NewsAd1
പൂക്കിയേട്ടാ... പി എം ശ്രീ വിളിക്കുന്നു.
ബാലകൃഷ്ണൻ കാരോട്
4 August 2026, 5:17 am
main image of news

സതീശൻ കൊള്ളാം! ഭരണമേറ്റ് ചുരുക്കം ദിവസങ്ങൾക്കുള്ളിൽത്തന്നെ മാലോകരെക്കൊണ്ട് ഇങ്ങനെ പറയിക്കുക നിസ്സാര കാര്യമല്ല.പ്രത്യേകിച്ചും കേരളത്തിൽ.

ഏറ്റവുമൊടുവിൽ മിന്നൽ മഴയ്ക്കിടെ വിരുന്നു മാമുണ്ണാൻ പോയതാണ് സതീശനെ സർവ്വാരാധ്യനാക്കിയത്. മുമ്പ് എത്രയോ തവണ കേരളത്തിൽ ഉരുൾ പൊട്ടിയിരിക്കുന്നു. മിന്നൽ പ്രളയവും മിന്നൽ മുരളിയും എത്ര തവണ വന്നു. അന്നും കേരളത്തിൽ മുഖ്യമന്ത്രിമാരുണ്ടായിരുന്നു. അവർ ഓണത്തിനിടയിലും പുട്ടുകച്ചവടമെന്ന പോലെ മൂന്നുനേരവും മൃഷ്ടാന്നം ശാപ്പിട്ട് ഏമ്പക്കം വിട്ടിരുന്നു. പിന്നെ ഇടയ്ക്കും മുറയ്ക്കുമൊക്കെ പത്രങ്ങൾക്കും ചാനലുകൾക്കും പടം പിടിക്കാൻ സംഭവ സ്ഥലം സന്ദർശിച്ച് വിഷാദിച്ച് നിന്നിട്ടുമുണ്ട്.

 image 2 of news

സതീശന്റെ (നമ്മുടെയും)അറിവിൽ പ്രളയ കാലത്തോ പ്രണയകാലത്തോ ഒന്നും ഒരു മുഖ്യമന്ത്രിയും ഉപവാസമിരുന്നിട്ടില്ല. അതിന്റെ ആവശ്യമെന്താ? ഖജനാവിൽ പൊതു ആവശ്യങ്ങൾക്ക് കാശിത്തിരി കുറഞ്ഞാലും മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രി പരിവാരങ്ങൾക്കും അഷ്ടി മുട്ടിയ ഗതികേടൊന്നുമുണ്ടായിട്ടില്ല. നമ്മുടെ നാടിന് ഒരു നിലേം വിലേമൊക്കെയില്ലേ.

രാവിലെ അഞ്ചു മണിക്കാണ് സതീശൻ കേരളത്തിലെ പുതിയ പ്രകൃതിദുരന്ത വാർത്ത അറിയുന്നത്. ഇന്റലിജൻസ് വേറേ വകുപ്പിനു കീഴിലായത് കഷ്ടമായി.അല്ലെങ്കിൽ തലേ ദിവസം തന്നെ കാര്യമറിഞ്ഞേനേ. അസ്തപ്രജ്ഞനായ അദ്ദേഹം ദന്തധാവനം പോലും വെടിഞ്ഞ് അപ്പോൾത്തന്നെ എടുത്തുചാടി രക്ഷാപ്രവർത്തനത്തിനിറങ്ങി.ഒന്നിനു പോയവൻ രണ്ടും കഴിഞ്ഞ് ഉണർന്നപ്പോൾ മണി മൂന്ന്. അപ്പോഴാണ് രാവിലെ കുളിയുൾപ്പെടെ തെറ്റിയതും ജലപാനം മറന്നതും ഓർത്തത്. ഭാഗ്യത്തിന് ഒരു ചങ്ങായി 'ഇച്ചിരി കഞ്ഞിയെടുക്കട്ടെ' എന്ന് ഒടിയനിലെ മഞ്ജു വാര്യരുടെ രീതിയിൽ മൊഹബത്തോടെ ഖൽബറിഞ്ഞു ക്ഷണിച്ചു. അവിടെപ്പോയി കഞ്ഞി കുടിച്ചു. അയ്നാണ്.....
HomeAd1
 image 3 of news

