NewsAd1
വീണ്ടും വനവാസത്തിനിറങ്ങുന്ന ശ്രീരാമൻ
ഡോ എസ് ശിവപ്രസാദ്
5 July 2026, 7:29 pm
main image of news

അയോധ്യയിലെ കോടികൾ വിലമതിക്കുന്ന പുതിയ രാമഭവനത്തിൽ കള്ളന്മാരുടെ 'രണ്ടാം ഘട്ട കർസേവ' അവിഘ്നം തുടരുന്നത് കണ്ട് സഹികെട്ട സാക്ഷാൽ ശ്രീരാമചന്ദ്രൻ, ഒടുവിൽ ഡൽഹിയിലെയും ലഖ്‌നൗവിലെയും ചാണക്യൻമാരെ വിറപ്പിക്കാൻ തീരുമാനിച്ച വിവരം നിങ്ങളറിഞ്ഞോ ആവോ!

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നീ ത്രിമൂർത്തികളുടെ സ്വപ്നത്തിൽ ഒരേസമയം ക്രോസ് കണക്ഷൻ പോലെ പ്രത്യക്ഷപ്പെട്ടാണ് രാമൻ തന്റെ പരാതിക്കെട്ട് അഴിച്ചത്. "അങ്ങ് തെക്കുള്ള ശബരിമല അയ്യപ്പന്റെ കാര്യത്തിൽ പോലും ഞാൻ വിചാരിച്ച രീതിയിലല്ലല്ലോ നിങ്ങൾ ബിജെപിക്കാർ ഇടപെട്ടത്" എന്ന ആമുഖത്തോടെ, കൃത്യമായ രാഷ്ട്രീയ ഒളിയമ്പുകളോടെയാണ് രാമൻ ത്രിമൂർത്തികളെ വിചാരണ ചെയ്യാൻ തുടങ്ങിയത്.

 image 2 of news

"കേവലം രണ്ട് സീറ്റിൽ നിന്ന് മൂന്നാം വട്ടവും കേന്ദ്ര ഭരണത്തിന്റെ ചെങ്കോലേന്തി നിൽക്കുമ്പോൾ, എന്നെ രാഷ്ട്രീയമായി അങ്ങേയറ്റം മാർക്കറ്റ് ചെയ്തിട്ടില്ല എന്ന് സ്വന്തം തലയിൽ കൈവെച്ച് പറയാൻ നിങ്ങൾക്ക് ചങ്കുറപ്പുണ്ടോ?" എന്ന രാമന്റെ കടുകട്ടി ചോദ്യത്തിന് മുന്നിൽ നേതാക്കളുട നാവിറങ്ങിപ്പോയി. ഭക്തർ സമർപ്പിച്ച തങ്കവും വെള്ളിയും അമൂല്യ രത്നങ്ങളും അടിച്ചുമാറ്റിയ അയോധ്യയിലെ അമ്പലക്കൊള്ളയെക്കുറിച്ചും ബദരീനാഥ് ക്ഷേത്രത്തിലെ വരാനിരിക്കുന്ന മോഷണ കഥകളെ കുറിച്ചും കടുത്ത ആശങ്കയാണ് പാവം രാമൻ രേഖപ്പെടുത്തിയത്.

നീറ്റ് പരീക്ഷ, സിബിഎസ്ഇ, യുജിസി നെറ്റ് പരീക്ഷകൾ എന്നിവയിലെ ചോദ്യപേപ്പർ ചോർച്ചയിൽ മോദി സർക്കാർ സ്വീകരിച്ച അഴകൊഴമ്പൻ നിലപാടാണ് അയോധ്യയിലും ശബരിമലയിലും ഉൾപ്പെടെയുള്ള അമ്പലക്കൊള്ളകളിലും തുടരുന്നതെന്നും, ഈ മെല്ലെപ്പോക്ക് നയം തുടർന്നാൽ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും രാമൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
HomeAd1
 image 3 of news

