കമ്മിഷനടിക്കാൻ ഒരു പബ്ലിക് സർവ്വീസ്
മോഹന കൃഷ്ണൻ
1 July 2026, 2:31 am
കേരളത്തിലെ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും പി എസ് സിയുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും തിരിച്ചറിയാനുള്ള ഉൾവിളി ഉണ്ടായത് ഉദ്യോഗാർത്ഥികൾ ഒന്നു പൊട്ടിത്തെറിച്ചപ്പോഴാണ്.
അതിനുമുണ്ട് കാരണങ്ങൾ. അറിയിപ്പുകളും തൊഴിൽ വിജ്ഞാപനങ്ങളും തത്സമയം അപേക്ഷകർക്ക് ലഭ്യമാകുന്ന പശ്ചാത്തലത്തിൽ ,പത്രങ്ങളിൽ വിജ്ഞാപന പരസ്യം വേണ്ടെന്ന നിർദ്ദേശം ഉയർന്നപ്പോൾ ആ നീക്കത്തിനു തടയിടാൻ മാധ്യമ,രാഷ്ട്രീയ വിശാരദൻമാർക്കു കഴിഞ്ഞു.അതു മുതൽ പിഎസ് സി റിപ്പോർട്ടിംഗിൽ ഒരു സോഫ്റ്റ് കോർണർ പുലർത്തുന്നത് പതിവായി..
മാധ്യമ ജാഗ്രതക്കു മേലെ പരസ്യ വരുമാനവും മൈനാകവും പറന്നുയരുന്ന കാലമാണല്ലോ.
ഊരാളുങ്കലും കരുവന്നൂരും സി ഡിറ്റും മറ്റനവധി സ്ഥാപനങ്ങളും പോലെ ആനക്കൂട്ടം. കയറിയ കരിമ്പിൻ കാടായിരുന്നു കേരളാ പിഎസ് സി എന്ന ഭരണഘടനാ സ്ഥാപനവും. . പാർട്ടി സെല്ലായി പരിണമിച്ച ഇവിടെ വൈറ്റ് കോളർ ദുഷ് പ്രഭുത്വവും സ്വജന പ്രീണനവും അനുസാരികളും കൊടിയ നീതി നിഷേധവും താണ്ഡവമാടിയ കാലമായിരുന്നു കഴിഞ്ഞ പത്തുവർഷം.
ഇന്റർവ്യു വേണ്ടുന്ന റിക്രൂട്ട്മെന്റുകൾ പരിശോധിച്ചാൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും കമ്മികളും അവരുടെ ബന്ധുക്കളും ഇഷ്ടക്കാരുമാണെന്നു കാണാം.പാർട്ടി സെന്റെറിലെ കമ്മീസറന്മാരായിരുന്നു യഥാർത്ഥ സെലക്ടർമാർ.
ഉന്നത ബിരുദങ്ങളും പ്രായോഗിക തൊഴിൽ പരിചയവും സിദ്ധിച്ച നൂറുകണക്കിനു ഉദ്യോഗാർത്ഥികൾ നാലാം ക്ളാസുകാരന്റെ ഔദാര്യം കാത്തു നിൽക്കേണ്ട ഗതികേടിന് എന്താണ് പേരു വിളിക്കുക!
കനത്ത ശമ്പളവും ടിഎ,ഡിഎ,കൺവയൻസ് അലവൻസ്,ഉപജീവന ബത്ത, വാഹനം പകിട്ടും പത്രാസും പിടിപ്പണം എന്നു വേണ്ട സർവ്വ വരദാനങ്ങളും പരന്നൊഴുകുന്ന പിഎസ് സി അംഗത്വം പാർട്ടിയിലെ വേണ്ടപ്പെട്ട ജന്മിമാർക്ക് സംവരണം ചെയ്തിട്ടുള്ളതാണ്.
ഇടതു പക്ഷീയതയും ജനാധിപത്യവും അമിതമായതു കാരണം ചെറുതായ ചെറുകക്ഷികളുടെ നോമിനികളെ പൊതു ലേലത്തിലൂടെയാണ് തീരുമാനിക്കുക.
ആശയ ഗംഭീരത കൊണ്ട് ആകാശം തൊടുന്ന, വിപ്ലവ സംഘടനക്ക് ഉല്പാദനം,ഉപഭോഗം,വിപണനം ഇവയെല്ലാം കേന്ദ്രീകൃത ആവാസ വ്യവസ്ഥയിലാണ് നീങ്ങുക.
പിഎസ് സിയുടെ കാമ്പസിൽ കയറാൻ യോഗ്യത ഇല്ലാത്തവരും ഒരു പിഎസ് സി ചോദ്യപേപ്പർ പോലും കാണാത്തവരും നിയമന സംവിധാനവും അതിന്റെ അടിസ്ഥാന ധാരണകളും രീതി ശാസ്ത്രവുമായി പുലബന്ധമില്ലാത്തവരും, ഒപ്പിച്ചെടുത്ത നിയമ ബിരുദത്തിന്റെ തണലിൽ കമീഷനിൽ അംഗമായി തീരുന്നു. ഇത്തരം എരണം കെട്ടവരുടെ മുന്നിലേക്കാണ് ഗവേഷണ ബിരുദവും ബിരുദാനന്തര ബിരുദവമുളള നമ്മുടെ മക്കളും സഹോദരങ്ങളും അഭിമുഖത്തിനായി ചെന്നു കയറി കൊടുക്കേണ്ടത്..
അമേരിക്കയിലെ എംഐടി ആയാലും രാജ്യതെത ഐഐടികളായാലും സർട്ടിഫിക്കറ്റുകൾ കേരള യൂണിവേഴസിറ്റിയിലെ അക്കാദമിക വിഭാഗം ഗുമസ്തനെ മുഖദാവിൽ കാണിച്ചു.ബോധിപ്പിക്കണം. ടിയാന്റെ സാക്ഷ്യ പത്രം കണ്ടാലെ പിഎസ് സിക്കാരൻ കനിയു.. അതെ ഇവിടെ ആർക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല.
പിഎസ്‌സി, യുപി എസ് സിയുടെ മാത്റുകയിൽ പുന:സംഘടിപ്പിക്കണം.
ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ അവിടെ ആര് ഇരിക്കുമെന്നു കാണാൻ തിരുവനന്തപുരത്തെ പട്ടം വരെ സഞ്ചരിക്കണം..