ചക്ക ARRACK- ദൈവത്തിന്റെ സ്വന്തം പാനീയം
കെ.മോഹനൻ
18 July 2026, 2:03 am
മദ്യം, മദിരാക്ഷി,ലോട്ടറി. ഈ വാക് ത്രയത്തിലാണ് മലയാളിയുടെ പുതിയകാല രാഷ്ട്രീയം ഉരുണ്ടു പോകുന്നത്.
കേരളത്തിലെ പ്രശസ്തമായ മദ്യ കഥയിലെ പാത്രങ്ങളായിരുന്നല്ലോ സുധീരൻ എന്ന ധീരനും ഉമ്മൻ ചാണ്ടി എന്ന ജനകീയനും. കഥാന്ത്യം വാളുവയ്ക്കാൻ കഴിയാതെ പരസഹസ്രം പേർ കുഴങ്ങി. ബാറുകൾ വെറും മുപ്പതായി ചുരുങ്ങി. നേരത്തെ തന്നെ വിധു പോയ മലയാളി ജീവിതത്തിൽനിന്ന് മധുവും മാഞ്ഞ കാലം.!
പണം വാരാൻ അത്യാർത്തിയുള്ള ഏതൊരു ആളെയും പോലെ സോളാർ ഇല്ലാതെയും കച്ചവടം നടത്തുന്ന ചതുരുപായം കാട്ടിയ സംരഭകയെ പൂണ്ടടക്കം കയറിപ്പിടിച്ചാണ് ശത്രുക്കൾ ഉമ്മൻ ചാണ്ടിയെ തളച്ചത്. അധര വിപ്ളവം അന്നു ചുവന്നില്ല.അടിപ്പാവാടയിലായിരുന്നു പിടി. വികെഎൻ ശൈലിയിൽ വിജയശ്രീ ലളിതമാരെ രമിച്ച് അവർ അധികാരം പിടിച്ചു. അവരാണ് പിന്നീട് നവകേരളത്തെ കണ്ടു പിടിച്ചതും.അതിന്റെ അപ്പൻമാരായി അറിയപ്പെട്ടതും.
തോക്കിലൂടെ മാത്രമല്ല പെണ്ണുടലും കമ്പിക്കഥയും ഭാരതധ്വനിയും എക്സ്ഹാംസ്റ്ററും മാർഗമാക്കിയും അധികാര മർമം തൊടാം എന്ന പുതു പാഠം അവർ അവതരിപ്പിച്ചു.
വീര്യം കുറഞ്ഞ മരുന്നിന്റെ നാൾവഴി തുടങ്ങുന്നത് ഹജൂർ കച്ചേരിയിലെ
സർക്കാർ ഫയലിലായിരുന്നു വളർച്ചയും വികസനവും സോഷ്യലിസവും തുള്ളിച്ചാടുന്നത് അതിലാണല്ലോ?.കാർഷിക വിളകളിൽ നിന്നും മരുന്നു വാറ്റിയാൽ പാടവും പണിശാലയും പെടയ്ക്കും. ഇതായിരുന്നു ഫയലിലെ രത്നമ്മച്ചുരുക്കം
നമ്മുടെ സസ്യലതാദികളുടെയും കാർഷികവിളകളുടെയും കാര്യമെടുത്താൽ ഇവിടെ സുലഭമായത് കുളവാഴയും ചൊറിയണവുമാണെന്നത് പിഎസ് സി ചോദിക്കാത്ത പൊതു വിജ്ഞാനമാണ്.
കേരനാടിനു കേരവുമായി പുലബന്ധമില്ലെന്നാണ് കിത്താബുകളിൽ പറയുന്നത്. ആദ്യ കാല സഞ്ചാരികൾ ഇവിടെ മരങ്ങൾ നിരവധികണ്ടിട്ടും തെങ്ങു കണ്ട മട്ടില്ല.തെങ്ങിനെപ്പറ്റി ചോദിച്ചാൽ ഇന്നും തെങ്ങിൽ പശുവിനെ കെട്ടി പശുവെ ഉപന്യസിക്കുന്നതാണ് നമ്മുടെ ശീലം.
മലയാളികൾക്ക് ഇന്ന് തേങ്ങയില്ല. തേങ്ങയും മാങ്ങയും കന്നഡവും തമിഴകവും തരും. നാമതു വിഴുങ്ങും.
ഇവിടുത്തെ അവശേഷിക്കുന്ന തെങ്ങുകൾക്ക്
മണ്ടയുയില്ല;ഉള്ളത് മണ്ഡരിയും. വെട്ടി വെളുപ്പിക്കലാണ് പരിഹാര ക്രിയ. ഇനി കേര നിരകളെ കാണാനെങ്കിൽ പഴയകാല മലയാള കവിതകൾ തപ്പണം.
മലയാളിക്ക് ദാഹം അല്ലേലും ഇച്ചിരി കൂടുതലാ. സ്വാഭാവികമല്ലാതെ വളർത്തുന്ന തമിഴകത്തെ ഇളനീരാണ് നാം കുടിച്ചു വറ്റിക്കുന്നത്. തെങ്ങില്ലാത്ത കാരണത്താൽ ഇവിടെ മോന്താൻ കള്ളുമില്ല. അതിനാൽ കള്ളക്കള്ളു കലക്കി എടുക്കണം. എന്തൊരു തൊന്തരവാ..
