പുതു സർക്കാർ, പുതിയ കാലം: ഓർമ്മകളുണ്ടായിരിക്കണം....
അനിൽ ബാലകൃഷ്ണൻ
18 May 2026, 11:08 am
2016 മേയ് 25.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ജനസഞ്ചയത്തിനും ആകാശം പിളർന്ന ചുവപ്പൻ മുദ്രാവാക്യങ്ങളും സാക്ഷി നിറുത്തി പിണറായി വിജയൻ സർക്കാർ അധികാരമേറ്റു. ഉമ്മൻ ചാണ്ടി സർക്കാരിനെ വിവാദങ്ങളുടെ ആഴക്കടലിൽ മുക്കി തിരിച്ചു വന്ന ഇടതു വിജയത്തിന്റെ ശില്പി ജനകീയ സഖാവ് വി എസ് അച്യുതാനന്ദനായിരുന്നു.
എന്നാൽ സർക്കാർ രൂപീകരിക്കാൻ നേതാവായി പാർട്ടി തീരുമാനിച്ചത് പിണറായി വിജയനെ. പ്രായമായിരുന്നു വി എസിനെ മാറ്റി നിറുത്താൻ പാർട്ടി കണ്ടെത്തിയ കാരണം. 93 വയസ്സായിരുന്നു അന്ന് വി എസിന്. വി എസിനേക്കാൾ 20 വയസ്സിന്റെ കുറവുള്ള പിണറായിക്ക് വെറും 72 വയസ്സ്!
എന്തൊരു ആവേശമായിരുന്നു അന്ന് പാർട്ടി സഖാക്കൾക്കും ബന്ധുക്കൾക്കും. പിണറായിയെപ്പോലെ കാർക്കശ്യക്കാരനായ ഒരു നേതാവ് മുഖ്യമന്ത്രിയാകുമ്പോൾ ഉദ്യോഗസ്ഥരുടെ അപ്രമാദിത്തവും ബ്യൂറോക്രസിയുടെ അഴിമതിയും അവസാനിക്കുകയും നാട് പുതിയൊരു ജനാധിപത്യസംസ്കാരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുമെന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധർ പോലും കിനാവുകണ്ടു. മന്ത്രി സഭയിലൊപ്പമുണ്ടായിരുന്നവരുടെ പ്രൊഫൈലും ജനങ്ങളിൽ മതിപ്പുളവാക്കി.
പല നല്ല കാര്യങ്ങളും ചെയ്യാൻ പരിശ്രമിച്ചാണ് ഒന്നാം പിണറായി സർക്കാർ മുന്നോട്ടു പോയത്. മന്ത്രിമാരുടെ പ്രവർത്തന മികവും വകുപ്പുകളുടെ ഏകോപനവും സർക്കാരിനെക്കുറിച്ച് ജനങ്ങളിൽ പ്രതീക്ഷ വളർത്തി. എന്നാൽ ഭരണത്തിന്റെ തണലിൽ തഴച്ചുവളർന്ന പാർട്ടി ഘടകങ്ങളും അവസരംമുതലാക്കി അടുത്തെത്തിയ അപ്പർ ക്ലാസ്സും ക്രമേണ ബഹുജനത്തെ സർക്കാരിൽ നിന്ന് അകറ്റി.
എന്നാൽ പ്രകൃതിയും കാലാവസ്ഥയും നാട്ടുകാർക്കെതിരായപ്പോൾ അത് സർക്കാരിന് സുവർണ്ണാവസമായി.പ്രതികൂല കാലാവസ്ഥകളിൽ മുഖ്യമന്ത്രിയുടെ സമർത്ഥമെന്ന് ജനം കണ്ട ഇടപെടലും തങ്ങൾക്ക് ലഭിച്ച കിറ്റ് ഉൾപ്പെടെയുള്ള സൗജന്യങ്ങളും സർക്കാരിന് അനുകൂലമായി ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. രണ്ടാം വട്ടവും പിണറായി സർക്കാർ അധികാരത്തിലെത്തി.
പിന്നെ കണ്ടത് അധികാരപ്രമത്തത തലയ്ക്കു പിടിച്ച ഒരു ഭരണാധികാരിയെ. ഉപദേഷ്ടാക്കളായി ഒപ്പം ചേർന്നവർ ഉടായിപ്പു സംഘങ്ങളാണെന്ന് നാട്ടാർക്കെല്ലാം മനസ്സിലായെങ്കിലും പാർട്ടിയും സർക്കാരും അവരെ കൈവിട്ടില്ല.ഭരണത്തിൽ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ തന്നെയും ദുർബലതകൾ ഉദ്യോഗസ്ഥർ മുതലാക്കാൻ തുടങ്ങി. അഴിമതിയും കെടുകാര്യസ്ഥതയും നടമാടി. ആരോഗ്യകരമായ വിമർശനങ്ങളോടു പോലും അസഹിഷ്ണുത മാത്രമായി. തെറ്റുചെയ്തവരെ ഒഴിവാക്കുന്നതിനുപകരം ഒപ്പം നിറുത്തി ന്യായീകരിച്ചു. സാമാന്യ ജനങ്ങളെ അയിത്തജാതിക്കാരായി കാണുകയും 'പൗര പ്രമുഖർ' എന്ന പുതു വർഗത്തിന് പരവതാനി വിരിക്കുകയും ചെയ്തു. നവോത്ഥാന മൂല്യങ്ങളിൽ വെള്ളം ചേർത്തു. നിലപാടുകൾ, വ്യാഖ്യാനിച്ചാൽ പോലും മനസ്സിലാകാത്ത വിധമായി. ധൂർത്തും പണക്കൊഴുപ്പും പിആർ വർക്കും ഇവയ്ക്കൊന്നും മറയ്ക്കാൻ കഴിയാത്ത അഹന്തയും ഒരു വശത്തും വിലക്കയറ്റവും നിസ്സഹായതയും മറുവശത്തുമെന്ന സ്ഥിതിയായി.
