NewsAd1
'പൂക്കി' ചുവന്ന കരങ്ങളോടെ....
അശോകൻ പി.എൻ
21 June 2026, 6:29 pm
main image of news

കാലങ്ങളായി നായൻമാരുടെഅനിഷേധ്യ നായകനാണ് സ്വയം അതിപ്രതാപിയെന്ന് കരുതുന്ന ജി സുകുമാരൻ നായർ.ജന്മം കൊണ്ട് നായരായ എല്ലാരെയും നായരായി കാണാനാവില്ലെന്ന പക്ഷക്കാരനാണ് അദ്ദേഹം. ചെവിയിൽ പൂടയും കൂട്ടു പുരികവും കുറിയുമൊക്കെ എ.ഐ കാലത്ത് ഏതവനുമുണ്ടാവാം. മീശകളെല്ലാം ഭാരതിയാ? എന്ന് തമിഴിൽ കവിഞ്ജർ ചോദിച്ചതു പോലെ പൂടകളെല്ലാം നായരാ എന്നാണ് പെരു(ത്ത)ന്ന നായരായ സുകമാരൻ നായരുടെ എക്കാലത്തെയും ചോദ്യം. എങ്കിലും മേനോൻ നായരു തന്നെയെന്ന് ഉറച്ചു കരുതിയിരിക്കുമ്പോഴാണ് പിടിക്കാൻ ഒരു പുലിവാലു കാട്ടിത്തന്ന് ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ മേനോന്റെ ഒരു പൂക്കിച്ചിരിയും ഇരിപ്പും.

എന്താ മേൻനേ നന്നാവാത്തേ?
നാട്ടിൽ പ്രഭുക്കളെ കണ്ടാൽ അറിയാൻ പാടില്ല്യാന്നുണ്ടോ ? മേനോനായാലും താനുമൊരു നായരല്ലേ? ച്ചാൽ എൻ എസ് എസ് ....അങ്ങിനെയുള്ളൊരാണ് ഇങ്ങനെ യൊക്കെ ചെയ്യാൻ പാടുണ്ടോ?

 image 2 of news

സംഗതി, സംസ്ഥാനത്തെ മുഖ്യമന്ത്രി യൊക്കെത്തന്നെ. മുഖ്യമന്ത്രിയായാൽ നായരല്ലാതാവുമോ? എൻ എസ് എസിനെ കണ്ടാൽ മുണ്ടഴിച്ച് കുമ്പിട്ടു നില്ക്കാതെങ്ങിനെയാ നായരാവുന്നേ? കലികാലം അല്ലാതെന്താ ?

തെരഞ്ഞെടുപ്പു കാലത്ത് വായിൽ തോന്നിയതൊക്കെ പുലഭ്യമായി പറഞ്ഞൂന്നുള്ളത് നേരാണ്. നാടുനീളെ ഇരട്ടച്ചങ്കന്റെ കൂറ്റൻ ബോർഡുകൾ കണ്ടപ്പോ 'ഇദ്യമല്ലാതെ മറ്റാര് 'എന്നൊരു തോന്നൽ മനസ്സിലുണ്ടായി എന്നതും നേര്. ആ ചിരിയും തന്റേടവുമൊക്കെ കണ്ടപ്പോൾ ജാതി നോക്കാൻ തോന്നിയില്ല. അത് പിഴയായിപ്പോയെന്ന് സമ്മതിക്കാനും കൂടിയാണ് ഒന്ന് മുഖം കാട്ടാംന്ന് വച്ചത്.
HomeAd1
 image 3 of news

നമ്മുടെയും എസ് എൻ ഡി പി എന്നു കൂടി വട്ടപ്പേരുള്ള വെള്ളാപ്പള്ളിയുടെയും പിന്തുണയില്ലാതെ ആർക്കും ജയിക്കാൻ പറ്റില്ലെന്ന ഉമ്മാക്കി മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം നല്ല കച്ചോടം നടന്ന മുതലായിരുന്നു. ഇത്തവണ അത് ഏശാത്തതിന് പ്രധാന കാരണം നായരായ മേനോന്റെ കടുംപിടിത്തം തന്നെയാണെന്ന് ആർക്കാണറിയാത്തത്

