പാർട്ടി പിടിക്കാനുള്ള ഒളി യുദ്ധങ്ങൾ
രജീഷ് ആർ
5 August 2026, 3:08 am
മുഖ്യമന്ത്രി വിഡി സതീശനെ മുൻ നിർത്തിയുള്ള സിപിഎമ്മിലെ പരമ്പരാഗത പടക്കുറുപ്പുമാരുടെയും പ്രൊഫഷണൽ കരിയറിസ്റ്റ് അവതാരങ്ങളുടെയും പാർട്ടി പിടിക്കാനുള്ള ഒളിയുദ്ധങ്ങളാണ് ഇന്നത്തെ രാഷ്ട്രീയ അങ്കത്തട്ടിലെ കിഞ്ചന വർത്തമാനം.
ഇവിടെ നടക്കുന്നത് രാഷ്ട്രീയ ശരികൾക്കു വേണ്ടിയുള്ള പോരാട്ടമെന്നു ധരിച്ചാൽ തെറ്റി. ശരിതെറ്റുകളും ധർമ്മാധർമങ്ങളും ആപേക്ഷികം മാത്രം. .നിലപാടു തറകൾ ഇളകിത്തെറിക്കുന്നു. രാഷ്ട്രീയം വരുമാനമാർഗമാക്കിയവരുടെ ലൂസേഴ്സ് പ്ലേകളായി മാറുന്നു.
പിഎം ശ്രീ ഒപ്പിട്ടപ്പോൾ ദേശാഭിമാനിയും പാർട്ടിയും ശിവൻ കുട്ടിയും പറഞ്ഞതിന്റെ ഈച്ചക്കോപ്പിയാണ് ഇപ്പോൾ സർക്കാർ മൊഴിയുന്നത്. അന്നത്തെ പ്രതിപക്ഷം കരഞ്ഞു മെഴുകിയതെല്ലാം അതിൻപടി ഇന്നത്തെ പ്രതിപക്ഷവും ആവർത്തിക്കുന്നു. എന്റെ ഭഗവതീ എന്താണ് സംഭവിക്കുന്നത്?
തോറ്റ എംഎൽഎ , സൈദ്ധാന്തിക കിടു. പോസ്റ്റ് മോഡേണിസ്റ്റ്. പി. രാജീവ് എന്ന മാന്യൻ.തൊഴിലാളിത്തം പറയുകയും മുതലാളിത്തം ഉപാസിക്കുകയും ചെയ്യുന്ന ചീനനാകുന്നു. രാഷ്ട്രീയത്തിൽ ഒരു പാടു നിക്ഷേപം നടത്തിയതിനാൽ പൊളിഞ്ഞു പോകുന്നത് അചിന്ത്യം. ഈ സരണിയിൽ ഇതിയാനൊപ്പം അര ഡസൻ സഹഭിക്ഷാംദേഹികളെയും കാണാം. അവർ സതീശനെ മൈക്രോസ്കോപ്പിക്കായി പിൻതുടരുകയാണിപ്പോൾ.
വിഡി സതീശനെ ചൊറിഞ്ഞാൽ അയാൾ മാന്തിക്കീറും. അതു പിണറായിക്കും പാർട്ടി സൂപ്പർവൈസറുമാർക്കും കണ്ണൂർ മുതലുകൾക്കും എതിരെയുള്ള വിമർശനമായും അന്തരീക്ഷത്തിൽ അലയടിക്കും. പഴയ സദ്പ്രവർത്തികളുടെ റീലുകളും കാർഡുകളും വീഡിയോകളും പുനർജനിക്കും. അങ്ങനെ ചക്കിനു വച്ച് കൊക്കിനെ കൊള്ളിക്കാം. പിന്നീട് വിശാല സംസ്ഥാന കമ്മിറ്റിയിൽ പോകാം. പറ്റുമെങ്കിൽ മൂപ്പിലാൻമാരെ കാടുകയറ്റാം. എങ്ങനെയുണ്ടെന്റെ ബുത്തി! രാജീവാദികളുടെ തന്ത്രം ഇതാണ്.
യഥാർത്ഥത്തിൽ മഴക്കെടുതിയിലും കോപ്റ്ററിലും പിഎം ശ്രി യിലും ഉണ്ടതിലും ഉറങ്ങിയതിലും വിവാദങ്ങൾ തെറുക്കുന്ന രാജീവും രാജേഷും റഹീമും പിണറായിയെയും കോവിന്ദനെയും തുറന്നു കാട്ടാൻ സതീശനോട് അപേക്ഷിക്കുകയാണ് . ഒരു തരം പ്രോക്സി വാർ. വിവരമില്ലെങ്കിലും അനുഭവങ്ങൾ കൊണ്ട് ഓരോ വിഷയത്തിലും അപകടം മണക്കുന്ന കണ്ണൂർ മൂപ്പിൽസൊന്നും ഈ വിമർശനങ്ങൾ ഏറ്റു പിടിക്കുന്നുമില്ല. സിപിഎമ്മിന്റെ ഉടമാവകാശം കണ്ണൂർ വിട്ടു തെക്കോട്ടാണ് സഞ്ചാരമെന്നു തോന്നുന്നു.
