പുതുയുഗ സർക്കാർ വായിച്ചറിയാൻ
സുരേന്ദ്രൻ ചുനക്കര
22 May 2026, 3:53 pm
പുതുയുഗപ്പിറവിയുടെ പ്രതീക്ഷ നൽകിക്കൊണ്ടാണല്ലോ മനുഷ്യ മുഖമുള്ള വി ഡി സതീശൻ മന്ത്രി സഭ അധികാരം ഏറ്റി രിക്കുന്നത്. നിസ്സാരമായി പരിഹരിക്കാവുന്ന യാതൊരു ചെലവുമില്ലാത്ത ചിലകാര്യങ്ങൾ പറയട്ടെ. അടിയന്തിരമായി ഇവ നടപ്പിലാക്കിയാൽ നന്ന്.
വെടിക്കെട്ട് നിരോധിക്കുക എന്നതാണ് ആദ്യ ഇനം. ചിതറിപ്പോയ മനുഷ്യരെ ഓർത്ത്, അംഗ ഭംഗം വന്ന ദീനരെ ഓർത്ത്, കഴിഞ്ഞകാല ദുരന്തങ്ങൾ ഓർത്ത് ദയവായി വെടിക്കെട്ട് നിരോധിക്കുക.
വെടിക്കെട്ട് പ്രേമികൾക്ക് വേണ്ടി സുരക്ഷിതമായ ലേസർ ഷോയോ ഡ്രോൺ ലൈറ്റ് ഷോയോ ഒക്കെ ഉപയോഗ പ്പെടുത്താം. വെടിക്കെട്ട് കലാകാരന്മാരെ പുതിയ സാങ്കേതിക വിദ്യ പഠിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇനി ഒരു വെടിക്കെട്ട് ദുരന്തത്തിന് നാം വഴിമരുന്ന് ഇട്ടു കൊടുക്കരുത്.
കാണാൻ കൗതുകമുള്ള മന്ദ ഗതിയുള്ള ആന മാത്രമായിരുന്നു പണ്ട് ഉത്സവങ്ങളിലെ ആകർഷണം. ഇണക്കാനും എളുപ്പം. അതിന്റെ പുറത്തു ഇരിക്കുകയും ചെയ്യാം. എന്നാൽ സമനില തെറ്റുമ്പോൾ വലിയ ആപത്ക്കാരിയാണ് ഈ വന്യ മൃഗം എന്ന് എത്രയോ തവണ ബോധ്യപ്പെട്ടു.ആഘോഷ വേളകളിൽ ഉന്മാദിയായ ആന ചവുട്ടി മെതിച്ച എത്രയോ ജീവിതങ്ങൾ. ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ പാടില്ല എന്ന ഉത്തരവ് എത്രയും പെട്ടെന്ന് പുറപ്പെടുവിക്കാൻ അഭ്യർത്ഥിക്കുന്നു. പാപ്പാൻ മാരുടെ ഉപജീവനത്തിനായി അവരെ മറ്റു തൊഴിലുകൾ പരിശീലിപ്പിക്കുക.
ചില ഉദ്യോഗസ്ഥർ അവരുടെ സ്വകാര്യ വാഹനങ്ങളിൽ തങ്ങളുടെ ഔദ്യോഗിക പദവി പ്രദർശിപ്പിക്കുന്ന ബോർഡുകളുമായി പോകുന്ന കാഴ്ച അരോചകമാണ്.
ഡെപ്യൂട്ടി സെക്രട്ടറി ജോയിന്റ് സെക്രട്ടറി തുടങ്ങിയ ചുവന്ന ബോർഡുകൾ ഇവർ വാഹനത്തിൽ പതിപ്പിക്കുന്നത് ജനങ്ങളുടെ മുന്നിൽ പ്രിവിലേജും പത്രാസും കാണിച്ച് മഹാൻ ചമയാൻ മാത്രമാണ്.
പരിഹാസ്യമായ ഈ ഏർപ്പാട് ഉടൻ നിർത്തണം. ഈ ലേബൽ ഒട്ടിപ്പു പ്രക്രിയക്കു ചട്ടങ്ങളുടെ പിൻബലം ഉണ്ടെങ്കിൽ അത് ഉടൻ പിൻവലിക്കണം.
അല്ലെങ്കിൽ ഡ്രൈവർ, ഗുമസ്തൻ,പ്ലമ്പർ, മേസൺ, കാർപെന്റെർ,നേഴ്സ്,ചെറുകിട വ്യാപാരി, സെയിൽസ്മാൻ തുടങ്ങി സകലവിധ തൊഴിൽ എടുക്കുന്നവർക്കും അവരുടെ വാഹനത്തിൽ അവരുടെ ജോലിപ്പേര് പ്രദർശിപ്പിക്കാമെന്ന ഉത്തരവ് ഇറക്കണം. അതല്ലേ സമത്വ സുന്ദര ജനാധിപത്യം.