NewsAd1
ഓഫ് ദ റഹീം ബൈ ദ റഹീം ആൻഡ് ഫോർ ദ റഹീം....
ബാലകൃഷ്ണൻ കാരോട്
27 May 2026, 9:10 am
main image of news

ലൂസിഫർ സിൻഡ്രോം എന്ന മാരക രോഗമാണ് എ എ റഹീം എംപിയെ ബാധിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ഇന്നലെ തലസ്ഥാനത്തെ തെരുവിൽ മുഴങ്ങിയ മാർജാര ഗർജ്ജനം അതിന് തെളിവാണ്.

'എന്റെ പിള്ളേരെ തൊടുന്നോടാ' എന്നലറിക്കൊണ്ട് ലൂസിഫറിലെ പൊളിറ്റിക്കൽ ഡോൺ സ്റ്റീഫൻ നെടുമ്പുള്ളി പോലീസ് പ്രമുഖനെ ചുവരിൽ പേസ്റ്റാക്കുന്നത് കണ്ട് കൈയ്യടിച്ചവരിൽ പോലീസുകാർ പോലുമുണ്ട്. എസ് എഫ് ഐക്കാർക്കെന്താ കൊമ്പുണ്ടോ? സ്വാഭാവികമായി അവരും കൈയ്യടിച്ചിട്ടുണ്ടാവും. നമ്മുടെ റഹീമും.

 image 2 of news

മഴയും സംഘർഷവുമുൾപ്പെടെ ശരിയായ സാഹചര്യങ്ങൾ ഒത്തു വന്നപ്പോൾ റഹീം സഖാവ്, റഹീം നെടുമ്പുള്ളിയായി. നിറയെ പുള്ളികളുള്ള ഉടുപ്പണിഞ്ഞാണ് പുള്ളിക്കാരൻ, വെറും പുള്ളിയിൽ നിന്ന് നെടുമ്പുള്ളിയായത്.

യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മിന്നലിനു പിന്നാലെ ഇടിയുമുണ്ട് എന്നതു പോലെ ഒരു അടിപിടി ഉറപ്പാണ്.ഇന്നലെയുമുണ്ടായി അതുപോലൊരെണ്ണം.സ്വതവേ ഗാന്ധിയൻമാരും വിറയലിന്റെ അസുഖമുള്ളവരുമായ കെ എസ് യുക്കാർക്കിട്ട് ചാമ്പുക, തൊട്ടുപിന്നാലെ 'തല്ലുന്നേ കൊല്ലുന്നേ' എന്ന റെഡിമെയ്ഡ് മുദ്രാവാക്യവുമായി നഗരപ്രദക്ഷിണം നടത്തുക തുടങ്ങിയവയൊക്കെ സോഷ്യൽ മീഡിയയ്ക്കും മുമ്പ് സാധാമീഡിയാക്കാലം മുതല്ക്കേയുള്ള എസ് എഫ് ഐ ക്കാരുടെ ഗോത്രാചാരങ്ങളാണ്.
HomeAd1
 image 3 of news

യൂണിവേഴ്സിറ്റി പരിസരത്ത് എസ്എഫ്ഐ - പോലീസ് സംഘർഷമുണ്ടായാൽ പണ്ടുമുണ്ട് മഠത്തിൽ വരവ്. മിക്കപ്പോഴും കോടിയേരി ബാലകൃഷ്ണനും ശിവൻകുട്ടിയണ്ണനുമാവും മുൻ നിര കൊമ്പൻമാർ. ഇപ്പോൾ തലമുറ കൈമാറ്റം സംഭവിച്ച കാലാവസ്ഥയിൽ ഊരാണ്മ റഹീമിലേക്കെത്തി നില്ക്കുകയാണ്.

