സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ പിതാവാരെന്ന് ഒരു ചോദ്യം വന്നെന്നിരിക്കട്ടെ; അധികം ആലോചിക്കാതെ നാവിൽ വരുന്ന ഉത്തരമാണ് കഴിഞ്ഞയാഴ്ച അന്തരിച്ച തോട്ടം രാജശേഖരൻ എന്നത്. സർവ്വീസിൽ നിന്ന് വിരമിച്ച് നാൽപ്പത് വർഷം കഴിഞ്ഞിട്ടും തോട്ടം സാറിൻ്റെ പേര് വകുപ്പിൽ വാടാതെ നിലനിൽക്കുന്നതിൻ്റെ മാജിക് എന്താണെന്ന് പി.ആർ.ഡി. ഉദ്യോഗസ്ഥരെയും പ്രത്യേകിച്ച് വന്നു പോകുന്ന ഡയറക്ടർമാരെയും പിടിച്ചിരുത്തി പഠിപ്പിക്കണം. പി. ആർ. ഒരു കലാരൂപം കൂടിയാണെന്നും ഞാനിരുന്നപ്പോൾ അതു ചെയ്തു ഇതു ചെയ്തു എന്ന് ഞാൻ തന്നെ പറഞ്ഞ് നടന്നാൽ അത് പരാജയപ്പെട്ട പി. ആർ. ആക്ടിവിറ്റിയാണെന്നും (ഞാൻ നാറ്റം) ഏറ്റവും കുറഞ്ഞത് നമ്മുടെയൊരു സുഹൃത്തിനെ കൊണ്ടെങ്കിലുമത് പറയിപ്പിച്ചാലേ സംഗതി ട്രാക്കിലാകൂ എന്നും കൂടി ബോധ്യപ്പെടുത്തണം.
വലിയ ഗൗരവക്കാരനും കണിശക്കാരനും ദേഷ്യക്കാരനുമായ ഒരു മുഖ്യമന്ത്രിയുടെ നിറഞ്ഞ ചിരിയുള്ള ചിത്രങ്ങൾ പരസ്യങ്ങളിൽ വാരിക്കോരി നൽകുമ്പോഴുള്ള അപകടം ഇനിയെങ്കിലും പഠന വിഷയമാക്കണം. ഇമേജ് ബിൽഡിംഗ് പി.ആർ. ൻ്റെ ചുമതലയിൽ പെട്ടതു തന്നെയാണ്. ഗൗരവക്കാരനെ ഗൗരവക്കാരനായി തന്നെ പരസ്യ ചിത്രങ്ങളിലും അവതരിപ്പിക്കുന്നതല്ലേ ഉചിതം.
മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരോട് ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു;കേരളം പോലെയൊരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായ താങ്കൾക്ക് എങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ കഴിയുന്നതെന്ന്. നായനാരുടെ ഉത്തരവും മറുചിരിയും എന്തായിരിക്കുമെന്ന് ചിന്തിക്കാമല്ലോ.
മന്ത്രിമാരും ജനപ്രതിനിധികളും എങ്ങനെയാണ് ഇത്രയും വലിയ ചിരിക്കാരായത്?പുറത്തുവിടുന്ന എല്ലാ ചിത്രങ്ങളിലും പല്ലുകാട്ടിച്ചിരി വേണമെന്ന് തീരുമാനിച്ചത് പി.ആർ. മുതലാളിമാരാണോ? അതോ രാഷ്ട്രീയക്കാരോ?' സർ, പ്ളീസ് ഡോണ്ട് സ്‌മൈൽ'എന്ന് ഫോട്ടോ എടുക്കാൻ നേരം മന്ത്രിമാരോട് പറയണം. ചിരിയെ എങ്ങനെ മാനേജ് ചെയ്യണമെന്ന് രാഷ്‌ട്രീയക്കാരും ചിന്തിക്കണം. രാഷ്ട്രീയക്കാരുടെ ചിത്രങ്ങളിൽ ചിരി മസ്റ്റാക്കിയതിൽ കെ. കരുണാകരന് വലിയ പങ്കുണ്ട്. സാക്ഷാൽ ഇ. എം. എസ്. നെപ്പോലും ചിരിയുടെ കാര്യത്തിൽ കരുണാകരൻ സ്വാധീനിച്ചു എന്നു വേണം കരുതാൻ. പഴയകാല ഫോട്ടോസ്‌റ്റുഡിയോക്കാരുടെ സ്‌മെൽ പ്ളീസ് വിളി ഇപ്പോഴും പി. ആർ. ഏജൻസികളിൽ മുഴങ്ങുന്നു.
