കേരളത്തിൽ കോൺഗ്രസ്സ് സംഘടനയുടെ നായകനായി കൊടിക്കുന്നിൽ സുരേഷിനെ നിയോഗിക്കാൻ സാധ്യതയേറുന്നു. മത സാമുദായിക മുൻഗണനകൾ ഭരണത്തിലും മുന്നണിയിലും പരിഗണിച്ച സാഹചര്യത്തിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ താത്പര്യവും പിന്തുണയും കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം.
മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യം കൃസ്തീയ സമുദായാംഗക്കൾക്ക് കിട്ടിയില്ലെന്ന് സഭാ നേതൃത്വങ്ങളിൽ നിന്നു തന്നെ പരാതിയുയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കൃസ്തുമത വിശ്വാസിയും മുതിർന്ന നേതാവുമായ കെ സി ജോസഫിനെ തീരുമാനിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു.എന്നാൽ കോൺഗ്രസ്സിൽ സമീപകാലത്ത് ഇല്ലാതിരുന്ന ഗ്രൂപ്പിസം ജോസഫിന്റെ വരവോടെ തിരിച്ചു വരുമെന്ന ആക്ഷേപമുയർത്തിയാണ് പാർട്ടിയിലെ ഒരു പ്രബല വിഭാഗം ഇതിനെ എതിർക്കുന്നത്.
മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന മാത്യു കുഴൽ നാടന്റെ പേരും ഇതിനിടെ ഉയർന്നുവന്നിരുന്നു.മികച്ച പാർലമെന്ററിയനായ കുഴൽ നാടനെ സംഘടനാ ചുമതലയേല്പിക്കുന്നത് നിയമസഭാംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം എന്നത് മാത്രമാണ് തടസ്സമായി പറഞ്ഞു കേട്ടത്. അങ്ങിനെയെങ്കിൽ ബന്നി ബഹന്നാൻ, ആന്റോ ആന്റണി, ജോസഫ് വാഴക്കൻ എന്നിവരിലാരെങ്കിലും പരിഗണിക്കപ്പെടേണ്ടതാണ്. എന്നാൽ പലതരത്തിലുള്ള ഗ്രൂപ്പ് സമവാക്യങ്ങൾ തീരുമാനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കോൺഗ്രസ്സിന്റെ ദളിത് പ്രേമം യാഥാർത്ഥ്യമാണെങ്കിൽ ആ വിഭാഗത്തിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് മുൻ ഡിജിപിയും ബി ജെ പി സഹയാത്രികനുമായ ടി.പി സെൻകുമാർ ആവശ്യപ്പെട്ടിരുന്നു. എന്തു കൊണ്ടാണ് കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കാൻ രാഹുൽ ഗാന്ധി മടിക്കുന്നതെന്നും സെൻകുമാർ ചോദിച്ചിരുന്നു. കെ.പി.സി സി പ്രസിഡന്റായി ഒരു ദളിതനെ കൊണ്ടുവരുന്നതിലൂടെ കോൺഗ്രസ്സിന്റെ ദളിത് പിന്നാക്ക ആഭിമുഖ്യത്തിന് അടിവരയിടാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മല്ലികാർജുൻ ഖാർഗെയുൾപ്പെടെയുള്ള ദേശീയ നേതൃത്വത്തെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യത്തിൽ തന്റെ താത്പര്യമറിയിച്ചിരുന്നു. പാർട്ടിയുടെ സംസ്ഥാനതല പുനസംഘടന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. മുഖ്യമന്ത്രി വി ഡി.സതീശൻ, കെ.സി വേണുഗോപാൽ തുടങ്ങിയവരുടെ അഭിപ്രായവും ഇക്കാര്യത്തിൽ പരിഗണിക്കും. സത്യപ്രതിജ്ഞാ വേളയിൽ ജാതിപ്പേരുയർത്തിയെന്നതിന്റെ പേരിൽ ആക്ഷേപം നേരിടേണ്ടി വരുന്ന സതീശന് തന്റെ ജാത്യാതീത സമീപനമുയർത്തിക്കാട്ടാൻ കൊടിക്കുന്നിലിനെ പിന്തുണയ്ക്കുന്നത് ഗുണകരമാവും.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



