NewsAd1
കാലഹരണപ്പെട്ട കലാപം.. നേരം വെളുക്കാത്ത കമ്മ്യൂണിസ്റ്റ്..
ഉമാ മേനോൻ
26 June 2026, 3:06 am
main image of news

"എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്?" എന്ന അഹങ്കാര ചോദ്യത്തിന് ജനങ്ങൾ കൃത്യമായ മറുപടി നൽകിയതിന് പകരം നൽകാൻ, പത്തു വർഷത്തെ സുഖനിദ്രയ്ക്ക് ശേഷം ഇടതുപക്ഷം വീണ്ടും പഴയ 'തെരുവ് യുദ്ധ' മോഡിലേക്ക്. നീണ്ട 10 വർഷങ്ങളുടെ ഇടവേളക്കുശേഷം കേരളത്തിലെ വിപ്ലവ മണ്ണിൽ ഇപ്പോൾ വിയർപ്പും ചോരയും ഒഴുക്കാനുള്ള ശ്രമങ്ങൾക്ക് സിപിഎം നേതൃത്വത്തിൽ വെള്ളവും വളവും പകരുന്ന പരിതാപകരമായ കാഴ്ച. ജനങ്ങൾ തോൽപ്പിച്ചതിന്റെ സങ്കടം തീർക്കാൻ ജനങ്ങളെത്തന്നെ തെരുവിൽ നേരിടുന്ന ഈ അപൂർവ്വ ജനാധിപത്യ ബോധത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ലാതെ പൊതുജനം.

കമ്മ്യൂണിസ്റ്റ് ഭരണപരാജയങ്ങളുടെയും ജനവിരുദ്ധ നയങ്ങളുടെയും കരിനിഴൽ മറയ്ക്കാൻ ജനങ്ങൾ തന്നെ ബാലറ്റിലൂടെ ഒമികച്ച 'ചികിത്സ' നൽകിയതിന്റെ നേരിട്ടുള്ള ആനുകൂല്യമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച 102 സീറ്റുകൾ.

കൃത്യമായി നികുതി അടയ്ക്കുന്ന പാവം പൊതുജനത്തിന് വഴിനടക്കാനുള്ള സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും പൂർണ്ണമായും തടസ്സപ്പെടുത്തിക്കൊണ്ട് തെരുവിൽ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങളെ 'ജനകീയ സമരം' എന്ന് വിശേഷിപ്പിക്കുന്നതിലും വലിയ മറ്റെന്ത് തമാശയാണ് ഉള്ളത്.

സ്കൂളുകളും കോളേജുകളും അടപ്പിച്ചും പരീക്ഷകൾ മുടക്കിയും, ആശുപത്രികളിലേക്കുള്ള വഴി തടഞ്ഞ് അത്യാഹിത വിഭാഗങ്ങളെപ്പോലും സ്തംഭിപ്പിച്ചും, പൊതുമുതൽ അടിച്ച് തകർക്കുന്ന ഈ 'വിപ്ലവ വീര്യങ്ങൾ' കാണുമ്പോൾ, ഇവയൊക്കെ സർക്കാർ നിശ്ചയിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി നടത്തിക്കൂടെ എന്ന് പൊതുസമൂഹം ചോദിച്ചുപോകുന്നു. ജനങ്ങളെ പൂർണ്ണമായി ബന്ദിയാക്കി നടത്തുന്ന ഇത്തരം അക്രമങ്ങൾക്ക് ജനകീയ സമരത്തിന്റെ ലേബലൊട്ടിക്കുന്ന വിരോധാഭാസത്തിന് പിന്നിലെ കാരണഭൂതരെ ഇനിയും ജനം തിരിച്ചറിഞ്ഞിട്ടില്ല.
HomeAd1

കേരളത്തിന്റെ വികസന ചരിത്രത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച സമരങ്ങളുടെ പാരമ്പര്യം പരിശോധിച്ചാൽ തന്നെ ഈ വിനാശകരമായ ഇത്തരം രാഷ്ട്രീയ സമരങ്ങളുടെ കാപട്യം വ്യക്തമാകും. പ്ലസ് ടു സമരം, മെഡിക്കൽ കോളേജ് പ്രവേശന സമരം, പോളിടെക്നിക് സമരം, വിളനിലം സമരം തുടങ്ങി വിദ്യാഭ്യാസ മേഖലയെ അരാജകത്വത്തിലേക്ക് തള്ളിവിട്ട സമരങ്ങൾ ഇതിന് ഉദാഹരണങ്ങൾ.

