ഉല്‍കൃഷ്ടമായ ജീവല്‍ പ്രക്രിയ പ്രതിഫലിക്കുന്ന ഉദാത്തവും മാതൃകാപരവുമായ സാഹിത്യ കൃതി എന്ന നിലയിലാണ് വാല്‍മീകി രാമായണത്തിന്റെ പ്രസക്തി. അത്യന്തം സങ്കീര്‍ണമായ കഥയെ പ്രതീകാത്മകമായ കഥാപാത്രങ്ങളിലൂടെ സമൂഹത്തിനു നേരെ പ്രതിഷ്ഠിച്ചിരിക്കുകയാണ് ആദികവി രാമായണത്തിലൂടെ. ഗാര്‍ഹസ്ഥ്യ ജീവിതത്തിന്റെ വികാരപരവും യഥാതഥവുമായ ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് രാമായണമെന്ന ടാഗോറിന്റെ അഭിപ്രായം പ്രസക്തമാകുന്നതിവിടെയാണ്. നിലവിലെ സമൂഹത്തിന്റെ നേര്‍ ചിത്രീകരണം മാത്രമല്ല സാമൂഹ്യ പ്രശ്‌നങ്ങള്‍ വരച്ചുകാട്ടി കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും പരിഹാരം കൂടി പറയുന്നതിനാലാണ് രാമായണത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നത്. നൂറ്റാണ്ടുകളും അതിര്‍ത്തികളും കടന്നുള്ള വിസ്മയമായി ആദികാവ്യം അനശ്വര കാവ്യ മായി മാറുന്നതിനു പിന്നിലെ മാന്ത്രികതയും ഇതാണ്.
ഭരണം കയ്യാളുന്നവനു മാത്രമല്ല സമൂഹത്തില്‍ വിവിധങ്ങളായ തൊഴില്‍ ചെയ്യുന്നവരുടെ മനോഗതിയും രാമായണം ചര്‍ച്ച ചെയ്യുന്നു. രാജാവിനും പ്രജ്ക്കും പ്രകൃതിക്കും നിയമം ഒരുപോലെ എന്നതിന്റെ സൂചനകള്‍ രാമായണത്തില്‍ പല സന്ദര്‍ഭങ്ങളിലും ദൃഷ്ടിഗോചരമാണ്. ഈ തിരിച്ചറിവ് ആദര്‍ശ ജീവിതത്തിലേയ്ക്കുള്ള പ്രേരകശക്തിയാണ്. മനുഷ്യ സഹജമായ കുറവുകളോടു കൂടിയാണ് രാമനെ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ജീവിത ആദര്‍ശവും നിസ്വാര്‍ത്ഥവും മാതൃകാപരമായ പ്രവൃത്തികളിലൂടെയും അധര്‍മ്മത്തിനു മേല്‍ രാമന്‍ വിജയം നേടുന്നു . ഇത് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. തന്റെ വിജയത്തെ സമൂഹത്തിന്റെ വിജയമായി കാണാനാണ് രാമനിഷ്ടം. ഭരണാധികാരിക്കുണ്ടായിരിക്കേണ്ട ആദര്‍ശ ധീരത കുത്തിനിറച്ചാണ് രാമനെ സൃഷ്ടിച്ചിരിക്കുന്നതെന്നും കാണാം. വ്യക്തി, കുടുംബം,സമൂഹം, രാഷ്ട്രം എന്നിങ്ങനെ വിവിധ തലങ്ങളിലെ പാരസ്പര്യത്തിന്റെ ആകെത്തുക കൂടിയാണ് രാമായണം. ഈ നിലയ്ക്ക് സനാതന ഭാരത ധര്‍മ്മം പ്രതിപാദിക്കുന്ന കൃതി എന്ന നിലയിലാണ് രാമായണം ലോക സാഹിത്യ ഭൂപടത്തില്‍ രാമായണം മൂല്യവത്തായി നില്‍ക്കുന്നത്. ജിവിതവഴിയിലെ വീഴ്ചകളും ഉയര്‍ച്ചകളും നേരിടുന്നതിന്ന് നാം എപ്രകാരം സജ്ജമായിരിക്കണമെന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ രാമായണം നമ്മോടു പറയുന്നു. ഉത്തരവാദിത്തങ്ങള്‍, ധര്‍മ്മങ്ങള്‍, കുറവുകള്‍, കാഴ്ചപ്പാടുകള്‍, ജീവിതരീതികള്‍,സ്‌നേഹം, ദയ, കോപം, വാത്സല്യം, ദീനാനുകമ്പ തുടങ്ങിയ ഇന്ദ്രിയ സഹജമായ വികാരങ്ങളും പ്രവൃത്തികളും കഥാപാത്രങ്ങളിലൂടെയും സംഭവ വികാസങ്ങളിലൂടെയും അനുകരണീയമാം വിധം ഈ ലോകോത്തര കൃതിയില്‍ ഇണക്കി ചേര്‍ത്തിട്ടുണ്ട്. ജീവിതത്തോടുള്ള സമീപനത്തിലും മാനവികതയിലൂന്നിയുള്ള കഥാപാത്ര നിര്‍മ്മിതിയിലും സമ്പന്നമായ കൃതി എന്ന നിലയില്‍ മനുഷ്യ മനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ രാമായണത്തിനു കഴിഞ്ഞു. ജിവിത ഗന്ധിയും മൂല്യാധിഷ്ഠതവുമായ സാഹിത്യ കൃതിക്കു മാത്രമേ ലോകമെമ്പാടുമുള്ള സഹൃദയ മനസ്സുകളെ ആഴത്തില്‍ സ്പര്‍ശിയ്ക്കാനാകൂ എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് രാമായണ കാവ്യം.ഭാരതത്തിലെ വലിയൊരു ജനവിഭാഗം ജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരം തേടുന്നത് രാമായണത്തിലാണ്. കഥാപാത്രങ്ങളെയും ജീവിത വഴിയില്‍ അവര്‍ നേരിടുന്ന പ്രതിസ്സന്ധികളെയും താരതമ്യം ചെയ്ത് സ്വയം പരിഹാരം തേടുന്നത് രാമായണത്തോട് ഇക്കൂട്ടര്‍ എത്രമാത്രം അടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ്. നൂറ്റാണ്ടുകള്‍ക്കിപ്പുറമുള്ള ഈ പ്രതിഭാസം രാമായണത്തിന്റെ സാമൂഹ്യ പ്രസക്തിയെ അടിവരയിടുന്നു. ഭൗതികസുഖത്തിനു പിന്നാലെ പായുന്ന ആധുനിക സമൂഹത്തിന് ഒട്ടേറെ കാര്യങ്ങള്‍ രാമായണത്തില്‍ നിന്ന് ഇനിയും പഠിക്കാനുണ്ട്. കേവലമായ ഇന്ദ്രിയ സുഖങ്ങള്‍ക്കുപരിയായി സേവന തല്‍പരതയിലൂന്നിയ രാമന്റെ നിസ്വാര്‍ഥ ജീവിതത്തിലൂടെ ആദി കവി വ്യക്തമാക്കാനുദ്ദേശിച്ചത് നാം ഇനിയെങ്കിലും ഉള്‍ക്കൊള്ളേണ്ടതാണ്. വെറുപ്പിന്റെ വൈകാരിക തലത്തില്‍ നിന്നു കൊണ്ട് രാമന്‍ യുദ്ധം നയിച്ചിട്ടില്ല. അധര്‍മ്മത്തിനുമേല്‍ ധര്‍മ്മത്തിന്റെ വിജയം ലക്ഷ്യമിട്ടുള്ള ശത്രു നിഗ്രഹം എന്ന ആശയം നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭാരതത്തില്‍ നിലനിന്നിരുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്. വൈകാരികതയ്ക്ക് അടിപ്പെട്ടു പോകാത്ത ഭരണാധികാരിയായ രാമനില്‍ ഭരണതന്ത്രജ്ഞത ഏതാണ്ടൊരു കാവ്യനീതി പോലെ സ്വാംശീകരിക്കുക വഴി സാഹിത്യ സൃഷ്ടി എന്ന നിലയില്‍ നിന്നുപരിയായ സ്ഥാന പ്രതിഷ്ഠയാണ് രാമായണത്തിന് ലഭ്യമായത്.
