രാജീവം വിടരും നിൻ മിഴികൾ....
രജനി അശോക്
19 July 2026, 5:06 am
ജനങ്ങൾ നിയമസഭയിൽ നിന്നും പുറത്താക്കിയ മാന്യദേഹങ്ങളിലൊരാളാണ് പി.രാജീവ് എന്ന ദാർശനികൻ. ടാറ്റ അവരുടെ സംരംഭത്തിനു നോ പറഞ്ഞത് നാണക്കേടായി എന്ന ദർശനമാണ് പുതുതായി ഇദ്യം പുറപ്പെടുവിച്ചത്. മന്ത്രിയായിരിക്കേ ഇയാളു പണ്ടു കാണാപ്പാഠം പറഞ്ഞ നിക്ഷേപ പട്ടിക എവിടെയെന്ന് നാട്ടാര് ചോദിക്കുന്നത് നാണക്കേടാവില്ലേ സ്നേഹിതാ? കണക്ക് കൊണ്ട് വ്യവസായ യൂണിറ്റുകളിൽ മഹാരാഷ്ട്രയെ പിന്നിലും കേരളത്തെ മുന്നിലുമാക്കിയ ഒടിയനാണ് പുള്ളി.
ദാവോസിൽ കച്ചോടം പിടിക്കാൻ പോയിട്ട് നാലണ കിട്ടിയോ. അന്ന് എന്തോരം തള്ളായിരുന്നു. നിക്ഷേപ സംഗമം നടത്തി. ശത കോടികളുടെ നിക്ഷേപക്കണക്കു പറഞ്ഞു.വന്നത് നാലു വൈദ്യശാലയും മൂന്നു രക്ത പരിശോധനാ ലാബും. ഇതാണ് രാ..ജീവൻ. ഇപ്പോൾ ഇങ്ങനെയൊക്കെ പറയാമോ ചേട്ടാ.. നാളേം നമുക്കു കാണേണ്ടേ? ഗുരോ സതീശൻ കള്ളം പറയുന്നുണ്ടെങ്കിൽ,അതിൽ ഗുരു സ്ഥാനീയനാണ് അങ്ങ്.അതു മറക്കരുത്.
എല്ലാവർക്കും തൊഴിലും വിദ്യാഭ്യാസവും ഭൂമിയും ഉണ്ടാകുന്നത് മുതലാളിത്ത മുദ്രാവാക്യമാണെന്നു ഉഭയജീവിയുടെ ശബ്ദ വീചിയിൽ ഉരച്ചതും ഇദ്ദ്യം തന്നെ.
മുന്തിയ സൂളിൽ പഠിപ്പിച്ചു മൂശേട്ടകളായ തൊഴിലാളികളുടെ മക്കളുമായി കലർത്താതെ മകളെ മുതലാളിത്ത കൂടാരത്തിൽ പറഞ്ഞു വിട്ടിട്ട് പൊതു വിദ്യാഭ്യാസത്തെ വല്ലാതങ്ങു പൊലിപ്പിച്ചതും ഇതിയാൻ തന്നെ .ഇനി ഈനാശുവിന്റെ പറച്ചിൽ ശരിക്കും സതീശനുള്ളതാണോ,അതോ തന്റെ പ്രധാന്യം വിളിച്ചോതുന്ന പാർട്ടിക്കുള്ള ശബ്ദ സന്ദേശമോ?
പതിനഞ്ചു കൊല്ലം പാർട്ടിയെയും പത്തു കൊല്ലം നാടിനെയും നയിച്ച നവകേരള കില്ലാടി ഒരു ബിഗ് സീറോയാണന്ന് നാടിനെ തെര്യപ്പെടുത്താൻ രണ്ടു മാസത്തിനുള്ളിൽ കഴിഞ്ഞു എന്നതിലാണ് വിഡി സതീശന്റെ രാഷ്ട്രീയ പ്രസക്തി.സഭയിൽ സിപിഎം നടത്തുന്നത് അന്ധ ബധിര മൂക വിദ്യാലയമാണ്. നിലവിളിയാണ് നിശബ്ദതയെ ഭഞ്ജിക്കുന്നത്.
പൊളിഞ്ഞു വീണ ബിംബം പല കഷണങ്ങളായി മടങ്ങി വന്നു
മുഖ്യമന്ത്രി കുത്തകക്കാരുടെ വക്താവെങ്കിൽ, ഒറ്റയാൻ പ്രവർത്തനം തുടരുന്നുവെങ്കിൽ,ബിജെപി നയങ്ങൾ പിൻപറ്റുന്നുവെങ്കിൽ ഇടതിന് എല്ലാം എളുപ്പമായില്ലേ. 110 സീറ്റോടെ ഇടതു ഭരണം വീണ്ടും വരും. ഈസിയായി. ലഡ് പൊട്ടി യോ സഖേ....
