താരസംഘടന എ എം എം എ
(അമ്മ )ഒരു കുടുംബം പോലെയാണെന്നത് താരങ്ങൾ ആവർത്തിച്ച് ആണയിട്ടു പറയുന്നതാണ്.. ശരിയാണ്. എല്ലാ കുടുംബത്തിലുമുള്ളത് പോലെ പ്രശ്നങ്ങൾ ഇവിടെയുമുണ്ട്. വഴക്കുണ്ട്, പിണക്കമുണ്ട്, സ്വത്ത് തർക്കമുണ്ട്, 'ആരാണ് മൂത്തത്' എന്ന തർക്കവുമുണ്ട്. വ്യത്യാസം ഒന്നേയുള്ളൂ - നമ്മുടെ വീട്ടിലെ വഴക്ക് അയൽപക്കത്തറിയും;അമ്മയിലേത് ലോകം മുഴുവനും...
ഇപ്പോൾ ബിഗ് ബോസ് വീടിനേക്കാൾ ട്വിസ്റ്റും ടേണും ഉള്ള ഒരു സീരിയലായി മാറിയിരിക്കുകയാണ് 'അമ്മ'ക്കഥകൾ. എരിവും പുളിവും മാത്രമല്ല. സെൻസർ ബോർഡിനു പോലും നാണം വരുന്ന നിരവധിഇക്കിളിത്തരങ്ങളുമുണ്ട്.
സ്ക്രിപ്റ്റ് ആരുടേതാണെന്ന് അറിയില്ല, പക്ഷേ ഓരോ എപ്പിസോഡിലും രാജി, ആരോപണം, പ്രസ്താവന, തിരുത്ത് പുലഭ്യം പറച്ചിൽ തുടങ്ങിയവ കൃത്യമായി ഉണ്ട്. TRP കുതിച്ചുയരുന്നു, അംഗത്വ ഫീസ് മാത്രം അതേപടി.
ഹേമ കമ്മിറ്റി,ഹേമമാലിനി ആയി മാറിയ റിപ്പോർട്ടോടെയാണ് സമീപകാല കഥകളുടെ തുടക്കം
2017-ൽ തുടങ്ങിയ അന്വേഷണം 2024-ൽ പുറത്തുവന്നപ്പോൾ അമ്മയിലെ പലർക്കും പെട്ടെന്ന് ഓർമ്മക്കുറവ് വന്നു. റിപ്പോർട്ടിലെ 'പവർ ഗ്രൂപ്പ്', 'കാസ്റ്റിംഗ് കൗച്ച്', 'ബാൻ' എന്നീ വാക്കുകൾ കേട്ടപ്പോൾ ചിലർ ഇതൊക്കെ സിനിമയിൽ സാധാരണമല്ലേ എന്ന മട്ടിൽ തോളുയർത്തി. റിപ്പോർട്ട് വായിച്ചിട്ടില്ല, പക്ഷേ വിമർശിക്കാൻ റെഡി...
ഇതാണ് യഥാർത്ഥ പ്രൊഫഷണലിസം.
ഒറ്റക്കെട്ട്' എന്ന വാക്കിന് പുതിയ നിർവചനം നൽകി ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രസിഡന്റ് അടക്കം 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. മലയാള സിനിമാചരിത്രത്തിലെ ഈ മുൻ നിര ഐക്യം കണ്ട് സർവ്വരും കണ്ണീർ പൊഴിച്ച നിമിഷം. പ്രേക്ഷകർ കയ്യടിച്ചു - ഇത് തന്നെയാണ് ക്ലൈമാക്സ് എന്ന് കരുതി. പക്ഷേ ഇത് ഇന്റർവെൽ മാത്രമായിരുന്നു.
രാജിവെച്ചവർ തന്നെ വീണ്ടും മത്സരിക്കാൻവന്നപ്പോൾ അണിയറയിൽ അടക്കംപറച്ചിലായി.
സീൻ കോൺട്രാ ആവുമോ?വൈകാതെ പുതിയ കമ്മിറ്റി വന്നു, പ്രശ്നങ്ങൾ അതേപടി നിലനിന്നു. 'മാറ്റം' എന്ന വാക്ക് പോസ്റ്ററിൽ മാത്രം. പാനൽ വോട്ടെടുപ്പിൽ അഡ്ജസ്റ്റ്മെന്റ്' എന്ന ഐറ്റം ഡാൻസ് വേറെ ലെവൽ.
വിമൻ ഇൻ സിനിമാ കളക്ടിവ് എന്ന ഡബ്ല്യു സിസി ഉന്നയിച്ച പ്രശ്നങ്ങൾക്ക് അമ്മ നൽകിയ മറുപടികൾ തകർപ്പനാണ്. "ഞങ്ങൾ ചെയ്തു", "അവർ ചെയ്യട്ടെ", "പരാതി തന്നില്ല" പരാതി കൊടുക്കാൻ ICC ഉണ്ടല്ലോ '... പക്ഷേ ICC-യിൽ പോയവരുടെ അനുഭവം കേട്ടാൽ പിന്നെ ആരും ആ വഴിക്ക് പോകില്ല എന്നതാണ് ട്വിസ്റ്റ്.
