പ്രിയദർശിനി ബസ് യാത്ര: പരിഹാസ്യരാവുന്ന ഇടതുപക്ഷം.
ബി.വി പവനൻ
18 June 2026, 4:39 am
അതിസാധാരണക്കാരായ സ്ത്രീകൾക്ക് പ്രയോജനകരമാവുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരേ ആക്ഷേപവുമായി ഇടതുപക്ഷം മുന്നോട്ടു പോവുകയാണ്. ഈ പശ്ചാത്തലത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ബി.വി. പവനൻ എഴുതിയ കുറിപ്പ്.
സ്ത്രീകൾക്ക് കെ. എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിച്ചത് ചരിത്ര സംഭവമാണെന്ന കാര്യത്തിൽ സംശയമില്ല. തൊഴിലില്ലാ വേതനവും കർഷകത്തൊഴിലാളി പെൻഷനും അനുവദിച്ച പോലുള്ള മറ്റൊരു നാഴികക്കല്ല്. പക്ഷേ അതിനെ ഇകഴ്ത്തിക്കാണിക്കാൻ ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങൾ അതിര് വിടുന്നു എങ്കിലും അത് സ്വാഭാവികമാണെന്ന് കാണണം. കാരണം പുതുതായി അധികാരമേറ്റ യു.ഡി എഫ് സർക്കാർ സാഹസികമായി ഒരു ജനപ്രിയ പദ്ധതി നടപ്പാക്കുമ്പോൾ അതിനെ കയ്യടിച്ച് സ്വാഗതം ചെയ്യാൻ ഇടതു പക്ഷത്തിന് കഴിയുമോ? ഇല്ലല്ലോ. അങ്ങനെ ചെയ്താൽ ഇടതു പക്ഷത്തിൻ്റെ കട പൂട്ടിപ്പോവും എന്നാണ് അവർ കരുതുന്നത്.
അത് ഇപ്പോഴല്ല. എന്നും അങ്ങനെയായിരുന്നു. ഏത് നല്ല കാര്യത്തേയും കഠിനമായി എതിർക്കുക എന്നതായിരുന്നു നയം. പറഞ്ഞു പഴകിയ കാര്യങ്ങളാണ്. എങ്കിലും പറയാതിരിക്കുന്നതെങ്ങനെ ? കംപ്യൂട്ടറുകൾ തല്ലിപ്പൊട്ടിച്ചതിൽ തുടങ്ങുന്നു ആ കഥകൾ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരണമെങ്കിൽ എൻ്റെ നെഞ്ചത്ത് കൂടി കയറി ഇറക്കൂ എന്ന് പറഞ്ഞ് റൺവേയിൽ കയറി കിടന്നു ഒരു നേതാവ്. അദ്ദേഹം പിന്നിട് അതിൻ്റെ ചെയർമാനായത് ചരിത്രം കാത്തു വച്ച തമാശ. ഇത് പോലെ പലത്.
ഏറ്റവും ഒടുവിൽ നമ്മുടെ വിഴിഞ്ഞം തുറമുഖം വന്നപ്പോഴോ? അഴിമതി ആരോപണം ഉന്നയിച്ചു എന്ന് മാത്രമല്ല അധികാരം കിട്ടിയപ്പോൾ ജുഡീഷ്യൽ അന്വേഷണം പോലും നടത്തിക്കളഞ്ഞു. ആ ശീലത്തിൻ്റെ വളരെ കുറഞ്ഞ ഒരു പ്രതിഫലനമായി സൗജന്യ വനിതാ യാത്രയിന്മേലുള്ള പ്രതിഷേധത്തേയും കണ്ടാൽ മതി.
സത്യത്തിൽ സ്ത്രീകളുടെ സൗജന്യ യാത്ര ഇന്ത്യയിൽ അങ്ങനെ പുതുമയുള്ള കാര്യമൊന്നുമല്ല. നമ്മുടെ തമിഴ്നാട് ഉൾപ്പടെ ഒൻപത് സംസ്ഥാനങ്ങളിൽ കേരളത്തിന് മുൻപ് അത് നടപ്പാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ താഴെ തട്ടിലുള്ള ചില ബസുകളിലാണ് സൗജന്യം. ഏറ്റവും ഒടുവിൽ നടപ്പിലാക്കിയത് പശ്ചിമ ബംഗാളിലെ ബി.ജെ.പി സർക്കാരാണ്. അതേ ബി.ജെ.പിക്കാർ കേരളത്തിൽ ആദ്യ ദിവസം അലമ്പുണ്ടാക്കി എന്നത് മറ്റൊരു തമാശ.
സൗജന്യ യാത്രാ പദ്ധതിയിൽ സർക്കാർ വഞ്ചന കാണിച്ചു എന്നാണ് പ്രതിപക്ഷ നേതാവായ മുൻമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വാഗ്‌ദാനങ്ങളെല്ലാം നടപ്പാക്കിയ ആളാണല്ലോ പിണറായി ? അദ്ദേഹത്തിന് പറയാം. ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞായിരുന്നല്ലോ ആദ്യ പിണറായി സർക്കാർ അധികാരത്തിലേറിയത്. ആദ്യത്തേതിൽ പോട്ടെ രണ്ടാം സർക്കാറിലെങ്കിലും നടപ്പാക്കിയോ? തിരുവനന്തപുരം കോഴിക്കോട് മെട്രോയോ? അതെവിടെ പോയി ?
മദ്യവർജനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നായിരുന്നല്ലോ പ്രകടന പത്രികയിൽ. നടന്നതോ... മദ്യലഭ്യത ഘട്ടംഘട്ടമായി വർധിപ്പിച്ചു.
സമയം കിട്ടുമ്പോൾ കഴിഞ്ഞ പത്ത് വർഷത്തെ ബഡ്ജറ്റുകൾ എടുത്ത് വായിച്ചു നോക്കണം. നല്ല തമാശയായിരിക്കും. നടപ്പക്കാതെ പോയ വാഗ്‌ദാനങ്ങളുടെ ഘോഷയാത്ര.
പോട്ടെ.. മുഖ്യമന്ത്രി വിദേശപര്യടനം കഴിഞ്ഞു വന്നു നടത്തിയ പ്രഖ്യാപനങ്ങളോ... എന്തൊക്കെ നടപ്പായി? വെള്ളപ്പൊക്കത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ റൂം ഫോർ റിവർ എന്നൊരു പദ്ധതി ഉദാഹരണം. നടന്നോ? ഒന്നും വേണ്ട , വാഴപ്പഴത്തിൻ്റെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കാനൊരു പദ്ധതി നെതർലാൻ്റ് സന്ദർശനത്തിന് ശേഷം കൊണ്ടു വന്നല്ലോ ? ഷെൽഫ് ലൈഫ് ഇപ്പോൾ എത്ര കൂടി ? ഇങ്ങനെ പറയാൻ തുടങ്ങിയാൽ നീണ്ടു നീണ്ടു പോവും.
അപ്പോഴാണ് ഒരു പുതിയ സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനം ഭാഗീകമായെങ്കിലും നടപ്പാക്കിയത്. വിമർശിക്കുക തന്നെ വേണം.
പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് ഇടതുപക്ഷം ബഹിഷ്ക്കരിച്ചു. അത് പോലെ ഈ സൗജന്യ യാത്ര ഇടതുപക്ഷത്തെ സ്ത്രീകൾ ബഹിഷ്കരിക്കണമെന്ന് കൂടി ആഹ്വാനം ചെയ്തു കൂടെ ?