ബംഗാളിലും ത്രിപുരയിലെയും പോലെ ചിത്രം വച്ച് പൂമാല ഇടേണ്ടി വരുമോ എന്ന ഭയം ആധിയായും വ്യാധിയായും കത്തിപ്പടരുകയാണ് പങ്കു പറ്റുന്നവരിലും ഗുണഭോക്താക്കൾക്കുമിടയിൽ.
ഇവിടെ തുടരൻ വെടിക്കെട്ടു പൂരം നടത്തി ആയുഷ്കാലം ഭരിച്ചു തകർക്കാനുള്ള അജണ്ടയുടെ ഭാരമൊന്നും കോൺഗ്രസ്സുകാർക്കില്ല. സോഷ്യലിസം നടപ്പാക്കാൻ പെറ്റിട്ടതുമല്ല അവരെ.അവസരം കിട്ടിയാൽ ഉപയോഗിക്കും അത്ര തന്നെ.
ദുരിതാശ്വാസ കേന്ദ്രത്തിലെത്തി അമ്മായിമാരെ ചേർത്തു പിടിച്ചും അമ്മേ എന്നു വിളിച്ചും അടുത്തുള്ള കുഞ്ഞിനെ വാരിയെടുത്തു കൊഞ്ചിച്ചും അടച്ചുറപ്പുള്ള വീടും കിണറ്റിൽ ക്ലോറിനേഷനും ഉറപ്പു പറഞ്ഞാൽ ദുരിതത്തിലെ വീഴ്ചകളെല്ലാം അവിടെ വച്ചു തന്നെ വെളുപ്പിക്കാം.ആ സതീശനെയാണ് ഉൾക്കിടിലത്തോടെ സിപിഎം ഭയക്കുന്നത്.
സിപിഎമ്മിന്റെ തിട്ടൂരങ്ങളോട് പരസ്യമായും രഹസ്യമായും സന്ധി ചെയ്തിരുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കാലം കടന്നു പോയിരിക്കുന്നു. പോരെങ്കിൽ അകത്തും പുറത്തും പ്രതിസന്ധിയാണ്. പാർട്ടി അതെങ്ങനെ മറി കടക്കും.
നേതാവിനെ പ്പോലെ 82 കഴിഞ്ഞവന്റെ കണ്ണുകളിലെ ആന്ധ്യം. കരളിലെ ഇരുട്ട് ശരീരത്തിലെ വിറയൽ. ചിന്തയിലെ മരവിപ്പ്. അതാണ് നമ്മുടെ ചങ്കിലെ പാർട്ടി.
പിള്ളാരെ പോലിസിന്റെ അടി കൊള്ളാൻ ഏല്പിച്ചു പിന്നണിയിൽ പായുന്ന റഹീമാണ് ഇന്നത്തെ പാർട്ടി.
മുൻ ലോക്സഭാ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന വിദ്യാഭ്യാസ വിചക്ഷണനും സീനിയർ ദ്രാവിഡ നേതാവുമായ തമ്പിദുരെ സീരിയസായി സഭയിൽ സംസാരിക്കവെ,ഒരു മര്യാദയും ഇല്ലാതെ അദ്ദേഹത്തെ ചൊറിഞ്ഞ,കരണം പൊളിയാൻ സ്വയം അർഹത നേടിയ ബ്രിട്ടാസാണ് ഇന്നത്തെ പാർട്ടി.
മുസ്ലിം വിട്ടിലെ ഉച്ചയൂണിനെ മുസ്ലിമിനെ കൊണ്ടു വിമർശിക്കുന്നതാണ് ജാഗ്രത്തായ കമ്മ്യൂണിസം.
തൊണ്ണൂറിലധികം പരീക്ഷകൾ അട്ടിമറിച്ച പി എസ് സിയെ വെളുപ്പിക്കുന്ന ദേശാപമാനിയാണ് നമ്മുടെ ജിഹ്വ.
വിപരീത കാലെ വിനാശ ബുദ്ധി എന്നു തലകീഴായ കാഴ്ചയും കാഴ്ചപ്പാടുമുള്ള ബേബിയാണ് നമ്മുടെ പാർട്ടി.
രക്തസാക്ഷികൾ ധീരന്മാർ
ധീരന്മാരവർ അമരന്മാർ...
പാഴായ രക്തസാക്ഷ്യങ്ങൾ ഇനി കണക്കു തീർക്കട്ടെ. അഭിവാദയെ...
പിൻവിളി: ഭാര്യാ പിതാവിനെ കാണാൻ സതീശൻ പോയതായി മാതൃഭൂമിയിൽ വാർത്ത എന്നു സെക്രട്ടറി ഗോവിന്ദൻ. ഭാര്യാ പിതാവിനെ കണ്ടതല്ലെയുള്ളു. ഭാര്യയെ സ്ഥാനാർത്ഥിയാക്കിയില്ലല്ലോ സഖാവേ..