ഹെലിക്കോപ്റ്ററിൽ കൊച്ചിയിൽ പോയത് എന്തിനാണ് വിവാദമാക്കുന്നതെന്ന് മനസ്സിലാവുന്നില്ല. രണ്ട് ടേം ഭരിച്ച് മൂന്നാമതും ഞാനല്ലാതെ മറ്റാര് എന്ന് ചോദിച്ച് നാട് ഭരിച്ച മുഖ്യമന്ത്രി മാസം എൺപത് ലക്ഷം രൂപ വാടകയ്ക്കെടുത്തതാണ് ആ കോപ്റ്റർ. ഒരു മാസം 25 മണിക്കൂർ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരം കടുകട്ടി കരാറാക്കിയശേഷമാണ് കാപ്റ്റൻ കോപ്റ്റർ ഉറപ്പിച്ചത്. അമ്മായിയപ്പൻ ആസ്പത്രിയിൽ കിടക്കുന്നതിന്റെ തൊട്ടപ്പുറത്ത് നിന്ന് രാവിലെ ഒരു വിളി.കൊച്ചി വരെ ഒന്നു വരാമോ സി എമ്മേ,കുറച്ച് നിക്ഷേപം കൊണ്ടുവന്നിട്ടുണ്ട്. ചെന്നൈ ഫ്ലൈറ്റ് വെയിറ്റ് ചെയ്യുന്നു. ഓടിവന്നാൽ സ്വല്പം നിക്ഷേപിക്കാം. പൂക്കി വന്നില്ലേൽ ഇളയ ദളപതി തൂക്കും.

പിന്നെ ഒന്നും ആലോചിച്ചില്ല. നാട്ടുകാരെ മനസ്സിലോർമ്മിച്ച് കോപ്റ്ററെടുത്ത് ഒറ്റ പാച്ചിലായിരുന്നു. അവിടെയെത്തുമ്പോൾ കാലാവസ്ഥ മോശം. വാച്ചിൽ നോക്കി. 25 മണിക്കൂറായിട്ടില്ല. തിരിച്ച് തിരുവനന്തപുത്തേക്ക് വണ്ടി വിട്ടു. കഞ്ഞി കുടിച്ചു. പിന്നെ വീണ്ടും കൊച്ചിയിലേക്ക്. ഓടിപ്പിടഞ്ഞ് കക്ഷികളെക്കണ്ട് നിക്ഷേപമുറപ്പിച്ചു. വരുന്ന വഴി ആശുപതി ജനാല വഴി അമ്മാവനെക്കണ്ടു വീണ്ടും തലസ്ഥാനത്തേക്ക്. ഭാഗ്യം! അപ്പോഴും 25 മണിക്കൂറായില്ല. പൊതു ഖജനാവിൽ നിന്ന് അണാപ്പൈസ പോകേണ്ടിയും വന്നില്ല.എന്നിട്ടും ചില മാപ്രകൾക്ക് എന്തിന്റെ കേടാ?

 image 4 of news

പി എം ശ്രീയുടെ കാര്യത്തിൽ പ്രതിപക്ഷത്തിരുന്നപ്പോ എടുത്ത കടുത്ത തീരുമാനത്തിൽ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. രണ്ടു വ്യവസ്ഥകളാണ് അന്നും പറഞ്ഞത്. ഒന്ന് ഭരതനെ യുവരാജാവായി വാഴിക്കുക. രണ്ട് രാമനെ കാട്ടിലേക്കയയ്ക്കുക. ഇപ്പോൾ അത് രണ്ടും ശരിയായി. ഞങ്ങൾ പി.എം ശ്രീ നടപ്പാക്കില്ല സുഹൃത്തേ. അത് ന്യൂനപക്ഷ വിരുദ്ധവും ഫാസിസത്തിന്റെ ഒളിച്ചു കടത്തലുമാണ്. അധികാരത്തിൽ വന്നാൽ ലീഗുമായിച്ചേർന്ന് അത് കൊണ്ടു പോയി അറബിക്കടലിൽ തള്ളും. പക്ഷേ ഇപ്പഴാണ് ശരിക്കും കുഴപ്പം മനസ്സിലായത്. അറബിക്കടലിൽ തള്ളാൻ ഇസ്ലാമിക രാഷ്ട്രങ്ങൾ തമ്മസിക്കൂല്ല. മലയാളത്തിൽ ഫാസിസം കലരും പോലെയല്ല അറബിയിൽ കലർന്നാൽ.അറബികൾക്ക് ഫാസിസം ഹറാമാണ്. മനസ്സിലാക്ക് മച്ചാനേ, നമ്മള് നടപ്പാക്കാൻ പോകുന്നത് പിഎം ശ്രീ യല്ല. സി എം ശ്രീയാണ്. അത് പത്തര മാറ്റ് തങ്കം.