പണ്ട് കമ്പ്യൂട്ടർ വന്നപ്പോൾ 'തൊഴിൽ പോകും' എന്ന് പറഞ്ഞ് സമരം ചെയ്തവരും, വിദേശ സർവകലാശാലകൾക്കെതിരെ കല്ലെറിഞ്ഞവരും ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസും അത്യാധുനിക സാങ്കേതികവിദ്യകളും ലോകത്തെ നയിക്കുമ്പോഴും, അണികളെ പഴയ തെരുവ് യുദ്ധങ്ങളിലേക്ക് നയിക്കാൻ നോക്കുന്നത് യുവതലമുറയുടെ ഭാവിയെ വീണ്ടും ഇരുട്ടിലാക്കാനേ ഉപകരിക്കൂ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ ശക്തമായ രാഷ്ട്രീയ തിരിച്ചടിയെ 'തിരുത്തൽ' ആയി കാണാൻ ഇടതു നേതൃത്വം ഭയപ്പെടുകയാണ്. ഭരണതലപ്പത്തിരുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ധാർഷ്ട്യവും 'താൻപോരിമ'യുമാണ് ഇടതുപക്ഷ സർക്കാരിന്റെ കനത്ത അധ:പതനത്തിന് ആക്കം കൂട്ടിയത്.

തെറ്റുകൾ തിരുത്തി ജനങ്ങളിലേക്ക് ഇറങ്ങുന്നതിന് പകരം, തോൽവിക്ക് കാരണം ജനങ്ങളാണെന്ന മട്ടിലുള്ള തരംതാണ പ്രതികരണങ്ങളാണ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ജനവിധി മാനിക്കാതെ, രാഷ്ട്രീയ നിലനിൽപ്പിനായി പഴയ അക്രമാസക്ത സമരമുറകൾ സംസ്ഥാനത്ത് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള നീക്കത്തിലാണ് സിപിഎം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

"ജനം അടങ്ങിയിരിക്കില്ല, രാഷ്ട്രീയമായി നേരിടും, തെരുവിൽ യുദ്ധം ചെയ്യും" എന്നൊക്കെയുള്ള ഭരണകക്ഷി നേതാക്കളുടെ വെല്ലുവിളികൾ സമരപ്രേരണ മാത്രമല്ല ജനാധിപത്യ സമൂഹത്തോടുള്ള തുറന്ന യുദ്ധപ്രഖ്യാപനവും കെട്ടിയാണ്. കഴിഞ്ഞ പത്തു വർഷക്കാലം ഭരണത്തിന്റെ തണലിൽ ഒളിപ്പിച്ചു വെച്ചിരുന്ന അക്രമവാസനയാണ് ഇപ്പോൾ അധികാര നഷ്ട ഭീതിയിൽ തെരുവിലേക്ക് പടരുന്നത്. നിത്യജീവിതത്തെ ബാധിക്കുന്ന ഇത്തരം സമരങ്ങളെ നേരിടാൻ പൊതുതാൽപര്യവുമായി ഏതെങ്കിലും ഒരു പൗരൻ മുന്നോട്ട് വന്നാൽ അവന്റെ ജീവിതം നരകതുല്യമാക്കുന്ന രാഷ്ട്രീയ അസഹിഷ്ണുതയാണ് കേരളത്തിലുള്ളത്. പൗരാവകാശങ്ങളെ ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ പോലും വിമുഖത കാട്ടുന്ന നീതിന്യായ സംവിധാനങ്ങൾ എനിക്ക് വേറെ വഴിയില്ല കൂടിയാവുമ്പോൾ ജനങ്ങൾ കൂടുതൽ നിസ്സഹായരാകുന്നു.

നേതാക്കളുടെ പൊള്ളയായ പ്രസ്താവനകളിലെയും വാഗ്ദാനങ്ങളിലെയും കാപട്യം തിരിച്ചറിയാതെ, പാർട്ടിക്ക് വേണ്ടി തെരുവിൽ ചോര ചിന്താനും ജയിൽ വാസം വരിക്കാനും മടിയില്ലാതെ ഇറങ്ങിപ്പുറപ്പെടുന്ന യുവതലമുറ വലിയൊരു കെണിയിലാണ് വീണിരിക്കുന്നത്. ബഹുഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും മക്കൾ തെരുവിൽ പോലീസിന്റെ തല്ലുകൊള്ളാനോ കല്ലെറിയാനോ നിൽക്കാതെ സുരക്ഷിതമായി വിദേശത്തും സ്വദേശത്തുമായി ഉന്നത വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള ജോലികളും നേടിയെടുക്കുമ്പോൾ, അണികളുടെ മക്കളെ മാത്രം തെരുവിലെ ചാവേറുകളാക്കി മാറ്റുന്ന ഈ സ്വാർത്ഥ രാഷ്ട്രീയ താല്പര്യം ഇനിയും പലർക്കും മനസ്സിലാകുന്നില്ല. ഭരണഘടന ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും, അത് മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചുകൊണ്ടാകരുത് എന്നതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സമരങ്ങൾ നിയന്ത്രിക്കാൻ കർശനമായ നിയമനിർമ്മാണം എന്നുണ്ടാകുമോ ആവോ.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