കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സർക്കാർ,എല്ലാ മേഖലയിലും അനാവശ്യ ചിലവുകൾ ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരിക്കെ, പൊതുമേഖലാ സ്ഥാപനമായ എൽ.ബി.എസ് (ലാൽ ബഹദൂർ ശാസ്ത്രി സയൻസ് ആൻഡ് ടെക്നോളജി) സെന്ററിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയ ആഡംബര കാർ വാങ്ങാൻ നീക്കം. സ്വന്തം ഫണ്ടിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്ന ഈ സ്ഥാപനത്തിൽ, പെൻഷൻ പറ്റിയവരുടെ ഗ്രാറ്റുവിറ്റിയുൾപ്പെടെ ഗഡുക്കളായി മാത്രം നൽകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ ധൂർത്ത്. കഴിഞ്ഞ സർക്കാരിന്റ ധൂർത്തിനും അഴിമതിക്കുമെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് സസ്പെൻഷനിലായ ഡോ ബി അശോകിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത് എന്നതാണ് മറ്റൊരു പ്രത്യേകത. ജൂലൈ 26-ന് സുവർണ്ണ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുകയാണ് എൽ.ബി.എസ്. അതിനിടയാണ് ഈ വഴിവിട്ട നീക്കത്തിന് അരങ്ങൊരുങ്ങുന്നത്.
കുറഞ്ഞത് 35 ലക്ഷം രൂപ വില വരുന്ന വാഹനം വാങ്ങങ്ങാനുള്ള നടപടികളാണ് പുരോഗമിക്കുന്നത് എന്നറിയുന്നു. വൻ തുകയുടെ വാഹനം വാങ്ങാനുള്ള തീരുമാനത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയരുകയാണ്. ഇതിനായി സർക്കാരിന്റെ മുൻകൂർ അനുമതി ലഭിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ല. പുതിയ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോക്ടർ ബി. അശോക് ആണ് എൽ.ബി.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്സൺ. ഈ സാഹചര്യത്തിൽ, ബി അശോകിന്റെ തന്നെ ആവശ്യപ്രകാരമാണോ വാഹനം വാങ്ങാൻ നീക്കം നടത്തുന്നതെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ പേരിൽ മറ്റാരെങ്കിലും ആണോ ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത് എന്നും വ്യക്തമാകേണ്ടതുണ്ട്.
മുഖ്യമന്ത്രി ഗവേണിംഗ് ബോഡി ചെയർമാനായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വൈസ് ചെയർമാനുമായ എൽ.ബി.എസിൽ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണോ ഇത്തരം തീരുമാനങ്ങൾ എടുത്തത് എന്നത് അന്വേഷണവിധേയമാക്കേണ്ടതുണ്ട്.
അതിനിടെ ഡെമോയ്ക്കായി ആഡംബര വാഹനം കഴിഞ്ഞദിവസം എൽ ബിഎസ് ആസ്ഥാനത്ത് എത്തിക്കുകയും പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ച് നൽകുകയും ചെയ്തിരുന്നു. ടെസ്റ്റ് ഡ്രൈവിൽ ഉദ്യാഗസ്ഥർ തൃപ്തി പ്രകടിപ്പിച്ചതായും അറിയുന്നു. എന്നാൽ വാഹനം വാങ്ങാനുള്ള നീക്കത്തെക്കുറിച്ച് റീച്ചിനോട് പ്രതികരിക്കാൻ എൽ ബി എസ് ഡയറക്ടർ വിസമ്മതിച്ചു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



