കാപ്പ ചുമത്തേണ്ട കോപ്രായങ്ങൾ
മോഹന കൃഷ്ണൻ
27 June 2026, 3:17 am
മാലിന്യം നീക്കണം.. ഓടകളിൽ നിന്നും വെള്ളക്കെട്ട് ഉണ്ടാകുന്നതു നിരീക്ഷിക്കണം. തടയാൻ തുടർ നടപടി സ്വീകരിക്കണം.
വാർഡിലെ പൊതുവായ ശുചിത്വം ഉറപ്പാക്കാനും ആളുകളോട് വലിയ വായിൽ ചിരിക്കാനുമാണ് പ്രധാനമായും പ്രാദേശിക തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങൾക്ക് പഞ്ചായത്തിരാജ് നൽകിയിട്ടുള്ള തിട്ടൂരം.ചിരിക്കുമ്പോൾ മഞ്ഞപ്പല്ലു കാണരുത്. വായ് ആകർഷകമായിരിക്കണമെന്നും സിദ്ധം.
തിരണ്ടു കല്യാണത്തിനു പോകാനും വിവാഹ സദ്യകളിൽ പങ്കെടുക്കാനും കഴിയും വിധം ആഹാര പൂജ നടത്താനും ആറാം മാസം അറിയിക്കൽ ചടങ്ങിനെത്താനും മരണവീടുകളിൽ കൂടെ കരയാനും അംഗണ വാടികളിൽ ഉപദേശിയാവാനും ഒളിമ്പിയ ക്ളബ്ബിന്റെ ആഗോള ടൂർണമെന്റ് ഉദ്ഘാടിക്കാനും നിയമം വിലക്ക് ഏർപ്പെടുത്തിട്ടില്ല. എന്ത് ഉദാരം.എത്ര മനോജ്ഞം.!
മാനസ നിളയിൽ ആളുകളിക്കാൻ തുടങ്ങുമ്പോഴാണ് കുണ്ടു കിണറ്റിലെ തവളക്കുഞ്ഞിനു കുന്നിനു മേലെ പറക്കാൻ മോഹം വരുന്നത്.അങ്ങനെ വരുന്നതിനു സമയക്രമമില്ല.എപ്പോൾ വേണേലും വരാം.വരും.
പാർലിമെന്റിലല്ല നിയമസഭയിലല്ല പഞ്ചായത്ത് ആപ്പിസിലാണ് താനുള്ളതെന്നു ബോധ്യം വേണം. ഓരോ മെമ്പറിനും.
ദേശീയ രാഷ്ട്രീയവും മൂല്യവർദ്ധിത രാഷ്ട്രീയ ഉഡായിപ്പുകളും നടപടികളും എടുത്ത് അലക്കേണ്ട കാര്യമൊന്നും ഇവിടെ മെമ്പർക്കില്ല.സൂചി മതി.പാര വേണ്ട.
റോഡിൽ തെന്നിവീണ് നടുവൊടിഞ്ഞവരെക്കുറിച്ചും പാഞ്ഞുവരുന്ന ഭ്രാന്തൻനായകളെക്കുറിച്ചും അവ കടിച്ചു മുറിച്ച ആളുകളെക്കുറിച്ചും തകർന്ന സ്ലാബുകളെക്കുറിച്ചും ആകുലരാവുക.
അതിനപ്പുറമുള്ള സോദ്ദേശ നവ ഉദീകരണ,ഉദര പൂരണങ്ങളും പ്രവർത്തനങ്ങളും തെറിവിളിയിലും പ്രാക്കിലും മാത്രമേ തീരൂ.
കാപ്പ ചുമത്തിയ അംഗത്തിന്റെ കാര്യം നോക്കാൻ ഇവിടെ സംവിധാനങ്ങളുണ്ട്. അതിൽ സാമ്പാർ തിളയ്ക്കേണ്ടതില്ല.കുതിരയെ നോക്കാൻ വന്നവൻ കുടുംബിനിയുടെ ആകാര സർവ്വേ എടുക്കുവത് എന്തിന്?
ഏൽപ്പിച്ച പണി വെടിപ്പായി ചെയ്താൽ പോരെ?
ചർച്ചിക്കാൻ വരേണ്ട നഗരസഭാ ഹാളിലും ഇടനാഴിയിലും ഇരുന്നു പ്രതിഷേധിക്കാനാണ് അംഗങ്ങളായ അക്കൻമാരും അണ്ണമാരും വന്നത്. മൂലക്കുരു ഉള്ളതു കൊണ്ടു റിലെ പരിവാടിയായി. പിന്നീട് കിടന്നായി പ്രതിഷേധം. ഒന്നു കിടന്നിട്ട് എത്ര നാളായി!