തോട്ടം രാജശേഖരൻ സാറിനോട് ഞാനൊരിക്കൽ രാഷ്‌ട്രീയക്കാരുടെ ചിരിപ്പടത്തെ കുറിച്ച് ഫോണിൽ സംശയം ചോദിച്ചു. ഉറക്കെയുള്ള ഒരു ചിരിയായിരുന്നു മറുപടി. പി. ആർ.ഡി. യെയും പി. ആർ. നെയും സംബന്ധിച്ച് എന്ത് സംശയം തോന്നിയാലും ഞാനുൾപ്പെടെ പല ജീവനക്കാരും വിളിച്ചു സംശയനിവാരണം നടത്തിയിരുന്നത് തോട്ടം സാറിനെയാണ്. അറിവും ധാരണയും ആധികാരികതയും ഓർമ്മശക്തിയും തോട്ടം സാറിന് അവസാനം വരെ മങ്ങാതെയുണ്ടായിരുന്നു. ഞാൻ ഞാൻ ഞാൻ മാത്രം എന്ന് തോട്ടം സർ ഒരിക്കലും പറഞ്ഞിട്ടുമില്ല.
വർഷങ്ങളോളം അദ്ദേഹത്തിന് ലൈഫ് സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകാനുള്ള 'അവസരം' എനിക്ക് ലഭിച്ചിട്ടുണ്ട്. തോട്ടം സാറിൻ്റെ അവസാന ലേഖന സമാഹാരമായ ‘വാക്കോ ? തോക്കോ ?’ (2026) പ്രകാശത്തിൽ പങ്കെടുക്കാനും ആ പുസ്‌തകം ഏറ്റുവാങ്ങാനും കഴിഞ്ഞതും എൻ്റെ ഭാഗ്യം. അന്നാണ് അദ്ദേഹത്തെ അവസാനം കണ്ടത്.
ഒരാൾ ഓർമ്മയായി എന്ന് പറഞ്ഞാൽ വിസ്മൃതിയിൽ മറഞ്ഞു എന്നാണർത്ഥം. തോട്ടം രാജശേഖരൻ ഓർമ്മയായി എന്ന് പറഞ്ഞാൽ മലയാളിയുടെ സജീവ ഓർമ്മയിൽ ആ വ്യക്തിത്വം ജ്വലിക്കുന്നു എന്നാണർത്ഥമാക്കേണ്ടത്. ആ അർത്ഥവ്യത്യാസം കേരളത്തിൻ്റെ സാംസ്‌കാരിക ചരിത്രത്തിൽ ഉൾക്കനത്തോടെ രേഖപ്പെടുത്തിയിട്ടുമുണ്ട്. 1958 മുതൽ 1985 വരെ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന തോട്ടം സർ പത്തുവർഷം വകുപ്പു മേധാവിയുമായിരുന്നു. ആ ഉദ്യോഗപർവ്വം കേരളത്തിൻ്റെ ചരിത്രത്തിലെ തീനാമ്പാണ്. അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥൻ വായിച്ച് അപ്രൂവ് ചെയ്താലേ പത്രത്തിൽ ഒരു സിംഗിൾ കോളം വാർത്ത പോലും കയറുമായിരുന്നുള്ളൂ. തോട്ടം രാജശേഖരനായിരുന്നു അന്ന് സെൻസർഉദ്യോഗസ്ഥൻ.