ഉത്തർപ്രദേശിൽ ഒരു സന്യാസി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോൾ ഇതാണോ അവസ്ഥ എന്ന് ചോദിച്ച്, ഗോസ്വാമി തുളസിദാസിന്റെ രാമചരിതമാനസത്തിലെ ഉത്തരകാണ്ഡത്തിലെ വരികൾ ഉദ്ധരിച്ചാണ് രാമൻ, യോഗി ആദിത്യനാഥിനെ നേരിട്ടത്. "ജേഹി തേഹി ബിധി പ്രപംച് കരി ഭരിഹഹിം ഉദർ സരാബഗ് കുമാർഗ് ചലി ഹഹിം നാരി കപട് ബേഷ് കലി കാൽ".

കലിയുഗത്തിൽ കപട വേഷങ്ങൾ ധരിച്ച് അധർമ്മത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവർ വഞ്ചനയും കപടബുദ്ധിയും കാട്ടി വയറു നിറയ്ക്കാൻ നോക്കുമെന്ന യാഥാർത്ഥ്യം രാമൻ ഓർമ്മിപ്പിച്ചു. ഇതൊക്കെ തടയുമെന്ന് ജനങ്ങൾക്ക് മോഹനവാഗ്ദാനം നൽകിയല്ലേ നിങ്ങൾ യുപിയിലും കേന്ദ്രത്തിലും ഭരണത്തിൽ എത്തിയത്. എന്നിട്ടിപ്പോൾ കള്ളന്മാർക്ക് കാവൽ നിൽക്കുന്നോ എന്ന ചോദ്യത്തിന് മുന്നിൽ മൂവരും മൂക്കുകുത്തി വീണു.

 image 4 of news

തുടർന്ന്; രാമൻ ചരിത്രത്തിന്റെ താളുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് നേതാക്കൾക്ക് കടുത്ത രാഷ്ട്രീയ ക്ലാസ് തന്നെ എടുത്തു. നീണ്ട വർഷക്കാലം ബംഗാളും ത്രിപുരയും ഭരിച്ച സി.പി.എമ്മിന്റെ കുഴി തോണ്ടിയത് അവരോടൊപ്പം ചേർന്നുനിന്ന സംഘടനകളും സഖാക്കളും ആണെന്ന് രാമൻ ഓർമ്മിപ്പിച്ചു. ഏറ്റവും ഒടുവിലായി പശ്ചിമ ബംഗാളിൽ മമതയുടെ തൃണമൂലിന്റെ ദയനീയ പരാജയം കണ്ടിട്ട് പോലും നിങ്ങൾ പഠിക്കുന്നില്ല എന്ന് വന്നാൽ, ദൈവമായ എനിക്ക് പോലും നിങ്ങളെ രക്ഷിക്കാൻ കഴിയില്ലെന്ന് രാമൻ കടുപ്പിച്ചു പറഞ്ഞു. ഭക്തരെ പറ്റിക്കാൻ ഞാനില്ല. സംഘപരിവാർ സംഘടനകൾ അമ്പലങ്ങളുടെ ഏഴയലത്ത് പോലും വരാൻ പാടില്ല എന്നൊക്കെ ശ്രീരാമൻ ശാഠ്യം പിടിച്ചെങ്കിലും, പതറിപ്പോയ നേതാക്കൾ കൂട്ടത്തോടെ കാലുപിടിച്ചാണ് ആ ശാപം തൽക്കാലം ഒഴിവാക്കിയതെന്നാണ് അണിയറയിലെ അടക്കംപറച്ചിൽ.