കേരളത്തിൽ ഇപ്പോൾ ഒരു മേയറെ മാത്രമെ ജനമറിയൂ-വിവി രാജേഷ്. അദ്ദേഹം വന്ന നാൾ മുതൽ ദേശാഭിമാനിയിലെ രണ്ടാം പേജ് മേയർക്ക് സമർപ്പിച്ചിരിക്കുകയാണ്. അവിടെ പൊങ്കാല തീർന്നിട്ടില്ല.ചവറ് ഒടുങ്ങിയിട്ടില്ല ഓരിയിടുന്ന നായകൾക്കും കുറവില്ല.ശത്രു സംഹാര പൂജ ന്യൂസ് പ്രിന്റിൽ....
മേയർമാർക്കിടയിൽ ഇപ്പോൾ തന്നെ മഞ്ഞക്കാർഡുമായി വട്ടെടുത്തു നടക്കുന്ന മേയർ പിടിവിട്ടാൽ എവിടേക്കും പായും. പിന്നെ പിടിക്കാനും കുഴങ്ങും.ആ രാജേഷ് എന്തിനു വടക്കേപ്പുറം തിരയണം. അവിഹിതത്തിനൊന്നുമല്ലല്ലോ വന്നത്.
ഇടനാഴിയിലെ ഭരണക്കാരുടെ കാലൊച്ചുകൾ, ചിലങ്കമേളം ,ഷൂസു ധരിച്ച പാദപതനങ്ങൾ അവയൊക്കെയും പ്രതിപക്ഷ അണ്ണന്മാരുടെ മർമങ്ങളിൽ പതിയാൻ അധികസമയം എടുത്തില്ല.ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി അക്കൻമാരുടെ 'കാന്താരി' വിലാപവും.ജയിച്ചതു തൊന്തരവായി. കണ്ടവന്റെ അടിവാങ്ങി കൂട്ടാനാണ് വിധി!.
ആ പൊരിച്ചിലിൽ കസ്തൂരി പൊട്ടുകൾ മാഞ്ഞു. കാർകൂന്തലുകൾ അഴിഞ്ഞു.സൗഗന്ധികങ്ങൾ വാടി. മസ്കാര കണ്ണീരിൽ കുതിർന്നിറങ്ങുമ്പോൾ മൂത്താശാരിമാരായ കടകമ്പള്ളിയും ശിവൻകുട്ടിയും അവരുടെ മുഴക്കോലുകളുമായെത്തി.തീവ്രത അളക്കാൻ.
അടിയും ചവിട്ടും ഇളം തോണ്ടലും ഏറ്റ ധീരന്മാരെ അടുത്ത പറമ്പായ സംസ്കൃത കോളജിലെ പുൽക്കാടുകളിൽ നിന്നാണ് കാരണവന്മാർ പെറുക്കി എടുത്തതെന്ന ഇതുവരെയും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്.ഫാക്ട് ചെക്ക് വേണം ഇതിന്.
കാളിയ മർദ്ദനം കഴിഞ്ഞ മേയറുടെ കാലുളുക്കി.കലിപ്പ് കൂടി.പിന്നെ കൂട്ടയോട്ടമായിരുന്നു,പ്രസവാശുപത്രിയിലേക്ക്. ഇടിവും ചതവും രജിസ്ട്രാക്കണം. എങ്കിലേ പെറ്റീഷൻ കൊഴുക്കൂ.
ഏജ് ഗ്രൂപ്പും ഗ്രേഡും നോക്കി അക്കൻമാരും അക്കൻമാരോടും പലരും കൂട്ടിമുട്ടി. ഇതിനിടെ കയറിപ്പിടിച്ചതും കോരിയെടുത്തതുമായ രംഗം ഒപ്പാൻ പോയ ക്യാമറ അണ്ണന്മാർ വ്രീളാ വിവശരായാണ് വിവരിച്ചത്..
പഞ്ചായത്തി രാജിൽ ഇല്ലാത്ത സംഭ്രമജനകവും കോരിവാരുന്നതുമായ ഈ ആക്ഷൻ ത്രില്ലർ,ഒരു മോഡൽ എന്ന നിലയിൽ കേന്ദ്രത്തിന് നഗരപാലികയിൽ കൂട്ടിച്ചേർക്കാം.
വൈദ്യൻ പൂർണമായും കൈയ്യൊഴിഞ്ഞ,ചാവാനുള്ള സമയവും കാത്തു കിടക്കുന്ന സിപിഎമ്മിന്റെ ഈ അക്രമ വിക്രമ പരാക്രമങ്ങൾ അണയും മുമ്പുള്ള ആളിക്കത്തലായി കണ്ടാൽ മതി.
നഗരസഭയുടെ സർവ്വ സ്ഥാവര ജംഗമങ്ങളും വരുമാനവും പിതൃ ധനം പോലെ പതിറ്റാണ്ടുകളായി ഒറ്റയ്ക്കും കൂട്ടായും തട്ടിച്ചും വെട്ടിച്ചും അടിച്ചു മാറ്റിയവർ ഇന്നു ഖിന്നരാണ്. അവർക്ക് കാലിടറുന്നു.വയറെരിയുന്നു. നെഞ്ചിൽ ഇടി കൂടുന്നു.ഇതാണ് തീരോന്തരം അപ്പികളായ അന്തങ്ങളുടെ വൺലൈനർ.
ശുഭ പന്തുവരാളി!