1976 ൽ പത്രപ്രവർത്തക യൂണിയൻ്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെടും മുമ്പ് അടുപ്പക്കാരനായ തോട്ടം രാജശേഖരനോട് മുഖ്യമന്ത്രി കെ. കരുണാകരൻ ചോദിച്ചത് എന്താണ് സമ്മേളനത്തിൽ പറയേണ്ട പുതിയ കാര്യം എന്നാണ്.
തോട്ടം അന്ന് പറഞ്ഞ മറുപടി ഇന്നും പുതുമ മാറാത്തതും ചരിത്രവുമാണ്.
1) കൊച്ചിയിൽ മാധ്യമ പഠനത്തിനായി പ്രസ് അക്കാദമി ആരംഭിക്കുക
2) പത്രപ്രവർത്തകർക്ക് സർക്കാർ പെൻഷൻ പദ്ധതി നടപ്പാക്കുക.
ആ രണ്ട് പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ ഉയർന്ന കാതടപ്പിക്കുന്ന കരഘോഷം ഇന്നും അടങ്ങിയിട്ടില്ല. ആ ആശയത്തെ പഠിക്കാൻ പല സംസ്ഥാനങ്ങളും ഇന്നും കേരളത്തിൽ വരുന്നു എന്നതാണ് തോട്ടം രാജശേഖരനെ ഭാവികാലത്തിലും ജീവിപ്പിക്കുന്നത്.
നവീകരണമെന്നാൽ സംവിധാനത്തെ (സിസ്റ്റം) പുതുക്കുക എന്നതാണെന്ന് തോട്ടം സമർത്ഥിച്ചു. റവന്യൂ വകുപ്പിൻ്റെ അധീനതയിലായിരുന്ന ടാഗോർ തീയറ്ററിനെ പി. ആർ.ഡി.ക്ക് കീഴെ കൊണ്ടുവന്നതും തോട്ടം സാറായിരുന്നു.
പെൻഷൻ പറ്റി നാൽപത്തി ഒന്നു വർഷം കഴിഞ്ഞിട്ടും ഇന്നും പി. ആർ. ഡി. ഡയറക്ടർ എന്ന സൽപ്പേരും റഫറൻസും കോട്ടം തട്ടാതെ നിലനിർത്താനായി എന്നതാണ് തോട്ടം രാജശേഖരൻ്റെ കാന്തിയും കരുത്തും. പി. ആർ. ഡി. യിലെ ഒരു സാധാരണ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് തോട്ടത്തിൻ്റെ മുറിയുടെ ഹാഫ് ഡോർ തുറന്ന് ഒരതിഥി വന്നു. ഒൻപതംഗങ്ങളുമായി നിയമസഭയിലിരുന്ന പ്രതിപക്ഷത്തിൻ്റെ നേതാവ് കെ. കരുണാകരൻ. നിയമസഭയിൽ പ്രസംഗിക്കാനായി കാർഷിക മേഖലയെ കുറിച്ചുള്ള കുറച്ച് വിവരങ്ങൾ വേണമെന്നതായിരുന്നു ആവശ്യം. പിറ്റേന്ന് തോട്ടം തയ്യാറാക്കി കൊടുത്ത വിശദമായ കുറിപ്പിനോടൊപ്പം ആരംഭിച്ചത് ഒരു ഭരണാധികാരിയും ഉദ്യോഗസ്ഥനും തമ്മിലുള്ള സുദീർഘവും സുദൃഢവുമായ ഒരു കൂട്ടുകെട്ടു കൂടിയാണ്. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഗവേഷണം നടത്തുന്നവർക്ക് ഒരു കാലത്തും ഒഴിവാക്കാനാകാത്ത കൂട്ടുകെട്ടും വ്യക്തിത്വങ്ങളുമായിരുന്നു ആ ഇരുവർ. ഏത് ‘അടിയന്തരാവസ്ഥ’യിലും കരുണാകരന് തോട്ടത്തിൻ്റെ സഹായം കിട്ടിയിരുന്നു. നട്ടെല്ലു വളയ്ക്കാതെ നിന്ന തോട്ടം കരുണാകരനെ പരസ്യമായി വിമർശിച്ചിട്ടുമുണ്ട്.
