NewsAd1
മതേതര ഏമ്പക്കങ്ങൾ
ഉമ മേനോൻ
8 August 2026, 1:47 am
main image of news

കഴിഞ്ഞ 10 വർഷക്കാലത്തെ അധികാര പട്ടിണിക്ക് പച്ചപ്പരിഹാരം തേടുന്ന മുസ്ലിംലീഗിന്റെ ഏറ്റവും ഒടുവിലത്തെ മതേതര ഏമ്പക്കമാണ് ഇപ്പോൾ എഡിജിപി ശ്രീജിത്തിനെതിരെ മുഴങ്ങിക്കേട്ടത് എന്നത് പച്ചക്കള്ളമോ പച്ചപ്പരമാർത്ഥമോ എന്നറിയാതെ കുഴങ്ങുകയാണ് മതേതര കേരളം . കേരളത്തിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനും നിയമനങ്ങൾക്കും ചീഫ് സെക്രട്ടറിയുടെയോ വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റെയോ ക്ലിയറൻസിനേക്കാൾ പ്രധാനം സമസ്തയുടെയും മുസ്ലിം ലീഗിന്റെയും 'ഗ്രീൻ സിഗ്നൽ' ആണെന്നതിൽ കേരളീയർക്ക് അഭിമാനിക്കാം അതും മതിയായില്ലെങ്കിൽ അറുമാദിക്കാം.

ഇനിയിപ്പോൾ സെക്രട്ടറിയേറ്റിലെ ആഭ്യന്തര വകുപ്പിലോ ഡിപിഎആറിലോ (DPAR) ഫയൽ അയക്കുന്നതിന് പകരം, സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ ബയോഡാറ്റയും സർവീസ് പുസ്തകവും നേരിട്ട് ലീഗ് ഹൗസിലോ സമസ്തയുടെ ഓഫീസിലോ സമർപ്പിക്കുന്നതാവും കൂടുതൽ ബുദ്ധിപൂർവ്വമായ നീക്കം. അവിടെനിന്ന് തടസ്സങ്ങളൊന്നുമില്ലെന്ന തരത്തിൽ ഒരു 'നല്ല നടപ്പ് സർട്ടിഫിക്കറ്റ്' ഒപ്പിച്ചാൽ മാത്രമേ ഉദ്യോഗസ്ഥർക്ക് പോലീസ് മേധാവിയോ കളക്ടറോ ഒക്കെ ആയി കസേരയിലിരിക്കാൻ സാധിക്കൂ. കണ്ടു പഠിക്കണം കേരളത്തെ.

 image 2 of news

ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും സർവീസ് റെക്കോർഡും എന്തുതന്നെയായാലും, ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും തൃപ്തിയും അനുമതിയും നേടിയാൽ മാത്രമേ തന്ത്രപ്രധാന പദവികളിൽ തുടരാൻ സാധിക്കൂ എന്ന അവസ്ഥ ജനാധിപത്യപരമായ ഭരണസംവിധാനത്തിന് വലിയൊരു മുതൽക്കൂട്ടാണ്. അല്ല പിന്നെ ....

ലീഗും ഇതര മുസ്ലിം സംഘടനകളും ഒരേ ലക്ഷ്യത്തിലേക്ക് ഒഴുകുന്ന പുഴകളാണ് എന്നുവേണമെങ്കിൽ കാവ്യാത്മാകമായി പറയാം. അല്ലെങ്കിൽ പിന്നെ എന്തിനാണ് എഡിജിപി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ ഉദ്ദേശിച്ച സർക്കാർ തീരുമാനത്തിനെതിരെ സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' കടുത്ത വിമർശനവും വിവിധ കേസുകളിലെ ഇടപെടലുകളും ഹൈക്കോടതിയുടെ വിമർശനങ്ങളും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. മറ്റുള്ള സമാനസംഘടനകൾ എന്തിനാണ് അവരുമായി കൈകോർത്തു നിന്നത്. കോടതി പറയട്ടെ, അവർക്ക് അതിന് അധികാരമുണ്ട് . അതുപോലെയാണോ രാഷ്ട്രീയ പാർട്ടികൾ അവരുടെ രഹസ്യ അജണ്ടകളുടെ മറവിൽ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ പെടാപ്പാടുപെടുന്നത്.
HomeAd1
 image 3 of news

ഇതാദ്യമായല്ല ഉദ്യോഗസ്ഥരുടെ നിയമനങ്ങളിൽ ഇത്തരം ഒരു വിറ്റോ പവർ പ്രയോഗം കേരളത്തിൽ കാണുന്നത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചപ്പോഴും മുസ്ലിം ലീഗും അനുബന്ധ സംഘടനകളും സമാനമായ രീതിയിൽ അതിശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് സാമുദായിക-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒടുവിൽ സർക്കാരിന് ശ്രീറാമിനെ കളക്ടർ പദവിയിൽ നിന്ന് മാറ്റേണ്ടി വന്നു. ബഷീറിന്റെ മരണത്തിൽ ശ്രീറാമിന്റെ പങ്ക് തെളിയിക്കപ്പെടേണ്ടതാണ്. അതിന് കോടതിയും നിയമ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുകയും വേണം. എന്നാൽ 'തങ്ങൾക്ക് ‘ താല്പര്യമില്ലാത്ത ഉദ്യോഗസ്ഥർ സുപ്രധാന പദവികളിൽ എത്തുമ്പോൾ അതിനെതിരെ 'പച്ചച്ചെങ്കൊടി' പിടിച്ച് ഭരണകൂടത്തെ തടയുകയോ തിരുത്തുകയോ ചെയ്യുന്ന ആത്മാർത്ഥത മുസ്ലിംലീഗിന് അല്ലാതെ കേരളത്തിൽ മറ്റേത് രാഷ്ട്രീയ പാർട്ടിക്കുണ്ട്?

ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു സർക്കാരിന് മേൽ സമാന്തര വിറ്റോ അധികാരമുള്ള 'സെൻസർ ബോർഡ്' ആയി പച്ചപ്പുള്ള സാമുദായിക-രാഷ്ട്രീയ സംഘടനകൾ മാറുമ്പോൾ കോട്ടം സംഭവിക്കുന്നത് സിവിൽ സർവീസിന്റെ സ്വതന്ത്ര സ്വഭാവമാണ്.

ഒരു ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കുന്നതിന് പകരം, ലീഗിന്റെയോ സമസ്തയുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ തൃപ്തിയും നിർദ്ദേശങ്ങളും മാനിച്ചുമാത്രമേ പോലീസിലും ഭരണസിരാകേന്ദ്രങ്ങളിലും സ്ഥാനക്കയറ്റം നടക്കൂ എന്ന സ്ഥിതിവിശേഷം സംജാതമായാൽ കേരളത്തിന്റെ ഭരണവ്യവസ്ഥയ്ക്ക് അത് നൽകുന്നത് പണത്തൂക്കമായിരിക്കില്ല പരാജയമായിരിക്കും.

പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ലീഗ് മന്ത്രിമാർക്ക് കീഴിലുള്ള നിരവധി സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നടത്തിയ നിയമനങ്ങളും കൂടി പരിശോധിച്ചാൽ മതേതരമായ ചില പരമാർത്ഥങ്ങൾ കൂടി തെളിഞ്ഞു വരുന്നത് കാണാം.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