പത്രസമ്മേളനങ്ങളിൽ പഴയ കാപ്റ്റന്റെ അത്രയും വരില്ലെങ്കിലും അതിനുള്ള ശ്രമത്തിലാണ്. ഇങ്ങോട്ട് വലിയ രീതിയിലുള്ള ചോദ്യങ്ങളൊന്നും വേണ്ട. എപ്പോൾ ഏത് ഉത്തരം പറയണമെന്ന് ഞാൻ തീരുമാനിക്കും. ഞാൻ പറയുന്ന ഉത്തരത്തിന് ചേരുന്ന ചോദ്യങ്ങൾ നിങ്ങൾപിന്നീട് ഉണ്ടാക്കിയെടുത്താൽ മതി.

സെക്രട്ടറിയേറ്റിൽ എപ്പോൾ വന്നാലും ഒരു തടസ്സവുമില്ലാതെ മുഖ്യമന്ത്രിയെക്കാണാം. കോഴിക്കോട് - കാസർകോട് ഭാഗത്തു നിന്നും വരുന്നവർ തെക്കേ ഗേറ്റിലും പാറശ്ശാല മുതൽ ഫോർട്ട് കൊച്ചി വരെയുള്ളവർ വടക്കേ ഗേറ്റിലും മറ്റുള്ളവർ പടിഞ്ഞാറേ ഗേറ്റിലും വരിയായി നില്ക്കണം. വരാനും പോകാനും മറ്റു ഗേറ്റുകളില്ലാത്തതിനാൽ മുഖ്യമന്ത്രിക്ക് ഓഫീസിലെത്താൻ കഴിയില്ല എന്ന വിവരം അറിയിക്കുന്നു. ഇതിന് മുമ്പുള്ള മുഖ്യമന്ത്രി ഇങ്ങനെ വരിനില്ക്കാൻ പോലും അനുവദിച്ചിട്ടില്ലല്ലോ എന്ന് ഓർമ്മിച്ച് എല്ലാർക്കും സമാധാനത്തോടെ പിരിഞ്ഞു പോകാവുന്നതേയുള്ളൂ.

ഇപ്പോൾ കേരളത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ജനങ്ങൾക്കു മുന്നിൽ ഒരേയൊരാൾ മാത്രമേയുള്ളൂ. അത് സതീശനാണ്. ചെന്നിത്തല കഞ്ചാവിനും മയക്കുമരുന്നിനുമെതിരേയും യുദ്ധം നടത്തി ദേശീയ തലത്തിൽശ്രദ്ധ കിട്ടുന്ന പിആർ പ്രവർത്തനങ്ങളുമായി തിരക്കിലാണ്. മന്ത്രിയാണെന്നത് ഓർമ്മിക്കാതെ ഇടയ്ക്കെല്ലാം മൈക്കു കണ്ടാൽ നിന്നു കൊടുക്കുന്ന മുരളിയേട്ടനെ മാത്രമേ പിന്നെ മന്ത്രിസഭാംഗമെന്ന നിലയിൽ ജനങ്ങൾക്കറിയൂ. ടീം കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിലുണ്ടെന്ന് നാട്ടാർ അറിഞ്ഞു വരുന്നതേയുള്ളൂ.ഉള്ള കാലത്ത് അവനവന് ആവശ്യമുള്ള കാര്യങ്ങൾ ചെയ്ത് പോവുകയല്ലാതെ മാപ്രകളുടെ കോപ്രായം കാണാനൊന്നും നമ്മളില്ലേ....
ആകെ മൊത്തം രസം പിടിച്ചു വരുന്നുണ്ട്. എത്ര ശ്രമിച്ചാലും തിരിച്ചു വരില്ല എന്ന് സ്വയം സമ്മതിച്ചു നില്ക്കുന്ന സിപിഎം ന് പ്രതീക്ഷ നൽകുകയാണോ വിഡി എസ് എന്ന തോന്നലും സജീവമാണ്.
ഒന്നിനും കുറവുവരുത്താതെ
മിന്നിച്ചേക്കണേ പൂക്കിയേട്ടാ...

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