി രൂപയിലേറെ കരാറുകാരൻ തട്ടിയെടുത്തതായി പരാതി. കുടിയൊഴിപ്പിക്കപ്പെട്ടവർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന്റെ പൊന്മന, വെള്ളനാത്തുരുത്ത് മൈനിങ് സൈറ്റുകളിൽ നിന്ന് മണ്ണ് ഖനനാ വശ്യത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഭൂവുടമകളാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ മൈനിങ് സൈറ്റുകളിൽ ഇൻലാന്റ് ഖനനം ചെയ്യുവാനായി ഐആർഇ ക്ഷണിച്ച 2019 മുതലുള്ള മുഴുവൻ ടെണ്ടറുകളിലും മൈനിങ് സൈറ്റുകളിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ഓരോ ടൺ മണ്ണിനും 222 രൂപ എന്ന നിരക്കിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.ഈ നഷ്ടപരിഹാരത്തിൽ 40% ഓരോ ഭൂവുടമ കളുടേയും അവകാശപ്പെട്ട തുകയിൽ നിന്ന് കുറച്ച് ഈ തുക വെള്ളനാത്തുരുത്ത് ശ്രീ സുഗുണാനന്ദ വിലാസം കരയോഗത്തിന്റെ വെൽഫെയർ ഫണ്ടിലേക്ക് സഹായധനമായി നൽകാനുള്ള സമ്മതപത്രം ഭൂവുടമകൾ കമ്പനിയിൽ നൽകിയിട്ടുമുണ്ട്.എന്നാൽ കരാർ ഏറ്റെടുത്ത ദീപ്തി ട്രാൻസ്പോർട്ട് സർവീസ് എന്ന കമ്പനി 2023 മുതൽ വെള്ളനാത്തുരുത്തും പൊന്മനയും നടന്ന ഇൻലാൻഡ് മൈനിങ് ജോലികൾ പ്രകാരവും ഡ്രഡ്ജ് സാന്റ് ജോലികൾ അനുസരിച്ചും ഭൂവുടമകൾക്കുനൽകേണ്ട നഷ്ടപരിഹാരത്തിലും വെൽഫയർ തുകയിലും വലിയ ക്രമക്കേടുകൾ നടത്തിയതായി ഭൂവുടമകൾ നൽകിയ പരാതിയിൽ പറയുന്നു.
കരാർ വ്യവസ്ഥ പ്രകാരമുള്ള തുക ഭൂവുടമകൾക്കും സമ്മതപത്രപ്രകാരമുള്ള തുക കരയോഗത്തിന്റെ അക്കൗണ്ടിലും നൽകിയിട്ടില്ല. 4 കോടിയിലേറെ രൂപ 2023 മുതലുള്ള ജോലികളിൽ കരാറുകാരൻ തട്ടിയെടുത്തതായാണ് ആരോപണം.
ടെൻഡർ വ്യവസ്ഥ പ്രകാരം മെഷിനറി ഓപ്പറേഷൻ ചെലവ് മാത്രമാണ് കരാറുകാരന് അവകാശപ്പെട്ടത്.കമ്പനിയുടെ ഖനനാവശ്യത്തിനായി നാമമാത്രമായ തുകയ്ക്ക് വീടും സ്ഥലവും വിട്ടു നൽകിയ ഭൂവുടമകൾ ഇപ്പോൾ അക്ഷരാർത്ഥത്തിൽ ചതിയിൽപ്പെട്ടു എന്നാണ് ആരോപണം.
ഐ ആർ ഇ കമ്പനി കരാറുകാരന് നൽകിയ ഭൂവുടമകളുടെ പട്ടികയിൽ 30%ത്തിനു മുകളിലുള്ള ആളുകൾ അവകാശികൾ ഇല്ലാതെ മരിച്ചവരും കുടിയൊഴിപ്പിക്കപ്പെട്ട് ആനുകൂല്യങ്ങളെ കുറിച്ച് ഒരു അറിവും ഇല്ലാതെ ദൂരസ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരും ആണെന്നാണ് സൂചന.ഇവർ പണ്ട് ഭൂമി കൈമാറ്റം ചെയ്യുമ്പോൾ നൽകിയ പഴയ അക്കൗണ്ട് നമ്പറുകളാണ് ഐ ആർ ഇ കരാറുകാരന് നഷ്ടപരിഹാരം നൽകുന്നതിനായി നൽകിയത്.
നിലവിലില്ലാത്ത ഈ അക്കൗണ്ടുകളിലേക്ക് നഷ്ടപരിഹാരത്തുകയായ കോടികൾ കൈമാറിയതായി വ്യാജരേഖ ഉണ്ടാക്കി തുക അത്രയും കരാറുകാരൻ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. അവകാശികൾ ഇല്ലാത്ത ഉടമകളുടെ നഷ്ടപരിഹാര തുക വീതിച്ച് കൃത്യമായി മറ്റുള്ള ഉടമകൾക്ക് കൈമാറണമെന്ന് പരാതിക്കാർ ആവശ്യപ്പെടുന്നു. ടെണ്ടർ വ്യവസ്ഥ പ്രകാരം ഇ പെയ്മെന്റ് രീതി വഴി ഭൂവുടമകളുടെ അക്കൗണ്ടിലേക്ക് കരാറുകാരൻ നഷ്ടപരിഹാരം കൈമാറണം.
ഓരോ വർക്കും അടിസ്ഥാനമാക്കി കരാറുകാരൻ ഭൂവുടമകളുടെ അക്കൗണ്ടിലേക്ക് നടത്തിയ ബൾക്ക് നെഫ്റ്റ് ട്രാൻസ്ഫർ ഐ ആർ ഇ കമ്പനി കൃത്യമായി പരിശോധിച്ചാൽ നഷ്ടപരിഹാരത്തുകയിലുള്ള ഈ വൻ തിരിമറി കണ്ടെത്താൻ സാധിക്കുമെന്നും പരാതിക്കാർ പറയുന്നു.
തട്ടിയെടുത്ത കരാർ തുക കരാറുകാരന്റെ വെള്ളനാത്തുരുത്ത്,പൊന്മന മൈനിങ് വർക്കിന്റെ ബില്ലിൽ നിന്നോ ഐആർഇയിലുള്ള മറ്റു വർക്കുകളുടെ ബില്ലിൽ നിന്നോ ഈടാക്കി ഭൂവുടമകൾക്ക് തിരിച്ചു നൽകണമെന്നാണ് പരാതിക്കാരുടെ ആവശ്യം.