അമ്മയിൽ അംഗത്വമില്ലെങ്കിൽ ഡബ്ബിംഗ് ഇല്ല, ലൊക്കേഷൻ ഇല്ല, ഷൂട്ടിംഗില്ല എന്ന പല്ലവി ഇപ്പോഴും DTS സൗണ്ടിൽ കേൾക്കാം. പേര് പറയാതെ 'ബാൻ' ചെയ്യുന്ന കലയ്ക്ക് അമ്മയ്ക്ക് നമ്മൾ ഓസ്കാർ നൽകണം ഞങ്ങൾ ആരെയും വിലക്കിയിട്ടില്ല;അവർക്ക് അവസരം കിട്ടാത്തതാണ് എന്നതാണ് സ്ഥിരം ഡയലോഗ്. ഈ സിനിമാ കാപ്സ്യൂൾ പഠിക്കാൻ NFTI-യിൽ പ്രത്യേക കോഴ്സ് തുടങ്ങിയാൽ തരക്കേടില്ല.
സ്ത്രീകൾക്ക് 50% സംവരണം, പരാതി പരിഹാര സെൽ എന്നിവയുൾപ്പെടെ ഭരണഘടന മാറ്റിയെഴുതുമെന്ന വാഗ്ദാനങ്ങൾ കേൾക്കാൻ സുഖമുണ്ട്. എന്നാൽ ഭരണഘടന ഭേദഗതി എന്നത് AMMA-യെ സംബന്ധിച്ചിടത്തോളം സിനിമയിലെ 'ക്ലൈമാക്സ് മാറ്റി എഴുതും എന്ന് പറയുന്നത് പോലെയാണ് - ട്രെയിലറിൽ കാണും, സിനിമയിൽ ഉണ്ടാവില്ല..
പ്രേക്ഷകർ എല്ലാം കൊണ്ടും ഹാപ്പിയാണ്.ടിക്കറ്റെടുത്ത് തിയേറ്ററിൽ പോകേണ്ട, AMMA-യുടെ പത്രസമ്മേളനവും അംഗങ്ങളുടെ ചോർന്നു പുറത്തുവരുന്ന ഫോൺ സംഭാഷണങ്ങളും മതി. കോമഡി, സെന്റി, ത്രില്ലർ,സെക്സ് എല്ലാം ആവോളം.
സുരക്ഷ വേണമെന്ന് പറഞ്ഞാൽ അച്ചടക്ക നടപടി കിട്ടും. മിണ്ടാതിരുന്നാൽ അവസരം കിട്ടും.ഇതിൽ ഏതുവേണമെന്നേ. പുതുമുഖ നടിമാർ തീരുമാനിക്കേണ്ടതുള്ളൂ
തങ്ങളുടെ കാലത്ത് ഇതൊന്നും നടന്നിട്ടില്ലായിരുന്നു എന്നാണ് മുതിർന്ന താരങ്ങൾ പറയുന്നത്.അന്ന് നടന്നത് പുറത്തു കൊണ്ടുവരാൻ ഇത്രേം മാധ്യമങ്ങൾ ഇല്ലായിരുന്നല്ലോ.
'അമ്മ' എന്നത് മാറ്റി കൂടുതൽ അനുയോജ്യമായ പേര് സംഘടനയ്ക്ക് നൽകുന്നതിനെക്കുറിച്ച് നവമാധ്യമങ്ങളിൽ ചർച്ചകൾ തകൃതിയാണിപ്പോൾ. മൂത്തമ്മ, അമ്മായി, രണ്ടാനമ്മ, മൈനി അഥവാ നാത്തൂൻ തുടങ്ങിയ സ്ത്രീപക്ഷ പേരുകളാണ് സജീവം. ഡാകിനി, നീലി, നാഗവല്ലി തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. പാട്ടി എന്നായാൽ ഒരു സൗത്ത് ഇന്ത്യൻ ഫ്ലേവർ കിട്ടുമെന്നുകരുതുന്നവരുമുണ്ട്. ദേശീയ തലത്തിൽ എല്ലാർക്കും സ്വീകാര്യമായേക്കാവുന്ന താടക, ശൂർപ്പണഖ തുടങ്ങിയ സെമി ക്ലാസ്സിക്കൽ പേരുകളിന്മേലും ചർച്ച തുടരുകയാണ്.
അതേസമയം പുരുൻമാർ പിന്നിൽ ചരടുവലിച്ച് നടത്തുന്ന പെൺ ഭരണസമിതിയായാൽ ബൊമ്മ എന്ന പേരാവില്ലേ ഉചിതം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.