അഖില കേരള സാഹിത്യസാമാജികരേ, ഇതിലെ...
മോഹന കൃഷ്ണൻ
31 July 2026, 3:21 am
കേരളത്തെ ആകെ മൊത്തം നന്നാക്കുന്ന തിരക്കിൽ സതീശൻ & പാർട്ടി നാട്ടിലെ സാഹിത്യ സാംസ്കാരിക രംഗത്തിന് മതിയായ ശ്രദ്ധ നൽകുന്നില്ല. നന്നായി പുസ്തകം വായിക്കുന്നയാളാണ് മുഖ്യൻ. ഇനി അതു കൊണ്ടാണോ സാഹിത്യകാരൻമാരോടും കവികളോടുമൊക്കെ ഇത്ര വൈരാഗ്യം? ഇടത് മാറി വലതു വന്നിട്ടും അക്കാദമികളിൽ അധിപൻമാരെ തീരുമാനിച്ചിട്ടില്ല. എപ്പോഴാവും വിളി വരികയെന്നറിയാതെ കണ്ണിലെണ്ണയൊഴിച്ച് കിടക്കപ്പായയിൽ ഒരേ കിടപ്പാണ് എണ്ണിയാൽ തീരാത്ത സാംസ്കാരിക ദേഹങ്ങൾ.
കേരളത്തിലെ നെരൂദമാരെല്ലാം ഇന്ന് പതുങ്ങി കിടപ്പാണ്. കാര്യം പന്തിയല്ല. സ്വന്തം പണി ചെയ്യാതെ സർക്കാർ ചെലവിൽ തിന്നു കുടിച്ചു അർമാദിച്ച് നടക്കുകയായിരുന്നല്ലോ. നാട്ടുകാരെ ഭേദ്യം ചെയ്യാൻ ഇടക്കിടെ കവിതകൾ ഓൺലൈനാക്കിയും ഇവർ കേൾപ്പിച്ചു. ആ മുദ്രാവാക്യ കവിതകളാണ് ഇന്നത്തെ ജീവൽ സാഹിത്യം. പുരോഗമന സാഹിത്യം.
'ഇന്നീ പാർട്ടി ലോകത്തെങ്ങും
ശോഭിച്ചീടാൻ കാരണഭൂതൻ
പിണറായി വിജയനെന്ന സഖാവ് തന്നെ...'
കവികൾ പ്രവാചകരാണെന്നു പറയുന്നത് എത്ര ശരിയാണ്.കവേ, പുംസ് കോകിലമേ, അങ്ങാര്? സമകാലിക മലയാള സാഹിത്യത്തിന്റെ സ്വരൂപം ഈ ധാരയിലാണിന്ന്. അതിന്റെ ഏറ്റവും ക്ഷുദ്രമായ നിദർശനമാണ് മേലുദ്ധരിച്ചത്.
അക്കാദമി വിശിഷ്ട അംഗത്വത്തിന് സർവ്വഥാ യോഗ്യമായ ഈ വരികൾ കുറിച്ച ഈ സാർവ്വഭൗമനെ
പാറശ്ശാലയിലെ പൊന്നപ്പമ്മാരാണ് കിന്നരി വച്ചു മൂപ്പിച്ചത്. തവളയില്ലാ കുളത്തെ കുടുംബശ്രീകൾ അതു തകർത്താടി.
ആചാര്യൻമാരായി ആനാവൂരും ബേബിയും മറ്റു മുതലുകളും ഈ മെഗാ തിരുവാതിരയെ ഉഴിഞ്ഞു.
പക്ഷേ ഈ കാവ്യപരമ്പരയ്ക്ക് തുടർച്ച നഷ്ടപ്പെട്ടതിലാണ് ഇന്ന് ഏറെയും കുണ്ഠിതം.
'പള്ളിയല്ല പണിയണം പള്ളിക്കൂടമാകണം' എന്നാണ് ആഹ്വാനം. പഠിപ്പിക്കാൻ പോയിട്ട് പതിറ്റാണ്ടായവന്റെ പള്ളിപ്പാട്ട്.
പഠിപ്പിച്ച് പിള്ളാരെ വഴിയാധാരമാക്കിയവന്റെ വെടി വഴിപാട്.!
വീട്ടിന്റെ വടക്കേപ്പുറം വഴി കടന്നു വരുന്ന ഫാസിസത്തിന്റെ പാദപതനങ്ങൾ ഇപ്പോൾ ആരും കേൾക്കുന്നില്ല. ഇതുവരെ പേടിച്ചു കുഴയുകയായിരുന്നു. ആസുരമെന്നു പറഞ്ഞ ഈ രാപ്പകലുകൾ രണ്ടടിച്ചു ചാരു കസാലയിൽ മയങ്ങാനുള്ള കാലം കൂടിയായി.
