NewsAd1
പാറ്റകൾ ആശുപത്രികളിൽ.. മുരളിയേട്ടൻ ജാഗ്രതൈ !
മോഹന കൃഷ്ണൻ
29 July 2026, 1:30 am
main image of news

പൊതുജനാരോഗ്യം ചർച്ചിക്കുമ്പോൾ സാറൻമാർക്ക് നാവ് നൂറാണ്.സമാസിച്ചും വിഗ്രഹിച്ചും വാക്യത്തിൽ പ്രയോഗിച്ചും അവർ പൊളിക്കും. കൊച്ചിന്റെ അപ്പനല്ലെങ്കിലും ഇതുകേട്ട് ഭരണ പിതാക്കൾ രോമാഞ്ച കിഞ്ചിതരാകും

നിർമലരായ സായിപ്പൻമാർ ഗണിച്ച് അന്താളിഫിക്കേഷൻ സർട്ടിഫിക്കേഷൻ നൽകുന്നതോടെ കേരള നമ്പർ വൺ. ഇത് ഗവേഷണ പേപ്പറുകളിലെ ആരോഗ്യശ്രീമാനാണെന്ന് ആരറിയുന്നു. ആടിനറിയുമോ ഷെയർ മാർക്കറ്റിലെ കച്ചോടം.!
ഈ സായിപ്പിനെ ഒരു മെഡിക്കൽ കോളെജിലെ ഒരു വാർഡിൽ കൊണ്ടുവന്നാൽ മാത്രം മതി എഴുതിയ ഓലകളും കത്തിച്ച് അയാൾ ഓടിത്തള്ളാൻ.
കേരളം പണിഞ്ഞ ആരോഗ്യരംഗത്തെ ലോക രംഗോലി അടപടലം തകർന്നിട്ട് ദശകങ്ങൾ പലതായി. പാണന്മാർ ഇന്നും അതറിഞ്ഞിട്ടില്ല. എട്ടു കട്ടയിലാണിന്നും അപശ്രുതി.

 image 2 of news

ശില്പശാലകളിലും സെമിനാറുകളിലും ഈറ്റ് ആന്റ് മീറ്റിനു മാത്രം ഉതകുന്ന ഉരുപ്പടികളാണ് നമ്മുടെ ആരോഗ്യ ഗരിമകൾ. പ്രയോഗികത തൊട്ടു തീണ്ടാത്ത സാമാനം. കവാത്തൂ മറന്നു പോയ നാം ഇപ്പോഴും വിളിച്ച് കൂവുന്നു. സായിപ്പേ _രക്ഷിക്കണേ, My brother is drinking water.....

ആരോഗ്യം കാക്കേണ്ട മന്ത്രി മുരളീധരന് കാര്യങ്ങളുടെ കിടപ്പിനെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. അതുകൊണ്ടാണ് ചുരുക്കം ദിവസങ്ങൾക്കുള്ളിൽ വെടിപ്പായ കുറേയധികം കാര്യങ്ങൾ പ്രധാന ആശുപത്രികളിലെങ്കിലും നടപ്പിലായത്. അതിദരിദ്രരില്ലാത്ത നാടാക്കി സംസ്ഥാനത്തെ മാറ്റിമറിച്ചാണ് മാന്യദേഹങ്ങൾ പടിയിറങ്ങിയത്. എങ്കിലും സർക്കാരാശുപത്രിയിലെത്തിയാൽ പൊതിച്ചോറ് തന്നെ ശരണം. കൊടി വച്ച് നൽകുന്ന പൊതിച്ചോറും കഴിച്ച് ഏമ്പക്കം വിട്ടാണ് അതി ദാരിദ്ര്യം പമ്പകടക്കേണ്ടത്. അതുകൊണ്ട് അതിൽ കൈ വയ്ക്കണ്ട. പാറ്റ സമരത്തിന്റെ പാറ്റന്റുള്ള യൂത്തൻമാരാണ്. പൊതിച്ചോറ് കൊലച്ചോറാവും.
HomeAd1
 image 3 of news

