NewsAd1
നേരേ പറയുന്നതിന്റെ സൗന്ദര്യം -കെ.ജി പരമേശ്വരൻ നായർ ഓർമ്മ.
എസ് ഡി പ്രിൻസ്
21 May 2026, 4:00 pm
main image of news

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ (94)ഓർമ്മയായി. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ മാധ്യമ പ്രവർത്തകനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, പട്ടം താണുപിള്ള അവാര്‍ഡ്, കെ.സി. സെബാസ്റ്റിയന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കെ.വിജയരാഘവന്‍ അവാര്‍ഡ്, കെ.ബാലകൃഷ്ണന്‍ അവാര്‍ഡ്, പി.സി. സുകുമാരന്‍നായര്‍ അവാര്‍ഡ്, മികച്ച നിയമസഭ റിപ്പോര്‍ട്ടിംഗിനുള്ള ജി.കാര്‍ത്തികേയന്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ ജി പരമേശ്വരൻ നായരെ ഓർത്തു കൊണ്ട് എസ് ഡി പ്രിൻസ് എഴുതിയ കുറിപ്പ്. ഫേസ്ബുക്കിൽ നിന്ന്.

ദശകം മൂന്നര കഴിഞ്ഞെങ്കിലും ഇടക്കിടെ ഓർക്കുന്ന ഒരു ഉപദേശമുണ്ട് – ‘കാര്യം നേരേ അങ്ങ് പറയുന്നതാണ് ഭംഗി’.
ആദ്യ ഗൾഫ് യുദ്ധം തുടങ്ങുമോ ഇല്ലയോ എന്ന ആശങ്ക നിലനിന്ന കാലം. ഇറാക്കും കുവൈറ്റും സഖ്യസേനയുമൊക്കെയാണ് എവിടെയും ചർ‌ച്ച. അന്ന്, തിരുവനന്തപുരത്ത് നടന്ന വിദ്യാർത്ഥികളുടെ മോഡൽ ഐക്യരാഷ്ട്രസഭയിലും വിഷയം അതുതന്നെയായിരുന്നു.

 image 2 of news

വിദ്യാർത്ഥികളുടെ മോഡൽ ഐക്യരാഷ്ട്രസഭയ്ക്ക് എന്തും തീരുമാനിക്കാമല്ലോ. ഇറാക്ക് കുവൈറ്റിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ആറാം നാൾ യുദ്ധം എന്നു തീരുമാനിച്ച് ‘സഭ’ പിരിഞ്ഞു.

ഒരു കൗതുകവാർത്തയ്ക്ക് വകയുണ്ടെന്ന് തോന്നിയതിനാൽ കേരള കൗമുദിക്കുവേണ്ടി ആ രീതിയിൽ ഒരു റിപ്പോർട്ടെഴുതി - ‘പിന്മാറിയില്ലെങ്കിൽ തിങ്കൾ മുതൽ യുദ്ധം’ എന്നോ മറ്റോ തലക്കെട്ട്.
HomeAd1
 image 3 of news

ആ ദിവസം, സിറ്റി ബ്യൂറോ ചീഫിന്റെ ചുമതല സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീ. കെ ജി പരമേശ്വരൻ നായർക്കായിരുന്നു. കൗതുകക്കഥ വായിച്ചുനോക്കിയിട്ട് കെ ജി സർ ചിരിച്ചു . എന്നിട്ട് വേറേ രണ്ടുപത്രങ്ങളുടെ പേരുപറഞ്ഞു. “ഈ ശൈലി അവിടങ്ങളിലേക്ക് കൊള്ളാം.നമുക്ക് വേണ്ട”. എന്നിട്ട് തോളിൽത്തട്ടി ഓർമ്മിപ്പിച്ചു: “ കാര്യം നേരേയങ്ങ് പറഞ്ഞാൽ മതി. അതിനാണ് ഭംഗി”. മാറ്റിയെഴുതി.

'കൗതുകസാദ്ധ്യത'യുള്ള എന്തെഴുതുമ്പോഴും ഇന്നും സ്വയം ചോദിക്കും – ഇത് നേരേ പറയാൻ വഴിയില്ലേ?
‘ഇല്ല’ എന്നതിനു പകരം നേർവഴി തെളിയും.

അര നൂറ്റാണ്ട് നിയമസഭ റിപ്പോർട്ട് ചെയ്തയാളായിരുന്നു കെ ജി. അതും സഭയുടെ ഒരു ദിവസം പോലും അവധിയെടുക്കാതെ !

സഭ റിപ്പോർട്ടിംഗിന്റെ ഉദാത്തമാതൃക കാഴ്ചവച്ചാണ് കെ ജി സർ വിടവാങ്ങിയത്. ആ മാതൃകയുടെ ആകർഷണം വസ്തുതകളുടെ ആധികാരികതയും, കൗതുകത്തിനില്ലാത്ത ഗരിമയുമാണ്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