പുരോഗമന ജീവൽ സാഹിത്യം സംബന്ധിയായ അവഗാഹം എഴുത്തുകാരെക്കാൾ കൂടുതലും ജനങ്ങൾക്കായിരുന്നു എന്നാണല്ലോ ജനവിധിയുടെ മറുവാക്ക്.
നനയും കുളിയുമില്ലാതെ മുടിയും താടിയും അസംബന്ധ സാഹിത്യമായി പടർന്ന് കയറിവർ അക്കാദമി കാംപസുകളിലെ ആൽമരച്ചുവടുകളിൽ ഇപ്പോഴും നിദ്ര കൊള്ളുന്നു. പുതിയ മുതലാളിമാരെ തേടി. അവർ വന്നിട്ടു വേണം കേരളം അഴിച്ചു പണിയാൻ.പുതിയ സാഹിത്യം റേഷൻ കടകളിലൂടെ അളന്നു നൽകാൻ. മലയാളിയുടെ സാഹിത്യ പൈദാഹങ്ങൾ തീർക്കാൻ.
സാഹിത്യം യുഡിഎഫിനു പണ്ടേ അലർജിയാണ്. കുത്തിയിരുന്നു അസ്തിത്വം പറയാൻ അവർക്ക് നൊസ്സുമില്ല. എല്ലാം കൂട്ടിയാൽ നമ്മുടെ സാഹിത്യം കൂമ്പുചീയൽ രോഗത്തിനു ഇരയാകും. ഭഗവാനെ , ആലോചിക്കാൻ പോലും വയ്യ !
നമ്മുടെ എഴുത്തുകാരെല്ലാം നല്ല അഭ്യാസികളായി പേരെടുത്ത വരാകുന്നു.ഏതു വേദി കിട്ടിയാലും അവിടെ കയറികൂടി കസറും. അണു മുതൽ ആകാശ ഗംഗവരെ..കിട്ടുമെങ്കിൽ എന്തും കൈക്കലാക്കും. അവർ ഗുപ്തൻ സാറിന്റെ 'ഇസങ്ങൾക്കപ്പുറം' വായിച്ചവരാണ്. വാഴക്കുല വൈലോപ്പിള്ളിയുടെയോ ചങ്ങമ്പുഴയുടെയോ എന്നതിലല്ല തനിക്കു തന്നെ കിട്ടണം വാഴക്കുല എന്ന ആഗ്രഹത്തിലാണ് സമകാലിക സാഹിത്യം മുന്നോട്ടു പോകുന്നത്. തെറ്റില്ല. അവലക്ഷണങ്ങൾ അരങ്ങു വാഴുമ്പോൾ വാല്യക്കാർക്കും വേണ്ടേ കരിക്കാടി.
വല്ല അലിഗറിയും എഴുതി ഇടതുകാരെ സുഖിപ്പിച്ചാൽ അത് ബെസ്റ്റ് സെല്ലറാകും. പേരുവരും. ഏ സ്റ്റാറു കിട്ടും. എവിടെ നിന്നു ചുരണ്ടി എന്നു കണ്ടു പിടിക്കുന്നതു പിന്നിടാകുന്നതു സൗകര്യമാണ്.
സച്ചി മാഷിനെ കേൾക്കാനില്ല. ലോകം കണ്ടെങ്കിലും കമ്മികളെ തിരിച്ചറിയിയാൻ വൈകിപ്പോയി.
പുസ്തക വില്പനയെ ആധാരമാക്കിയാണ് മലയാള സാഹിത്യം കുതിക്കുന്നത്. വായിക്കപ്പെടാത്തവയാണ് ഏറെയും. ആസന്നമൃത്യു ശതകം.! എഴുതുമ്പോൾ തന്നെ കാലഹരണപ്പെടുന്ന കലികാല വൈഭവം !
ലൈബ്രറി ഗ്രാന്റിലാണ് കണ്ണെല്ലാം.അതു ലാക്കാക്കി എല്ലാ ചവറുകളും അച്ചടിച്ച് ഭരണ വിലാസം പ്രസാധകർ ലാഭം കൂട്ടും.അല്ലാത്തവർ അഷ്ടിക്കു വക കണ്ടെത്തും. നമ്മുടെ സോദ്ദേശ്യ സാഹിത്യം കേരളത്തിൽ തഴയ്ക്കുന്നത് ഇവ്വിധമാണ്.
സതീശനെ വാഴ്ത്തുന്ന തിരുവാതിര എഴുതാൻ കൈ തരിക്കുന്നുണ്ട് കവികൾക്ക്. പാടാനും ആടാനും പാട്ടു സംഘങ്ങളും റെഡി. സേട്ടാ.. അക്കാദമികളുടെ കാര്യം വരുമ്പോൾ നുമ്മട പേര് മറക്കല്ലേ...