വോട്ടെണ്ണി, മൃഗീയ ഭൂരിപക്ഷം കണ്ട് കണ്ണു തള്ളാൻ വെള്ളാപ്പള്ളീം കൂടെയുണ്ടായിരുന്നത് നന്നായി. അല്ലേൽ നമ്മൾ ഒറ്റക്കായിപ്പോയേനേ. പെട്ടെന്നാണ് താക്കോൽ സ്ഥാനത്തെപ്പറ്റി ഓർമ്മ വന്നത്. നന്ദിയുള്ള
വനാണ് ചെന്നിത്തല. പഹയൻ ഇപ്പോഴും കരുതിയിരിക്കുന്നത് നായരായ നായരെല്ലാം എൻ ബ്ലോക്ക് കുത്തിയിട്ടാണ് താൻ വിജയിച്ചത് എന്നാണ്. അങ്ങിനെയിരുന്നോട്ടെ. നമ്മളായിട്ട് ഇനി തിരുത്താൻ പോയി ഉള്ള പൂജ്യം കളയണ്ട . ദില്ലിയിലേക്ക് വിളിച്ച് സോണിയാജീയോട് പറഞ്ഞാൽ മടക്കത്തപാലിൽ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കും എന്നു കരുതിയത് തെറ്റി. Nair Proposes... League disposes എന്ന രീതിയിലായി കാര്യങ്ങൾ എന്നേ പറയേണ്ടൂ

 image 4 of news

ആകെ അടി പറ്റി എന്തോ കളഞ്ഞ അണ്ണാനെപ്പോലെയിരിക്കുമ്പോഴാണ് സത്യപ്രതിജ്ഞ വരുന്നത്.ഒന്നാം സ്ഥാനക്കാരനും അവിഭക്ത നായർ സമുദായാംഗവുമായ വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തത് മേനോൻ നാമം ഉയർത്തിക്കാട്ടി. അന്നുണ്ടായ രോമാഞ്ചം ഇന്നുവരെ മാറിയിട്ടില്ല.ആ ആവേശത്തിലാണ് അങ്ങോട്ടു കയറി മുഖം കാട്ടാൻ അനുമതി തേടിയത്. വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.

ഇത്രേം കാലം പന്ത് പെരുന്നയിലെ കോർട്ടിലായിരുന്നു. ഉപരാഷ്ട്രപതി വന്ന് അനുവാദം ചോദിപ്പോൾ പോലും സമുദായാചാര്യന്റെ സമാധിയിൽ നിന്ന് സമദൂരം പാലിക്കാനാവശ്യപ്പെട്ട ഒരു കാലമുണ്ടായിരുന്നു. സുരേഷ് ഗോപിയെയും പുറത്തു നിറുത്തി മര്യാദ പഠിപ്പിച്ചിട്ടുണ്ട്. ഇതാണ് പണ്ടുള്ളവർ പറയുന്നത് കൊടുത്താൽ കൊല്ലത്തു മാത്രമല്ല; പെരുന്നയിലും കിട്ടുമെന്ന് .
കിട്ടി... ബോധിച്ചു.

ഇനിയുള്ള അഞ്ചു വർഷം നോക്കിയും പാത്തും നിന്നാൽ തടി കേടാവാതിരിക്കും. എങ്കിലും മസിലുപിടിത്തം വിടാതിരിക്കാൻ ഭഗോതീ ശക്തി തരണേ.. ഇനി ഒരിക്കൽ കൂടി അനുവാദം ചോദിച്ചു നോക്കണം. രണ്ടിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ... അതിലും പിഴച്ചാൽ പിന്നെയുമുണ്ടല്ലോ സംഖ്യകൾ... മേൻനേ... അങ്ങ് വെറും പൂക്കിയല്ല.. 'ചുവന്ന കരങ്ങളുള്ള പൂക്കിയാണ് . എല്ലാം അപ്പപ്പോൾ കൈയ്യോടെ തരുന്ന പൂക്കി !

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