അവസരം പാർത്തിരുന്ന ജനം തെരഞ്ഞെടുപ്പിൽ ജാഗരൂകരായി. ഇടത് ഭരണം അടപടലം മാറണമെന്ന വിധി തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നറിയിപ്പായി നൽകിയെങ്കിലും മനസ്സിലാകാത്തത്ര അന്ധത ബാധിച്ചവരെ നിയമസഭയിൽ നിന്നു കൂടി തൂത്തെറിഞ്ഞേ ജനം വിശ്രമിച്ചുള്ളൂ.
ഇന്നിപ്പോൾ പത്തുവർഷങ്ങൾക്കിപ്പുറം ജനങ്ങൾക്ക് പുതിയ പ്രതീക്ഷകൾ നൽകി മറ്റൊരു ജനകീയ സർക്കാർ അധികാരമേറ്റിരിക്കുന്നു. അതേ വേദി... അന്നത്തേതിനേക്കാൾ വലിയ പുരുഷാരം.... അകമഴിഞ്ഞ അനുമോദനങ്ങൾ....
ഈ സർക്കാരിനെ നയിക്കുന്ന വി ഡി സതീശനിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഭാവി കേരളത്തെക്കിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ് പുതിയ മുഖ്യമന്ത്രി. പ്രതികരിക്കേണ്ടിടത്ത് മുഖം നോക്കാതെ കർക്കശമായി പ്രതികരിക്കാൻ സതീശനറിയാം. ഒപ്പമുള്ളവരെ ഒരു ടീമായി കൊണ്ടുപോകാനും വിഡിക്ക് കഴിയും. സദ്ഭരണമാവണം സ്വപ്നമെന്നു മാത്രം.
പരിചയ സമ്പന്നരായവരും യുവരക്തമുള്ള പുതുമുഖങ്ങളുമുണ്ട് സതീശൻ മന്ത്രിസഭയിൽ. അവരുടെ കരുത്ത് പുറത്തെടുക്കാനും പ്രയോജനപ്പെടുത്താനും മുഖ്യമന്ത്രിക്ക് കഴിയണം. ഒപ്പം, പണ്ട് പിണറായി പറഞ്ഞതു പോലെ മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും പേരുപറഞ്ഞ് സെക്രട്ടേറിയറ്റിന്റെ ഇടനാഴി നിരങ്ങുന്നവർക്കതിരേ ജാഗ്രത പുലർത്താനുമാവണം.
പി ആർ വർക്കുകൾ കൊണ്ട് നാട്ടാരെ എല്ലായ്പ്പോഴും പറ്റിക്കാമെന്നത് എട്ടു നിലയിൽപ്പൊട്ടാവുന്ന ഒരു വ്യാമോഹം മാത്രമാണ്.
പല്ലു പോയ ഒരു പ്രതിപക്ഷമാവും ഇക്കുറി സഭയിലെന്നോർത്ത് ഉദാസീനരാകരുതെന്ന് സഹപ്രവർത്തകരെ ഓർമ്മിപ്പിക്കാൻ സതീശന് കഴിയണം. യഥാർത്ഥ പ്രതിപക്ഷം സഭയ്ക്ക് പുറത്താണെന്നും അഞ്ചു വർഷത്തിനൊടുവിൽ അവർക്ക് ചിലതൊക്കെ ചെയ്യാൻ കഴിയുമെന്നും തിരിച്ചറിവ് വേണം. വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും മാത്രമല്ല ഇതര സമുദായ സമ്മർദ്ദ മേലാളൻമാരെയും പടിക്കു പുറത്തു നിറുത്തണം. മുന്നണിയിലെ എത്ര പ്രബല സഖ്യ കക്ഷിയുടെയും ചൊൽപ്പടിക്കു നിന്നുകൊടുക്കുന്ന ആളായിരിക്കരുത് മുഖ്യമന്ത്രി. ഏത് തീരുമാനമെടുക്കുമ്പോഴും രാജ്യത്തെ അതീവ ദരിദ്രരുടെ മുഖം ഓർമ്മയിലുണ്ടാവണമെന്ന് മഹാത്മജി പറഞ്ഞു പോലെ എന്താണ് ചെയ്യരുതാത്തത് എന്ന് ഓർക്കാൻ രണ്ടാം പിണറായി സർക്കാറിന്റെ ചെയ്തികൾ ഇടയ്ക്കിടെ റിവൈൻഡ് ചെയ്യുന്നതും നല്ലതാണ്.
ജനാധിപത്യത്തിൽ ഭരണാധികാരികൾ തമ്പ്രാൻമാരും ജനങ്ങൾ അടിയാളരുമല്ല എന്ന തിരിച്ചറിവാണ് എപ്പോഴും കൊടിയടയാളമാവേണ്ടത്.