ഈ ഭരണത്തിനു മാൻഡേറ്റ് വെറും അഞ്ചു വർഷം മാത്രം.തുടർഭരണവും ശാസ്ത്രീയ സോഷ്യലിസവും പാവം എന്ന പദം നിഘണ്ടുവിൽ നിന്നും പുകയ്ക്കലും പ്രകടന പത്രിക അവരെ അനുവദിക്കുന്നുമില്ല. അഭിപ്രായം ജനം പറയും. അല്പം സമയം കൊട് സേട്ടാ...
ഇടതു രാഷ്ട്രീയം തകർന്നു പോയില്ലെന്നു നിരന്തരം ഒപ്പാരിടുന്നത് സംസ്ഥാന സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവരാണ് .ആരാനും അങ്ങനെ മൊഴിഞ്ഞോ സഖീ? എല്ലാം വേവലാതികൾ! എല്ലാം തേവാംഗുകൾ!
യുഡിഎഫ് മന്ത്രിസഭയുടെ മുൻഗണനകളും അജണ്ടയും പ്രതിപക്ഷവും മാധ്യമങ്ങളും സെറ്റു ചെയ്യേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോൺഗ്രസിലെ വിചലനങ്ങളിൽ സിപിഎമ്മിന് എന്തിനു വേപഥു? സ്വന്തം പെര കത്തി തീരാതെ നോക്കിയാൽ പോരേ?
അഖിലേന്ത്യാ കമ്മിറ്റി മുതൽ മണ്ഡലം വരെയുള്ള തടസ്സങ്ങൾ നീക്കിയാണ് സതീശൻ വന്നത്. കടലു കടന്നവന് എന്ത് കൈത്തോട്..
തമ്മിൽ അറിയാത്ത,ചുമതലകൾ യാതൊന്നുമില്ലാത്ത അസംഖ്യം ജനറൽ സെക്രട്ടറിമാരും പോഷകക്കാരും പുര നിറഞ്ഞു നിൽക്കുന്ന കോൺഗ്രസ്സിൽ പരാതിക്കാരും പരിഭവക്കാരും സ്വന്തം വിലാസം രജിസ്റ്റർ ചെയ്യാൻ ഉദ്യമിക്കുന്നത് സ്ഥിരം കലാപരിപാടിയാണ്..
തോറ്റവർക്കും ആർത്തി പൂണ്ടവർക്കും ഒരു വെള്ളി രേഖയുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്.2029ൽ ലോക്സഭയിലും നിയമസഭയിലും ഒരുമിച്ച് ഇലക്ഷൻ.അതിനു തിങ്കളാഴ്ച ആരംഭിക്കുന്ന ലോകസഭാ സമ്മേളനത്തിൽ ഇടതു മാറി വലതു വച്ച് കൈ പൊക്കണം.സമ്മതമല്ലെങ്കിൽ അടുത്തുള്ളവന്റേതു പൊക്കി എടുത്താലും മതി.അതോടെ എല്ലാം ശുഭം.
പരാജയം ഇരന്നു വാങ്ങിയ കാരണ ഭുതരും സെക്രട്ടറിയും തുടരുന്നിടത്തോളം യുഡിഎഫും ഭദ്രമായി തുടരും.
രാഷ്ട്രീയത്തിൽ കുത്തക ആർക്കുമില്ല.അതിജീവനത്തിനായാണ് സിപിഎം ബംഗാളിൽ ബിജെപിയെ സഹായിച്ചത്. കഥ ഇവിടെയും മാറാം.കത്തുന്ന ദീപവും അരിവാളും കൈമാറിയ പ്രേമലേഖനങ്ങൾ ഇപ്പോഴും പഴയ ഫയലിലുണ്ട്.
ഭയത്താൽ വിറകൊള്ളുന്ന സിപിഎം സർവ്വ ശക്തിയാൽ ആഞ്ഞടിക്കുന്നത് സതീശനെ ഒതുക്കാനാണ്.
ചെന്നിത്തലയും കെസി വേണുഗോപാലും.. ആ ചാഞ്ഞ കൊമ്പുകളിൽ ഓടിക്കയറാനുള്ള പ്ളാൻ പൊളിഞ്ഞതാണ് ശരിക്കും ശരിയായ പ്രശ്നം.