തോട്ടം സർ സർവ്വീസിൽ നിന്ന് പിരിഞ്ഞ് ഏഴെട്ട് മാസം കഴിഞ്ഞ് ഒരു ദിവസം മാതൃഭൂമിയുടെ പത്രാധിപരായിരുന്ന മോനു നാലപ്പാടിനെ യാദൃശ്‌ചികമായി ഒരു കല്യാണച്ചടങ്ങിൽ വച്ച് കണ്ടു. സൗഹൃദ സംഭാഷണത്തിനിടയിൽ പത്രാധിപർ ചോദിച്ചു.
why don't you write your service Story?
മലയാറ്റൂരിൻ്റെ സർവ്വീസ് സ്‌റ്റോറി പ്രസിദ്‌ധീകരിച്ചപ്പോൾ വാരികയുടെ സർക്കുലേഷൻ കൂടിയതും അത് തീർന്നപ്പോൾ വരിക്കാരുടെ എണ്ണം കുറഞ്ഞതുമൊക്കെ പത്രാധിപർ പറഞ്ഞു. അതിന് തോട്ടം സർ നൽകിയ മറുപടിയാണ് 1986 ആഗസ്റ്റ് മുതൽ ഒരു വർഷത്തിലേറെ മാതൃഭൂമി വാരികയുടെ താളുകളിൽ തീ പടർത്തിയ ഉദ്യോഗപർവ്വം എന്ന സർവ്വീസ് സ്‌റ്റോറി. ഇന്നും സർവ്വീസ് സ്റ്റോറികളുടെ തലതൊട്ടപ്പനായി ഉദ്യോഗപർവ്വം നെഞ്ചുവിരിച്ചു നിൽക്കുന്നു. തോട്ടത്തിൻ്റെ തുറന്ന് പറച്ചിലിലെ നിർഭയത്വം വിഖ്യാതമാണ്. ഉജ്ജ്വലനായ വാഗ്‌മിയും നട്ടെല്ലു വളയ്ക്കാത്ത വ്യക്തിത്വവും മൂർച്ചയുള്ള ഭാഷയിൽ സായുധ വിപ്ലവം നടത്തുന്ന എഴുത്തുകാരനുമായിരുന്നു തോട്ടം രാജശേഖരൻ.
ശ്രീനാരായണസാഹിത്യത്തിലും ജീവിതത്തിലുമുള്ള അഗാധ പാണ്ഡിത്യമായിരുന്നു തോട്ടത്തിൻ്റെ ഉൾക്കരുത്ത്. അവസാന പുസ്തക പ്രകാശനച്ചടങ്ങിൽ തോട്ടം സർ നടത്തിയ ചെറു പ്രസംഗത്തിൽ പോലും തെളിഞ്ഞു നിന്ന ഓർമ്മശക്തിയും ആശയ വ്യക്തതയും ഒരു മുപ്പതുകാരൻ്റെതാണെന്ന് ഉറപ്പായും തോന്നും.
അത്യപൂർവമായി സംഭവിക്കുന്ന വജ്രജ്വാലയായിരുന്നു തോട്ടം രാജശേഖരൻ. 33 വർഷത്തെ ഔദ്യോഗിക ജീവിതം, നാല്പത് വർഷം കടന്ന കർമ്മനിരതമായ പെൻഷനാനന്തര ജീവിതം. എഴുത്തും പ്രസംഗവും അവസാന നാളുകൾ വരെയും തുടർന്നു. ‘ജീവിതം ഒരു തുറന്ന പുസ്‌തകം’ എന്ന് തോട്ടം രാജശേഖരൻ്റെ വാഴ്‌വിനെ വിശേഷിപ്പിക്കാം. അത് പൊതുവേ പറയുന്ന അർത്ഥത്തിലല്ല. എല്ലാ പേജുകളും നമ്മുടെ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ ചരിത്രത്തിൻ്റെ ഭാഗമാണെന്നും അത് തുറന്ന് വായിച്ചു പഠിക്കണമെന്നുമാണ് അതിൻ്റെ സാരസ്യം.