കേരളം കടുത്ത പലിശക്കെണിയിലെന്ന് ധനകാര്യ ധവളപത്രം
ഡോ എസ് ശിവപ്രസാദ്
4 June 2026, 4:17 am
സംസ്ഥാനത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപയിലെത്തിനിൽക്കെ, കേരളം ഇതുവരെ കാണാത്ത കടുത്ത പലിശക്കെണിയിലേക്ക് വീണതായി വ്യക്തമാക്കുന്ന ധനകാര്യ ധവളപത്രം യു ഡി എഫ് സർക്കാർ പുറത്തിറക്കി. ആകെ റവന്യൂ വരുമാനത്തിന്റെ 77.6 ശതമാനവും ശമ്പളത്തിനും പെൻഷനും മുൻകടങ്ങളുടെ പലിശയ്ക്കുമായി മാത്രം മാറ്റിവെക്കേണ്ടി വരുമ്പോൾ, നാടിന്റെ വികസനത്തിനായി കേരളം ചെലവഴിക്കുന്നത് ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) വെറും 1.3 ശതമാനം മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു.
രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ ഈ വികസന നിരക്കിലേക്ക് സംസ്ഥാനം കൂപ്പുകുത്താൻ കാരണം മുൻ സർക്കാരിന്റെ കാലത്തെ വരുമാനമില്ലാത്ത ബജറ്റ് ബാഹ്യ കടമെടുപ്പുകളും ഗുരുതരമായ നികുതി ചോർച്ചയുമാണെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ തെറ്റായ ധനവിനിയോഗവും ബജറ്റ് കണക്കുകളിലെ പിഴവുകളുമാണ് കേരളത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ മേശപ്പുറത്തുവെച്ച ധവളപത്രം വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ ആകെ പൊതുകടം 5.07 ലക്ഷം കോടി രൂപയായി ഉയർന്നതായാണ് കണക്കുകൾ. ഇത് സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനത്തോളം വരും. ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കാണിത്. കിഫ്ബി വഴിയെടുത്ത വായ്പകളും പെൻഷൻ കമ്പനിയുടെ ബാധ്യതകളും കൂടി ഉൾപ്പെട്ടതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി പൂർണ്ണമായും തളർന്നു. മുൻ സർക്കാർ പ്രഖ്യാപിച്ച 2026-27 വർഷത്തെ ബജറ്റിലെ അനുമാനങ്ങൾ തീർത്തും തെറ്റായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും ധവളപത്രത്തിലുണ്ട്.
വരുമാനത്തിന്റെ അഞ്ചിലൊന്നും (20.9%) മുൻപ് എടുത്ത കടങ്ങളുടെ പലിശ അടയ്ക്കാനാണ് നിലവിൽ മാറ്റിവെക്കുന്നത്. ഇതുകാരണം നാടിന്റെ വികസന പ്രവർത്തനങ്ങൾക്കും മൂലധന നിക്ഷേപങ്ങൾക്കുമായി പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. സംസ്ഥാനം കഴിഞ്ഞ വർഷങ്ങളിൽ നേരിട്ട കടുത്ത ട്രഷറി പ്രതിസന്ധിയുടെ ആഴവും ധവളപത്രത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം (2025-ൽ) 262 ദിവസവും ദൈനംദിന ചിലവുകൾക്കായി സർക്കാരിന് 'വേസ് ആൻഡ് മീൻസ്' അഡ്വാൻസിനെ ആശ്രയിക്കേണ്ടി വന്നു. ഇതിനുപുറമെ 84 ദിവസത്തോളം ട്രഷറി ഓവർഡ്രാഫ്റ്റിലായിരുന്നു. ജീവനക്കാരുടെ ക്ഷാമബത്ത (DA), പെൻഷൻ കുടിശ്ശിക എന്നിവയുൾപ്പെടെ 48,733 കോടി രൂപയുടെ തടഞ്ഞുവെച്ച ബാധ്യതകളാണ് പുതിയ സർക്കാരിന് മുന്നിലുള്ളതെന്നും ധവളപത്രം വ്യക്തമാക്കുന്നു.