ഉത്തരകാണ്ഡത്തിലെ മറ്റൊരു പ്രശസ്തമായ വരി കൂടി ചൊല്ലിയാണ് രാമൻ വിചാരണ തുടർന്നത്.
"നഹിം ദരിദ്ര് സമ് ദുഖ് ജഗ് മാഹിം
സന്ത് മിലൻ സമ് സുഖ് നാഹിം...
മദ് മര്യാദാ ത്യാഗി കരി
കരഹിം അഹങ്കാർ മാഹിം"

ലോകത്ത് ദാരിദ്ര്യത്തിന് തുല്യമായ മറ്റൊരു ദുഃഖമില്ലെന്നും സദ്പുരുഷനായ സന്യാസിയെ കാണുന്നതിനേക്കാൾ വലിയ സന്തോഷമില്ലെന്നും പറഞ്ഞ രാമൻ, കലിയുഗത്തിൽ ദുഷ്ടന്മാർക്ക് ലഭിക്കുന്ന അല്പ ധനം പോലും അഹങ്കാരത്തിന്റെയും അധർമ്മത്തിന്റെയും വഴി തേടാനും മര്യാദകൾ മറക്കാനും അവർക്ക് ധൈര്യം നൽകുമെന്നും വ്യക്തമാക്കി. ശ്രീരാമചന്ദ്രൻ ഉന്നം വച്ചത് "എന്നെക്കുറിച്ചാണ്, എന്നെക്കുറിച്ച് മാത്രമാണ്" എന്ന് യോഗി ആദിത്യനാഥ് വിളിച്ചു കൂവിയെങ്കിലും രാമൻ ഗൗനിച്ചില്ല. പ്രശ്ന പരിഹാരത്തിന്റെ ആദ്യ നടപടി എന്ന നിലയിൽ അയോധ്യയിലെ കുറ്റവാളികൾക്കെതിരെ പ്രയോഗിക്കാൻ ഒരു പുതിയ ബുൾഡോസർ ,യോഗി ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് ലഖ്‌നൗവിൽ നിന്നുള്ള പുതിയ വാർത്തകൾ!

ആചാരങ്ങളിലും മന്ത്രോച്ചാരണങ്ങളിലും ദേവാലയങ്ങളിലെ ഇരുണ്ട മുറികളിലും അല്ല ; കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരന്റെ വിയർപ്പിലാണ് ദൈവചൈതന്യം കുടികൊള്ളുന്നത് എന്ന ടാഗോറിന്റെ വരികൾ ഉൾപ്പെടെ ‘പ്രോലിറ്റേറിയൻ‘ ആശയങ്ങൾ കൂടി വായിക്കുന്നത് ഭരണത്തെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കും എന്ന് എന്ന് രാമൻ മോദിയെ ഉപദേശിച്ചു.
സംഭാവനയായി ലഭിച്ച തങ്കത്തിൽ നിർമ്മിച്ച, അഞ്ചു കോടി രൂപ വിലമതിക്കുന്ന 'രാമചരിതമാനസം' ഗ്രന്ഥം ആരാണ് കൊണ്ടുപോയത് എന്ന് തനിക്ക് കൃത്യമായി അറിയാമെന്നും, അത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ചുമതല മാത്രമാണ് നിങ്ങൾക്കുള്ളതെന്നും രാമൻ നേതാക്കളോട് കർശനമായി പറഞ്ഞു.
അയോധ്യയിലെ മോഷണത്തിൽ അടിയന്തരമായി ഇടപെട്ട് കള്ളന്മാരെ അഴികൾക്കുള്ളിലാക്കിയില്ലെങ്കിൽ, ഉത്തർപ്രദേശിൽ ഉൾപ്പെടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ബിജെപിയുടെ രാഷ്ട്രീയ 'വാട്ടർലൂ' ആയി മാറുമെന്നും രാമൻ അന്ത്യശാസനം നൽകി. കള്ളന്മാർക്ക് കുടപിടിക്കുന്ന ഈ അവസ്ഥ തുടർന്നാൽ, അയോദ്ധ്യയിലെ ഈ ആഡംബര കൊട്ടാരം ഉപേക്ഷിച്ച് താൻ വീണ്ടും കാട്ടിലേക്ക് പോകാൻ മടിക്കില്ലെന്നുമുള്ള രാമന്റെ അവസാന ഭീഷണിയിൽ ഞെട്ടിവിറച്ച് മൂന്ന് നേതാക്കളും ഒരേസമയം യാഥാർത്ഥ്യത്തിലേക്ക് ഞെട്ടിയുണർന്നു.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