വീര്യം കൂടിയ ഗുസ്തി മത്സരങ്ങൾ
മോഹന കൃഷ്ണൻ
15 July 2026, 1:18 am
വീര്യം കുറഞ്ഞ മദ്യത്തിന്റെ പേരിൽ വീര്യം കൂടിയ ഗുസ്തി മത്സരമാണ് ഇവിടെ നടന്നത്. ഇനിയും അതു തിളച്ചു പൊന്തും;എടതന്മാരും ഭരണ കോൺഗ്രസും തമ്മിൽ. നിയമപ്രകാരമുള്ള മുന്നറിയിപ്പിന്റെ സ്റ്റിക്കർ ഊരി എറിഞ്ഞാണ് പോർവിളി.
അടിച്ചു പൂസായി കുടുംബ സമാധാനവും ക്ഷേമവും സാമ്പത്തിക നിലവാരവും വല്ലാതങ്ങുയർത്തുന്ന കേരളത്തിലെ കുട്ടിച്ചാത്തൻമാർക്കു വേണ്ടിയാണ് സ്ഥലത്തെ ദിവ്യൻമാർ തറ്റുടുത്ത് ഇറങ്ങിയിരിക്കുന്നത്..സുബോധത്തോടെ പുരകളിൽ ചെന്നു കേറുന്നത് ദേശീയ താത്പര്യങ്ങൾക്ക് പന്തിയല്ലെന്ന ബോധ്യത്തിലാണ് പോര് കനക്കുന്നത്.
നമ്മുടെ അധ്വാന വർഗം കുടിച്ചു പെടുത്ത് കരളിൽ ഓട്ടവീഴുംവരെ തിമിർത്തു തുലഞ്ഞാലേ നമ്മുടെ ഖജാനയിലെ ഓട്ടകൾ അട യൂ;ലോക സംഘടന അനുശാസിക്കുന്ന ആരോഗ്യം സർക്കാരിനും കരഗതമാവൂ.
ജനാധിപത്യം സംരക്ഷിക്കാനും ഫാസിസത്തെ പ്രതിരോധിക്കാനും കുടിയന്മാരുടെ ഈ ത്യാഗ സന്നദ്ധയും സമർപ്പണവും അനിവാര്യമാണ്.
ഈ അന്തരാള ഘട്ടത്തിൽ
കുടിയന്മാരേ നിങ്ങൾ ആർക്കൊപ്പം എന്ന ചോദ്യവുമായി കൈക്കോടാലിയും കൊണ്ട് സാംസ്കാരിക നായകൾ പുറകെ വരുന്നുണ്ട്.സമാധാനം പറഞ്ഞേക്കണം.അല്ലേൽ ഒത ഉറപ്പ്.
വീര്യം കുറഞ്ഞ ഈ കൾസിന് നികുതിയും കുറയും.അവിശ്വസനീയവും ഭയങ്കരവുമായ ഈ ശാശ്വത സത്യം കടഞ്ഞെടുത്താൽ കൈവരുന്നത് ചാരായക്കമ്പനികൾ മനുഷ്യത്വ പരമായും കാരുണ്യത്തോടും നൽകുന്ന ചാരിറ്റിയാണന്ന് ബുദ്ധിജീവികൾ പറയുന്നു.അതിൽ പാരിറ്റി വേണം എന്നാണ് അധികാരത്തിൽ നിന്നും കുടിയിറക്കപ്പെട്ട കുണ്ഠിതരും കമ്പിത ഗാത്രരുമായ എടതനും വലതനും ജനതാദല്ലാളും കദനം കടിച്ചിറക്കി മൊഴിയുന്നത്..
പണ്ടത്തെ കള്ളു മന്ത്രി രാജേഷ് എന്ന സമരിയക്കാരൻ സംസ്ഥാനത്തെ എല്ലാ മധുപൻമാർക്കും നാക്കും വാക്കും കൊടുത്തതാണ് ; ധനേശൻ മന്ത്രി വിലയിട്ടു തന്നാൽ അന്നു തൊട്ടു വീര്യം കുറഞ്ഞത് വീശാമെന്ന്. പക്ഷേ അതു നടപ്പാക്കാൻ ജനമെന്ന കഴുതകൾ സമ്മതിച്ചില്ലല്ലോ . അതിനിടയിലല്ലേ കശ്മലന്മാർ ഭരണപുംഗവരെ ചവിട്ടിക്കൂട്ടി അറേബ്യൻ സീയിലെറിഞ്ഞത്.
വർഗ സമരം അതിന്റെ ആത്യന്തികമായ സോഷ്യലിസ്റ്റു സമൂഹ നിർമിതിയുടെ വക്കിലെത്തിയതായിരുന്നു. എല്ലാം നശിപ്പിച്ചില്ലേ. കഞ്ഞിക്കലം ഉടച്ചു കളഞ്ഞില്ലേ, വിപ്ലവപാതയിലെ വിഷപ്പാമ്പുകൾ.. കാരമുള്ളുകൾ....ചൊറിയണങ്ങൾ !