കിഫ്ബിയുടെ അക്കൗണ്ടുകളിൽ വിശദമായ 'ഫോറൻസിക് ഓഡിറ്റിംഗ്' നടത്തണമെന്ന് ധവളപത്രം ശുപാർശ ചെയ്യുന്നു. കടമെടുത്ത് വരുമാനമില്ലാത്ത പദ്ധതികൾ നടപ്പിലാക്കിയത് തിരിച്ചടിയായെങ്കിലും, കിഫ്ബി നിർമ്മിച്ചെടുത്ത സാങ്കേതികവും പദ്ധതി നിർവ്വഹണപരവുമായ മികവുകൾ പൂർണ്ണമായി തള്ളിക്കളയാനാകില്ലെന്നും അവ സർക്കാർ വകുപ്പുകളിലേക്ക് ലയിപ്പിച്ച് ഉപയോഗപ്പെടുത്തണമെന്നും വിദഗ്ധ സമിതി നിർദ്ദേശിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് അസാധ്യമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം, ധവളപത്രത്തിനെതിരെ പ്രതിപക്ഷം നിയമസഭയിൽ ശക്തമായ പ്രതിഷേധമുയർത്തി. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ക്രമപ്രശ്നം ഉന്നയിച്ച് രംഗത്തെത്തി. ധനവകുപ്പ് തയ്യാറാക്കേണ്ട ഔദ്യോഗിക ധവളപത്രം സ്വകാര്യ വ്യക്തികളടങ്ങുന്ന സമിതിയെക്കൊണ്ട് തയ്യാറാക്കിയത് ഭരണഘടനാ ലംഘനവും ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാരിന്റെ പരാജയം മറച്ചുവെക്കാനുള്ള രാഷ്ട്രീയ രേഖ മാത്രമാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ധവളപത്രം ധനവകുപ്പിന്റെ മേൽനോട്ടത്തിലാണ് തയ്യാറാക്കിയത് എന്നും മൂന്ന് വിദഗ്ധരുടെ സഹായം മാത്രമാണ് തേടിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുമണ്ഡലത്തിലുള്ള കണക്കുകൾ മാത്രമാണ് ഇതിനായി ഉപയോഗിച്ചതെന്നും ജനങ്ങൾക്ക് സംസ്ഥാനത്തിന്റെ യഥാർത്ഥ അവസ്ഥ അറിയാൻ അവകാശമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുമെന്ന സൂചനയാണ് ധവളപത്രം നൽകുന്നത്. ജൂൺ 19-ന് അവതരിപ്പിക്കുന്ന പുതുക്കിയ ബജറ്റിൽ നികുതി ഘടന പരിഷ്കരിക്കാനും തനത് വരുമാനം വർദ്ധിപ്പിക്കാനുമുള്ള കർശന നിർദ്ദേശങ്ങൾ ഉണ്ടായേക്കും. ചെലവുചുരുക്കലിന്റെ ഭാഗമായി പുതിയ തസ്തികകൾ തൽക്കാലം സൃഷ്ടിക്കില്ലെന്നും അനാവശ്യ ചിലവുകൾ കർശനമായി നിയന്ത്രിക്കുമെന്നും ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
എന്താണ് ധവളപത്രം ?
ഒരു പ്രത്യേക വിഷയത്തിലോ പ്രതിസന്ധിയിലോ സർക്കാരിന്റെ ഔദ്യോഗിക നിലപാടും യഥാർത്ഥ വിവരങ്ങളും കണക്കുകളും ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ പുറത്തിറക്കുന്ന ആധികാരിക രേഖയാണ് ധവളപത്രം. സാധാരണയായി സാമ്പത്തിക തകർച്ച, ഭരണപരമായ വലിയ മാറ്റങ്ങൾ എന്നിവ ഉണ്ടാകുമ്പോഴാണ് ഇത് സഭയിൽ സമർപ്പിക്കുന്നത്. ഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ഒരു ദിശാസൂചനയും ഇതിലുണ്ടാകും.
ധവളപത്രം അവതരിപ്പിക്കാൻ ഉണ്ടായ സാഹചര്യം എന്ത്?
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരികയും മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യ വകുപ്പിന്റെ ചുമതലയേൽക്കുകയും ചെയ്തതിനെ തുടർന്ന് നടത്തിയ "ഖജനാവ് ശൂന്യമാണ്" എന്ന പ്രഖ്യാപനം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ, ജൂൺ 19-ന് അവതരിപ്പിക്കാനിരിക്കുന്ന പുതുക്കിയ സംസ്ഥാന ബജറ്റിന് മുന്നോടിയായി, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയെ വെച്ച് സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പഠിക്കാനായി സർക്കാർ ഉത്തരവിട്ടു. ഈ സമിതി തയ്യാറാക്കിയ 'സ്റ്റാറ്റസ് റിപ്പോർട്ട്' അഥവാ ധവളപത്രമാണ് ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സമർപ്പിച്ചത്.