നമ്മുടെ ആശുപത്രികൾ ശുചിത്വത്തിൽ നരക സമാനമാണമാണെന്ന് പറയേണ്ടതില്ല. വാർഡുകൾക്കുള്ളിലെ പാറ്റയും പഴുതാരയും മാത്രമല്ല പാമ്പും പട്ടികളും ഡിസ്ചാർജായ ശേഷം വേണം രോഗികളെ കിടത്താൻ . വേലയെടുക്കാത്ത,മനുഷ്യപ്പറ്റില്ലാത്ത കുറെ കുട്ടിച്ചാത്തൻമാരാണ് സാമാന്യമായി ഇവിടത്തെ കാലാൾപ്പട. പിരിവ്,സമ്മേളനം, ജനറൽ ബോഡി, പാർട്ടി മാധ്യമങ്ങളുടെ വരി പുതുക്കൽ, ഉടയ്ക്കൽ സാമ്രാജ്യത്വ ഭീഷണി ഇവയെ തോളിലിട്ടാണ് അവരുടെ നടപ്പ്. .ഡ്യൂട്ടി ഒഴികെ സർവ്വത്തിലൂം അവർ പുപ്പുലികളാണ്.

Cleanliness is next to Godliness.നമ്മുടെ ആശുപത്രി കെട്ടിടങ്ങൾ അകവും പുറവും രണ്ട് ആഴ്ചയിൽ ഒരിക്കൽ പൊടിയും മാറാലയും അഴുക്കും നീക്കി ശുചീകരിക്കാൻ കഴിയുന്നവരെ ഏല്പിക്കണം. പൊതുമേഖല, സഹകരണ ,സ്വകാര്യ മേഖലയിലുള്ള ഏജൻസികളെ പരിഗണിക്കാം. നിരീക്ഷണവും. വേണം.
എല്ലാ ആശുപത്രികളിലും ശൗചാലയങ്ങൾ ഓരോ മണിക്കൂറും ശുചീകരിക്കേണ്ടത് അനിവാര്യമാണ്. കേന്ദ്രസർക്കാരിന്റെ സുലഭ് പ്രോജക്ട് ഏജൻസികൾക്കു കരാർ നൽകിയാൽ കാര്യം വെടിപ്പാകും ഇത്രയുമായാൽത്തന്നെ ധർമ്മാശുപത്രികൾ രോഗീസൗഹൃദ ഇടങ്ങളാകും.

 image 4 of news

കേരളത്തിന്റെ ആരോഗ്യ മേഖലയിലാണ് സ്വകാര്യ നിക്ഷേപങ്ങൾ കുന്നു കൂടുന്നത്. കച്ചവടവും ചൂഷണവും തന്നെയാണ് ഈ സംരംഭങ്ങളിൽ മുൻകൈ നേടുന്നത്.. ഇതിന് ആർക്കും പരാതിയില്ല. ജനകീയ ആരോഗ്യ ചർച്ചകൾ ഇപ്പോൾ നിശബ്ദമാണ്. കേണലിനു ആരും എഴുതുന്നുമില്ല. ഒത്തുതീർപ്പുകളും കീഴടങ്ങലുകളും നമുക്ക് പുത്തരിയല്ല.ഉണക്കലരിയാണ്

