പ്രതിപക്ഷമുഖ്യൻ:കാരണഭൂതനല്ലാതെ വേറെ ആരുണ്ട്?
മോഹനൻ കെ
16 May 2026, 11:28 am
ജനവിധി പിണറായിക്കെതിരാണ്.
സിപിഎമ്മിനെതിരാണ്.
എൽഡിഎഫിനെതിരാണ്.പിന്നെങ്ങിനെ പിണറായി പതിനൊന്നാം നാൾ പ്രതിപക്ഷ നേതാവായി ഉണർത്തെണീറ്റു ?
ജനവിധിയിൽ നിന്നും സിപിഎം ഒരു പുല്ലും പഠിക്കില്ല എന്ന ശാഠ്യമാണത്.
മുഖ്യനാകാനേ പിണറായിക്ക് വയസിളവുള്ളു എന്ന കാര്യം സംസ്ഥാന കമ്മിറ്റി വിഴുങ്ങി. നേരെ നടക്കാൻ പോലും കഴിയാത്ത വാർദ്ധക്യത്തിന്റെ അസ്കിതകളിലും പൂത്തുലയുന്നത് ആർത്തിയും അതിമോഹവും അടവുകളുമാണ്..
ഏകെജി സെന്ററിലെ സൗകര്യം പോരാതെ വരുന്നു..ലക്ഷം രൂപമുടക്കിയുള്ള രമ്യഹർമ്യത്തിന്റെ വാടക ചിലവിലും അസ്വസ്ഥത. ഈ തൊന്തരവുകൾക്കുള്ള ഒറ്റമൂലിയാണ് പ്രതിപക്ഷ നേതാവിന്റെ പദവി. സൗജന്യവാസവും ശമ്പളവും,25 സ്റ്റാഫും .. ഇതാണ് പിണറായി വിപ്ലവം .. ഇതിനുമപ്പുറം മറ്റൊന്നു കൂടിയുണ്ട്.കണ്ണൂർകാരല്ലാത്ത ഒരുത്തനും താക്കോൽ സ്ഥാനങ്ങളിൽ വേണ്ട എന്നതാണത്. വല്ല കൊല്ലംകാരനെയും നിയമിച്ചു പൊല്ലാപ്പിൽപ്പെടണോ?.
ഇടതുപക്ഷ വിശ്വാസികൾക്ക് അപമാനകരമായ തെരഞ്ഞെടുപ്പു പരാജയം ക്ഷണിച്ചു വരുത്തിയ മാന്യ ദേഹങ്ങളാണല്ലോ വിജയനും ഗോവിന്ദനും.. അവർക്ക് സ്ഥാനങ്ങളിൽ നിന്നും മാറി നിന്നു മര്യാദ കാട്ടാൻ കഴിയുന്നതേയില്ല. കൊങ്ങികളെ പോലെ അധികാര കൊതിയല്ല. അസഹ്യമായ പ്രതിബദ്ധത!
പിണറായി പ്രചാരണം നയിച്ചാൽ മതിയെന്നും മൽസരിക്കേണ്ടതില്ലെന്നും പി ബി യിൽ അഭിപ്രായമുണ്ടായിട്ടും ഇവിടത്തെ സൂപ്പർ പിബി അതു തള്ളി.
കോൺഗ്രസ്സിൽ വിജയ ശില്പി വൈകിയെങ്കിലും മുഖ്യമന്ത്രിയായി.
സി പി എം ൽ പരാജയ ശില്പി പ്രതിപക്ഷ നേതാവും.
ജനാധിപത്യത്തിന് ചില സന്ദർഭങ്ങളിൽ സൗന്ദര്യം ശാപമാണ്.
