NewsAd1
കെ സി ക്കു വേണ്ടി പിആർ ഏജൻസികൾ; മാധ്യമങ്ങളിലൂടെയുള്ള കെ സി വാഴ്ത്തുകൾക്ക് കൈ നിറയെ പണം.
അശ്വന്ത് വി.കെ
9 May 2026, 1:43 pm
main image of news

കേരളത്തിലെ കോൺഗ്രസിൽ വൻ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിക്കൊണ്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനും സതീശന് അനുകൂലമായ ജനവികാരം ശമിപ്പിക്കാനും ലക്ഷ്യമിട്ട് കൊച്ചി കേന്ദ്രീകരിച്ച് വൻതോതിൽ പണമൊഴുക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ വാർത്താ ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കുമായി കോടിക്കണക്കിന് രൂപയാണ് പിആർ ഏജൻസികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ദേശീയ തലത്തിൽ സ്വാധീനമുള്ള ഒരു പ്രമുഖ ചാനലിന് രണ്ട് കോടി രൂപയും,വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ കേരളത്തിലെ മറ്റൊരു ചാനലിന് ഒന്നര കോടി രൂപയും പ്രതിഫലമായി നൽകിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതിന് പുറമെ, സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും കെ.സി അനുകൂല പ്രചാരണം നടത്താൻ ചെറിയ പോർട്ടലുകൾക്ക് മൂവായിരം മുതൽ പതിനായിരം രൂപ വരെയാണ് ഓരോ വാർത്തയ്ക്കും ഓഫർ ചെയ്തിരിക്കുന്നത്.

'ഹൈക്കമാൻഡിനോട് പ്രതിഷേധിച്ച് വി.ഡി. സതീശൻ പാർട്ടി വിടും' എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാനാണ് പിആർ ഏജൻസികൾ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സതീശനെ ഹൈക്കമാൻഡിന് മുന്നിൽ അനഭിമതനാക്കുകയും അതുവഴി കേരള രാഷ്ട്രീയത്തിൽ കെ.സി. വേണുഗോപാലിന് സ്വീകാര്യത വർദ്ധിപ്പിക്കുകയുമാണ് ഈ നീക്കത്തിന് പിന്നിലെ തന്ത്രം. അടുത്ത 15 ദിവസത്തേക്ക് കെ.സി. വേണുഗോപാലിനെ വാഴ്ത്തിപ്പാടുന്ന വാർത്തകൾ മാത്രം നൽകണമെന്ന ധാരണയിലാണ് പല മാധ്യമങ്ങളും എത്തിയിരിക്കുന്നത്.

കെ.സി. വേണുഗോപാലിന്റെ സെക്രട്ടറിയുടെ വിശ്വസ്തരായ രണ്ടുപേരാണ് കൊച്ചിയിലെത്തി മാധ്യമ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പണം വിതരണം ചെയ്യുന്നതും വാർത്തകൾ തയ്യാറാക്കി നൽകുന്നതും ഇവരുടെ മേൽനോട്ടത്തിലാണ്. എന്നാൽ, വാർത്തകളുടെ ഉള്ളിലെ രാഷ്ട്രീയ ചതിക്കുഴികൾ മനസ്സിലാക്കിയ പല ഓൺലൈൻ മാധ്യമങ്ങളും ഈ ഓഫർ നിരസിച്ചതായും അറിവുണ്ട്.
HomeAd1
 image 3 of news

നേരത്തെ വി.ഡി. സതീശനെ പിന്തുണച്ചിരുന്ന കേരളത്തിലെ ഒരു പ്രമുഖ വലതുപക്ഷ ഓൺലൈൻ ചാനലും ഉടമയും പിആർ ഏജൻസിയുടെ വലയിൽ വീണതായാണ് വിവരം. ലക്ഷക്കണക്കിന് രൂപയാണ് ഈ ചാനലിന് മാത്രമായി നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പോർട്ടലിൽ വരുന്ന വാർത്തകൾ സതീശനെ വ്യക്തിഹത്യ ചെയ്യുന്നതും വേണുഗോപാലിനെ ഉയർത്തിക്കാട്ടുന്നതുമാണ്. ഇത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരു വന്നാലും തുടർച്ചയായി വാർത്തകൾ നൽകി കെ.സി യുടെ ഇമേജ് മെച്ചപ്പെടുത്തണം. സതീശനോ ചെന്നിത്തലയോ മുഖ്യമന്ത്രിയാവുന്ന സാഹചര്യമുണ്ടായാൽ ത്യാഗ പരിവേഷത്തിലേക്ക് കെ.സിയെ എത്തിക്കാനും പി ആർ ടീം ലക്ഷ്യമിടുന്നു. മുഖ്യമന്ത്രിയാവാനുള്ള നീക്കങ്ങളിൽ വിജയിച്ചാലും ഒരു മാസത്തിൽ കുറയാതെ ഇതേ പി ആർ വർക്കുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഈ ഘട്ടത്തിൽ, ഗ്രൂപ്പ് പോര് തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കെ.പി.സി.സി ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