സ്വകാര്യ ഹോസ്പിറ്റലിൽ ബ്രാൻഡുകൾ ഇപ്പോൾ നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും ഷോറുമുകൾ തുറന്ന് സേവനവ്യാപനം വർദ്ധിപ്പിക്കുന്ന തിരക്കിലാണ്. ഈ തള്ളിക്കയറ്റത്തിൽ പരമ്പരാഗതമായി നമുക്ക് മരുന്നു നൽകി രോഗ ശമനം നൽകിയിരുന്ന ഡിസ്പെസറികളും നമ്മെ കടക്കാരാക്കാത്ത കൊച്ച് ആശുപത്രികളും ക്ലിനിക്കുകളും ഒലിച്ചു പോയി.
സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ എറിയുന്ന മലയാളി, സർക്കാർ ആശുപത്രിയിൽ സോഷ്യലിസമേ പറയൂ. കുറ്റമേ കുറ്റം. പ്രതിഷേധം, സമരം, തെറിവിളി...
ഉദാരവത്കരണം മാറ്റിപ്പണിത പുതിയ മലയാളിയാണ് ഇന്നുള്ളത്. വീടകത്ത് ഇന്ന് മക്കളാണ് മാർഗദർശികൾ;മരുന്നിനും കുറിപ്പടിക്കും. ഇന്റർ നെറ്റിലൂടെ നാം ശ്വാസം കഴിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളെജിൽ വിജയിച്ച സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സംവിധാനം ആദ്യം ജില്ലാതലത്തിലും പിന്നീട് താലൂക്കുകളിലും വ്യാപിപ്പിക്കാൻ കഴിഞ്ഞാൽ ഒരു ഭീമൻ തുക പൊതു ഫണ്ടിൽ തന്നെ പിടിച്ചു നിർത്താം. വികസനത്തിൽ കുതിച്ചു ചാടാം.

സ്വകാര്യ മേഖല നൽകുന്ന എല്ലാ സൗകര്യങ്ങളും സേവനങ്ങളും അതിന്റെ മൂന്നിലൊന്നു ചെലവിൽ നൽകാൻ കഴിയുമെന്നും തെളിഞ്ഞു കഴിഞ്ഞു. അല്പം പ്രൊഫഷണലിസം കൂടി കൂട്ടിച്ചേർത്താൽ അത്ഭുതങ്ങളാകും ഫലം. ആ സംവിധാനം ഒരുക്കാൻ ആരോഗ്യ വകുപ്പിന് കഴിയണം.

ഇപ്പോഴും സർക്കാർ മേഖലയിൽ തന്നെയാണ് അറിവും അവഗാഹവും പ്രായോഗിക പരിചയമുള്ള നൂറു കണക്കിനു കിടയറ്റ ഡോക്ടർമാർ ഉള്ളത്. അത് പൂർണമായും പ്രയോജനപ്പെടുത്തണം.
ഈ സംരംഭങ്ങൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകണം.പണിയെടുക്കുന്ന മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാർക്ക് ആകർഷകമായ ഇൻസെന്റീവുകൾ നൽകി പരമാവധി പെർഫോൻസ് പുറത്തു കൊണ്ടു വരാനുതകുന്ന നടപടികൾ വേണം.
ഈ സംരംഭം ജയിക്കാൻ ഡോക്ടർമാരോടൊപ്പം മാനേജ്മെന്റ് വിദഗ്ദരും വേണം.
നിക്ഷേപങ്ങൾ സ്വീകരിച്ചും പിപിപി മോഡലിലും സ്പോൺസർഷിപ്പും സി എസ് ആർ ഫണ്ടും സ്വീകരിച്ചും സർക്കാരിന്റെ പുതിയ ഇൻഷ്വറൻസ് വിനിയോഗിച്ചും ഫണ്ടു കണ്ടെത്താൻ കഴിയും.
ടെലിമെഡിസിൻ ശക്തമാക്കാൻ എക്സ്പെർട്ടുകളുടെ വിഭാഗത്തിനും രൂപം നൽകണം.
പണക്കുറവു കൊണ്ടു മാത്രം നല്ല ചികിൽസ നിഷേധിക്കപ്പെട്ട് ഒരാൾ മരിക്കുന്നതു ശരിയല്ലെന്ന ഔപചാരിക ജനാധിത്യ ബോധവും സോഷ്യലിസ്റ്റു ബോധ്യവും സമഭാവനയും മാത്രമാണ് നമുക്കു വേണ്ടത്. സർക്കാരിനും ..
.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