പ്രതിപക്ഷ നേതൃത്വ പദവിയിലേക്ക് കഥാനായകനെ തീരുമാനിക്കുന്നത് സിപിഎം സംസ്ഥാന സമിതിയാണ്.എൽഡിഎഫിൽ ഇക്കാര്യത്തിൽ അവതരണമില്ല.ചർച്ചയില്ല.തീരുമാനമില്ല.ഈ ഊരാൺമയുടെ പേരാണ് എൽഡിഎഫ് ! ഉപനേതാവ് പദവിക്കു വേണ്ടി ബിനോയ് വിശ്വം കരയാൻ തുടങ്ങിയിട്ടു വാരം രണ്ടായി.
പാർട്ടി ജില്ലാ സെക്രട്ടറിയേറ്റുകൾ പിണറായിയെ തള്ളിയുള്ള തീരുമാനങ്ങളിലേക്ക് വരുന്നതാണ് പുതിയ കാഴ്ച..
ഒരുപാടു നരേറ്റിവുകൾ പുറത്തു വരുന്നുണ്ട്. തോറ്റ കാരണം പാർട്ടിയല്ല ഭരണമല്ല പിണറായി അല്ല ചേച്ചിയമ്മയുമല്ല. പിന്നാര്,എന്തര്? .വെറും ബേബിയായ ബേബി സഖാവ് പറയുന്നത് അമേരിക്കൻ സാമ്രാജ്യത്വം എന്നാണ് .
എല്ലാ തലങ്ങളിലുമുള്ള കമ്മിറ്റികളിൽ എല്ലാം തുറന്നടിക്കാം എന്നാണ് ബേബി സഖാവ് പറഞ്ഞത്.അങ്ങനെ പണ്ടു തുറന്നടിച്ചവർ ഇന്നു വീട്ടിലിരുന്നു ഈച്ചയാട്ടുന്നു. . വെട്ടി നിരത്തലിൽ ജീവിതവും ജീവനവും അപമാനവും ശിഷ്ടമായവർ. കഥാവശേഷർ!
ആർ.ബിന്ദു മോഡലിൽ അച്ചിയെ വാഴിക്കാനായിരുന്നു ഗോവിന്ദ തന്ത്രം..
അമൂർത്തത പറഞ്ഞു അണികളുടെ അണ്ണാക്കിൽ വെടി പൊട്ടിച്ചവനാണ് ഇതിയാൻ. വാ തുറന്നാൽ മാർക്സ് വചനധാരയും കയ്യിലിരിപ്പ് കന്നംതിരിവും......
ജനാധിപത്യ മൂല്ല്യങ്ങളെ വെല്ലു വിളിക്കുകയാണ് സിപിഎം ഇവിടെ..മാറാൻ മനസില്ലാത്ത, മാറ്റങ്ങളെ നിഷേധിക്കുന്ന ജീർണതയാണ് ഇന്നത്തെ പാർട്ടി.
തിരിച്ച് വരാൻ കഴിയാത്ത വിധം പാർട്ടിയെ വഴിയാധാരമാക്കിയ മൊതലുകൾ തന്നെയാണ് പരാജയം ആഴത്തിൽ പഠിക്കാൻ നേത്രുത്വം നൽകുന്നതെന്ന ബ്ളാക്ക് ഹ്യൂമറും അനുബന്ധമായുണ്ട്.
മലയാളികളെ വല്ലാതെ ചെറുതായി കണ്ട ,വളർച്ച മുരടിച്ചു പോയ ജനുസുകൾ ഇത്തിരി വെളിച്ചത്തിൽ മതിമറന്നു. പക്ഷേ വീണടിയുക എന്ന നിശാശലഭങ്ങളുടെ സുനിശ്ചിതമായ വിധിയാണ് ഇവരെയും കാത്തിരിക്കുന്നത്.
പീആർ ചേട്ടന്മാരും സോഷ്യൽ മീഡിയ ചേട്ടൻമാരും ആഞ്ഞിരുന്ന് അറഞ്ഞതാണ്. ചായക്കോപ്പയിലെ കൊടുങ്കാറ്റായി അതു തകർന്നു.പോയി.
ചിറകൊടിഞ്ഞ കിനാവുകൾ.