സഹിഷ്ണുത, ദയ, സ്‌നേഹം, മമത, കരുണ, ത്യാഗം തുടങ്ങിയ ഉദാത്ത വികാരങ്ങളുടെ സമന്വയമാണ് മാതൃകാ പുരുഷന്‍ രാമനില്‍ രചയിതാവ് സമഞ്ജസിപ്പിച്ചത്. ശുരവീര പരാക്രമിയായ രാമ രൂപവും കൃതിയിലൂടെ നമുക്ക് പരിചിതമാകും. രാമനിലൂടെ സൃഷ്ടിക്കപ്പെട്ട സാമൂഹ്യ സ്ഥിതി കൈമോശം വന്നിരിക്കുന്ന ഇക്കാലത്ത് ഒരുപക്ഷേ ഇതൊക്കെ നമുക്ക് ആശ്ചര്യമായി തോന്നിയേക്കാം. എന്നിരുന്നാലും അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഭക്തിയിലുപരിയായി രാമായണം ജനമനസ്സുകളില്‍ ഇടം നേടി എന്നത് സമൂഹത്തോട് ഈ കൃതി എത്രമാത്രം നീതി പുലര്‍ത്തുന്നു എന്നതിന്റെ ഉദാഹരണമാണ്. സാഹിത്യകൃതികളുടെ മൂല്യം അളക്കുന്നത് അവ സ്വീകരിക്കപ്പെടുന്ന രീതിയിലൂടെയുമാണല്ലോ. പ്രതിസന്ധി ഘട്ടങ്ങളില്‍ വഴികാട്ടിയാകുന്ന കൃതി എന്ന നിലയില്‍ രാമായണത്തെ നാട് ഒന്നാകെ ഇന്നും നെഞ്ചോട് ചേര്‍ത്തിരിക്കുന്നു. രാജാവ്, പ്രജ ആരുമാകട്ടെ ഇവര്‍ പാലിക്കേണ്ട ജീവിത മൂല്യങ്ങള്‍, പ്രകൃതിയോടുള്ള സമീപനം, ദീനാനുകമ്പ എന്നിങ്ങനെ മൂല്യാധിഷ്ടിത ജീവിതത്തിന്റെ ഉദാത്തമായ അടയാളപ്പെടുത്തലുക ളുടെ കലവറയാണ് രാമായണം. താന്‍ പറയാനുറച്ച കലഘട്ടത്തിന്റെ ചിത്രീകരണവും പുനരാവിഷ്‌കരണവും കവൃ രൂപത്തില്‍ കുറിച്ചിട്ടതാണ് രാമായണം. സമീപനത്തിലെ സത്യസന്ധതയുടെ അടിത്തറയില്‍ രചിച്ച രാമായണ മഹാകാവ്യം കാലത്തിന്റേയും ദേശത്തിന്റെയും അതിരുകള്‍ കടന്ന് അതേ രൂപത്തില്‍ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ സല്‍പേരാണ് വാല്‍മീകിയില്‍ വന്നു ചേരുന്നത്. വരും തലമുറകള്‍ക്കു വഴികാട്ടിയായി രാമായണം മാറുന്നതിന്റെ കാരണവും മൂല്യാധിഷ്ഠിതമായ സാഹിത്യ കൃതി എന്നതല്ലാതെ മറ്റൊന്നല്ല.
'വാത്മീകി രാമായണത്തിന്റെ ചൈതന്യത്തിലേയ്ക്കും ആഴത്തിലേയ്ക്കും ഒറ്റക്കുതിപ്പിന് എത്തിപ്പെടാന്‍ നമുക്കാവില്ല. പക്ഷേ ഒന്നുണ്ട് ഒരിക്കല്‍ അതിന്റെ ആഴത്തില്‍ മുങ്ങിയവര്‍ ഒന്നു സമ്മതിയ്ക്കും - ലോക സാഹിത്യത്തില്‍ മറ്റൊരു കൃതിയ്ക്കും രാമയണത്തോട് സമാനത അവകാശപ്പെടാന്‍ സാധിക്കില്ല' അരവിന്ദ മഹര്‍ഷിയുടെ അടയാളപ്പെടുത്തലുകള്‍ എത്രയോ ശരി.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