പിണറായിയുടെ കുപ്പിയിലെ പഴയ വീഞ്ഞ് പുതിയ സർക്കാർ പുത്തൻ കുപ്പിയിലെടുത്തപ്പോഴാണ് പഴയ കൂറ്റുകാർക്ക് കുരു പൊട്ടാൻ തുടങ്ങിയത്.പിന്നെ പുകിലും പുക്കാറുമായി. അഴിമതിയായി.ജോർജു കുട്ടിയായി..
കട്ടക്കലിപ്പായി. ബെക്കാഡിയായി
പഴയ രാജേഷ് മന്ത്രിയുടെ വാക്കുകളും ബൈറ്റും കിടിതാപ്പുകളും തോണ്ടി എടുത്തങ്ങ് ചുഴറ്റിയാൽ തീരുന്ന വിഷയം മാത്രമേയുള്ളു സതീശൻ മുഖ്യന്. മുൻ മന്ത്രിയും ഇപ്പൊ പ്രതികരണ പുപ്പുലിയുമായി മാറിക്കഴിഞ്ഞു ടിയാൻ .ഈയിടെ സിനിമയ്ക്കു പോയപ്പോൾ ഒരാൾ രാജേഷിനോട് പറഞ്ഞത്രേ. അഭിനയിക്കാൻ നിങ്ങൾ മതിയായിരുന്നു. മന്ത്രിയായിരുന്നപ്പോൾ രാജേഷ് സിനിമയ്ക്കു പോകാതിരുന്നത് എത്ര നന്നായി..അല്ലെങ്കിൽ കഥ മറ്റൊന്നായേനേ.
വായ്ക്കു രുചിയായി ഒരു വാർത്താ സമ്മേളനം പോലും നടത്തിയിട്ട് നാളേറെയായി. ചത്തു കുത്തി ഇരുന്നു കൊടുക്കുന്ന സർക്കാർ ജീവനക്കാരുടെ സമ്മേളന പന്തലുകൾ മാത്രമാണ്
പിന്നത്തെ വിലാപ വേദികൾ മുങ്ങിപ്പോയ കപ്പലിൽ നിന്നും മുങ്ങിയ കുപ്പിത്താനായി ചുരുങ്ങിപ്പോകുന്നത് കൂടുതൽ ദു:ഖ ഹേതുവാകുന്നു.
എല്ലാം വിധി വിഹിതം..കണ്ണിൽ വരേണ്ടത് താഴെക്ക് തെന്നിമാറി. ഹന്ത ഭാഗ്യം ജനാനം !
ഒരു കാര്യം സ്നിഗ്ധതയോടെ വ്യക്തമാകുന്നു. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നവരും അതിനായി ആഗ്രഹിക്കുന്നവരും മന്ത്രിയാകാൻ ആഗ്രഹിക്കുന്നവരും ജീവിതത്തിൽ ഒരു കാലവും മംഗലാപുരം വഴി ഒരിടത്തും പോകരുത്.ആ പേര് ഉച്ചരിക്കുകയുമരുത്.
അവിടം ഏലസു കെട്ടി സ്തംഭനം ചെയ്തിരിക്കയാണ്.എന്റെ ദേവി എന്താ കേക്കണത്.
ബെക്കാർഡിയും അളിയൻമാരും അദാനിയും കുഞ്ഞുകുട്ടി പരാധീനങ്ങളും കുമ്പള കടക്കുന്ന ഓരോ മലയാളി രാഷ്ട്രീയ പിന്തിരിപ്പന്മാരെയും ആവാഹിക്കുമത്രേ വശീകരണം,ഒടിവിദ്യ ,കൂടുവിട്ടു കൂറുമാറ്റം തുടങ്ങിയ തന്ത്ര മന്ത്ര കുതന്ത്രം നടത്തുമത്രേ.അതോടെ നമ്മുടെ നേതാക്കൾക്ക് കുത്തക മുതലാളിത്ത ബാധ കേറും. ഇറക്കാൻ പാടാ.. സൂര്യ കാലടിക്കും.
എടതമ്മാരായ കുട്ടിതേവാങ്കുകൾ ചിങ്കിയടിച്ചു കലാഭവൻ മണിയുടെ ഈ നാടൻ ചിന്തുകൾ പാടി പായുകയാണ് . ആളു കൂടുന്നിടത്താണ് ഈ കൺകെട്ടു വിദ്യകളും ഉറുമാലിൽ നിന്നും പ്രാവുകളെ പറത്തലും.
ബുത്തി ജീവികളായ സഖാക്കളെല്ലാം ഇപ്പോൾ തെരുവിലാണ്.
.നിയമസഭയിൽ ഇവരുടെ അഭ്യാസ പ്രകടനം വേണ്ടെന്നു തീരുമാനിച്ചത് നാട്ടുകാരായ കുലാക്കുകളാണ്. നശൂലങ്ങൾ !
കാഴ്ചയും കേൾവിയും ഓർമയും അടഞ്ഞു പോയ ഒരു മൂത്താര് സഭയിലമർന്ന് വ്യഞ്ജാനക്ഷരികളെ നാസികാഗ്രേ വരച്ചിടുമ്പോൾ സ്നേഹ നിധികളായ ഉണ്ണികൾക്കു മറ്റേന്തൂട്ടാ വഴി?
വിധി.