കശുമാവ് എന്നത് ഇന്നൊരു മ്യൂസിയം പീസാണ്.കൈതച്ചക്കയുമതെ.
തൊഴിലാളികൾക്ക് വേല കൊടുക്കാൻ തോട്ടണ്ടി ഇറക്കുമതിയാണ് ശരണം. എങ്കിലും കൈതച്ചക്കയിൽ നിന്നും കശുമാങ്ങയിൽ നിന്നും ലഹരി കുറഞ്ഞ പാനീയമുണ്ടാക്കാനുള്ള ഒരു പദ്ധതി കഴിഞ്ഞ സർക്കാരിന്റെ മനസ്സിൽ ചാപിള്ളയായ കഥ ഈയിടെ വെളിപ്പെടുത്തിയത് മുൻമന്ത്രിയും പാർട്ടി സിക്രട്ടറിയുമായ ഗോന്നൻ മാഷാണ്. എവിടത്തെ കശുമാവും അണ്ടിയും കണ്ടിട്ടാണോ ആവോ !
നാടൻ മാമ്പഴത്തിനു തീവിലയാണ്.
വില കുറഞ്ഞത് വിഷമടിച്ചതിനും.
ചുരുക്കത്തിൽ കേരളത്തിൽ മരുന്നു വാറ്റാൻ ഒരു തേങ്ങയുമില്ലെന്ന് സിദ്ധരൂപം
നാളികേരം കേരളത്തിൽ മിത്തായി തീരുമ്പോഴും കേരത്തിൽ ചുറ്റിയാണ് നമ്മുടെ നമ്മുടെ ഞണ്ടുകളിയാകെ.
വിവിധ രാജ്യങ്ങിൽ പരമ്പരാഗത പാനീയങ്ങളെല്ലാം ഹെറിറ്റേജ് ഡ്രിങ്കുകളായി ബ്രാൻഡു ചെയ്തിട്ടുണ്ട് ജപ്പാനിൽ സാകെ, കൊറിയയിൽ മാക് ഓലി,മെക്സിക്കോവിൽ പുൾകെ,ഇന്ത്യയിൽ റൈസ് ബിയർ,ഫെനി....
എന്നാൽ
കേരളത്തിന്റെ ഹെറിറ്റേജ് ഫ്രൂട്ട് മാങ്ങേം തേങ്ങേം ഒന്നുമല്ല.അതു ചക്കയാണ്. നാട്ടിലെവിടെയും ചറപറാ വീണ് മുയലുകളെ കൊല്ലുന്ന ലക്ഷണയുക്തമായ ചക്ക. അതിനെയാണ് നാം 'ദേശീയപക്ഷി'ആക്കേണ്ടത്. മുഴുപ്പു കൊണ്ട് പോണോഗ്രഫിയിലെ അർത്ഥ വ്യാഖ്യാനം ഇവിടെ അനുചിതമാണ്.
തമിഴൻ കേരളത്തിൽ നിന്ന് നിസ്സാര വിലയ്ക്ക് വാങ്ങിക്കൂട്ടുന്ന ഉല്പന്നം എന്ന നിലയിൽ സുലഭമായ ചക്കയിൽ നിന്നും ഹെറിറ്റേജ് ബിവേറെജ് വൻ തോതിൽ നിർമ്മിക്കാൻ കഴിയണം. ആരാലും പരിചരിക്കപ്പെടാതെയും ആരുടെയും അനുമതി കാക്കാതെയും വളരുന്ന ഓർഗാനിക് വിള.അതു ചക്ക മാത്രമാണ്.
അരക്കുള്ളതു കൊണ്ട് കൈ ലാവണ്യം പോകുമെന്ന പേടിയിൽ ചക്കക്കൊതിയുള്ളപ്പോഴും അംഗനമാർ അത് തൊടില്ല.
ചക്കച്ചുളയും കാമ്പും മടലും ചവിണിയും കുരുവും മുള്ളും വാറ്റി വീര്യം കുറഞ്ഞതോ കൂടിയതോ ആയ നാടൻ ബിവറേജ് നിർമിക്കാനാണ് കാർഷിക കലാശാലകളും ഗവേഷണ സ്ഥാപനങ്ങളും പരിശ്രമിക്കേണ്ടത്. ചക്കയാണ് ഇനി കേരളത്തിന്റെ ഡ്രീം ഫ്രൂട്ട്. ചക്കപ്പുഴുക്കിൽ തീരേണ്ടതല്ല ചക്ക. അതു മൂല്യവർദ്ധിതമായി മാറണം. ഇതുവരെ നമ്മെ പിന്നോട്ടടിച്ച അരക്ക് നമ്മുടെ ബ്രാൻഡ് നെയിമാകണം.. ചക്ക arrack. ഹായ് എത്ര സ്വയമ്പൻ പേര്! കേരളത്തിന്റെ പേര് ഭാവിയിൽ ചക്കളമെന്നായാലും അതിശയിക്കേണ്ടതില്ല.
ചുളുവിന് നമ്മിൽ നിന്നും ചക്കവാങ്ങി അത് വറുത്ത് 500 രൂപാ നിരക്കിൽ നമുക്കു തന്നെ വിൽക്കുന്ന അശിക്ഷിതരായ തമിഴകത്തെ അണ്ണാച്ചിമാരാകട്ടെ ഇനി നമ്മുടെ മെന്റർമാർ