പുതിയ സർക്കാർ വന്ന ശേഷമുള്ള കന്നിപ്പൂരമാണ്. എസ്എഫ് ഐ പ്രകടനത്തിനു നേരേ ഒളിച്ചിരുന്ന് കല്ലെടുത്തെറിഞ്ഞിട്ട് ആരെങ്കിലും ഓടി രക്ഷപ്പെട്ടിട്ടുണ്ടാവും. പിന്നെ നിലത്തിൽപോരാണ്. ഇതിനിടെ ആരവാരങ്ങളോടെ നെടുമ്പുള്ളിയുടെ വരവാണ്. നോക്കുമ്പോൾ സമാധാനപരമായി കല്ലെറിഞ്ഞും അക്രമം കാട്ടിയും നിൽക്കുന്ന എസ് എഫ് ഐ പിള്ളാരെ 'ഒരു പ്രകോപനവുമില്ലാതെ' സതീശന്റെ ( രമേശിന്റെയും )പോലീസ് കാപാലികർ വളഞ്ഞിട്ട് തല്ലുന്നു. ജലപീരങ്കികൊണ്ട് മർദ്ദിക്കുന്നു! സർക്കാർ മാറിയെന്ന് നേരം വെളുക്കാത്തവർ പോലീസിലുമുണ്ടെന്ന് തിരിച്ചറിയാതെ 'ജലപീരങ്കിയല്ല തീപ്പീരങ്കി കൊണ്ട് എതിരിട്ടാലും ഞങ്ങൾ പിരിഞ്ഞു പോകില്ലെന്ന്' നെടുമ്പുള്ളിക്കാരൻ ഉറക്കെ പ്രഖ്യാപിക്കുന്നു. 'ഹല്ല എസ്സപ്പൈയ്യോടാ...കളി!
നിലവിൽ 36 ൽ നിലക്കുന്ന സീറ്റു നില അടുത്ത് 13 ൽ എത്തിച്ച് പടിപ്പടിയായി ശൂന്യ് ശൂന്യ് ആക്കിയിട്ടേ ഞങ്ങൾ വിശ്രമിക്കൂ....

 image 4 of news

പണ്ടത്തെ കാലമല്ല. എല്ലാർക്കും എവിടെയിരുന്നും എന്തും കാണാം. സ്വന്തം കണ്ണിൽ കാണുന്നതിന് മറ്റുള്ളവരുടെ കമന്ററി ആവശ്യമില്ല. പോലീസിനെ പ്രകോപിപ്പിക്കുന്നതും അടിവാങ്ങാൻ ഉത്സാഹിക്കുന്നതും പോലീസിന്റെ രക്ഷാപ്രവർത്തനം വീക്ഷിക്കുന്നതും അവിടെയുണ്ടായിരുന്ന മാധ്യമങ്ങൾ മാത്രമല്ല. അന്നേരം മാധ്യമങ്ങളിലേക്ക് കണ്ണു തുറന്നിരുന്ന ഏവരും കണ്ടതാണ്. അപ്പോഴാണ് റഹിമിന്റെ ലൂസിഫർ കളി. പോലീസിന്റെ തല്ലു കൊണ്ട് കൈകൾക്ക് മാരകമായി പരിക്കേറ്റ പിള്ളാർ ബാൻഡേജിട്ടും പിന്നീട് ഷർട്ടിട്ടും നില്ക്കുന്ന ചിത്രങ്ങൾക്ക് ഇപ്പോൾ കോക് റോച്ച് പാർട്ടിയുടേതിനേക്കാൾ റീച്ച് കിട്ടുന്നുണ്ട്. ഇത്രേം വല്യ ബാൻഡേജ് ഇവൻമാർ ഷർട്ടിന്റെ കൈകളിലൂടെ എങ്ങിനെ ഉള്ളിൽ കടത്തി എന്നതിലാണ് ഇപ്പോൾ ഗവേഷണം.ട്രോളൻമാർക്ക് എന്തും മാന്താം... അനുഭവിച്ചവരുടെ വേദന അവർക്കേയറിയൂ.

ആരും പേടിക്കണ്ട.
ഇഡിയും വിഡിയും മോഡിയും ചേർന്ന് കേരളത്തെ തകർക്കുന്ന അവസ്ഥ ചെറുക്കാൻ നമുക്ക് ഒരു കേഡിയുണ്ട്.
സഖാവ് എ എ റഹീം...
ഓഫ് ദ റഹീം,ബൈ ദ റഹീം ആ ആൻഡ്..
ഫോർ ദ റഹീം.....
..

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